ഇതര ക്രൈസ്തവ സഭകളില്‍ വിവാഹകോടതികളുണ്ടോ?

ഫാ. ജോസ് ചിറമേല്‍

സിവിള്‍ കോടതിയിലും സഭാ കോടതിയിലും വിവാഹമോചനക്കേസുകള്‍ വര്‍ദ്ധിച്ചുവരുക യാണെന്ന് പത്രങ്ങളില്‍ വായിക്കുകയുണ്ടായി. കുടുംബ കോടതികളിലാണ് വിവാഹ മോചന ക്കേസുകള്‍ ഫയല്‍ ചെയ്യേണ്ടത്. എന്നാല്‍ വിവാഹ മോചനത്തിനായി സഭയുടെ ഏതു കോടതികള്‍ ക്കാണ് കേസ് ഫയലില്‍ സ്വീകരിക്കുവാന്‍ അധി കാരം? മറ്റ് ക്രൈസ്തവ സഭകളിലും വിവാഹ മോചനത്തിനായി കോടതികള്‍ ഉണ്ടോ?

തോമസ് ചാക്കോ, ആലപ്പുഴ

വിവാഹമോചനവും വിവാഹം അസാധുവാക്കലും

കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വിവാഹമോചനവും (Divorce) വിവാഹം അസാധുവായി പ്രഖ്യാപിക്കലും (Declaration of nullity) രണ്ടും രണ്ടാണ്. കൃത്യമായി പറഞ്ഞാല്‍ കത്തോലിക്കര്‍ക്ക് വിവാഹമോചനം (Divorce)എന്ന ഒന്നില്ല. വിവാഹമോചനം എന്നുപറയുമ്പോള്‍ ഉദ്ദേശിക്കുന്നത് സാധുവായി നടത്തപ്പെട്ട വിവാഹം വേര്‍പ്പെടുത്തുകയെന്നാണ്. വിവാഹത്തിനുശേഷം ഉണ്ടാകുന്ന കാരണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സാധുവായി നടത്തപ്പെട്ട വിവാഹബന്ധം ഇപ്രകാരം വേര്‍പെടുത്തുക. സഭാകോടതികള്‍ സാധുവായി നടത്തപ്പെട്ട വിവാഹങ്ങള്‍ ഒരിക്കലും അസാധുവായി പ്രഖ്യാപിക്കുകയില്ല. ഒരു വിവാഹത്തിന്റെ സാധുത ചോദ്യം ചെയ്യപ്പെടുമ്പോള്‍ നിയമാനുസൃത നടപടിക്രമങ്ങളിലൂടെ തെളിവെടുപ്പു നടത്തി വിവാഹം ആരംഭം മുതല്‍ക്കേ സാധുവായിരുന്നോ അതോ അസാധുവായിരുന്നോ എന്ന വിധി തീര്‍പ്പ് കല്‍പ്പിക്കുക മാത്രമാണ് (Declaration of nullity) സഭാകോടതികള്‍ ചെയ്യുന്നത്. അല്ലാതെ, സിവില്‍ കോടതികളില്‍ ചെയ്യുന്നതു പോലെ നിലവിലിരിക്കുന്ന സാധുവായ വിവാഹം വേര്‍പ്പെടുത്തുന്ന വിധിതീര്‍പ്പല്ല സഭാ കോടതികളില്‍ നടക്കുന്നത്. അതുകൊണ്ട് സഭാ കോടതികളില്‍ നിന്ന് വിവാഹ മോചനം ലഭിക്കുന്നുവെന്ന് പറയുന്നത് ശരിയല്ല.

സഭാകോടതികള്‍ കത്തോലിക്കാ സഭയില്‍ മാത്രം

ആമുഖമായി മറ്റൊരു കാര്യം കൂടി അറിയേണ്ട തുണ്ട്. സഭാ കോടതികള്‍ കത്തോലിക്കാ സഭയില്‍ മാത്രം നിലവിലുള്ള ഒരു സംവിധാനമാണ്. വിവാഹ സംബന്ധമായ വ്യവഹാരങ്ങള്‍ കൈകാര്യം ചെയ്ത് തീര്‍പ്പുകല്‍പ്പിക്കുന്നതിന് രൂപതാടിസ്ഥാനത്തില്‍ രൂപീകൃതമായിട്ടുള്ള ട്രൈബുണലുകളാണ് സഭാ കോടതികള്‍.
കത്തോലിക്കാ സഭയിലൊഴികെ ഇതര ക്രൈസ് തവ സഭകളിലൊന്നും തന്നെ വിവാഹത്തിന്റെ സാധുത പരിശോധിച്ച് വിധിതീര്‍പ്പ് കല്‍പ്പിക്കുന്നതിനു വേണ്ടി നിയമാനുസൃതം സ്ഥാപിക്കപ്പെട്ടിട്ടുള്ള കോടതികളോ നടപടിക്രമങ്ങളോ ഇല്ല. തന്മൂലം ഇതര ക്രൈസ്തവ സഭാവിഭാഗങ്ങള്‍ സിവിള്‍ കോടതി വിധിയെയാണ് ആശ്രയിക്കുന്നത്. സിവിള്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പള്ളിയില്‍ പുനര്‍ വിവാഹം നടത്തുന്നതിന് അവരുടെ സഭാധികാരികള്‍ അനുവദിക്കുകയും ചെയ്യുന്നു. എന്നാല്‍ കത്തോ ലിക്കാ സഭാംഗങ്ങള്‍ക്ക് തങ്ങളുടെ വിവാഹം ആരംഭത്തിലെ (ab initio) അസാധുവാണെന്ന് ബോദ്ധ്യപ്പെടു കയും വിവാഹബന്ധം എളുപ്പം പരാജയപ്പെടുകയും ദമ്പതികള്‍ വഴിപിരിയുകയും ചെയ്യുമ്പോള്‍ പുനര്‍ വിവാഹം പള്ളിയില്‍വെച്ച് നടത്തണമെങ്കില്‍ ഒരേ സമയം സിവിള്‍ കോടതിയില്‍ നിന്നുള്ള വിവാഹ മോചന ഡിക്രിയും (Decree of divorce) സഭയില്‍ നിയ മാനുസൃതം സ്ഥാപിക്കപ്പെട്ടിട്ടുള്ള കോടതികളില്‍ നിന്ന് വിവാഹം ആരംഭത്തിലെ അസാധുവായിരു ന്നെന്ന് വിധിതീര്‍പ്പും ലഭിക്കേണ്ടിയിരിക്കുന്നു.

സഭാകോടതി വഴിയുള്ള തീര്‍പ്പിന് താല്പര്യമില്ലാത്തവര്‍

സഭാകോടതി വഴി വിവാഹം അസാധുവാക്കാനുള്ള വിധിതീര്‍പ്പ് ലഭിക്കുവാന്‍ താരതമ്യേന കൂടുതല്‍ സമയം ആവശ്യമായി വരുന്നുണ്ട്. തല്‍ഫലമായി കത്തോലിക്കരില്‍ ചിലരെങ്കിലും സഭാകോടതിയെ സമീപിക്കാതെ സിവിള്‍ കോടതി വഴി വിവാഹ മോചനത്തിന് ശ്രമിക്കുന്നു. ഇക്കൂട്ടര്‍ സിവിള്‍ കോടതിവഴി വിവാഹ മോചനം നേടിയശേഷം മത ങ്ങളുടെ നിയന്ത്രണങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേ യാരാകാതെ വിവാഹം നടത്തുവാന്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് 1954ല്‍ പ്രാബല്യത്തില്‍വന്ന സ്‌പെഷ്യല്‍ മാരിയേജ് ആക്ടനുസരിച്ച് (The Special Marriage Act of 1954) വിവാഹിതരാകാവുന്നതാണ്.

ഏത് രൂപതാ കോടതിയ്ക്കാണധികാരം

ഇത്രയും ആമുഖമായി പ്രസ്താവിച്ചതിനുശേഷം ചോദ്യകര്‍ത്താവ് ഉന്നയിച്ചിരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലേയ്ക്ക് കടക്കട്ടെ. ഒന്നാമത്തെ ചോദ്യം വിവാഹ ക്കേസുകളിന്മേല്‍ നടപടിക്രമങ്ങള്‍ തുടങ്ങുന്നതിന് ഏത് രൂപതാ കോടതിക്കാണ് അധികാരമെന്നതാണ്? വിവാഹ കേസുകള്‍ സഭാ കോടതികളില്‍ ഫയല്‍ ചെയ്യുന്നതിനു മുമ്പായി പ്രസ്തുത കേസ് കൈകാര്യം ചെയ്യുവാന്‍ നിയമപരമായി അധികാരമുള്ള കോടതി ഏതാണെന്ന് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. നിയമപരമായി കേസ് ഫയലില്‍ സ്വീകരിച്ച് നിയമനടപടികള്‍ തുടങ്ങുന്നതിന് അധികാരമുള്ള സഭാകോടതികള്‍ ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍ ഉണ്ടായെന്ന് വരാം. അപ്പോള്‍ കേസ് ഫയല്‍ ചെയ്യേണ്ടതിന് ഏതു കോടതിയാണ് തെരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് കേസിലെ വാദിയാണ്. വാദി ഏതെങ്കിലും ഒരു കോടതി തെരഞ്ഞെടുക്കുകയും പ്രസ്തുത കോടതി കേസ് ഫയലില്‍ സ്വീകരിച്ച് നിയമ നടപടികള്‍ ആരംഭിക്കുകയും ചെയ്താല്‍ മറ്റ് കോടതി കള്‍ക്ക് പ്രസ്തുത കേസ് കൈകാര്യം ചെയ്യുന്നതിനുള്ള അവകാശം നഷ്ടപ്പെടുന്നു.

അധികാരമില്ലാത്ത കോടതിയാണെങ്കില്‍

നിയമപരമായി കേസ് ഫയലില്‍ സ്വീകരിച്ച് നിയമ നടപടികള്‍ തുടങ്ങുന്നതിന് അധികാരമില്ലാത്ത ഒരു കോടതിക്ക് അതിനുള്ള പ്രത്യേകാധികാരം നല്‍കാന്‍ പരിശുദ്ധ സിംഹാസനത്തിനു മാത്രമേ സാധിക്കൂ. സഭയിലെ മറ്റ് കോടതികള്‍ക്കൊന്നും ഇതിനുള്ള അധികാരമില്ല. കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അധികാരമില്ലാത്ത സഭാകോടതികള്‍ക്ക് അതിനുള്ള അര്‍ഹത (Competence) നല്‍കുന്നത് സഭയുടെ സമുന്നത കോടതിയായ അപ്പസ്‌തോലിക് സിഗ്‌ന ത്തൂര (Apostolie signatura) യാണെന്ന് നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. (CIC.C.1445/3). ഇതിന് സമാനമായ നിയമം പൗരസ്ത്യ നിയമസംഹിതയില്‍ ഇല്ല. എന്നിരുന്നാലും, നീതിനിര്‍വ്വഹണാധികാരം ട്രൈബുണലുകള്‍ക്ക് നിയോഗിച്ച് നല്‍കാന്‍ പാടില്ലായെന്ന് പൗരസ്ത്യ നിയമത്തിലും വ്യക്തമാക്കിയിട്ടുണ്ട്. തന്മൂലം കല്‍പനകളോ(Decrees) വിധികളോ (Sentences) പ്രായോഗികമാക്കുന്നതിന് ഒരുക്കമായ കാര്യങ്ങളൊഴികെ നീതിന്യായാധികാരം സാധുവായി നിയോഗിച്ച് നല്‍കാവുന്നതല്ല (CIC.C.135/3; CCEO.C. 985/3). വത്തിക്കാന്‍ കൂരിയായുടെ ഭരണസംബന്ധമായ കാര്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന അപ്പസ്‌തോലിക് കോണ്‍സ്റ്റിട്യൂഷന്റെ (Apostolic Constitution of Pastor Bonus) 58-ാം ഖണ്ഡികയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

പല രൂപതകള്‍ ചേര്‍ന്നുള്ള കോടതി

പൗരസ്ത്യ കത്തോലിക്കാസഭയിലെ ഏതെങ്കിലും രൂപതയില്‍ സ്വന്തമായി കോടതി നടത്തിപ്പിന് വേണ്ടത്ര യോഗ്യതയുള്ള വ്യക്തികള്‍ ഇല്ലാതെ വന്നാല്‍ പല രൂപതകള്‍ ചേര്‍ന്ന് ഒരു ആദ്യഘട്ട കോടതി (First Instance Court) സ്ഥാപിക്കാവുന്നതാണ്. നീതി നിര്‍വ്വഹണത്തില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ വേണ്ടിയാണിത്. ഇപ്രകാരം ചെയ്യുന്നതിന് യാതൊരു ഉന്നതാധികാരികളുടേയും സമ്മതം ആവശ്യമില്ല. എന്നാല്‍ വിവിധ രൂപതകള്‍ ചേര്‍ന്ന് ആദ്യഘട്ട പൊതുകോടതി സ്ഥാപിക്കുമ്പോള്‍ അവിടെ നിന്നുള്ള അപ്പീല്‍ കേസുകള്‍, പരിശുദ്ധസിംഹാസനം സ്ഥിരമായ രീതിയില്‍ നിശ്ചയിച്ചിട്ടുള്ള കോടതിയിലേക്കാണ് അയക്കേണ്ടത് (CCEO.C.1068/4).

കാനന്‍ നിയമവിദഗ്ദരുടെ സേവനം

ലത്തീന്‍ സഭയിലെ കാനന്‍ നിയമവിദഗ്ദരെ സ്വന്തം രൂപതയിലെ ട്രൈബുണലില്‍ സേവനത്തിനായി നിയമിക്കാന്‍ പൗരസ്ത്യ സഭയിലെ മെത്രാന്മാര്‍ക്ക് സാധിക്കും. ഇപ്രകാരം വിദഗ്ദരെ നിയമിക്കുമ്പോള്‍ അവരുടെ ബന്ധപ്പെട്ട രൂപതാ മെത്രാന്റെയോ മേജര്‍ സുപ്പീരിയറുടെയോ രേഖാമൂലമുള്ള സമ്മതം ലഭിച്ചിരിക്കണം (CCEO.C.1102/1). ലത്തീന്‍ നിയമസംഹിതയില്‍ ഇതിന് സമാനമായ നിയമമില്ല. എന്നാല്‍ മറ്റ് രൂപതകളില്‍ നിന്ന് വിദഗ്ദരുടെ സേവനം ലഭ്യമാക്കുന്നതിന് ലത്തീന്‍ നിയമം എതിരല്ല. ഒരു ജഡ്ജിക്കുതന്നെ ഒരു കേസ്സിന്റെ ആദ്യ ഘട്ട കോടതിയിലും പ്രസ്തുതകേസിന്റെ അപ്പീല്‍ കോടതിയിലും ജഡ്ജിയായി സേവനം ചെയ്യുവാന്‍ അനു വാദമില്ലെന്നുമാത്രം. എന്നാല്‍ ഒരാള്‍ക്ക് രണ്ടുകോടതികളില്‍ സേവനം ചെയ്യുന്നതിന് നിയമം ഒരിക്കലും തടസ്സമല്ല.

വിവിധ സ്വയാധികാരസഭകളിലെ വ്യക്തികള്‍ തമ്മിലുള്ള വിവാഹം

ലത്തീന്‍ സഭയില്‍പ്പെട്ടവരും സീറോ മലബാര്‍ സഭയില്‍പ്പെട്ടവരും തമ്മിലുള്ള വിവാഹത്തിന്റെ സാധുത ചോദ്യം ചെയ്യപ്പെടുന്ന അവസരത്തില്‍ വിവാഹക്കേസുകള്‍ ഫയല്‍ ചെയ്യേണ്ടത് ലത്തീന്‍ നിയമത്തിലേയും പൗരസ്ത്യനിയമത്തിലേയും വ്യവസ്ഥകള്‍ അനുസരിച്ചാണ് CIC.C.1673;CCEO.C.1359).  ഈ രണ്ട് നിയമങ്ങളും ഏറെക്കുറെ തുല്യവുമാണ്. മേല്‍പ്പറഞ്ഞ നിയമമനുസരിച്ച് വിവാഹക്കേസുകള്‍ ഫയല്‍ ചെയ്യുന്നതിന് കോടതിക്കുള്ള അര്‍ഹത നിശ്ചയിക്കുന്നത് താഴെ പറയും പ്രകാരമാണ്:
1. വിവാഹം നടന്ന രൂപതയുടെ കോടതിക്ക് പ്രസ്തുത വിവാഹം സംബന്ധിച്ചുണ്ടാകുന്ന കേസ് സ്വീകരിച്ച് നിയമനടപടികള്‍ തുടങ്ങാവുന്നതാണ് (The Tribunal of the place of marriage). ഇതനുസരിച്ച് രണ്ട് സീറോ മലബാര്‍ സഭാംഗങ്ങളുടെ വിവാഹം ലത്തീന്‍ പള്ളിയില്‍ വച്ചാണ് നടക്കുന്നതെങ്കില്‍ വിവാഹം നടന്ന പള്ളി ഏത് ലത്തീന്‍ രൂപതാതിര്‍ത്തിക്കുള്ളിലാണോ പ്രസ്തുത ലത്തീന്‍ രൂപതാ കോടതിയില്‍ വിവാഹകേസ് ഫയല്‍ ചെയ്യാവുന്നതാണ്. ഇതുപോലെ രണ്ട് ലത്തീന്‍ സഭാംഗങ്ങളുടെ വിവാഹം സീറോ മലബാര്‍ സഭയുടെ പള്ളിയിലാണ് നടന്നതെങ്കില്‍ പ്രസ്തുത പള്ളി ഏത് രൂപതയുടെ കീഴിലുള്ളതാണോ ആ രൂപതാകോടതിയില്‍ വിവാഹത്തിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള കേസ് ഫയല്‍ ചെയ്യാവുന്നതാണ്.

2. കേസ്സിലെ എതിര്‍കക്ഷിക്ക് (Respondent) സ്ഥിര വാസമോ (Domicile) താത്കാലികവാസമോ (Quasi -do micile) ഏത് രൂപതയിലാണോ ആ രൂപതാകോടതിക്കും പ്രസ്തുത വിവാഹക്കേസ് കൈകാര്യം ചെയ്യാനുള്ള അധികാരമുണ്ടായിരിക്കും.

കേസിലെ എതിര്‍കക്ഷിയുടെ സ്വയാധികാര സഭയും അതിലെ രൂപതാകോടതിയുമാണിവിടെ നിര്‍ണ്ണായകമായിട്ടുള്ളത്. സ്ഥിരവാസത്തിലൂടെയോ, താത് കാലിക വാസത്തിലൂടെയോ ആണല്ലോ ഒരാള്‍ക്ക് രൂപതയും, രൂപതാകോടതിയും സ്വന്തം മെത്രാനും ഉണ്ടാകുന്നത്. ഇവിടെ കേസ്സിലെ വാദി കത്തോലിക്കനാകണമെന്നും നിര്‍ബന്ധമില്ല.

എതിര്‍കക്ഷി കത്തോലിക്കന്‍ അല്ലെങ്കിലോ എന്ന് ചോദിച്ചേക്കാം. അപ്പോള്‍ സ്ഥിരവാസത്തിന്റെ പ്രശ്‌നമുണ്ടോ? സ്ഥിരവാസം, താത്കാലിക വാസം എന്നൊക്കെ പറയുന്നത് തീര്‍ത്തും സഭാനിയമങ്ങള്‍ (merely ecclesiastical laws) മാത്രമാണ്. അതുകൊണ്ടുതന്നെ അത്തരം നിയമങ്ങള്‍ കത്തോലിക്കരല്ലാത്തവര്‍ക്ക് ബാധകവുമല്ല. എന്നിരുന്നാലും അകത്തോലിക്കര്‍ ക്കും അക്രൈസ്തവര്‍ക്കുപോലും അവരുടെ സ്വാഭാവികനീതി സംരക്ഷിക്കുന്നതിനായി സഭാ കോടതിയെ സമീപിക്കാവുന്നതാണ്. കത്തോലിക്കരുമായിട്ടുള്ള വിവാഹത്തിലാണ് പലപ്പോഴും ഇതാവശ്യമായിവരു ന്നത്. കത്തോലിക്കനും അകത്തോലിക്കനും തമ്മിലുള്ള വിവാഹത്തിന്റെ സാധുത ചോദ്യം ചെയ്യേണ്ടി വരുമ്പോള്‍ വാദിയായ അകത്തോലിക്കാ സഭാംഗം എതിര്‍കക്ഷിയായ കത്തോലിക്കാംഗത്തിന്റെ രൂപതാ കോടതിയെത്തന്നെയാണ് സമീപിക്കേണ്ടത് (CIC.C. 1407/3; CCEO.C.1073/3).

3. കേസിലെ വാദിയുടെ രൂപതാ കോടതിയിലും കേസ് ഫയല്‍ ചെയ്യാവുന്നതാണ്. വാദിയുടെ രൂപതാ കോടതിക്കുള്ള ഈ അര്‍ഹത നിലവിലുള്ള നിയമ സംഹിതകളില്‍ (CIC-1983;CCEO-1990) പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. ഈ പുതിയ അര്‍ഹത ചില വ്യവസ്ഥകള്‍ക്കു വിധേയമാണ്.
a) കേസിലെ വാദിയും എതിര്‍കക്ഷിയും ഒരേ മെത്രാന്‍സംഘത്തിന്റെ ((Bishop’s Conference) അധികാരത്തിന്‍ കീഴിലുള്ളവരായിരിക്കണം.
b) എതിര്‍കക്ഷിയുടെ കോടതി അദ്ധ്യക്ഷന്റെ സമ്മതപത്രം ലഭിച്ചിരിക്കണം.
c) എതിര്‍കക്ഷിയുമായി ആലോചിച്ചശേഷമേ എതിര്‍ കക്ഷിയുടെ കോടതി അദ്ധ്യക്ഷന്‍ സമ്മത പത്രം നല്‍കാവൂ.

ഇതനുസരിച്ച് കേസിലെ വാദിയായ കത്തോലിക്കന് അയാള്‍ ഏത് സ്വയാധികാരസഭയില്‍പ്പെട്ടയാ ളാണെങ്കിലും അയാളുടെ രൂപതാകോടതിയെ സമീപിക്കാവുന്നതാണ്. അകത്തോലിക്കര്‍ക്ക് ഈ നിയമം ബാധകമല്ല. അവര്‍ തങ്ങള്‍ക്ക് സ്ഥിരവാസമുള്ള സ്ഥലത്തെ കത്തോലിക്കാസഭയുടെ നിയമാനുസൃത മായ കോടതിയെയാണ് സമീപിക്കേണ്ടത്.

ഇവിടെ ചിലപ്രായോഗിക പ്രശ്ങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. ലത്തീന്‍ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് കേസിലെ വാദിയും എതിര്‍കക്ഷിയും ഒരേ മെത്രാന്‍ സംഘത്തിന്റെ അധികാരസീമയില്‍പ്പെട്ടവരായിരിക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്(CIC.C .1673/3). മെത്രാന്‍ സംഘം എന്നത് (Episcopal Conference) ലത്തീന്‍ സഭയില്‍ കാണുന്ന ഒന്നാണ്. പൗരസ്ത്യസഭയില്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ് എന്ന ഒന്നില്ല. തന്മൂലം വിവാഹക്കേസിലെ വാദിയും എതിര്‍കക്ഷിയും ഒരേ രാജ്യത്ത് (Same Nation) താമസിക്കുന്ന വരായിരിക്കണം എന്നാണ് പൗരസ്ത്യനിയമത്തില്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത് (CCEO.C.1359/3). ഈ വ്യത്യാസം യാതൊരു പ്രായോഗിക പ്രശ്‌നങ്ങള്‍ക്കും ഇട നല്‍കുന്നില്ലെങ്കിലും രണ്ട് എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സുകളുള്ള അമേരിക്കപോലുള്ള രാജ്യങ്ങളില്‍ (The National Conference of Catholic Bishops and the Episcopal Conference of Puerto Rico)ഇത് ശ്രദ്ധിക്കേണ്ടിവരും. എതിര്‍കക്ഷിയെ കേട്ട ശേഷമേ എതിര്‍കക്ഷിയുടെ കോടതി അധ്യക്ഷന്‍ തന്റെ സമ്മതപത്രം നല്‍കാവൂ എന്ന വ്യവസ്ഥ രണ്ട് നിയമസംഹിതയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

4. തെളിവുകള്‍ ഏറിയഭാഗവും എവിടെ നിന്ന് ലഭിക്കുന്നുവോ പ്രസ്തുത കോടതിയിലും വിവാഹകേസ് ഫയല്‍ ചെയ്യാവുന്നതാണ്. പൗരസ്ത്യനിയമത്തിലേയും ലത്തീന്‍ നിയമത്തിലേയും ഈ മാനദണ്ഡം പൊതുനിയമത്തിലെ മാനദണ്ഡങ്ങള്‍ക്ക് അപവാദമാണ്(CCEO.C. 1073/3;CIC.C.1407/3). ഏതായാലും, ഈ കോടതി, കേസിലെ വാദി അംഗമായിട്ടുള്ള സ്വയാധികാരസഭയുടെ ഏതെങ്കിലും ഒരു രൂപതാ കോടതി ആയിരിക്കണമെന്ന് മാത്രമേയുള്ളൂ. വിവാഹം എവിടെ നടന്നുവെന്നതോ എതിര്‍ കക്ഷിയുടെ സ്ഥിരവാസമോ താല്‍ക്കാലിക വാസമോ വാദിയുടെ സ്ഥിരവാസമോ അല്ല ഇവിടെ നിര്‍ണ്ണായകമാകുന്നത്. മറിച്ച് എവിടെയാണോ കേസ് സംബന്ധിച്ച് ഏറിയഭാഗം തെളിവുകളും ലഭിക്കുന്നത് എന്നതുമാത്രമാണ്. ഇവിടേയും എതിര്‍കക്ഷിയുടെ കോടതി അദ്ധ്യക്ഷന്‍ എതിര്‍കക്ഷിയെ കേട്ടശേഷമേ സമ്മത പത്രം നല്‍കാവൂ.

ഫാ. ജോസ് ചിറമേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.