രൂപതാ ഭരണത്തില്‍ ഒഴിവു വരുമ്പോള്‍

ഡോ. ജോസ് ചിറമേല്‍

ഒരു രൂപതാധ്യക്ഷന് എഴുപത്തിയഞ്ച് വയസ്സ് പൂര്‍ത്തിയായപ്പോള്‍ സമര്‍പ്പിച്ച രാജിക്കത്ത് പരി. പിതാവ് സ്വീകരിക്കുകയും രൂപതാഭരണത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു. ഇപ്പോള്‍ രൂപതാഭരണം നിര്‍വ്വഹിക്കുന്നത് അഡ്മിനിസ്‌ട്രേറ്റര്‍ ആണ്. രൂപതയുടെ താത്കാലിക ചുമതല വഹിക്കുന്ന ഇദ്ദേഹത്തിന് രൂപതയില്‍ ഒഴിവുവരുന്ന ഇടവകകളില്‍ പുതുതായി വികാരി മാരെ നിയമിക്കാനോ അവരെ സ്ഥലം മാറ്റാനോ കഴിയുമോ? ഇടവകകളില്‍ മൂന്ന് വര്‍ഷം എന്ന നിലയില്‍ സേവനകാലാവധി പൂര്‍ത്തിയാക്കിയ വൈദികര്‍ക്ക് എന്ത് സംഭവിക്കുന്നു? സ്വയമേവ അവര്‍ ഇടവക ഭരണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടുവോ? കാലാവധി പൂര്‍ത്തിയായശേഷവും ഇടവക ഭരണത്തില്‍ തുടരണമെങ്കില്‍ രൂപതാ അഡ്മിനിസ് ട്രേറ്ററുടെ സ്ഥിരീകരണം ആവശ്യമാണോ?

ഫാ. തോമസ് മാത്യു, മധ്യപ്രദേശ്

രൂപതാസിംഹാസനങ്ങളില്‍ ഒഴിവു വരുമ്പോള്‍

രൂപതാസിംഹാസനങ്ങളില്‍ ഒഴിവുവരുന്നത് സഭാനിയമപ്രകാരം താഴെ വിവരിക്കുന്ന സാഹചര്യ ങ്ങളിലായിരിക്കും:

1. രൂപതാ മെത്രാന്റെ മരണം; 2. രൂപതാ മെത്രാന്റെ രാജി; 3. രൂപതാ മെത്രാന്റെ സ്ഥലംമാറ്റം; 4 രൂപതാ മെത്രാന്റെ ഔദ്യോഗികസ്ഥാനം എടുത്തുമാറ്റല്‍ (CCEO.c. 219; CIC.c. 416). ഇപ്രകാരം ഒഴിവുവരുന്നത് പൗരസ്ത്യ കത്തോലിക്കാസഭകളില്‍പ്പെട്ട പാത്രിയര്‍ക്കല്‍ – മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭകളിലെ നിശ്ചയിക്കപ്പെട്ട അതിര്‍ ത്തിക്കുള്ളിലെ രൂപതകളിലാണെങ്കില്‍, രൂപതാഭരണാ ധികാരം പ്രസ്തുത സഭയുടെ തലവനായ പാത്രിയര്‍ ക്കീസിനോ മേജര്‍ ആര്‍ച്ച് ബിഷപ്പിനോ ലഭിക്കുന്നു. ഉടന്‍തന്നെ അദ്ദേഹം രൂപതാസിംഹാസനം ഒഴിവു വന്ന വിവരം പരിശുദ്ധ സിംഹാസനത്തെ അറിയിക്കു കയും ഒരു മാസത്തിനകം, ഒഴിവുവന്ന രൂപതയുടെ താത്കാലിക ചുമതല നിര്‍വ്വഹിക്കുന്നതിന് ഒരു അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുകയും ചെയ്യും. സാധാ രണഗതിയില്‍ ഒഴിവു വന്ന രൂപതയിലെ ആലോചനാ സംഘത്തെ (Body of Consultors) വിളിച്ചുകൂട്ടി അഡ്മി നിസ്‌ട്രേറ്ററായി ഒരാളെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയാണ് പതിവ്. ഇപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ആളെ പാത്രിയര്‍ക്കീസ് നിയമിക്കും. പാത്രിയര്‍ക്കല്‍ അഥവാ മേജര്‍ ആര്‍ക്കി എപ്പിസ്‌കോ പ്പല്‍ സഭയില്‍ കൂരിയാ മെത്രാന്മാരുണ്ടെങ്കില്‍ അവരു മായോ ഇല്ലെങ്കില്‍ സ്ഥിരം സിനഡുമായോ (permanent synod) ആലോചിച്ചാണ് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കേണ്ടത്. ഒരു മാസത്തിനകം പാത്രിയര്‍ക്കീസ് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നില്ലെങ്കില്‍ പരിശുദ്ധ സിംഹാസനത്തിന് മാത്രമായിരിക്കും പിന്നീട് നിയമി ക്കുവാനുള്ള അധികാരം.

രൂപതാഭരണത്തിന്റെ ചുമതല

രൂപതയ്ക്ക് പുതിയ മെത്രാന്‍ ഉണ്ടാകുന്നതുവരെ അഡ്മിനിസ്‌ട്രേറ്റര്‍ക്കായിരിക്കും രൂപതാഭരണത്തിന്റെ ചുമതല. അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെടുന്ന യാള്‍ പാത്രിയര്‍ക്കീസിന്റെ മുമ്പാകെ വിശ്വാസം ഏറ്റു പറഞ്ഞും, രൂപതയുടെ ആലോചനാസംഘത്തെ തന്റെ നിയമനപത്രിക കാണിച്ചതിനുശേഷവുമാണ് സ്ഥാനം ഏറ്റെടുക്കേണ്ടത്.

ലത്തീന്‍ നിയമമനുസരിച്ച്

രൂപതാ സിംഹാസനം ഒഴിവുവരുമ്പോള്‍ ലത്തീന്‍ നിയമമനുസരിച്ച് രൂപതാഭരണത്തിന്റെ ഉടനെയുള്ള ചുമതല രൂപതയില്‍ സഹായമെത്രാനുണ്ടെങ്കില്‍ അദ്ദേഹത്തിനായിരിക്കും; ഇല്ലാത്തപക്ഷം രൂപതയുടെ ആലോചനാസംഘത്തിനായിരിക്കും (CIC .c. 419) രൂപതാ സിംഹാസനം ഒഴിവുവന്ന വിവരം പരിശുദ്ധ സിംഹാസനത്തെ അറിയിക്കേണ്ട ചുമതല ഇവര്‍ക്കായിരിക്കും (CIC. c. 422). തുടര്‍ന്ന് രൂപതയുടെ ആലോചനാസംഘം യോഗം ചേര്‍ന്ന് രൂപതയുടെ ഇടക്കാല ചുമതല നിര്‍വ്വഹിക്കുന്നതിനുള്ള അഡ്മി നിസ്‌ട്രേറ്ററെ തെരഞ്ഞെടുക്കും. പുതിയ മെത്രാന്‍ ഉണ്ടാകുന്നതുവരെ അഡ്മിനിസ്‌ട്രേറ്റര്‍ക്കായിരിക്കും രൂപതാഭരണത്തിന്റെ ചുമതല. എന്നാല്‍ ചില പ്രത്യേ ക സാഹചര്യങ്ങളില്‍ പരിശുദ്ധ സിംഹാസനം നേരിട്ട് അഡ്മിനിസ്‌ട്രേറ്റര്‍മാരെ നിയമിക്കാറുണ്ട് (CCEO.c. 234). 1984 – ല്‍ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ എറണാകുളം അതിരൂപതയുടെ അധ്യക്ഷസ്ഥാനം രാജിവച്ചപ്പോള്‍ അന്നത്തെ സഹായമെത്രാനായ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയെ രൂപതയുടെ അഡ്മിനി സ്‌ട്രേറ്ററായി നിയമിച്ചതും ഇപ്പോള്‍ കോട്ടപ്പുറം രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി വരാപ്പുഴ അതി രൂപതാധ്യക്ഷനെ നിയമിച്ചതും പരിശുദ്ധ സിംഹാസ നമാണ്. ഇപ്രകാരം പരിശുദ്ധ സിംഹാസനം നേരിട്ട് നിയമിക്കുമ്പോള്‍ അവര്‍ അപ്പസ്റ്റോലിക് അഡ്മിനിസ് ട്രേറ്റര്‍ എന്നറിയപ്പെടും.

സഹായമെത്രാനുണ്ടെങ്കില്‍

ഏതെങ്കിലും രൂപതയില്‍ പിന്‍തുടര്‍ച്ചാവകാശ മുള്ള സഹായമെത്രാന്‍ (Co-adjutor) ഉണ്ടെങ്കില്‍ രൂപതാഭരണം നിയമത്താല്‍ തന്നെ ഉടന്‍ അദ്ദേഹത്തി ന് ലഭിക്കും. എങ്കിലും ഔദ്യോഗിക സ്ഥാനാരോഹണ ത്തോടെ മാത്രമേ അദ്ദേഹത്തിന് രൂപതാമെത്രാന്റെ പൂര്‍ണ്ണാധികാരങ്ങള്‍ ലഭിക്കുകയുള്ളൂ. അതുവരെ അഡ്മിനിസ്‌ട്രേറ്റര്‍ എന്ന നിലയില്‍ തന്നെയാണ് അദ്ദേഹവും രൂപതാഭരണം നടത്തേണ്ടത്.

അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ അധികാരങ്ങളും അവകാശങ്ങളും

ലത്തീന്‍ നിയമസംഹിതയിലെ 422 -ാം കാനോ നയനുസരിച്ചും പൗരസ്ത്യനിയമസംഹിതയിലെ 229-ാം കാനോനയനുസരിച്ചും രൂപതയുടെ താത്ക്കാ ലിക ചുമതല വഹിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ക്ക് രൂപതാമെത്രാന്റെ എല്ലാ അധികാരങ്ങളും അവകാശ ങ്ങളും നിയമാനുസൃതം ഉണ്ടായിരിക്കും. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ അവരുടെ അധികാ രാവകാശങ്ങളില്‍ നിയമത്താല്‍ ത്തന്നെയുള്ള ചില നിയന്ത്രണങ്ങള്‍ കാണാവു ന്നതാണ്. കൂടാതെ, ചില കാര്യങ്ങള്‍ അവയുടെ സ്വഭാവം കൊണ്ടുതന്നെ മെത്രാനുമാത്രം ചെയ്യാവുന്നവയുമാണ്. ഉദാഹരണ മായി, തിരുപ്പട്ടം കൊടുക്കല്‍. പൗരസ്ത്യ നിയമ പ്രകാരം അഡ്മിനിസ്‌ട്രേറ്റര്‍ ആകുന്നയാള്‍ മെത്രാന്‍ അല്ലെങ്കില്‍ സിനഡില്‍ (Synod of Bishops) പൂര്‍ണ്ണ അംഗത്വം ലഭിക്കുകയില്ല. കാരണം പാത്രിയാര്‍ക്കല്‍ സഭയുടെയോ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയുടെയോ മെത്രാന്മാരുടെ സിനഡില്‍ മെത്രാന്മാ ര്‍ക്ക് മാത്രമേ അംഗത്വം ഉണ്ടായിരിക്കുകയുള്ളൂ (CCEO .c.102/1). രൂപതായോഗമോ (രൂപതാസിനഡ്) പാസ്റ്ററല്‍ കൗണ്‍സിലോ വിളിച്ചുകൂട്ടുവാന്‍ അഡ്മി നിസ്‌ട്രേറ്റര്‍ക്കു അധികാരമില്ല (CCEO.c.237/2; CCEO.c.274/2; CIC.c.468; 2; CIC.c.513/2).

അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം: താത്കാലിക സംവിധാനം

രൂപതാസിംഹാസനം ഒഴിവുവരുന്ന സാഹചര്യ ത്തില്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഭരണം ഒരു താത്ക്കാ ലിക സംവിധാനമായതിനാല്‍ രൂപതാഭരണത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുവാന്‍ അദ്ദേഹത്തിന് പാടുള്ളതല്ല. എന്നാല്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ രൂപതാസിംഹാസനം ഒഴിവായികിടക്കുകയാണെങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് രൂപതയില്‍ ഒഴിവുവരുന്ന ഇടവകകളില്‍ വികാരിമാരെ നിയമിക്കാവുന്നതാണ് (CCEO.c. 286; CIC.c. 525). ഇതില്‍ നിന്നും രൂപതാ സിംഹാസനം ഒഴിവായികിടക്കുന്ന ഒരു വര്‍ഷത്തിനു ള്ളില്‍ വികാരിമാരെ പുതുതായി നിയമിക്കാനോ അവരെ സ്ഥലം മാറ്റാനോ പാടുള്ളതല്ലെന്ന് വ്യക്തമാണല്ലോ. ലത്തീന്‍ സഭയ്ക്കുവേണ്ടി 1917-ല്‍ പുറത്തിറക്കിയ നിയമസംഹിതയിലും ഇപ്രകാരം തന്നെയാണ് നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത് (CIC- 1917,c. 455/2,3). ചുരുക്കത്തില്‍, മേല്‍ പ്രസ്താവിച്ച സാഹച ര്യത്തിന് വിധേയമായി ഇടവക വികാരിമാരെ നിയമി ക്കാനും സ്ഥലം മാറ്റുവാനുമുള്ള അവകാശം രൂപതാ മെത്രാനുള്ളതാണ് (CCEO.c. 284/1, CIC.cc. 523,538).

നിയന്ത്രണം എന്തുകൊണ്ട്?

രൂപതയുടെ താത്ക്കാലിക ഭരണ ചുമതല നിര്‍വ്വ ഹിക്കുന്ന അഡ്മിനിസ്‌ട്രേറ്ററുടെ അധികാരാവകാ ശങ്ങളില്‍ സഭാനിയമം ചില നിയന്ത്രണങ്ങള്‍ ഏര്‍ പ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തി ക്കേണ്ടിയിരിക്കുന്നു. രണ്ടു കാരണങ്ങള്‍ കാണാ വുന്നതാണ്. ഒന്ന്‍ ദൈവശാസ്ത്രപരം.(Theological); രണ്ട്, നീതിപരിപാലനപരം (Juridical).

ദൈവശാസ്ത്രപരം

തന്റെ കീഴില്‍ ഏല്പിക്കപ്പെട്ടിരിക്കുന്ന രൂപത യിലെ ദൈവജനത്തിന്റെ അജപാലനാവശ്യങ്ങള്‍ സ്ഥിരമായി നിറവേറ്റുക എന്നത് രൂപതാമെത്രാന്റെ ചുമതലയാണ്. അഡ്മിനിസ്‌ട്രേറ്റര്‍ രൂപതയുടെ ഭരണചുമതല വഹിക്കുന്നത് ചുരുങ്ങിയ കാലം മാത്ര മാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ കാലത്തേയ്ക്ക് അജപാലന ചുമതല വൈദികരെ ഏല്പിക്കേണ്ടത് മെത്രാന്‍ തന്നെയായിരിക്കണം. മാത്രവുമല്ല, ഇത് മെത്രാന്റെ അധികാരത്തില്‍ പെടുന്ന കാര്യവുമാണ്.

നീതിപരിപാലനപരം

അജപാലനദൗത്യ നിര്‍വ്വഹണത്തിന് നിയോഗിക്ക പ്പെടുന്ന വികാരിമാര്‍ക്ക് ആത്മാക്കളുടെ ക്ഷേമം (care of the souls) ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥിരത (stability) തങ്ങള്‍ സേവനം ചെയ്യുന്ന ഇടവകകളില്‍ ഉണ്ടായിരിക്കണം. അതുകൊണ്ട് ഇടവകകളില്‍ വികാരിമാരെ നിയമിക്കുമ്പോള്‍ ഒരു നിശ്ചിതകാല ത്തേയ്ക്ക് എന്നു പറഞ്ഞു നിയമിക്കാന്‍ സഭാനിയമം അനുവദിക്കുന്നില്ല (CIC.c.522; CCEO.c. 284/3). എന്നാ ല്‍ ലത്തീന്‍ സഭയില്‍ മെത്രാന്മാരുടെ കോണ്‍ഫ്രന്‍സ് ഏതെങ്കിലും പ്രദേശത്ത് ഇക്കാര്യത്തില്‍ നിയമാനു സൃതം ഭേദഗതി വരുത്തിയിട്ടുണ്ടെങ്കില്‍ ആ പ്രദേശ ത്തെ രൂപതകളില്‍ ഒരു നിശ്ചിത കാലത്തേയ്ക്ക് ഇടവകകളില്‍ വികാരിമാരെ നിയമിക്കാവുന്നതാണ് (CIC.c.455). 1917ലെ ലത്തീന്‍ നിയമസംഹിതയും ഇടവകകളില്‍ വികാരിമാര്‍ക്ക് ആത്മാക്കളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ സ്ഥിരത ഉണ്ടായി രിക്കണമെന്ന് നിഷ്‌ക്കര്‍ഷിച്ചിരുന്നു.
എന്നിരുന്നാലും ചില അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സഭാനിയമത്തിന് വിധേയമായിത്തന്നെ വികാരിമാരെ ഏതവസരത്തിലും സ്ഥലം മാറ്റാന്‍ മെത്രാന് കഴിയും. തന്മൂലം എല്ലാ വികാരിമാര്‍ക്കും ഇടവകകളില്‍ ഒരേ പോലുള്ള സ്ഥിരത (  stability). ഉണ്ടാകണമെന്നില്ല. കൂടാതെ, പണ്ട് ലത്തീന്‍ സഭയില്‍ ചില വികാരിമാരെ അവര്‍ സേവനം ചെയ്യുന്ന ഇടവകയില്‍ കൂടുതല്‍ കാലത്തേയ്ക്ക് സ്ഥിരതയുള്ളവരെന്നും (enjoying greater stability) മറ്റുള്ളവരെ കുറച്ചുകാലത്തേയ്ക്കു മാത്രം സ്ഥിരതയുള്ളവരുമായി (with less stability) നിയമിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം വ്യത്യാസങ്ങള്‍ ഇല്ല. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മെത്രാന്മാരെ സംബന്ധിക്കുന്ന ഡിക്രിയിലെ 31-ാം ഖണ്ഡികയില്‍ മേല്പറഞ്ഞ തരത്തിലുള്ള തരംതിരിവ് ഒഴിവാക്കണമെന്നാവശ്യ പ്പെട്ടിരുന്നു. തന്മൂലം 1983-ലെ ലത്തീന്‍ നിയമസംഹി ത ഈ തരംതിരിവ് ഒഴിവാക്കിയിരിക്കുകയാണ്.

പൗരസ്ത്യ നിയമസംഹിത

പൗരസ്ത്യ നിയമസംഹിത വ്യത്യസ്തമായ രീതി യിലാണ് ഇക്കാര്യത്തെ സമീപിക്കുന്നത്. പൗരസ്ത്യ നിയമവും ഇടവക വികാരിക്ക് തന്റെ ഉദ്യോഗത്തില്‍ സ്ഥിരത ഉണ്ടായിരിക്കണമെന്ന് നിഷ്‌ക്കര്‍ഷിക്കു ന്നുണ്ട്. അതുകൊണ്ട് ഒരു കാലപരിധിവച്ച് വികാരി മാരെ ഇടവകകളില്‍ നിയമിക്കാന്‍ പാടുള്ളതല്ല. എന്നാല്‍ ഈ വ്യവസ്ഥയ്ക്ക് അപവാദമായ ചില സാഹചര്യങ്ങള്‍ പൗരസ്ത്യ നിയമം വിഭാവനം ചെയ്യു ന്നുണ്ട്. അവ താഴെ പറയുന്നവയാണ്:-
1. സന്യാസസഭയിലേയോ സന്യസ്തരെപ്പോലെ കൂട്ടായ ജീവിതം നയിക്കുന്ന സമൂഹത്തിലെയോ ഒരംഗത്തിന്റെ കാര്യമാണെങ്കില്‍, 2. നിശ്ചിതകാലത്തേ യ്ക്ക് നിയമിക്കപ്പെടുന്നതിന് രേഖാമൂലം സമ്മതിച്ചി ട്ടുള്ളപ്പോള്‍, 3. പ്രത്യേക സ്ഥിതിവിശേഷമുള്ളപ്പോള്‍; അപ്പോള്‍ രൂപതാ ആലോചനാസംഘത്തിന്റെ സമ്മത വും കിട്ടിയിരിക്കണം, 4. സ്വന്തം സ്വയാധികാരസഭയുടെ (sui juris Churches) പ്രത്യേക നിയമം അനുവദിച്ചിരിക്കണം.

പൗരസ്ത്യ നിയമത്തിലെ മേല്പറഞ്ഞ വ്യവസ്ഥ യനുസരിച്ച് സമര്‍പ്പിത സമൂഹത്തിലെ വൈദികന്റെ കാര്യത്തില്‍ കാലപരിധി വച്ചുള്ള നിയമനം പാടില്ല എന്ന പൊതുതത്വം ബാധകമല്ല. നിയമിക്കപ്പെടുന്ന വൈദികന്‍ ഇത്തരമൊരു കാലപരിധിക്ക് സമ്മതിക്കു മ്പോഴും അപ്രകാരം ചെയ്യാവുന്നതാണ്. പ്രത്യേക സാഹചര്യത്തില്‍ രൂപതാ ആലോചനാ സംഘത്തിന്റെ സമ്മതത്തോടെയും ഒരു നിശ്ചിത കാലത്തേയ്ക്ക് വികാരിയെ നിയമിക്കാന്‍ കഴിയും. കൂടാതെ, സ്വയാ ധികാരസഭയുടെ പ്രത്യേക നിയമത്തില്‍ ഇപ്രകാരമൊ രു നിശ്ചിതകാലത്തേയ്ക്ക് വികാരിമാരെ നിയമിക്കു വാന്‍ അനുവാദമുണ്ടെങ്കിലും അപ്രകാരം ചെയ്യാവുന്നതാണ്.

വികാരിമാരുടെ നിയമനവും സ്ഥലം മാറ്റവും

രൂപതയുടെ താത്ക്കാലിക ചുമതല വഹിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ അദ്ദേഹത്തിന്റെ താത്പര്യ പ്രകാരം വികാരിമാരെ നിയമിച്ചാല്‍, അത് രൂപതാ ഭരണം ഏറ്റെടുക്കാന്‍ പോകുന്ന മെത്രാന്റെ അവകാശങ്ങളി ന്മേലുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കപ്പെട്ടേ ക്കാം. തന്മൂലം അഡ്മിനിസ്‌ട്രേറ്റര്‍, വികാരിമാരുടെ നിയമനവും സ്ഥലംമാറ്റവും നടത്തുന്നതിനെ സഭാനി യമം നിയന്ത്രിച്ചിരിക്കുകയാണ്. എന്നാല്‍ ഒഴിവുവരു ന്ന ഇടവകകളില്‍ ഒരു താത്ക്കാലിക സംവിധാനമെന്ന നിലയില്‍ ഒരു വൈദികനെ അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയമിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. ഒരു വര്‍ഷ ത്തിലേറെക്കാലം അഡ്മിനിസ്‌ട്രേറ്ററായി തുടരുകയാ ണെങ്കില്‍ മാത്രമേ വികാരിമാരെ നിയമിക്കാനും സ്ഥലം മാറ്റുവാനും നിയമം അദ്ദേഹത്തെ അനുവദിക്കുക യുള്ളൂ (CIC.c. 525; CCEO.c. 286).  എന്നാല്‍ രൂപതാ സിംഹാസനം ഒഴിവായി ഒരുവര്‍ഷം തികയുന്നതിനു മുമ്പ് അഡ്മിനിസ്‌ട്രേറ്റര്‍ വികാരിമാരെ നിയമിച്ചാലും സ്ഥലംമാറ്റം കൊടുത്താലും പ്രസ്തുത നടപടികള്‍ അസാധുവായിരിക്കുമെന്ന് നിയമത്തില്‍ പറയുന്നില്ല. മറിച്ച് അവ ശരിയായ നടപടിയായിരിക്കില്ല എന്നു മാത്രം.

മുകളില്‍ പ്രസ്താവിച്ച ദൈവശാസ്ത്രപരവും നീതിപരിപാലനപരവുമായ കാരണങ്ങളുടെ വെളിച്ച ത്തില്‍, രൂപതയുടെ താത്ക്കാലിക ചുമതല വഹി ക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പുതിയ മെത്രാന്‍ സ്ഥാനം ഏറ്റെടുക്കുന്നതുവരെ വികാരിമാരെ നിയമിക്കുന്ന തില്‍ നിന്നും സ്ഥലം മാറ്റുന്നതില്‍ നിന്നും ഒഴിഞ്ഞു നില്‌ക്കേണ്ടതാണ്. ഒരു നിശ്ചിത കാലത്തേയ്ക്ക് നിയമിപ്പിക്കപ്പെട്ട വികാരിമാര്‍ക്ക് കാലാവധി കഴിഞ്ഞാലും അവരുടെ ഉദ്യോഗം ഇല്ലാതാകുന്നില്ല. കാരണം, സഭാനിയമപ്രകാരം നിശ്ചിതകാലാവധി പൂര്‍ത്തിയാകുകയോ നിയമത്തില്‍ നിശ്ചയിച്ചിരി ക്കുന്ന പ്രായം തികയുകയോ ചെയ്ത ഒരാളുടെ ഉദ്യോഗം നഷ്ടപ്പെടല്‍ പ്രാബല്യത്തില്‍ വരുന്നതു ബന്ധപ്പെട്ട സഭാധികാരി രേഖാമൂലം അക്കാര്യം അയാളെ അറിയിക്കുന്ന നിമിഷം മുതലായിരിക്കും (CIC.c. 525; CCEO.c. 286). ഇതനുസരിച്ച് ഏതെങ്കിലും ഒരു ഇടവകയിലെ നിശ്ചയിക്കപ്പെട്ട കാലാവധി പൂര്‍ത്തിയായാല്‍പ്പോലും സ്ഥാനം ഏല്‍ക്കുന്ന മെത്രാന്‍ മാറ്റം സംബന്ധിച്ച് തീരുമാനം എടുക്കുന്നതുവരെ അക്കാര്യത്തില്‍ അഡ്മിനിസ്‌ട്രേ റ്റര്‍ ഇടപെടേണ്ടതില്ല. പുതിയ മെത്രാന്റെ നിയമനം ഒരു വര്‍ഷത്തില്‍ കൂടുതല്‍ നീളുകയും രൂപതയിലെ പ്രത്യേക സാഹചര്യം മൂലം പെട്ടെന്നൊരു നിയമനം അനിവാര്യമാകുകയും ചെയ്യുമ്പോള്‍ അഡ്മിനിസ് ട്രേറ്റര്‍ക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാവുന്ന താണ്. ആത്മാക്കളുടെ രക്ഷയെ ബാധിക്കുന്ന ഇത്തരം കാര്യങ്ങളില്‍ നിയമം തടസ്സമാകുവാന്‍ പാടില്ലല്ലോ (CIC.c. 151).

ഫാ. ജോസ് ചിറമേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.