ബോൺ കമിനോ – ഒരു തീർത്ഥാടകൻറെ ഓർമ്മക്കുറിപ്പുകൾ (6)

ഫാ. തോമസ് കറുകയില്‍

ഓർമ്മകളുടെ ചിറകിലേറി

ചാറ്റൽമഴയുടെ ആലസ്യത്തിലൊരു പ്രഭാതം കൂടി ആരംഭിച്ചിരിക്കുന്നു. ഓരോ പുലരിയും അവിടുത്തെ സമ്മാനങ്ങളാണ് വിശാലമായ ലോകത്തിന്റെ ഞാൻ സ്വപ്‍നം പോലും കാണാത്ത ഒരു കോണിൽ ഉറങ്ങിയുണരുമ്പോൾ ഇന്നീ നിമിഷം വരെ അവിടുന്നു നൽകിയ നന്മകൾക്കു നന്ദി അർപ്പിച്ചു പുതിയ പ്രഭാതത്തിലേയ്ക്കു കടക്കുകയെന്നതാണ് കഴിഞ്ഞ കുറെയധികം വർഷങ്ങളായുള്ള പ്രഥമ പ്രഭാതചര്യ.

ആശ്രമസത്രത്തിലെ ഇനിയൊരിക്കലും മടങ്ങിവരേണ്ടതില്ലാത്ത കട്ടിലിൽ എഴുന്നേറ്റിരുന്നു കൈകൂപ്പി ഒരു നിമിഷം പ്രാർത്ഥിച്ചു.
പ്രഭാതകൃത്യങ്ങൾക്കു ശേഷം കാപ്പി കുടിക്കുവാൻ ആയിട്ടുള്ള കൂപ്പൺ വാങ്ങിയ ഹോട്ടൽ തപ്പി നടന്നു. ഏഴുമണിക്കു തന്നെ വിഭവസമൃദ്ധമായ കാപ്പി കിട്ടി. പോകുംവഴി ഇന്നലെ വിശുദ്ധകുർബാന കണ്ട ചാപ്പലിൽ കയറി അൾത്താരയുടെ ഒരു ഫോട്ടോ എടുക്കണമെന്നു ആഗ്രഹിച്ചിരുന്നു. പക്ഷേ പള്ളി പൂട്ടി ഇട്ടിരുന്നതിനാൽ സാധിച്ചില്ല. തലേന്നു രാത്രി പെയ്ത മഴയിൽ വഴിയാകെ കുതിർന്നുകിടക്കുകയാണ്. മഴ വീണു കുതിർന്നിരുന്ന വഴികളിലൂടെ നടക്കുന്നത് അത്ര എളുപ്പമായിരുന്നില്ല.

ചെളിയിലൂടെയുള്ള നടത്തം ഉജ്ജയിൻ സെമിനാരിക്കാലത്തെ മഴയത്തുള്ള ഫുട്ബോൾ കളി എൻറെ ഓർമ്മയിൽ കൊണ്ടുവന്നു. ഫുട്ബോൾ എന്നതിനേക്കാൾ കുട്ടകളി എന്നു പറയാവുന്ന, ഗോൾ അടിക്കുക എന്നതിനേക്കാൾ എതിരാളിയെ ചെളിയിൽ വീഴ്ത്തുവാനോ അവരുടെ ദേഹത്തു ചെളി തെറിപ്പിക്കുവാനോ താൽപര്യം കാണിച്ചിരുന്ന ആ കളിയുടെ മധുരംപുരണ്ട ഓർമ്മകൾ മനസ്സിലേക്ക് തിരയടിച്ചുവന്നു. അധ്വാന ലഘൂകരണത്തിനു ഉത്തോലകങ്ങൾ എന്നപോലെ നീണ്ട യാത്രയിലൂടനീളം ഓർമ്മകളുടെ ഒരുകെട്ടു പാഥേയങ്ങളുമായാണ് ഞാൻ യാത്ര തുടരാൻ തീരുമാനിച്ചിരിക്കുന്നത്. കാരണം ഈ വഴികളിലുടനീളം അതെനിക്കു ഊർജ്ജദായിനി ആയിരിക്കും എന്നെനിക്കുറപ്പുണ്ട്. ഓർമ്മകളുടെ തിരതള്ളൽ നടപ്പിൻറെ വിഷമത ലഘൂകരിക്കുവാൻ പര്യാപ്തമാവാതെ വരുമ്പോൾ പ്രാർത്ഥനയെന്ന സ്ഥായീഭാവത്തിലേയ്ക്കു ചുവടു മാറ്റിപിടിക്കും. ചതുപ്പിൽ നിന്നും ഷൂവിൽ പടർന്നുകയറുന്ന ചെളിയുടെ ഘനം നടത്തത്തെ അസ്വസ്ഥമാക്കുന്നു, ഓരോ ചുവടും മുന്നോട്ട് വയ്ക്കുംതോറും ഷൂവിന് ഭാരം കൂടികൊണ്ടിരുന്നു. അടുത്തു കാണുന്ന പുൽപ്രദേശങ്ങളിൽ ഷൂ ഉരച്ചു വൃത്തിയാക്കി പിന്നെയും മുന്നോട്ട്നടക്കും.

യാത്രക്കിടയിലാണ് ഇന്ത്യൻ എന്ന് തോന്നിക്കുന്ന ഒരാളെ കണ്ടുമുട്ടിയത്. അങ്ങോട്ട് ചെന്ന് പരിചയപ്പെട്ടു. അശ്വിൻ എന്നാണ് പേര്. ഇപ്പോൾ വരുന്നത് പാരീസിൽ നിന്നാണ്. എന്നാൽ യഥാർത്ഥത്തിൽ ആൾ മൗറീഷ്യസിൽ നിന്നുമാണ്. ഇന്ത്യൻ വംശജരെ കൊണ്ട് നിറഞ്ഞ ഒരു ദ്വീപാണല്ലോ മൗറീഷ്യസ്. കഴിഞ്ഞ കുറെക്കാലം വരെ ഇന്ത്യയിലേയ്ക്ക് ഏറ്റവും കൂടുതൽ വിദേശനാണ്യം എത്തിയതെവിടെ നിന്നെന്നറിയാമോ? അതീ ഇന്ത്യൻ മഹാസമുദ്രത്തിലെ കൊച്ചുദ്വീപിൽ നിന്നാണ്. ഗൾഫും യൂറോപ്പും കവച്ചുവെച്ച് അതെങ്ങനെ എന്നു ചോദിച്ചാൽ യാക്കോബിന്റെ വഴിയിലേയ്ക്കുള്ള യാത്ര അഴിമതിയുടെ ആഴങ്ങൾ തേടിയുള്ള യാത്ര ആകുമെന്നതിനാൽ അശ്വിൻ എന്ന യുവാവിനോടു കേവലം കുശലാന്വേഷണത്തിൽ കാര്യങ്ങൾ ഒതുക്കി ഞാൻ മുന്നോട്ടുനടന്നു. ഇന്നു 20 കിലോമീറ്റർ മാത്രം നടന്നു സുബിരി എന്ന സ്ഥലത്തെത്തി. അതിനുശേഷം അടുത്തദിവസം 20 കിലോമീറ്റർ കൂടി നടന്നു പാമ്പ്ലോണയിൽ എത്താനായിരുന്നു എൻറെ പ്ലാൻ. കാളപ്പോരിൻറെ ആ നഗരത്തിൽ, പാമ്പ്ലോണയിൽ ഒരു രാത്രി തങ്ങുക എന്നത് യാത്ര പ്ലാൻ ചെയ്തപ്പോൾ തന്നെ ഉള്ള ഒരു ആഗ്രഹമായിരുന്നു.

യാത്ര സുഖകരമാക്കാൻ യാത്രയുടെ ഓരോ ഘട്ടത്തിലും ലഭ്യമാകുന്ന സത്രങ്ങളുടെ എണ്ണവും അതിലെ സൗകര്യങ്ങളും വഴിയുടെ ഉയർച്ച താഴ്ചകളും ദൈർഘ്യവും കാഠിന്യവും ഒക്കെയും വിശദമായി പ്രതിപാദിക്കുന്ന ഗൈഡ് ബുക്കുകൾ വിവിധ ഭാഷകളിൽ ലഭ്യമാണ്. ഗൈഡ് ബുക്കിൽ നിന്നുമാണ് സുബിരി ഇന്നെൻറെ ലക്ഷ്യസ്ഥാനമായി മാറിയത്. അശ്വിനാണ് എന്നാൽ എന്തുകൊണ്ട് ഇന്ന് 27 കിലോമീറ്റർ നടന്ന് ബാക്കി പതിമൂന്നു നാളെ നടന്ന് കുറച്ചുകൂടി അധികം സമയം പാമ്പ്ലോണയിൽ ചിലവഴിക്കാൻ നിർദേശം വെച്ചത്. അതൊരു നല്ല നിർദ്ദേശമായി തോന്നി. സത്രത്തിൽ ഞാൻ കണ്ട പലരും എന്നെ അഭിവാദനം ചെയ്തു മുന്നോട്ടുപോകുന്നതു കണ്ടപ്പോഴാണ് എൻറെ നടത്തത്തിനു വേഗത പോര എന്നു ഞാൻ തിരിച്ചറിഞ്ഞത്.

വഴിയരികിൽ കണ്ട ഒരു കാഴ്ച വളരെ രസകരമായി തോന്നി. തീർഥാടകർക്കായി പഴങ്ങളും വെള്ളവും വിൽക്കുന്ന ഒരു തട്ടുകട. തട്ടുകടയ്ക്ക് മുൻപിൽ കണ്ട ഒരു ബോർഡ് ഇപ്രകാരമായിരുന്നു. അവിവാഹിതരായ തീർത്ഥാടകരെ നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഒരു പങ്കാളി ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ അടിവസ്ത്രങ്ങൾ ഈ ബോക്സിൽ ഉപേക്ഷിച്ചു പോവുക. തീർഥാടനം പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ ഒരു അത്ഭുതം സംഭവിക്കും. ആരുടെയോ ഒരു തമാശയായിട്ടാണ് എനിക്കത് തോന്നിയത്. കൗതുകം ലേശം കൂടുതലായതുകൊണ്ട് ഞാനാ ബോക്സിലേക്ക് എത്തിനോക്കി. ലേലം വിളികളിൽ പതിവുള്ളതുപോലെ കമ്പനിവക ഒന്നോരണ്ടോ അതിൽ കാണുമെന്ന് പ്രതീക്ഷിച്ച നോക്കിയ എന്നെ അത്ഭുതപ്പെടുത്തികൊണ്ട് ആ പെട്ടിനിറയെ സ്തനകഞ്ചുകങ്ങളും മറ്റടിവസ്ത്രങ്ങളും കിടപ്പുണ്ടായിരുന്നു.

കുട്ടിക്കാലത്തു ഞങ്ങളുടെ കൂടെ കളിയ്ക്കാൻ അകലെയെങ്ങോ നിന്നും വന്നിരുന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു എല്ലാവരും അവനെ “ഉരുളി” ഉരുളീ എന്നായിരുന്നു വിളിച്ചിരുന്നത്. മുരളി എന്നതിന്റെ പരിഹാസനാമായിരിക്കും അതെന്നു വിശ്വസിച്ചു അതു വിളിക്കാൻ മടിച്ച ഞാൻ ഒരിക്കൽ അവനോടു തുറന്നു ശരിയായ പേരു ചോദിച്ചു. ഒരു ചെറുപുഞ്ചിരിയോടെ അവൻ പറഞ്ഞു വിനോദ് കൃഷ്ണൻ ! അപ്പോൾ ഉരുളിയെന്ന പേരെങ്ങനെ വന്നു എന്നതല്ലേ നിന്റെ സംശയം! എന്റെ ഉള്ളറിഞ്ഞ വണ്ണം അവൻ ഉച്ചത്തിൽ ചിരിച്ചുകൊണ്ടു പറഞ്ഞു. എന്റെ അച്ഛനും അമ്മയ്ക്കും കല്യാണം കഴിഞ്ഞു ഒൻപതു കൊല്ലമായിട്ടും കുട്ടികൾ ഉണ്ടാകാതിരുന്നതിനെത്തുടർന്നു മണ്ണാറശാല അമ്പലത്തിൽ ഉരുളി കമിഴ്ത്തൽ നേർച്ച നടത്തിയതിനു ശേഷമാണത്രേ ഞാൻ ഉണ്ടായത്. അതുകൊണ്ടു അച്ഛനും അമ്മയും പോലും എന്നെ “ഉരുളി” എന്ന ഓമനപ്പേരിലാണ് വിളിക്കുന്നത്. അവന്റെ മറുപടി എനിക്കു നൽകിയതു അന്നോളം ഞാനറിഞ്ഞിട്ടില്ലാത്ത ഒരു വിചിത്ര വിശ്വാസങ്ങളെക്കുറിച്ചുള്ള പുത്തൻ അറിവുകൂടിയായിരുന്നു. ഒരു വിശ്വാസത്തിൻറെ കാര്യത്തിൽ അതു സത്യവിശ്വാസം ആണെങ്കിലും അന്ധവിശ്വാസം ആണെങ്കിലും മനുഷ്യർ എല്ലായിടത്തും ഒരുപോലെയാണെന്നു അടിവരയിട്ടു ഉറപ്പിക്കുന്നതായിരുന്നു യാക്കോബിന്റെ വഴിയിൽ ഇന്നു ഞാൻ കണ്ട ഈ വ്യസ്ത്യസ്തമായ ആ കാഴ്ചയും.

രണ്ടാം ദിവസം ആയിട്ടും കാലുകൾ വേണ്ടപോലെ സഹകരിക്കുന്നില്ല. എന്നിരുന്നാലും യാത്ര മുന്നോട്ടുതന്നെ. 27 കിലോമീറ്റർ നടക്കാൻ തീരുമാനിച്ചെങ്കിലും 20 എത്തിയപ്പോൾ തന്നെ മടുത്തു. ആദ്യം ആഗ്രഹിച്ചിരുന്ന ലക്ഷ്യസ്ഥാനം അതായതുകൊണ്ടു തന്നെ സുബിരിയിൽ തങ്ങാൻ തീരുമാനിച്ചു. വഴിയിൽ കാണുന്ന സത്രങ്ങളിലെല്ലാം കയറിയിറങ്ങി ചോദിച്ചു. പലതും മുൻകൂട്ടി റിസർവ് ചെയ്യപ്പെട്ടവരായിരുന്നു. ബാക്കിയുള്ള സ്ഥലങ്ങൾ എനിക്ക് മുൻപേ നടന്നെത്തിയവർ കൈക്കലാക്കിയിരുന്നു. മുന്നോട്ടു നടക്കാതെ യാതൊരു രക്ഷയുമില്ല. മുന്നോട്ടു നടക്കുവാൻ കാലുകൾ ആണെങ്കിൽ സമ്മതിക്കുന്നുമില്ല. രണ്ടുംകൽപ്പിച്ച് മുന്നോട്ടു നടന്നു. രാവിലെ കഴിച്ച പ്രാതലും കുറച്ചു പഴങ്ങളും മാത്രമാണ് ഇന്നത്തെ ആഹാരം. ശരീരത്തിൽനിന്നും ശക്തി ചോർന്നുപോകുന്നത് പോലെ എനിക്കു തോന്നി. ഇനി മുന്നോട്ടു നടക്കുവാൻ പറ്റുമോ എന്നു പോലും ഒരു വേള ഞാൻ ശങ്കിച്ചു. ഏതായാലും 3 കിലോമീറ്റർ കൂടി മുന്നോട്ടു നടന്നു.

വഴിയിൽ ഒരു ചെറിയ ഗ്രാമം. നാലോ അഞ്ചോ വീടുകൾ മാത്രമുള്ള ആ ഗ്രാമത്തിൽ ഒരു വീടിനു മുന്നിൽ സത്രം എന്ന ബോർഡ്. അങ്ങോട്ടു കയറിച്ചെന്നു. മധ്യവയസ്സു കഴിഞ്ഞ ഒരു സ്ത്രീ പുറത്തേക്ക് വന്നു. അവർക്ക് ഇംഗ്ലീഷും ജർമനും വശമില്ല. എനിക്കറിയാവുന്ന സ്പാനിഷിലും ബാക്കി ആംഗ്യഭാഷയിലും തീർത്ഥാടകൻ ആണെന്നും കിടക്കുവാൻ സ്ഥലം വേണമെന്നും ആവശ്യപ്പെട്ടു. പതിവുള്ള അതിലും അല്പം കൂടുതൽ വാടക ആവശ്യപ്പെട്ടു എങ്കിലും ഞാൻ വിലപേശാൻ പോയില്ല. ആറു പേർക്ക് കിടക്കാവുന്ന 3 ഇരുനിലയുള്ള ബെഡ്ഡുകൾ. അതിൽ ഇന്നു ഞാൻ ഒരാൾ മാത്രമാണ് അതിഥി. അതുകൊണ്ടുതന്നെ വിശാലമായി കുളിച്ചു. കാലുകൾ മരുന്നിട്ടു തിരുമ്മി. അലക്കുവാൻ ഉള്ളതെല്ലാം അവിടെ ഏൽപ്പിച്ചു. അത്താഴം അവിടെ ലഭിക്കുമോ എന്നു ചോദിച്ചു. ഞാൻ അന്നു ഉച്ചയ്ക്ക് ഒന്നും കഴിച്ചിട്ടില്ല എന്നറിഞ്ഞപ്പോൾ അവർ ഒരു നിർദ്ദേശം വച്ചു 7 മണിയാവുമ്പോൾ ഒരുങ്ങി നിന്നാൽ വീട്ടുടമസ്ഥൻ എന്നെ മൂന്ന് കിലോമീറ്റർ അപ്പുറത്തുള്ള റസ്റ്റോറൻറ് കൊണ്ടു ആക്കാമെന്ന്. കൃത്യം 7 മണിയായപ്പോൾ വീട്ടുകാരൻ സാവിയർ വണ്ടിയുമായി എത്തി. എന്നെ എത്തിച്ച ഹോട്ടലിൽ അതാ ഇരിക്കുന്നു ഇന്നലത്തെ അമേരിക്കൻ അമ്മച്ചിമാർ. അവരോടൊപ്പം അത്താഴം കഴിച്ചു. തിരികെ പോന്നപ്പോൾ സാവിയർ സ്പാനിഷ് ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു. എനിക്ക് കൂടുതൽ ഒന്നും മനസ്സിലാവുന്നില്ല എന്നു മനസിലായപ്പോൾ സാവിയർ ഒരു സൂത്രം പ്രയോഗിച്ചു. തൻറെ സ്മാർട്ട് ഫോൺ എടുത്ത് അതിൽ ഗൂഗിൾ ട്രാൻസ്ലേറ്ററിൽ സ്പാനിഷ് സംസാരിച്ചു ഇംഗ്ലീഷിലേക്ക് ട്രാൻസിലേറ്റ് ചെയ്ത എന്നെ കാണിച്ചു. ഞാൻ തിരിച്ച് ഇംഗ്ലീഷിൽ പറഞ്ഞു സ്പാനിഷിലാക്കി സാവിയറിനെയും. രസകരമായ ആ സംഭാഷണം കുറച്ചു നേരം നീണ്ടു. ടെക്നോളജി മനുഷ്യനെ തൻറെ സ്മാർട്ട്ഫോണിലേക്ക് ചുരുക്കുക മാത്രമല്ല മറ്റുള്ളവരിലേക്ക് കടന്നെത്തുവാനും സഹായിക്കുന്നുണ്ട് എന്നതിന് ഇന്നത്തെ അനുഭവം സാക്ഷിയായി.

രണ്ടു ഹൃദയങ്ങൾ തമ്മിൽ സംസാരിച്ചു തുടങ്ങുമ്പോൾ ഭാഷ കേവലം ഒരു ഉപകരണം മാത്രമാണെന്നു സാവിയറിന്റെ പിന്നീടുള്ള സാക്ഷ്യപെടുത്തലുകൾ എനിക്ക് വെളുപ്പെടുത്തി തന്നു. ദുഃഖം ഉറഞ്ഞുകൂടിയ സാവിയറിന്റെ ഹൃദയം ഒരു ട്രാൻസലേറ്ററിനും വഴങ്ങാത്ത എന്തോ ഉള്ളിൽ വഹിക്കുന്നുണ്ടെന്നു അയാളുടെ കണ്ണുകൾ എന്നോടു സംവദിയ്ക്കുന്നുണ്ടായിരുന്നു. യൂറോപ്പിന്റെ സമ്പന്നത നൽകുന്ന ഹൃദയാനന്ദം പുറമെ കാണുന്ന അലങ്കാരം മാത്രമാണെന്നു കുറഞ്ഞ കാലത്തെ യൂറോപ്പ് ജീവിതം കൊണ്ടു തന്നെ ഞാൻ മനസ്സിലാക്കിയിരിക്കുന്നു. ലോകം മുഴുവൻ നേടിയിട്ടും നഷ്ട്ടപെട്ടു പോയ ആത്മാവിനെ തേടി അലയുന്ന ഒരുപാടു പേരിൽ ഒരാളുടെ പ്രതിനിധിയാണ് സാവിയെറെന്നു അയാളെന്നോടു പറയാതെ പറയുന്നു. സാവിയറിനെപ്പറ്റി കൂടുതൽ അറിയണമെന്നും നിങ്ങളോടു കൂടുതൽ പറയണമെന്നും എനിക്കുണ്ട് എന്നാൽ പ്രശസ്‌ത അമേരിക്കൻ കവിയായ റോബർട്ട് ഫ്രോസ്റ്റിന്റെ വിശ്വവിഖ്യാത വരികൾ കടമെടുത്തു ഞാൻ പറയട്ടെ.

കാനനഭംഗി അഭൗമവും അഗാധമെങ്കിലും
എനിക്കെന്റെ വാഗ്ദാനങ്ങൾ നിറവേറ്റേണ്ടതുണ്ട്.
കാതമേറെയും പോകുവാനുണ്ട് എനിക്ക് ഉറങ്ങും മുൻപേ
കാതമേറെയും പോകുവാനുണ്ട് എനിക്ക് ഉറങ്ങും മുൻപേ..

എല്ലാവർക്കും ഓശാന തിരുനാളിൻറെ ആശംസകളോടെ

ഫാ. തോമസ്‌ കറുകയില്‍ 

(തുടരും)