ബോൺ കമിനോ – ഒരു തീർത്ഥാടകന്റെ ഓർമ്മക്കുറിപ്പുകൾ (3)

ഫാ. തോമസ് കറുകയില്‍

യാക്കോബിൻറെ വഴി – ഒരല്പം ചരിത്രം

സ്വർണ്ണനൂലിഴകൾ പോലുള്ള മുടികളുള്ള വൃദ്ധൻ പോയതും ആകാംഷയോടെ അദ്ദേഹം തന്ന സമ്മാനപ്പൊതി ഞാൻ അഴിച്ചുനോക്കി. അതിൽ രണ്ടു പുസ്തകങ്ങളായിരുന്നു. യാക്കോബിന്റെ വഴിയുടെ ചരിത്രം വിശദമായി പ്രതിപാദിക്കുന്ന വ്യസ്ത്യസ്ത എഴുത്തുകാരുടെ അല്ലെങ്കിൽ മുൻയാത്രക്കാരുടെ അനുഭവ വിവരണങ്ങളടങ്ങിയ പുസ്തകം. യാക്കോബിന്റെ വഴിയിലേയ്ക്കുള്ള യാത്രികന് സമ്മാനിച്ചേക്കാൻ സാധ്യതയുള്ള എല്ലാ വെല്ലുവിളികളെയുംപറ്റി വിശദമായിത്തന്നെ മനസ്സിലാക്കാൻ ആ പുസ്തകങ്ങൾ കൊണ്ട് എനിക്ക് സാധിച്ചു. നിന്റെ യാത്ര ആരംഭിക്കും മുന്നേ നിനക്ക് വേണ്ടതെല്ലാം വെളിപ്പെട്ടുകിട്ടുമെന്ന ഉൾവിളി അങ്ങനെ അന്വർത്ഥമായി എന്നെനിക്കു തോന്നി. അല്ലെങ്കിൽ ഒരു പരിചയവുമില്ലാത്ത ആ പടുവൃദ്ധൻ എനിക്കായി ഇതെല്ലാം കരുതിച്ചിരുന്നതെന്തിനാണ്?

കർത്താവിന്റെ ശിഷ്യന്മാരിൽ ഒരുവനായ വി. യാക്കോബ് അടക്കം ചെയ്യപ്പെട്ടിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന സാന്തിയാഗോയിലേയ്ക്കുള്ള തീർത്ഥാടനത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സെബദിപുത്രന്മാരിൽ ഒരുവനും സുവിശേഷകനായ യോഹന്നാന്റെ സഹോദരനുമായ യാക്കോബിന്റെ കബറിടം ഒമ്പതാം നൂറ്റാണ്ടിൽ ഗലീഷ്യ ഭരിച്ചിരുന്ന അൽഫോൻസോ രണ്ടാമൻ രാജാവിന്റെ കാലത്ത് സാന്തിയാഗോയിൽ കണ്ടെത്തുകയുണ്ടായി. അഗ്രിപ്പ രാജാവിന്റെ കാലത്ത് ജറുസലേമിൽ രക്തസാക്ഷിയായി മാറിയ വി. യാക്കോബിന്റെ മൃതശരീരം രണ്ട് ശിഷ്യന്മാർ മാലാഖമാരുടെ അകമ്പടിയോടെ സ്പെയിനിന്റെ ഈ തീരത്ത് എത്തിച്ചുവെന്നാണ് ഐതിഹ്യം.

ശവകുടീരം കണ്ടെത്തിയ ഉടനെ അൽഫോൻസോ രാജാവ് ഒരു ദേവാലയം അവിടെ പണികഴിപ്പിച്ചു. 1078-ൽ കത്തീഡ്രൽ ദേവാലയത്തിന്റെ പണി ആരംഭിച്ചതോടെ തീർത്ഥാടനവും അതിന്റെ ഉച്ചസ്ഥായിയിലെത്തി. യൂറോപ്പിന്റെ നാനാഭാഗങ്ങളിൽ നിന്നും തീർത്ഥാടകർ കാൽനടയായി ഇങ്ങോട്ടെത്തിയിരുന്നു. ക്രൈസ്തവലോകത്ത് ജറുസലേമും റോമും കഴിഞ്ഞാൽ ഏറ്റവുമധികം തീർത്ഥാടകർ എത്തുന്ന സ്ഥലമാണ് സാന്തിയാഗോ ഡി കോംപാസ്റ്റെല്ലാ.

14-15 നൂറ്റാണ്ടുകളിലെ നവോത്ഥാനവും മതനവീകരണവും അതെത്തുടർന്നുണ്ടായ യുദ്ധങ്ങളും യൂറോപ്പിന്റെ അന്തരീക്ഷത്തെ കലുഷിതമാവുകയും തീർത്ഥാടനം പതിയെ മറവിയിലേക്ക് ആണ്ടുപോവുകയും ചെയ്തു. എന്നാൽ, ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ തീർത്ഥാടനം പുനരുദ്ധരിക്കപ്പെടുകയും1982-ലെ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ സാന്തിയാഗോ സന്ദർശനം ഇതിന് ആക്കം കൂട്ടുകയും ചെയ്തു. 1993-ൽ ഈ തീർത്ഥാടനവഴികൾ യുനെസ്കോയുടെ സാംസ്കാരിക പൈതൃകങ്ങളുടെ ലിസ്റ്റിൽ ഇടംനേടുകയും ചെയ്തു. ഈ കാലയളവ് മുതൽ അനേകായിരങ്ങൾ ഇപ്പോഴും ഈ വഴികളിലൂടെ തീർത്ഥാടനം നടത്തുന്നു.

യാക്കോബിന്റെ വഴിയെക്കുറിച്ച് പറയുന്നത് എത്രത്തോളം തീർഥാടകർ ഉണ്ടോ അത്രത്തോളം വഴികളും ഉണ്ട് എന്നാണ്. ഓരോ തീർത്ഥാടകരും നടക്കുന്നത് അവരുടെ വഴികളാണ്. ചിലർക്കത് സ്വന്തം വീട്ടുമുറ്റത്തു നിന്ന് തുടങ്ങുമ്പോൾ മറ്റുചിലർക്ക് വേറെ ഏതെങ്കിലും സ്ഥലങ്ങളാണ് എന്ന വ്യത്യാസം മാത്രം. യാക്കോബിന്റെ വഴി എന്നത് യൂറോപ്പിലുടനീളം വ്യാപിച്ചുകിടക്കുന്ന ഒന്നാണ്. അത് പല പേരുകളിലാണ് അറിയപ്പെടുന്നത്.

ഏറ്റവുമധികം പേരും സഞ്ചരിക്കുന്നത് ഏകദേശം 800 കിലോമീറ്റർ ദൈർഘ്യമുള്ള ഫ്രാൻസിൽ ആരംഭിക്കുന്ന ഫ്രഞ്ച് വഴിയാണ് (Camino Francés). ഏകദേശം 200 കിലോമീറ്റർ ദൈർഘ്യമുള്ള പോർട്ടുഗലിൽ ആരംഭിക്കുന്ന പോർച്ചുഗീസ് വഴിയും (Camino Portugués) ഫ്രഞ്ച് വഴിക്ക് സമാന്തരമായി പോകുന്ന ഉത്തരവഴിയും (camino del norte) ദുർഘടം പിടിച്ച മലനിരകൾ താണ്ടിയുള്ളതും ഏറ്റവും പുരാതനവുമായ പ്രാകൃതവഴിയും (Camino Primitivo) സ്പെയിനിലെ തന്നെ സെവില്ല നഗരത്തിൽ തുടങ്ങുന്ന സമതല വഴിയും (Via de la Plata ) എല്ലാം ഇതിന്റെ ഭാഗങ്ങളാണ്.

എന്റെ കാര്യത്തിൽ ഞാനൊരു തീരുമാനമെടുത്തിരുന്നു. നടക്കുന്നെങ്കിൽ കൂടുതൽ തീർത്ഥാടകരും സഞ്ചരിക്കുന്ന ഫ്രഞ്ച് വഴി തന്നെയെന്ന്. രാത്രികാലങ്ങളിൽ തങ്ങുവാനുള്ള സത്രങ്ങളുടെ ലഭ്യതയും കൂടുതൽ തീർത്ഥാടകരുണ്ടാവും എന്നുള്ള ഉറപ്പും ഈ വഴി തന്നെ തിരഞ്ഞെടുക്കുവാൻ പ്രേരകമായി വർത്തിച്ചിട്ടുണ്ട്.

തുടങ്ങിയ കാലം മുതൽ തന്നെ ഒരുപാട് തീർത്ഥാടകരെ ആകർഷിച്ച ഈ വഴികളിൽ ചെറിയ നഗരങ്ങൾ രൂപപ്പെട്ടു വരികയും അവയിലൊക്കെയും തീർത്ഥാടകർക്കുള്ള സത്രങ്ങളും മറ്റ് സൗകര്യങ്ങളും ഉണ്ടായി വരികയും ചെയ്തു. പള്ളികളുടെയും ആശ്രമങ്ങളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വകയുള്ള സത്രങ്ങൾക്കൊപ്പം തന്നെ സ്വകാര്യവ്യക്തികളും സത്രങ്ങളുമായി എത്തിയപ്പോൾ സൗകര്യങ്ങൾ ഒന്നിനൊന്ന് മെച്ചപ്പെട്ടു വന്നു. തീർത്ഥാടകർക്കായി നിർദ്ദേശങ്ങൾ അടങ്ങുന്ന ഗൈഡ് ബുക്കുകളും ഇൻറർനെറ്റിൽ വെബ്സൈറ്റുകളും യൂട്യൂബിലെ തീർത്ത തീർത്ഥാടന അനുഭവം വിവരിക്കുന്ന വീഡിയോകളും ഒക്കെ തീർത്ഥാടനം വളരെ എളുപ്പമുള്ളതായി തീർക്കുന്നു.

തീർത്ഥാടന അനുഭവങ്ങളെക്കുറിച്ച് എഴുതിയ Hape Kerkerling-ന്റെ ജർമ്മൻ പുസ്തകം ‘Ich bin dann mal weg’ അനേകം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയും മിക്ക ഭാഷകളിലും ബെസ്റ്റ് സെല്ലറായി മാറുകയും ചെയ്തത് യാക്കോബിന്റെ വഴിയിലെ തീർത്ഥാടനത്തെ ഏറെക്കുറെ ജനപ്രിയമാക്കിട്ടുണ്ട്.

100 കിലോമീറ്ററെങ്കിലും കാൽനടയായോ 200 കിലോമീറ്ററെങ്കിലും സൈക്കിളിലോ കുതിരപ്പുറത്തോ സഞ്ചരിച്ചാൽ മാത്രമേ തീർത്ഥാടനം ഔദ്യോഗികമായി അംഗീകരിക്കപ്പെടൂ. വഴിയരികിലുള്ള സത്രങ്ങളിൽ നിന്നും ലഭിക്കുന്ന സീലുകൾ തീർത്ഥാടകർ തങ്ങളുടെ ‘തീർത്ഥാടകർക്കായുള്ള പാസ്പോർട്ടിൽ’ പതിപ്പിക്കുന്നത് വഴിയാണ് ഇത്രയും കിലോമീറ്റർ അവർ താണ്ടി എന്നുള്ളതിന് രേഖ ആകുന്നത്. ഇത്രയും ദൂരം വിജയകരമായ പിന്നിടുന്നവർക്ക് സാന്തിയാഗോയിലെ തീർത്ഥാടകരുടെ ഓഫീസിൽ നിന്നും കോംപസ്തല (Pilgrims Certificate) ലഭിക്കുന്നതാണ്.

വർഷംതോറും പതിനായിരക്കണക്കിന് തീർത്ഥാടകരാണ് ഈ വഴിയിലൂടെ നടക്കുന്നത്. ഒറ്റത്തവണകൊണ്ട് മുഴുവൻ ദൂരവും നടന്നുതീർക്കുന്നവരും പല വർഷങ്ങളിലായി പല ഘട്ടങ്ങളിലായി നടന്നുതീർക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. വി.  യാക്കോബിന്റെ തിരുനാൾ ദിവസം ജൂലൈ 25 ഒരു ഞായറാഴ്ച വരുകയാണെങ്കിൽ ആ വർഷം ഒരു വിശുദ്ധവർഷമായി പ്രഖ്യാപിക്കപ്പെടുകയും ആ വർഷങ്ങളിൽ തീർത്ഥാടകർ പതിവിലുമധികമായി അവിടെ എത്തിച്ചേരുകയും ചെയ്യുക സാധാരണമാണ്. തീർത്ഥാടകരെയും സാഹസികരെയും ഹൈക്കിങ് ഇഷ്ടപ്പെടുന്നവരെയും ഒരുപോലെ ആകർഷിക്കുന്നവയാണ് ഈ വഴികൾ എന്നതു തന്നെയാണ് ഇതിന്റെ ജനപ്രിയതയ്ക്കു കാരണം.

എന്തുതന്നെ ആയാലും ചരിത്രമുറങ്ങുന്ന ഈ വഴിത്താരകളിലൂടെ നടക്കുവാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഞാൻ. എനിക്ക് കൂട്ടായി വ്യസ്ത്യത ഭാഷകൾ സംസാരിക്കുന്ന വിവിധ ദേശക്കാർ ഉണ്ടെന്നുള്ളതാണെന്റെ പിൻബലം. യാത്രകൾ എന്നുമെനിക്ക് ഒരുപാട് സൗഹൃദങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഈ യാത്രയിലും ജീവിത പുസ്തകത്തിലേയ്ക്ക് കുടിയേറാൻ, ഒരുപാട് ഓർമ്മകളുടെ സന്തോഷവും നൊമ്പരങ്ങളും നൽകാൻ കുറച്ചുപേരെങ്കിലും എന്റെ സഹയാത്രികരായി ഉണ്ടാവുമെന്നാണ് എന്റെ വിശ്വാസം.

അജ്ഞാതരായ ആ സഹയാത്രികരെ തേടി, യാക്കോബിന്റെ കബറിടം തേടി ഞാനും ഇറങ്ങുകയാണ്. യാത്രയിലുടനീളം എന്റെ ഇരു പാർശ്വങ്ങളിലും അവിടുത്തെ കൃപയുടെ ചൈതന്യം ഉണ്ടാകുമെന്ന ബോധ്യമാണ് ഈ യാത്രയിലേയ്ക്ക് ഞാൻ കരുതുന്ന ഇന്ധനം…

ഫാ. തോമസ് കറുകയില്‍

(തുടരും…)