ബോൺ കമിനോ – ഒരു തീർത്ഥാടകന്റെ ഓർമ്മക്കുറിപ്പുകൾ (19)

ഫാ. തോമസ് കറുകയില്‍

അമ്മയോടൊപ്പം …

ഓർമ്മയുടെ നിറങ്ങളിൽ കടുംവർണ്ണം ചാലിച്ച മെയ്മാസം വിട പറയാൻ ഇനി ഒരു ദിവസം മാത്രം. എന്റെ യാത്രയുടെ പതിനാറാം ദിനത്തിലേക്ക് ഞാൻ കടക്കുകയാണ്. എന്തും, അത് സംഭവിക്കും വരെ മാത്രമേ നമ്മുടെ ഉള്ളിൽ ഭയപ്പാടും ആശങ്കയും ഉണ്ടാവുകയുള്ളൂ. അതിലേക്ക് ഒരിക്കൽ നമ്മൾ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നെ നമ്മൾ അതിനെ നേടാനോ പ്രതിരോധിക്കാനോ ഉള്ള ശേഷി സ്വായത്തമാക്കും.

യാത്ര എന്നത് എനിക്കിപ്പോൾ ആവേശകരമായ ഒരു ഉദ്യമമായി മാറിയിരിക്കുകയാണ്. ഓർമ്മകളുടെ ഒരു കുട എന്റെ തലയ്ക്കു മീതെ മഴവില്ലു പോലെ വിരിഞ്ഞിറങ്ങുമ്പോൾ ലക്ഷ്യം വളരെ അടുത്താണെന്ന തോന്നൽ എന്നെ നയിക്കുന്നുണ്ട്. കുന്തിരിക്കത്തിന്റെ ഗന്ധമുള്ള മെയ്‌ മാസമായിരുന്നു ബാല്യത്തിലെ ഏറ്റവും പുഷ്കലമായ കാലം. കറുകപ്പള്ളി എന്ന കൊച്ചുകപ്പേളയും അവിടുത്തെ പരിശുദ്ധ ദൈവവമാതാവിന്റെ വണക്കമാസവും മെയ് മാസത്തിന്റെ നിറമുള്ള ഓർമ്മകളാണ്. വര്‍ണ്ണ-വർഗ്ഗ വൈജാത്യങ്ങൾ ഏതുമില്ലാതെ പരിശുദ്ധ അമ്മയെ വണങ്ങുന്ന വ്യത്യസ്ത ജാതിമതക്കാരുടെ ഒരുമയുടെ ഉത്സവമായിരുന്നു കറുകപ്പള്ളിയിലെ മെയ്‌ മാസവണക്കങ്ങൾ. വണക്കമാസ വായനയ്ക്കു ശേഷം നൽകപ്പെടുന്ന, പുത്തരിയിൽ പാലും പഞ്ചസാരയും ചേർത്ത പാച്ചോറിനായി തിരക്കുണ്ടാക്കുന്ന കുട്ടികളുടെ ആരവത്തിന് അന്നുമിന്നും മിയാൻ താൻസെന്റെ രാഗത്തെക്കാൾ ഇമ്പമുണ്ടായിരുന്നു. വണക്കമാസ വായനക്കാരൻ എന്ന നിലയിൽ, എനിക്ക് ഒരു പങ്ക് നേർച്ച, വിളമ്പും മുമ്പുതന്നെ വാഴയിലയിൽ പൊതിഞ്ഞ് പള്ളിയുടെ സങ്കീർത്തി മുറിയുടെ മേശമുകളിൽ ഇരിപ്പുണ്ടാവും. വണക്കമാസ വായനയിൽ ദൃഷ്ടാന്തം എന്നൊരു ഭാഗമുണ്ട്. മാതാവിന്റെ മാദ്ധ്യസ്ഥ്യം വഴിയായി സംഭവിച്ച അത്ഭുതപ്രവർത്തികളുടെ, ഒരല്പം അതിശയോക്തി കലർന്ന സംക്ഷിപ്ത വിവരണങ്ങളാണ് പലപ്പോഴും ദൃഷ്ടാന്തത്തിൽ. ഞാന്‍ ഇന്ന് കടന്നുപോകുന്ന വഴിയിലെ ഒരു പട്ടണത്തിലെക്കുറിച്ചും ഇങ്ങനെ ഒരു സംഭവകഥയുണ്ട്.

സ്പെയിനിലെ വിയ്യാൽകാസർ ഡി സിർഗ (Villalcázar de Sirga) അന്നാളുകളിൽ ഒരു സാധാരണ കർഷകഗ്രാമമായിരുന്നു. കർഷകർ മഴയ്‌ക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് കുറച്ചുകാലമായി. പ്രതീക്ഷകളെ പൂവണിയിച്ചുകൊണ്ട് മഴ തുടങ്ങി. എന്നാൽ, അവരുടെ സന്തോഷം പതിയെപ്പതിയെ ദുഃഖമായി മാറിത്തുടങ്ങി. മഴ കടുത്തു. ഗ്രാമത്തിന്റെ പ്രധാന ജലസ്രോതസ്സായ നദി ‘ഉസിയേസ’ (Ucieza) കരകവിഞ്ഞൊഴുകിത്തുടങ്ങി. ഗ്രാമത്തിലുള്ളവരെല്ലാം സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക് മാറി. അപ്പോഴാണ് അവരത്തോർത്തത് നദിക്കരയിലുള്ള തങ്ങളുടെ കൊച്ചുകപ്പേളക്കും അതിനുള്ളിലുള്ള മാതാവിന്റെ രൂപത്തിനും എന്ത് സംഭവിച്ചു കാണുമെന്ന്. അതിവേഗം അവർ നദിക്കരയിലെത്തിയപ്പോഴേക്കും കപ്പേള തകർന്നു കഴിഞ്ഞിരുന്നു. പെട്ടെന്നാണ് അവരുടെ കണ്ണുകൾ എന്തിലോ ഉടക്കിയത് – നദിയിലൂടെ എന്തോ ഒഴുകി വരുന്നു. എന്താണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. നദിയിലേയ്ക്കിറങ്ങി നോക്കാൻ അവർ തീരുമാനിച്ചു. കൈകൾ ചേർത്തുപിടിച്ച് അവർക്കു കുത്തൊഴുക്കിലേയ്ക്കിറങ്ങി.

ഒഴുകിവന്നത് അത്യന്തം തേജസ്സാർന്ന മാതാവിന്റെ ഒരു തിരുസ്വരൂപം ആയിരുന്നു. നഷ്ടപ്പെട്ടു പോയ തങ്ങളുടെ മാതാവിന്റെ രൂപത്തിനു പകരമായി അവർ നദിക്കരയിൽ പുതിയൊരു കപ്പേള (Santuario de la Virgen del Río ) പണിത് ആ രൂപം അവിടെ പ്രതിഷ്ഠിച്ചു. എന്നാൽ, പതിമൂന്നാം നൂറ്റാണ്ടിൽ അതിനടുത്തായി ഒരു ദേവാലയം പണിയപ്പെടുകയും ആ ദേവാലയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ‘വെളുത്ത മാതാവ്’ (Santa María la Blanca) എന്ന നാമധേയത്തിൽ പ്രസിദ്ധമായ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം വഴി അനേകം അത്ഭുതങ്ങൾ സംഭവിക്കുകയും അതുവഴി ഒരുപാട് തീര്‍ത്ഥാടകർ ഈ ഗ്രാമത്തിലേക്ക് ആകർഷിക്കപ്പെടുകയുമുണ്ടായി.

ഇന്ന് ഉച്ചയോടെ 24 കിലോമീറ്റർ അകലെയുള്ള കാരിയോൺ ദേ ലോസ് കോണ്ടസ് (Carrión de los Condes) വരെ നടന്നെത്താൻ പറ്റിയാൽ കാരിയോണിനു ശേഷം 17 കിലോമീറ്റർ നീണ്ടുകിടക്കുന്ന വിജനമായ വഴിയുണ്ട്. അതുകൂടി ഇന്ന് നടന്നു തീർക്കാൻ ശ്രമിക്കാമെന്ന മോഹം മനസ്സിലുണ്ടായിരുന്നതു കൊണ്ട് അതിരാവിലെ തന്നെ യാത്ര തുടങ്ങി. ഫ്രോമിസ്ത (Frómista) വരെ കാസ്റ്റിയ കനാലിന്റെ (Canal de Castilla) തീരത്തു കൂടിയാണ് നടപ്പ്. ഒരു കാലത്ത് സ്പാനിഷ് കോളനികളായിരുന്ന തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകൾ അറ്റ്ലാന്റിക് തീരത്തു നിന്നും സ്പെയിനിന്റെ ഉൾഭാഗങ്ങളിലേക്കെത്തിക്കാൻ പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണ് 207 കിലോമീറ്റർ നീളമുള്ള ഈ കനാൽ.

ഫ്രോമിസ്ത മുതൽ നടത്തം മെയിൻ റോഡരികിലേക്ക് മാറി. ഒരു ഭാഗത്ത് ചീറിപ്പായുന്ന വാഹനങ്ങൾ. മറുഭാഗത്ത് നീണ്ടുപരന്നു കിടക്കുന്ന ഗോതമ്പ് പാടങ്ങൾ. ഇടയ്ക്കിടെ ബോൺ കമിനോ പറഞ്ഞ് കടന്നുപോകുന്ന തീർത്ഥാടകർ. യാത്ര പൊബ്ലാസിയോൺ ദേ കാമ്പോസിൽ (Población de Campos) എത്തിയപ്പോൾ വഴി രണ്ടായി പിരിഞ്ഞു. യഥാർത്ഥ യാക്കോബിന്റെ വഴി റോഡരികിലൂടെ തന്നെയാണ്. എന്നാൽ, അടുത്ത ഗ്രാമത്തിലേക്ക് പുതുതായി മറ്റൊരു വഴി കൂടിയുണ്ട്. തിരക്കുകകളും ബഹളങ്ങളുമില്ലാത്ത വഴിയാണെങ്കിലും ദൈർഘ്യം ഒന്നര കിലോമീറ്റർ കൂടുതലാണ്. ഇന്ന് 41 കിലോമീറ്റർ നടക്കണമെന്ന് മനസ്സിൽ പ്ലാൻ ഉണ്ടായിരുന്നതിനാൽ ദൂരം കുറഞ്ഞ റോഡരികിലുള്ള വഴി മതിയെന്ന് തീരുമാനിച്ചു. പിന്നീടാണ് മനസ്സിലായത് ഈ വഴി നദീതീരത്തുള്ള കപ്പേള ഒഴിവാക്കിയാണ് പോകുന്നതെന്ന്. എന്തായാലും നടത്തം വിയ്യാൽകാസർ ഡി സിർഗയ്യിലെത്തി. വെളുത്ത മാതാവിന്റെ അതിമനോഹരമായ ദേവാലയം സന്ദർശിച്ചു.

ഉച്ചയ്ക്ക് ഒരുമണിയോടെ കാരിയോണിൽ എത്തി. 24 കിലോമീറ്റർ നടന്നു കഴിഞ്ഞിരിക്കുന്നു. മുന്നോട്ടു പോകണമെന്ന ആഗ്രഹമുണ്ട്. എന്നാൽ, 17 കിലോമീറ്റർ കൂടി നടക്കാൻ പറ്റുമോ എന്നുറപ്പില്ല. യാത്ര തുടങ്ങും മുമ്പ് മോൺസിഞ്ഞോർ അന്ത്രയാസച്ചൻ പറഞ്ഞ വാക്കുകൾ പെട്ടെന്ന് മനസ്സിലേയ്ക്കോടിയെത്തി.

‘തോമസ്, നീ വലിയ ഒരു സാഹസത്തിനാണ് പുറപ്പെടുന്നത്. ജീവിതത്തിൽ സാഹസികത തീർച്ചയായും വേണം. അത് ജീവിതത്തിന് നിറം പകരും. പക്ഷെ, ഒന്നോർത്തു കൊള്ളുക. എന്താണ് സാഹസം… എന്താണ് അപകടം എന്ന് വേർതിരിച്ചറിയാനുള്ള കഴിവ് നിനക്കുണ്ടാവണം. അവ തമ്മിലുള്ള അതിർത്തിരേഖ തിരിച്ചറിയാൻ നിനക്കാവണം. അതിലാണ് നമ്മുടെ വിജയം.’

യാത്രയിൽ മാത്രമല്ല, ജീവിതത്തിൽ മുഴുവനും നാം അവശ്യം അറിഞ്ഞിരിക്കേണ്ട ഒരു പാഠമാണിത്. ഇനിയും മുന്നോട്ട് നടക്കുന്നത് ഒരുപക്ഷേ, സാഹസത്തെക്കാളേറെ അപകടം ആയിരിക്കുമെന്ന് തോന്നിയതു കൊണ്ട് യാത്ര കാരിയോണിൽ അവസാനിപ്പിച്ചു. സ്പെയിനിലെ ഏറ്റവും പഴക്കമുള്ള 1231-ൽ സ്ഥാപിതമായ ക്ലാരിസ്റ് മഠത്തിന്റെ സത്രത്തിലാണ് ഇന്ന് തങ്ങുന്നത്.

വലിയ സാഹസമാണ് ജീവിതം.
വലിയ കൃപയാണ് ജീവിതം.
വലിയ അനുഗ്രഹമാണ് ജീവിതം.
വലിയ ദൈവസ്നേഹം തന്നെയാണ് ജീവിതം.
എല്ലാത്തിനുമുപരി അവനെത്തേടിയുള്ള യാത്ര തന്നെയാണ് ജീവിതം.

നല്ല ദൈവമേ, എന്റെ പാതകൾ ദീപ്തമാക്കേണമേ …

ഫാ. തോമസ്‌ കറുകയില്‍

(തുടരും …)