ബോൺ കമിനോ – ഒരു തീർത്ഥാടകന്റെ ഓർമ്മക്കുറിപ്പുകൾ (18)

ഫാ. തോമസ് കറുകയില്‍

അർത്ഥങ്ങൾ തേടി …

നാട്ടിൻപുറത്തിന്റെ ‘നന്മ’ മണമുള്ള മനുഷ്യരുടെ ഇടമായിരുന്നു കുട്ടനാട്ടിലെ മുട്ടാർ. സഹവികാരിയായി ആദ്യനിയമനം കിട്ടി ഞാനവിടെ സേവനമുഷ്ഠിച്ച രണ്ട് കൊല്ലക്കാലം ഹരിതാഭയാർന്ന കുട്ടനാടിന്റെ പ്രകൃതി പോലെ ഹൃദയവുമൊരുക്കി അവരെന്റെ സഹസഞ്ചാരികളായി. സേവനത്തിനായി എന്നെ രണ്ടാമത് നിയോഗിച്ച ഇടവകയുടെ പേര്രു കേട്ടപ്പോൾ ഞാനൊന്നു ഞെട്ടി. കാരണം, എന്റെ ജന്മഗൃഹത്തിന് തൊട്ടപ്പുറത്തുള്ള പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് ഇടവകയിലേയ്ക്കാണ് നിയമനം. മാതൃ ഇടവകയെക്കാൾ എനിക്ക് ബന്ധങ്ങളും ബന്ധനങ്ങളും ഉള്ളയിടം. ചാർച്ചക്കാരും അയൽവാസികളും കളിക്കൂട്ടുകാരും രക്തബന്ധവുമടക്കം ഒരുപാട് ബന്ധങ്ങളുള്ള പള്ളിയുടെ സഹവികാരിയാകുന്നത് അനീതിയാകുമോ എന്ന് ഞാൻ പ്രാർത്ഥനാപൂർവ്വം ആലോചിച്ചു. പിതാവിനെ കണ്ട് ഈ നിയമനത്തിൽ തനിക്കുണ്ടായിരിക്കുന്ന വ്യഥചിന്തകളെ അറിയിക്കാൻ തന്നെ തീരുമാനിച്ചു. എന്നെ ശ്രദ്ധാപൂർവ്വം കേട്ട പിതാവ് കണ്ണടച്ച് മൗനമായിരുന്നതിനു ശേഷം മൗനം മുറിച്ചു തുടർന്നു. അവിടേയ്ക്കു തന്നെ പോവുക! അനുസരണമെന്ന വലിയ – എന്നാൽ, എളുപ്പമല്ലാത്ത വ്രതം വാഗ്ദാനം ചെയ്തവനാണ് ഞാൻ. ദൈവഹിതത്തിനു കീഴ്വഴങ്ങി പരിചിതമായ ഇടവഴികളിലൂടെ ദൈവവേലയുടെ സംഗീതവും പേറി ഞാൻ നടക്കുമ്പോൾ ബന്ധത്തിന്റെയും കടപ്പാടിന്റെയും പേരിൽ ആരും എന്നെ ബുദ്ധിമുട്ടിക്കാൻ ഒരിക്കലും അതുവഴി വന്നില്ല.

ഒരിക്കൽ ഒരു മരിച്ചടക്ക് കഴിഞ്ഞുവന്നതും എനിക്കൊരു ഫോൺ വന്നു. ജോബൻ ചേട്ടൻ ജോലി ചെയ്യുന്നതിനിടയിൽ മെഷിനിൽ കുടുങ്ങി. കൂടുതലൊന്നും അറിയില്ല. ഞാനൊന്നു ഭയന്നു. എന്റെ ഒന്നാം ചാർച്ചയിലുള്ള സഹോദരീഭർത്താവും ഇടവകക്കാരനും കൂടിയാണയാൾ. പറക്കമുറ്റാത്ത രണ്ട് കുട്ടികളുള്ള കുടുംബത്തിന്റെ ഏക വരുമാനക്കാരൻ. അപകടത്തിൽപ്പെട്ടാൽ തകർന്നുപോയേക്കാവുന്ന ബിജിചേച്ചിയെപ്പറ്റിയായിരുന്നു എന്റെ ആധി. എന്നാൽ, ബിജിചേച്ചി എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. മെഷിനിൽ കുടുങ്ങി ജീവൻ തന്നെ നഷ്ട്ടപ്പെട്ടു പോയേക്കാവുന്ന ഇടത്തിൽ നിന്നും നാല് വിരലുകളെ മാത്രം അറുത്തെടുത്തതിൽ സന്തോഷിച്ച് ദൈവത്തിന് നന്ദിപറയുന്ന ബിജിചേച്ചി എനിക്ക് പകർന്ന ആത്മവിശ്വാസം ദൈവപരിപാലനയുടെ മറ്റൊരു പാഠമായിരുന്നു.

ചില ജീവിതങ്ങൾ അങ്ങനെയാണ്. അത് നമ്മെ ചില പാഠങ്ങൾ പഠിപ്പിക്കും. യാക്കോബിന്റെ വഴിയും അതുപോലെ തന്നെയാണ്. ഈ വഴി നമ്മെ ചിലത് പഠിപ്പിക്കുന്നുണ്ട്. യാക്കോബിന്റെ വഴിക്ക് മന്ന് തലങ്ങളുണ്ടെന്നാണ് സാധാരണ പറയുക. ആദ്യത്തെ ഏതാണ്ടു പത്ത് ദിവസങ്ങൾ, ബുർഗോസ് വരെയുള്ള യാത്ര ശാരീരികമായ പരുവപ്പെടലിന്റെ കാലമാണ്. മലനിരകകൾ താണ്ടിയുള്ള നടത്തം, ശരീരത്തെ യാത്രയ്ക്കായി പരുവപ്പെടുത്തിയെടുക്കുന്ന സമയം, പിന്നീട് ബുർഗോസ് മുതൽ ലിയോൺ വരെ ഏതാണ്ട് 250 കിലോമീറ്ററോളം പീഠഭൂമിയാണ് (La Meseta). ഗോതമ്പു വയലുകൾക്ക് നടുവിലൂടെ നേർരേഖയിൽ കടന്നുപോകുന്ന – കയറ്റിറക്കങ്ങളില്ലാത്ത – കണ്ണിന് വൈവിധ്യമാർന്ന കാഴ്ചകൾ സമ്മാനിക്കാത്ത യാത്രാദിനങ്ങൾ മാനസികമായ പരുവപ്പെടലിന്റെ സമയമാണ്. കണ്ണുകളെ പുറത്തേക്കെന്നതിനെക്കാൾ ഉള്ളിലേക്ക് തിരിക്കുവാനുള്ള സമയം. അവസാനത്തെ ഏതാണ്ട് 300 കിലോമീറ്ററുകൾ ആദ്ധ്യാത്മികതയുടെ തലത്തിലേക്ക് ഒരുവനെ ഉയർത്തുന്നു. പാകപ്പെട്ട ശരീരവും മനസ്സും ഒരുവനെ അവന്റെ തന്നെ സത്തയിലേക്കും പരമമായ സത്തയിലേക്കും നയിക്കുന്നു. ശരീരസൗന്ദര്യത്തിനും വിരസതയകറ്റാൻ വേണ്ടിയും നടത്തമാരംഭിച്ചവർ പോലും ഈ ദിവസങ്ങളിലേക്ക് എത്തുമ്പോൾ യാത്രയെയും ജീവിതത്തെയും ഗൗരവമായി കാണാൻ തുടങ്ങുന്നുവെന്നതിന് അനുഭവങ്ങൾ സാക്ഷിയാണ്.

ശരിക്കും ജീവിതവും ഏതാണ്ട് ഇതുപോലെ തന്നെയല്ലേ. യൗവ്വനകാലങ്ങളിൽ ശരീരത്തിന്റെ കാമനകളെ കീഴ്പ്പെടുത്തുന്നതാണ് ശ്രമകരം. മധ്യവയസ്സിലേക്ക് കടന്നാലോ കുടുംബത്തിലും സമൂഹത്തിലും നേടിയെടുക്കുവാൻ ആഗ്രഹിക്കുന്ന അധികാരതൃഷ്ണകളെ ശമിപ്പിക്കാനുള്ള നെട്ടോട്ടവും. അവസാനകാലങ്ങളിലാണ് പലപ്പോഴും ദൈവവുമായുള്ള മൽപ്പിടുത്തം ആരംഭിക്കുക.

പുറമേയുള്ള കാഴ്ചകൾ ആവർത്തനവിരസത പ്രദാനം ചെയ്തു തുടങ്ങിയപ്പോൾ പതിയെ ഞാനും എന്നിലേക്ക് തിരിഞ്ഞു. നീണ്ട 40 സംവത്സരക്കാലത്തെ ജീവിതം. അതിൽത്തന്നെ നീണ്ട 15 പുരോഹിത വർഷങ്ങൾ. പിന്തിരിഞ്ഞു നോക്കുമ്പോൾ മേനി പറയാൻ ഒന്നുമില്ല. തീർത്തും സാധാരണമായ ജീവിതം. വീമ്പു പറയാൻ പണിതുകൂട്ടിയ പള്ളികളും സ്ഥാപനങ്ങളുമില്ല. നടത്തി വിജയിപ്പിച്ച ‘മെഗാ ഇവൻറു’കളില്ല, പേരിന്റെ മുന്നിലോ പിന്നിലോ ഡിഗ്രികളുടെ പെരുക്കങ്ങളില്ല, എഴുതിക്കൂട്ടിയ പുസ്തകങ്ങളില്ല, എന്തിനേറെ സോഷ്യൽ മീഡിയയിൽ ‘വൈറലായ’ ഒരു പ്രഭാഷണമോ ഒരു പോസ്റ്റ് പോലുമോ ഇല്ല. വാഴ്ത്തിപ്പാടാൻ ഒന്നുമില്ലാത്ത ജീവിതം. ‘വലിയ കാര്യങ്ങൾ ചെയ്യുന്നതിലല്ലല്ലോ ചെറിയ കാര്യങ്ങൾ വിശ്വസ്തതയോടെ ചെയ്യുന്നതിലല്ലേ വിശുദ്ധി’ എന്നല്ലേ പറയുക.

അല്ലെങ്കിലും ‘ഞാൻ’ ചെയ്ത കാര്യങ്ങളുടെ കണക്കെടുക്കാനല്ലേ എന്നെക്കൊണ്ട് കഴിയൂ. ‘എന്നിലൂടെ ദൈവം’ ചെയ്ത കാര്യങ്ങളുടെ കണക്കെടുക്കാൻ എനിക്കാവില്ലല്ലോ. കഴിഞ്ഞ പതിനഞ്ചു വർഷങ്ങൾക്കിടയിൽ ഞാനർപ്പിച്ച ദിവ്യബലികളികളിൽ നിന്ന് കൃപ നേടിയ എത്രായിരം പേരുണ്ടാവാം. ഞാൻ പ്രഘോഷിച്ച വചനത്തിൽ ഒന്നിന്റെ ശക്തിയാലെങ്കിലും ജീവിതത്തിൽ പരിവർത്തനം വരുത്തിയവർ എത്രപേരുണ്ടാവാം. ഞാൻ പരികർമ്മം ചെയ്ത പാപസങ്കീർത്തനത്തിൽ കർത്താവിന്റെ കരുണയുള്ള കരം കണ്ടെത്തിയവർ എത്രപേരുണ്ടാവാം. ഞാൻ ചൊരിഞ്ഞ ആശ്വാസവചനങ്ങളിൽ ദൈവസ്വരം ശ്രവിച്ച എത്രയോ പേരുണ്ടാവാം. അതിന്റെയെല്ലാം കണക്ക് ‘അവന്’ മാത്രമല്ലേ അറിയൂ. എനിക്കോ മറ്റാർക്കുമോ അറിയില്ലല്ലോ. അതു തന്നെയാണ് ഒരു പുരോഹിതനായിരിക്കുന്നതിന്റെ ഏറ്റവും വലിയ നേട്ടവും. ഞാൻ അഭിമാനിക്കുന്നെങ്കിൽ അത് കർത്താവിലാണെന്ന പൗലോസ് അപ്പസ്തോലന്റെ വാക്കുകളുടെ പൊരുൾ ഒരുപക്ഷെ ഇപ്പോഴാണ് തിരിച്ചറിഞ്ഞു തുടങ്ങുന്നത്.

ഈ തിരിഞ്ഞുനോട്ടത്തിൽ ഒന്ന് മാത്രമേ ‘എനിക്ക്’ നോക്കാനുള്ളു. ‘അവൻറെ’ കൃപയുടെ നല്ലൊരു ചാലകമായിത്തീരുവാൻ എനിക്കു കഴിഞ്ഞിട്ടുണ്ടോ എന്നതു മാത്രം. ചിന്തകൾ ചിതറിത്തെറിച്ച് പറക്കുമ്പോഴും കാലുകൾ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. യാത്ര, മെയിൻ റോഡിലേയ്ക്കിറങ്ങി. റോഡരികിൽ തന്നെയാണ് ആൻറ്റോണൈറ്റ് (Antonite) സഭയുടെ പഴയ ആശ്രമത്തിന്റെ അവശിഷ്ടങ്ങൾ ഉള്ളത്. ഈ വഴിയിലെ പ്രധാന സത്രവും തീർത്ഥാടകരെ ചികിത്സിക്കുന്ന ആശുപത്രിയും കൂടിയായിരുന്നു ഈ ആശ്രമം.

ഈ ദിവസങ്ങളിൽ മഴയുള്ളതിനാൽ രാത്രികാലങ്ങളിൽ നല്ല തണുപ്പാണ്. ഇത്രയും തണുപ്പ് പ്രതീക്ഷിച്ചിട്ടില്ലാത്തതിനാൽ കട്ടിയുള്ള രാത്രിവസ്ത്രങ്ങൾ ഒന്നും കരുതിയിട്ടില്ല. തീർത്ഥാടകർ മിക്കവരും തന്നെ കയ്യിൽ ഒരു സ്ലീപിംഗ് ബാഗ് കരുതിയിരിക്കും. ഞാന്‍ അതും കരുതിയിട്ടില്ല. ചുരുക്കം ചില സത്രങ്ങളിലൊഴിച്ച് ബാക്കിയെങ്ങും മുറി ചൂടാക്കുന്ന സംവിധാനവും ഇല്ല. എല്ലാ സത്രങ്ങളിലും കമ്പിളിപ്പുതപ്പും ലഭിക്കണമെന്നില്ല. രാത്രിയിലെ തണുപ്പ് മറികടക്കാൻ കട്ടിയുള്ള വസ്ത്രങ്ങളുണ്ടോ എന്ന് തപ്പി അടുത്ത പട്ടണമായ കാസ്ട്രോഖെറിസിൽ (Castrojeriz) പരതിനോക്കി. നിരാശയായിരുന്നു ഫലം.

ഒരു പുരാതന നഗരമാണിത്. മലയുടെ മുകളിൽ പഴയ ഒരു കോട്ടയുടെ അവശിഷ്ടങ്ങൾ കാണാം. സ്പെയിനിലെ ഗ്രാമങ്ങളും ചെറുപട്ടണങ്ങളും ഇപ്പോൾ വിജനമായിക്കൊണ്ടിരിക്കുകയാണ്. യുവജനങ്ങൾ ജോലിതേടി വൻനഗരങ്ങളിലേയ്ക്ക് കുടിയേറുന്നത് തന്നെയാണ് ഇതിനു കാരണം. ഒരു കാപ്പിയും കുടിച്ച് അവിടെനിന്നും മുന്നോട്ടുനടന്നു. ഇനിയുള്ളത് ഈ വഴിയിൽ ആകപ്പാടെയുള്ള ചെറിയ കുത്തനെയുള്ള ഒരു കയറ്റമാണ് ആൾട്ടോ ദേൽ മൊസ്റ്റലാറെസ് (alto de mostelares) വരെ. പിന്നീട് ഇതേ കയറ്റം അതുപോലെ തന്നെ ഇറങ്ങണം.

സാൻ നിക്കോളാസിൽ (San Nicolas) എത്തിയപ്പോൾ പിസുയെർഗ (Pisuerga) നദിയുടെ മുകളിലെ പാലം കടന്ന്, പലൻസിയ (Palencia) പ്രൊവിൻസിലേയ്ക്ക് പ്രവേശിച്ചു. പ്രാർത്ഥനയും ധ്യാനവുമൊക്കെയായി മുന്നോട്ടുള്ള നടത്തം ഏകദേശം അഞ്ചു മണിയോടെ ബോദിയ ദേൽ കമിനോയിൽ (Boadilla del Camino) അവസാനിപ്പിച്ചു. പതിനാറാം നൂറ്റാണ്ടിൽ സ്ഥാപിതമായ സ്വർഗ്ഗാരോപിതയായ മാതാവിന്റെ പള്ളിയുടെ (Iglesia de nuestra señora de la ascensión) അടുത്തുള്ള സത്രത്തിലാണ് ഇന്ന് തങ്ങിയത്. പള്ളിക്ക് മുൻവശത്തു തന്നെ മനോഹരമായി പണികഴിപ്പിച്ച ഒരു തൂണുണ്ട്. പക്ഷെ, അത് ഒരുകാത്ത് കുറ്റവാളികളെ പരസ്യമായി ശിക്ഷിക്കുവാൻ ഉള്ളതായിരുന്നു എന്നുമാത്രം.

29 കിലോമീറ്റർ നടക്കാൻ ഇന്നും കഴിഞ്ഞു. പുരോഗതിയുണ്ട്. ഇങ്ങനെ പോയാൽ എന്റെ സ്വപ്നം അകലെയല്ല, എന്നിരുന്നാലും യാത്ര പതിയെ വിരസമായി തുടങ്ങിയിട്ടുണ്ട്. യാത്ര വേണ്ടിയിരുന്നോ എന്നുതന്നെ തോന്നിത്തുടങ്ങിയിട്ടുണ്ട്. മറികടക്കണം – വിരസതയെയും, എന്റെ ലക്ഷ്യത്തെയും.

ഒടുവിലീ യാത്ര തന്നൊടുവിലെൻ നിഴലിന്റെ
മടിയിൽ ഞാനൊരു നാൾ തളർന്നുവീഴും
ഒരുപിടിയോർമ്മകൾ നുകർന്നു ഞാൻ പാടും
ഒരു ഗണമീ ഹംസഗാനം!
നന്ദി! എന്റെ ജീവിതമേ നന്ദി!
നീ തന്നതിനെല്ലാം നന്ദി … (ഒ. എൻ. വി, യുദ്ധകാണ്ഡം)

ഫാ. തോമസ് കറുകയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ