ബോൺ കമിനോ: ഒരു തീർത്ഥാടകന്റെ ഓർമ്മക്കുറിപ്പുകൾ- 5

ഫാ. തോമസ് കറുകയില്‍

ജന്മദിന സമ്മാനങ്ങളൊക്കെ ഹാലിയുടെ ധൂമകേതു പോലെ അപൂർവ്വമായിരുന്ന ബാല്യത്തിൽ ഒരു പിറന്നാളിനെനിക്കൊരു സമ്മാനം കിട്ടി. ഞങ്ങളുടെ കുടുംബത്തിൽ നിന്നും ആദ്യം ഗൾഫിൽ പോയി ലീവിനു വന്ന ലെനിച്ചേട്ടൻ എനിക്കൊരു വിശിഷ്ടമായ പേന സമ്മാനമായി തന്നു. റീഫിൽ തീരുമ്പോൾ അമ്പതു പൈസയുടെ റീഫിൽ വാങ്ങി വർഷം മുഴുവൻ ഒറ്റ ഫ്രെയിം റെയ്‌നോൾഡ്‌സിന്റെ പേന ഉപയോഗിച്ചിരുന്ന എനിക്കു സ്വർണ്ണനിറമുള്ള കനമുള്ള ചട്ടയുള്ള, മൂട്ടിൽ സമയം കാണിക്കുന്ന പേന ഒരു വിശിഷ്ട വസ്തു തന്നെ ആയിരുന്നു. വാച്ചോ ക്ളോക്കോ സ്വന്തമായി ഇല്ലാത്ത വീട്ടിലേയ്‌ക്കെത്തിയ ആദ്യ സമയസൂചികയും അതായിരുന്നു . ദിവസത്തിൽ ഒന്നോ രണ്ടോ വരികൾ അത് കൊണ്ടെഴുതും അതും മഷിയുണങ്ങി ആ പേന കേടുവരാതിരിക്കാൻ പ്രാർത്ഥിച്ചു കൊണ്ടുമാത്രം. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ആ പേന എന്റെ ശരീരത്തിലെ ഒരു അവയവം പോലെ എനിക്കേറ്റവും പ്രിയപ്പെട്ടതായി. അതിനുള്ളിലിരുന്നു മിടിക്കുന്ന സമയസൂചികയുടെ ശബ്ദം എന്റെ ഹൃദയതാളം പോലെ മധുരതരമായി.

അന്നൊരു ഓണപ്പരീക്ഷയായിരുന്നു. പരീക്ഷകൾക്കൊന്നും എന്റെ വിലപിടിപ്പുള്ള പേന കൊണ്ടു ഞാൻ എഴുതാറില്ല. എങ്കിലും ഒരു ബലം പോലെ അതെന്റെ പോക്കറ്റിന്റെ കോണിൽ എപ്പോഴും ഉണ്ടായിരുന്നു. അക്കാലത്തൊക്കെ ഓണമായാൽ മാവേലിക്കും മുൻപു ഞങ്ങളുടെ നാട്ടിൽ ഒരാളെത്തും യമഹായുടെ ബൈക്കു നിറഞ്ഞിരുന്നു അഭ്യാസം കാണിക്കുന്ന ഘടാഘടിയനായ ഒരു മോട്ടോർ ബൈക്ക് അഭ്യാസി. നാട്ടുകാർ അയാളെ പാലാ തങ്കച്ചൻ എന്നാണ് വിളിച്ചിരുന്നത്. താരതമ്യേന ആൾത്തിരക്ക് കുറഞ്ഞ റോഡുകളിലൂടെ ഓടുന്ന ബൈക്കിൽ നിന്നും കിടന്നും അഭ്യാസം കാണിക്കുകയാണ് അദ്ദേഹത്തിന്റെ ജോലി. നാട്ടുകാർ റോഡിലേക്കെറിയുന്ന നോട്ടുകൾ അസാമാന്യ മെയ് വഴക്കത്തോടെ പോക്കറ്റിലാക്കി പോകുന്ന വിദ്യ ഞങ്ങൾ കുട്ടികൾക്കു കൗതുകവും ആവേശവും ഉളവാക്കുന്നതായിരുന്നു.

പാലാ തങ്കച്ചന്റെ അഭ്യാസം മുറുകുന്നു. കണ്ടുനിൽക്കുന്നവർ ആവേശത്തോടെ പോക്കറ്റിലുള്ള നോട്ടുകൾ റോഡിലേയ്ക്ക് വിതറുന്നു. ആവേശഭരിതനായ ഞാനും എന്റെ പോക്കറ്റിൽ ഇരുന്ന ഒരു രൂപയുടെ നോട്ടെടുത്തു റോഡിലേക്കെറിഞ്ഞു അബദ്ധവശാൽ നോട്ടിനോടൊപ്പം എന്റെ വിലകൂടിയ പേനയും റോഡിലേയ്ക്ക് തെറിച്ചുവീണു. തങ്കച്ചൻ അസാമാന്യ മെയ് വഴക്കത്തോടെ നോട്ടെടുത്തതും ബൈക്കിന്റെ പിന്‍ചക്രങ്ങൾക്കിടയിലൂടെ എന്റെ ഹൃദയത്തുടിപ്പായ പേന പൊടിഞ്ഞമർന്നു. ഒരു നിമിഷം പ്രാണൻ പോണ വേദനയിൽ ഞാൻ അവിടെ നിന്നു തേങ്ങി. അത്രമേൽ വലിയൊരു നഷ്ടമിനി വരാനില്ലെന്ന വേദനയിൽ ഉള്ളുരുകി കരഞ്ഞു. ഒരുപക്ഷേ ജീവിതത്തിൽ ആദ്യമായി നഷ്ടപ്പെട്ടതിനെകുറിച്ച് ആത്മാർത്ഥമായി സങ്കടപ്പെട്ട നിമിഷം.

നഷ്ടപ്പെടലുകളും വേർപിരിയലുകളും ഇനിയും ഒരുപാട് ജീവിതത്തിൽ വരാനിരിക്കുന്നു എന്ന് ആ കുഞ്ഞുമനസ്സുണ്ടോ അന്ന് അറിയുന്നു. ജീവിതത്തിലെ വലിയ നഷ്ടങ്ങളുടെ പട്ടികയിലേയ്ക്കു ആ നഷ്ടവും കുടിയേറിയിരിക്കുന്നു എന്നു കാലമാണ് എന്നോടു പറയുന്നത്. കാരണം, ആ സമ്മാനമോർക്കാത്ത ഒരു ജന്മദിനവും പിന്നീടുണ്ടായിട്ടില്ല. യാക്കോബിന്റെ വഴിയിലും എന്നെ കാത്തിരിക്കുന്നത് ഓരോ ദിനവും ഓരോ വേർപിരിയലുകൾ ആണ്. സ്വസ്ഥമായ ഉറക്കവും സൗഹൃദങ്ങളും നൽകിയ സത്രവും ചുറ്റുപാടുകളും വേർപിരിഞ്ഞ് തീർച്ചയില്ലാത്ത ഭാവിയിലേക്ക് ഓരോ ദിനവും ഉള്ള ഒരു യാത്ര. യാക്കോബിന്റെ വഴിയിൽ നിന്നും ഓർമ്മകളിലേക്ക് നിങ്ങളെ വഴിമാറ്റി നടത്തിയതിനു ക്ഷമ ചോദിച്ചുകൊണ്ട് തുടരട്ടെ …

തലങ്ങും വിലങ്ങും കിടക്കുന്ന 8 കിടക്കകൾ. ആ ചെറിയ മുറിയിൽ 16 പേർ ഉറങ്ങിയിട്ടും കൂർക്കം വലികൾ പലഭാഗത്തു നിന്നും ഉണ്ടായിരുന്നിട്ടും ഉറക്കം ഏറെ സുഖകരമായിരുന്നു. രണ്ടു ദിവസമായുള്ള യാത്രയുടെ ക്ഷീണം തന്നെ കാരണം. അതിരാവിലെ എഴുന്നേറ്റു എത്രയും പെട്ടെന്നു തന്നെ വീണ്ടും നടന്നു തുടങ്ങണം. ഓരോ ദിവസത്തെയും യാത്ര തുടങ്ങും മുമ്പ് ആവശ്യം ശ്രദ്ധിക്കേണ്ട ഒരു കാര്യം സഞ്ചിയിൽ നമ്മുടേതായി ഉള്ളതെല്ലാം എടുത്തുവച്ചിട്ടുണ്ടോയെന്നു ഉറപ്പുവരുത്തുകയാണ്. ഓരോ ദിവസവും അന്തിയുറക്കം പുതിയൊരു സ്ഥലത്തായതിനാൽ എന്തെങ്കിലും മറന്നുപോയിട്ടുണ്ടെങ്കിൽ തിരികെ വന്നെടുക്കുക എന്നുള്ളത് ശ്രമകരമായ കാര്യമാണ്.

തീര്‍ത്ഥാടകർക്കായി സത്രത്തിൽ കാപ്പി കരുതിയിരുന്നു. കട്ടൻകാപ്പിയും നീളത്തിലുള്ള ബാഗെറ്റ് (Baguette) എന്ന ബ്രഡ് ചെറുകഷണങ്ങളായി മുറിച്ചതുമാണ് കാപ്പിക്ക്. കടുകട്ടി ആയിട്ടുള്ള ബ്രെഡ് കഷ്ണങ്ങൾ കടിച്ചു പല്ലു വേദനിക്കാൻ തുടങ്ങി. തണുപ്പും യാത്രയും വേദനകളുടെ ആലസ്യവും കൂടിയായപ്പോൾ യാത്രയുടെ ഭാവിയെക്കുറിച്ചു ഞാൻ തെല്ലു ഉത്കണ്ഠാകുലനായി. ആഗ്രഹം. തീവ്രമായ ആഗ്രഹം –  അതൊന്നു മാത്രമാണ് ഇപ്പോഴുമെന്റെ കൈമുതൽ. ലക്ഷ്യം കണ്ടിട്ടല്ലാതെ ഞാനീ യാത്ര അവസാനിപ്പിക്കാൻ പോകുന്നില്ലെന്നു മനസ്സിൽ ഉറപ്പിച്ചു കൊണ്ടെഴുന്നേറ്റു.

യാക്കോബിൻറെ വഴിയിലെ ഒന്നാംഘട്ടത്തിൽ 2 റൂട്ടുകൾ ആണുള്ളത്. നെപ്പോളിയൻ റൂട്ടും വാൾ കാർലോസ് റൂട്ടും. പിറണിയൻ മലനിരകളിലൂടെ കടന്നുപോകുന്ന തീര്‍ത്ഥാടകർക്ക് മനംകുളിർപ്പിക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന എന്നാൽ കയറ്റിറക്കങ്ങൾ കൊണ്ടു കാഠിന്യമേറിയതും ആയ നെപ്പോളിയൻ റൂട്ട് നവംബർ ആദ്യം മുതൽ മാർച്ച് അവസാനം വരെ പ്രതികൂല കാലാവസ്ഥ കൊണ്ടു യാത്ര യോഗ്യമല്ലാത്തതിനാൽ തീർഥാടകർക്കായി തുറന്നുകൊടുക്കാറില്ല. നെപ്പോളിയൻ റൂട്ടിൽ ഏകദേശം എട്ടു കിലോമീറ്ററിനപ്പുറം ഉള്ള ഒറിസോൺ എന്നു പറയുന്ന സ്ഥലത്ത് മാത്രമാണ് ഒരു ഇടത്താവളമായി സത്രം ഉള്ളത്. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് അല്ലാതെ മറ്റാർക്കും പ്രവേശനം ലഭിക്കാത്ത ഈ സത്രത്തിൽ തങ്ങാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ലാത്തതിനാൽ ഇരുപത്തഞ്ചു കിലോമീറ്റർ നിർബന്ധമായും ഇന്നു നടന്നു തീർത്തേ മതിയാകൂ. ലക്ഷ്യബോധം തളർച്ചയേയും വേദനകളെയും അകറ്റി നിർത്തുന്നു എന്ന സിദ്ധാന്തത്തെ ഈ യാത്രയിലുടനീളം പ്രയോഗിക്കാനാണ് എൻറെ തീരുമാനം.

സത്രത്തിൽ നിന്നും ഞാൻ പുറത്തേക്കിറങ്ങി. പ്രഭാതസൂര്യൻ എവിടെയോ വിമ്മിഷ്ട്ടപെട്ടു ഒളിച്ചിരിക്കുകയാണെന്നു എനിക്കു തോന്നി. കാരണം സമയം 7 കഴിഞ്ഞെങ്കിലും പകൽ തെളിഞ്ഞിട്ടേയില്ല. തണുത്ത കാറ്റും ചെറിയ ചാറ്റൽ മഴയും. പള്ളിയിൽ നിന്നും യാത്ര തുടങ്ങാം എന്നു ഞാൻ തീരുമാനിച്ചു. പള്ളി സത്രത്തിൽ നിന്നും 150 മീറ്റർ പിന്നിലാണ്. യാത്ര തുടങ്ങാനുള്ള ചില തീര്‍ത്ഥാടകർ അപ്പോഴും പള്ളിയിലുണ്ടായിരുന്നു. പ്രാർത്ഥിക്കുവാനായി കൈകൾ കൂപ്പി. ഒരു വലിയ ദൗത്യമാണ് ആരംഭിക്കുന്നത്. 800 കിലോമീറ്ററുകൾ നീളുന്ന ഒരു കാൽനടയാത്ര. എന്തൊക്കെയാണ് വഴികളിൽ എന്നെ കാത്തിരിക്കുന്നത് എന്നെനിക്കറിയില്ല. ഈ ദൗത്യം പൂർത്തിയാക്കുവാൻ ആവുമോ എന്നുമറിയില്ല. മരുന്നായും പണമായും അത്യാവശ്യ മുൻകരുതലുകൾ എടുത്തിട്ടുണ്ടെങ്കിലും ചെറിയൊരു ഭയം ഉള്ളിലൂടെ കടന്നുപോയി. ദൈവം കൂടെയുണ്ടെന്നുള്ള തോന്നലോടെ ഉറപ്പോടെ ദേവാലയത്തിൽ നിന്നും പുറത്തേക്കിറങ്ങി. നഗരകവാടം പിന്നിട്ടു നടന്നുനീങ്ങുന്ന തീർത്ഥാടകർക്കൊപ്പം ആവേശത്തോടെ മുന്നോട്ടുനീങ്ങി. തീര്‍ത്ഥാടകർ പരസ്പരം ബോൺ കമിനോ അഥവാ ശുഭയാത്രാ ആശംസിച്ചു.

എല്ലാവരോടും ഒപ്പം മുന്നോട്ടുപോയി കഴിഞ്ഞാണ് ഞാൻ ആ സത്യം തിരിച്ചറിഞ്ഞത്. ഞാൻ ആഗ്രഹിച്ച നെപ്പോളിയൻ റൂട്ടിലൂടെ അല്ല ഇപ്പോൾ ഞാൻ മുന്നോട്ടു നടക്കുന്നത്. തലേദിവസം പെയ്ത മഴയിൽ വഴികൾ തെന്നി കിടക്കുന്നതിനാൽ ആ റൂട്ട് ഒഴിവാക്കുവാൻ നിർദ്ദേശം ലഭിച്ചതുകൊണ്ട് ചുരുക്കം ചില അതിസാഹസികർ ഒഴിച്ചു മിക്കവാറും പേർ വാൾ കാർലോസ് റൂട്ടിലൂടെ നടന്നതിനാൽ ഞാനും അറിയാതെ അവരോടൊപ്പം ചേരുകയായിരുന്നു. മുന്നൊരുക്കങ്ങളുടെ ഭാഗമായി ദിവസവും രണ്ടുമൂന്നു മണിക്കൂർ നടന്നിരുന്നത് കൊണ്ട് ആദ്യ രണ്ടു മണിക്കൂർ നടത്തം വളരെ ആയാസകരം ആയിരുന്നു. ഏകദേശം പത്തു മണിയോടെ ഫ്രാൻസിൻറെ അതിർത്തി കടന്ന് സ്പെയിനിൽ എത്തി. അതിർത്തി ഗ്രാമത്തിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്നും കുറച്ചധികം ഓറഞ്ചുകൾ വാങ്ങി. യാത്രയിലുടനീളം ഉച്ചഭക്ഷണം ഒഴിവാക്കി പഴവർഗ്ഗങ്ങൾ കഴിച്ചു മുന്നോട്ടുപോകാനാണ് എന്റെ തീരുമാനം. യാത്ര മെയിൻ റോഡിൽനിന്നും ഉൾവഴികളിലേക്ക് ഇറങ്ങി കാടുകൾക്കിടയിലൂടെ ഉള്ള ഒറ്റയടിപ്പാതകളിലൂടെ മുന്നോട്ടു പോകുമ്പോഴും ഒറ്റയും പെട്ടയുമായി തീർത്ഥാടകർ എന്നെ കടന്നു പോകുന്നുണ്ടായിരുന്നു. കടന്നുപോകുന്നവരിൽ എല്ലാവരും തന്നെ പരസ്പരം ബോൺ കമിനോ (Buen Camino) ചെയ്ത് അഭിവാദനം ചെയ്താണ് മുന്നോട്ടുപോവുക. തീർഥാടകർ കണ്ടുമുട്ടുമ്പോൾ പരസ്പരം ശുഭയാത്ര ആശംസിക്കുക ഈ നടവഴിയിലെ പതിവു കേൾവികളാണ്.

തീർത്ഥാടകരിൽ അധികവും യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും ഉള്ളവരാണ്. ഏഷ്യക്കാരായ അധികമാരെയും കാണാൻ സാധിക്കില്ല എന്നായിരുന്നു എൻറെ വിശ്വാസം. പക്ഷേ ദക്ഷിണ കൊറിയയിൽ നിന്നുള്ള തീർത്ഥാടകരുടെ ബാഹുല്യം എന്നെ ഒട്ടൊന്ന് അമ്പരപ്പിച്ചു. എൻറെ കൈകളിലൂടെ ഉരുളുന്ന ജപമാല മണികളും മറ്റു തീർത്ഥാടകരിൽ നിന്ന് വ്യത്യസ്തമായ ഇരുണ്ട ചർമ്മവും പലരെയും എന്നെ കടന്നുപോകുമ്പോൾ ഒന്നു നിൽക്കുവാനും ഒരൽപം സംസാരിക്കുവാനും പ്രേരിപ്പിച്ചിരുന്നു.

നടത്തം എകദേശം ഉച്ചയോടടുത്തു. മുട്ടുകൾ വേദനിക്കാൻ തുടങ്ങി. ഇനിയും ഏകദേശം 32 ദിവസങ്ങൾ ഇതേപോലെ നടക്കുവാൻ മുന്നിലുണ്ടെന്ന ചിന്ത ഒരല്പം മനശ്ചാഞ്ചല്യം ഉണ്ടാക്കി. അപ്പോഴാണ് എനിക്ക് മുൻപേ നടന്നുനീങ്ങുന്ന മനുഷ്യനെ ഞാൻ ശ്രദ്ധിക്കുന്നത്. വഴിയരികിൽ വിശ്രമിക്കുന്ന സമയത്ത് അദ്ദേഹവുമായി സംസാരിക്കാൻ സമയം ലഭിച്ചു. മെക്സിക്കോയിൽ നിന്നുള്ള ജുവാൻ ആയിരുന്നു അത്. ഏകദേശം 65 നോടടുത്ത് ആണ് അദ്ദേഹത്തിന് പ്രായം. പക്ഷേ കാഴ്ചയിൽ ഒരു 75 പറയും. മെക്സിക്കോയിൽ നിന്നും അഞ്ചു പേരടങ്ങുന്ന ഒരു സംഘവുമായി എത്തിയതാണ് അദ്ദേഹം. ബാക്കിയുള്ളവർ പകുതിയായപ്പോൾ മടുത്ത് ടാക്സി വിളിച്ചു പോയത്രേ. ഇന്നത്തെ ദൂരം മുഴുവൻ നടന്നുതീർക്കുവാനാണ് ജുവാൻറെ തീരുമാനം. ജുവാനോടൊപ്പം ഞാനും കുറെ നേരം മുന്നോട്ടു നടന്നു.

ഒരുപാട് കയറ്റിറക്കങ്ങളുള്ള വഴികൾ താണ്ടിയപ്പോൾ എൻറെ മുട്ടുകളിലെ വേദന അസഹ്യമായി തുടങ്ങി. ജുവാനും തളർന്നു. ജുവാൻ പരാജയം സമ്മതിച്ചു വഴിയിൽ ഇരുന്നു. കൂട്ടുകാരെ വിളിച്ച് ടാക്സിയുമായി വന്നു തന്നെ കയറ്റിക്കൊണ്ടു പോകുവാൻ അറിയിച്ചിട്ട് എന്നോട് യാത്ര പറഞ്ഞു. പരാജയം സമ്മതിക്കുവാൻ ഞാൻ ഒരുക്കമല്ലായിരുന്നു അതും ആദ്യദിവസം തന്നെ. മസിലുകളിലെ വേദന തീർത്തും അസഹ്യമാകുമ്പോൾ കുറെ നേരം ഇരിക്കും. കുറെ വെള്ളം കുടിക്കും. പിന്നെയും മുന്നോട്ടു നടക്കും. ആകാശത്തു ഉയർന്നുനിൽക്കുന്ന റോൺസെൽവല്ലസിലെ അഗസ്തീനിയൻ ആശ്രമത്തിൻറെ ഗോപുരങ്ങൾ ഇപ്പോൾ ഉടനെ തെളിഞ്ഞുകാണും എന്ന ചിന്തയിലാണ് മുന്നോട്ടുള്ള നടത്തം. നടന്നു തളർന്നിട്ടും ഗോപുരങ്ങൾ കാണാത്തത് മൂടൽമഞ്ഞ് കൊണ്ടാണെന്ന് ആശ്വസിച്ചു. പക്ഷേ വഴിയരികിലെ ചൂണ്ടുപലകകളിൽ കാണിച്ചിരിക്കുന്ന ആശ്രമത്തിലേയ്ക്ക് ഉള്ള ദൂരം ഇനിയുമിനിയും കിലോമീറ്ററുകൾ നടക്കാൻ ഉണ്ടെന്നുള്ളത് മനസ്സിനെ മടുപ്പിച്ചു കൊണ്ടിരുന്നു. യൂറോപ്പ്യൻ വീരകഥകളിലെ നായകനും കാറൽമാൻ (Charlemagne) ചക്രവർത്തിയുടെ സേനാനായകനുമായ റോളണ്ടിൻറെ സ്മാരകം പിന്നിട്ട് നടത്തം മുന്നോട്ടുനീങ്ങി. മണി ഏകദേശം മൂന്നോട് അടുത്തുകഴിഞ്ഞിരിക്കുന്നു. ദൂരെ ഒരു പൊട്ടുപോലെ ആശ്രമഗോപുരം മുന്നിൽ തെളിഞ്ഞുവന്നു. വളരെ വിശാലമായ ഒരു ആശ്രമം. ഏകദേശം നാന്നൂറോളം പേർക്കു താമസിക്കുവാൻ സാധിക്കുന്ന ഒരു സത്രം.

സത്രത്തിലെ റിസപ്ഷനിൽ ഒരുപാടു തീര്‍ത്ഥാടകർ ഉണ്ടായിരുന്നു പതിവുചോദ്യം അവിടെയും ഉണ്ടായിരുന്നു ഏതു നാട്ടിൽ നിന്നാണെന്ന്. ഇന്ത്യ എന്നു പറഞ്ഞപ്പോൾ സത്രം സൂക്ഷിപ്പുകാരിൽ ഒരാളുടെ കണ്ണുകൾ വിടർന്നു. ഇന്ത്യക്കാരായ തീർത്ഥാടകർ അത്യപൂർവ്വം ആണത്രേ ഈ വഴിയിൽ. നാലഞ്ചു നിലകളിലായി വ്യാപിച്ചുകിടക്കുന്ന സത്രത്തിലെ 4 ബെഡ്ഡുകൾ ഉള്ള ഒരു ക്യുബിക്കിളിൽ ആണ് ഇന്ന് എൻറെ അന്തിയുറക്കം. വളരെ പ്രയാസം കൂടാതെ തന്നെ എനിക്കായി നിശ്ചയിച്ചിരുന്ന ബെഡ് കണ്ടെത്തി. ക്യുബിക്കിളിൽ ഉള്ള മറ്റു മൂന്ന് ബെഡ്ഡുകളിൽ അമേരിക്കയിൽ നിന്നും തീർത്ഥാടനത്തിനായി വന്ന അമ്പതിനടുത്തു പ്രായം വരുന്ന മൂന്നു സ്ത്രീകളായിരുന്നു. യുവാവേ, ഇത്ര ചെറു പ്രായത്തിലേ നിന്നെ ഭക്തിയുടെ അസ്കിത പിടികൂടിയോ എന്ന പരിഹാസം കലർന്ന ചോദ്യത്തോടെയാണ് അവരെന്നെ എതിരേറ്റത്. ജർമ്മനിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ പുരോഹിതനാണ് എന്നറിഞ്ഞതോടെ അവരുടെ കളിതമാശകൾ ബഹുമാനത്തിന് വഴിമാറി. പിന്നെ ഇന്ത്യയെക്കുയിലെ സഭയെക്കുറിച്ചും ആയി ചോദ്യങ്ങൾ മുഴുവൻ. അത്താഴവും കഴിച്ചു എട്ടു മണിക്കുള്ള തീർത്ഥാടകർക്കുള്ള വിശുദ്ധകുർബാനയിൽ പങ്കുചേർന്ന് തീർത്ഥാടകർക്കുള്ള ആശീർവാദവും വാങ്ങി വന്നുകയറിയ ഉടനേതന്നെ കിടന്നു. യാത്രക്ഷീണം കാരണം കട്ടിലു കാണേണ്ട താമസം ഞാൻ ഉറക്കത്തിന്റെ മൂന്നു യാമങ്ങളും കടന്നു യാത്രയായി.

എന്റെ മുന്നിൽ കടലുപോലെ നടന്നുതീർക്കേണ്ട വഴികളെപ്പറ്റിയുള്ള വ്യാകുലതകളുണ്ട്. യാക്കോബിന്റെ വാസസ്ഥാനം നടന്നു കീഴടക്കുന്ന ആ സുദിനം സ്വപ്നം കണ്ടു ഒരുപക്ഷേ എന്റെ ഉറക്കം മുറിഞ്ഞു പോയേക്കും. കാരണം, ഈ വഴികൾ എന്നിലെ സഞ്ചാരിയെ അത്രമേൽ മോഹിപ്പിക്കുകയാണ്…

ഫാ. തോമസ് കറുകയില്‍

(തുടരും…)