“നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍”: വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുന്നതിനു മുമ്പേ ബിഷപ്പിന്റെ അവസാനത്തെ വാക്കുകള്‍

ഇറ്റലി: പിനെരോളോയിലെ ബിഷപ്പായ ദെറിയോ ഒലിവേറോ, തന്നെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുന്നതിനു മുമ്പ് വികാരി ജനറാളായ ഡോണ്‍ ഗുസ്താവോ ബര്‍ത്തയായ്ക്ക് അവസാനമായി എഴുതിയ സന്ദേശത്തിലെ വാക്കുകളാണിത്.

ലക്ഷണം കണ്ടിട്ട് എന്നെ പത്തു ദിവസമെങ്കിലും വെന്റിലേറ്ററില്‍ ഇടും. നിങ്ങളെല്ലാവരും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം.” ആ ബിഷപ്പിന്റെ ആഗ്രഹപ്രകാരം പിനെരോളോ രൂപത മുഴുവന്‍ ഇപ്പോള്‍ ബിഷപ്പ് ദെറിയോ ഒലിവേറോയ്ക്കുവേണ്ടി കണ്ണീരോടെ പ്രാര്‍ത്ഥനയിലാണ്.

കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് അദ്ദേഹം പിനെരോളോയിലെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയിരുന്നു. അസുഖം കുറഞ്ഞതിനുശേഷം തിരികെയെത്തിയെങ്കിലും വീണ്ടും പെട്ടെന്ന് അസുഖം കൂടുകയായിരുന്നു. അങ്ങനെയാണ് അദ്ദേഹം രണ്ടാമതും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഈ രൂപതയിലും അതിന്റെ സമീപപ്രദേശങ്ങളിലുമായി അമ്പതില്‍പരം സമര്‍പ്പിതരാണ് കൊറോണ രോഗബാധയാല്‍ മരണമടഞ്ഞത്. ഇറ്റലിയില്‍ ക്രമോണയിലെ ബിഷപ്പായ അന്തോണിയോ നെപ്പോളിയോണിയും കൊറോണ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും അനേകരുടെ പ്രാര്‍ത്ഥനയുടെ ഫലമായി സുഖപ്പെട്ടു.

ബിഷപ്പ് ദെറിയോ ഒലിവേറോയുടെ സൗഖ്യത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം . തിരുസഭയിലെ ശുശ്രൂഷകരെ പരിപാലിക്കണമേ എന്ന് ആത്മാര്‍ത്ഥമായി  ആഗ്രഹിക്കാം. ഈ കൊറോണ വൈറസില്‍ നിന്നും ഇറ്റലി കരകയറുന്നതിനായി പ്രാര്‍ത്ഥിക്കാം. ലോകം മുഴുവന്‍ ഈ രോഗത്തില്‍ നിന്നും മുക്തി നേടുന്നതിനായി ദൈവത്തോട് യാചിക്കാം.