‘ആത്മീയ വിശുദ്ധിയിലേയ്ക്ക് എന്നെ നയിച്ച എന്റെ മാതാപിതാക്കള്‍’ ഒരു ബിഷപ്പിന്റെ സാക്ഷ്യം 

    ‘എനിക്ക് ലഭിച്ച വിശ്വാസത്തെക്കാള്‍ ഉപരിയായി  എന്നെ ഇന്നു കാണുന്ന നിലയിലേയ്ക്ക്, ആ വിശ്വാസത്തിലേയ്ക്ക് വളര്‍ത്തിയവരാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം’. പറയുന്നത് ഒരു ബിഷപ്പാണ്. ബിഷപ്പ് ഫ്രാങ്ക് കഗ്ഗീനോ. ബ്രിഡ്ജ്പോര്‍ട് ബിഷപ്പായ കഗ്ഗീനോ വത്തിക്കാനില്‍ നടക്കുന്ന യുവജനങ്ങള്‍ക്കായുള്ള മെത്രാന്‍ സിനഡിലാണ് തന്റെ മാതാപിതാക്കളെ കുറിച്ചു പരാമര്‍ശിച്ചത്.

    ‘മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രം ഉള്ള ഒരു സാധു മനുഷ്യനാണ് എന്റെ അച്ചന്‍. ഇംഗ്ലീഷ് ഭാഷയില്‍ വലിയ പ്രാവീണ്യം ഒന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. കപ്പല്‍ തുറയില്‍ ജോലി ചെയ്യുന്ന അച്ചന്‍ എപ്പോഴും എന്നെ ഓര്‍മിപ്പിക്കുന്ന രണ്ടു കാര്യങ്ങള്‍ ഉണ്ടായിരുന്നു. മറ്റുള്ളവരെ ബഹുമാനിക്കുക, ആത്മാര്‍ത്ഥത പുലര്‍ത്തുക. ഒരിക്കല്‍ പോലും അര്‍ഹിക്കാത്ത ഒരു വസ്തുവുമായി വീട്ടില്‍ വരുന്ന അച്ചനെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ഒരു യോദ്ധാവും ധൈര്യശാലിയും ആയിരുന്നു അദ്ദേഹം’. ബിഷപ്പ് വെളിപ്പെടുത്തി.

    അച്ചനെ കുറിച്ചു പറഞ്ഞപ്പോള്‍ അമ്മയോ എന്ന ചോദ്യം സിനഡില്‍ പങ്കെടുത്തവര്‍ ഉന്നയിച്ചു. അതിനു ബിഷപ്പ് ഒറ്റവാക്കില്‍ നല്‍കിയ ഉത്തരം ‘ അമ്മ ഒരു വിശുദ്ധയായിരുന്നു’ എന്നാണ്. ‘മനോഹാരിതയെ, സൗന്ദര്യത്തെ കുറിച്ചുള്ള എന്റെ എല്ലാ ഭാവനകളും ആരംഭിക്കുന്നത് അമ്മയില്‍ നിന്നാണ്. സൗന്ദര്യം എന്നാല്‍ വിശ്വാസത്തിന്റെ ഹൃദയത്തില്‍ ഉള്ള ഇടപെടല്‍ ആയിരുന്നു. അത് ഭക്തിയാണ്. ആ സൗന്ദര്യം, വിശ്വാസത്തിന്റെ സൗന്ദര്യത്തെ എന്നിലേയ്ക്ക് പകര്‍ന്നത് എന്റെ അമ്മയാണ്’ ബിഷപ്പ് പറഞ്ഞു.

    എന്നും താന്‍ അനുഭവിക്കുന്ന വിശുദ്ധിയുടെ സൗന്ദര്യം , പരിമളം, തന്റെ മാതാപിതാക്കളുടെ ജീവിത മാതൃകയിലൂടെ തനിക്കു ലഭിച്ചതാണെന്നു സാക്ഷ്യപ്പെടുത്തിയ ബിഷപ്പ് സുവിശേഷത്തിന്റെ മനോഹാരിതയില്‍ ജീവിക്കുവാന്‍ യുവജനങ്ങള്‍ക്കു കഴിയണം എന്നും കൂട്ടിച്ചേര്‍ത്തു .

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.