ജസ്റ്റീസ് കുര്യൻ ജോസഫിന് ബിഷപ്പ് പോത്തനാമുഴി അവാർഡ്

കോതമംഗലം രൂപതയുടെ പ്രഥമ മെത്രാനും തൊടുപുഴ ന്യൂമാൻ കോളജ് സ്ഥാപകനുമായ ബിഷപ് മാർ മാത്യു പോത്തനാമുഴിയുടെ സ്മരണയ്ക്കായി ആരംഭിച്ച ട്രസ്റ്റിന്‍റെ ഈ വർഷത്തെ പുരസ്കാരത്തിന് സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് അർഹനായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഇന്ന് രാവിലെ 11-ന് മൂവാറ്റുപുഴ നിർമ്മല കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ബിഷപ് പോത്തനാമുഴി അനുസ്മരണ സമ്മേളനത്തിൽ കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ പുരസ്കാരം സമർപ്പിക്കും.

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കു നൽകിയ സമഗ്ര സംഭാവനകൾക്കും പൊതുജീവിതത്തിൽ ക്രൈസ്തവമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ പുലർത്തിയ അവധാനതയ്ക്കുമുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്ന് ട്രസ്റ്റ് ചെയർമാൻ റവ. ഡോ. തോമസ് പോത്തനാമുഴി, ഭാരവാഹികളായ ഫാ. ജോസ് പൊതൂർ, ഫാ. ബിബിൻ പോത്തനാമുഴി, ഫാ. സെബാസ്റ്റ്യൻ പോത്തനാമുഴി, ഫാ. നിഖിൽ കോടമുള്ളിൽ എന്നിവർ അറിയിച്ചു.

1957 മുതൽ 1977 വരെ കോതമംഗലം രൂപതയുടെ മെത്രാനായിരുന്നു മാർ മാത്യു പോത്തനാമുഴി. 1903 ഡിസംബർ 12-ന് ജനിച്ച അദ്ദേഹം 1982 ഫെബ്രുവരി ആറിന് കാലം ചെയ്തു.