സീറോ മലബാർ പള്ളിക്കൂദാശാക്കാലം ഒന്നാം തിങ്കൾ നവംബർ 02 യോഹ. 16: 16-24 നിങ്ങളുടെ സന്തോഷം പൂർണ്ണമാകും

“ഇതുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അതുമൂലം നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാവുകയും ചെയ്യും.” യേശുവിന്റെ നാമത്തിൽ പ്രാർഥിക്കുക എന്നതിലേക്ക് ഈ വചനം നമ്മെ നയിക്കുന്നു. ദൈവത്തോട് പ്രാർഥനകൾ നടത്തുമ്പോൾ, യേശുവിന്റെ നാമത്തിൽ നടത്തുക. അപ്പോഴേ പ്രാർഥനകൾക്ക് ഫലമുണ്ടാവുകയും നമ്മുടെ സന്തോഷം പൂർണ്ണമാവുകയും ചെയ്യുകയുള്ളൂ.

യേശുവിന്റെ നാമത്തിൽ പ്രാർഥിക്കുക എന്നുപറഞ്ഞാൽ, യേശുവിന്റെ ഹിതത്തിനും രീതികൾക്കുമനുസൃതമായി പ്രാർഥിക്കുക എന്നാണർഥം. ഇതിൽ വിശ്വാസം ഒരു പ്രധാന ഘടകമാണ്. യേശുവിന്റെ നാമത്തിൽ പിതാവിനോട്  പ്രാർഥിക്കുന്ന ആർക്കും ജീവിതത്തിൽ എത്രമാത്രം കടുത്ത അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവന്നാലും ആന്തരികമായ സമാധാനവും സന്തോഷവും നഷ്ടപ്പെടില്ല. മറ്റാർക്കും എടുത്തുമാറ്റാനാകാത്ത സമാധാനം നമ്മുടെ ഹൃദയങ്ങളിൽ നിറയട്ടെ. “മക്കള്‍ക്ക് നല്ല വസ്തുക്കള്‍ കൊടുക്കണമെന്ന് ദുഷ്ടരായ നിങ്ങള്‍ അറിയുന്നുവെങ്കില്‍, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ്, തന്നോട് ചോദിക്കുന്നവര്‍ക്ക് എത്രയോ കൂടുതല്‍ നന്മകള്‍ നല്‍കും” (മത്തായി 7:11) എന്ന വചനം കൂടി ഇതിനോട്  ചേർത്തുവായിക്കുക.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.