
വംശീയത നിലനിന്നിരുന്ന കാലഘട്ടത്തിലെ അമേരിക്കയിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ള മനോഹരമായ ഒരു ചലച്ചിത്രമാണ് 2018 ൽ പുറത്തിറങ്ങിയ ‘ഗ്രീൻ ബുക്ക്.’ തികച്ചും വ്യത്യസ്തമായ പശ്ചാത്തലമുള്ള രണ്ട് വ്യക്തികൾ തമ്മിലുണ്ടാകുന്ന സൗഹൃദത്തിലൂടെ, മനുഷ്യത്വത്തെയും സാമൂഹിക വിവേചനങ്ങളെയും ഈ ചിത്രം വളരെ ആഴത്തിൽ പരിശോധിക്കുന്നു.
1962 ൽ, പ്രശസ്തനായ കറുത്ത വർഗക്കാരനായ പിയാനിസ്റ്റ് ഡോൺ ഷേർലി തന്റെ സംഗീതപര്യടനത്തിനായി അമേരിക്കയുടെ തെക്കൻഭാഗങ്ങളിലേക്ക് യാത്ര ചെയ്യാൻ തീരുമാനിക്കുന്നു. വംശീയവിവേചനം രൂക്ഷമായിരുന്ന ആ കാലത്ത്, കറുത്ത വർഗക്കാർക്ക് സുരക്ഷിതമായി താമസിക്കാനും യാത്ര ചെയ്യാനും സൗകര്യമൊരുക്കുന്ന ഹോട്ടലുകളെയും സ്ഥാപനങ്ങളെയും കുറിച്ച് വിവരങ്ങൾ നൽകുന്ന പുസ്തകമാണ് ‘ഗ്രീൻ ബുക്ക്.’ ഈ യാത്രയിൽ തനിക്ക് ഡ്രൈവറായും അംഗരക്ഷകനായും പ്രവർത്തിക്കാൻ ടോണി ലിപ്പ് എന്ന ഇറ്റാലിയൻ-അമേരിക്കക്കാരനെ ഡോൺ ഷേർലി നിയമിക്കുന്നു.
തുടക്കത്തിൽ, ടോണി ലിപ്പിന് കറുത്ത വർഗക്കാരോട് വലിയ താൽപര്യമുണ്ടായിരുന്നില്ല. മറുവശത്ത്, ഡോൺ ഷേർലി വളരെ സംസ്കാരസമ്പന്നനും അച്ചടക്കമുള്ളവനും ആയിരുന്നു. ഇരുവരും തമ്മിലുള്ള ആശയപരമായ ഭിന്നതകൾ തുടക്കത്തിൽ വലിയ സംഘർഷങ്ങൾക്ക് വഴിവയ്ക്കുന്നു. എന്നാൽ, യാത്ര മുന്നോട്ട് പോകുന്തോറും, വർണ്ണവിവേചനത്തിന്റെ ഭീകരമുഖം നേരിടുമ്പോൾ അവർ പരസ്പരം സഹായിക്കാൻ നിർബന്ധിതരാകുന്നു.
യാത്രയിലുടനീളം, ഡോൺ ഷേർലി നേരിടുന്ന അപമാനങ്ങളും അതിക്രമങ്ങളും ടോണിയെ അസ്വസ്ഥനാക്കുന്നു. ഒരു ഘട്ടത്തിൽ, വിവേചനം നേരിടുന്ന ഡോണിനെ പിന്തുണയ്ക്കാനും അദ്ദേഹത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാനും ടോണി മുൻകൈയെടുക്കുന്നു. ഈ സാഹചര്യം ടോണിയുടെ മനസ്സിലെ വംശീയചിന്തകളെ മാറ്റിമറിക്കുന്നു. അതേസമയം, ടോണിയുടെ ലളിതവും ഊഷ്മളവുമായ ജീവിതശൈലി ഡോൺ ഷേർലിയുടെ ഏകാന്തമായ ജീവിതത്തിലേക്ക് ഒരു പുതിയ വെളിച്ചം നൽകുന്നു.
ഈ സിനിമ കേവലം ഒരു ഡ്രൈവർ-ഉടമ ബന്ധത്തിന്റെ കഥയല്ല, മറിച്ച് മുൻവിധികൾ ഉപേക്ഷിച്ച് മനുഷ്യൻ മനുഷ്യനെ സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്. ചിത്രത്തിന്റെ അവസാനത്തിൽ, രണ്ടുപേരും പരസ്പരം ആഴത്തിൽ മനസ്സിലാക്കുകയും തങ്ങളുടെ വ്യത്യാസങ്ങളെ ആഘോഷിക്കുന്ന നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്യുന്നു. ‘ഗ്രീൻ ബുക്ക്’ എന്ന പുസ്തകത്തെ ആശ്രയിച്ച് യാത്ര തുടങ്ങിയ അവർ, ഒടുവിൽ സ്നേഹത്തിന്റെ പാതയിലൂടെയാണ് സഞ്ചരിച്ചത്.
ലോകത്ത് എത്ര വലിയ ഭിന്നതകളുണ്ടെങ്കിലും, വ്യക്തികൾ തമ്മിലുള്ള ആശയവിനിമയത്തിലൂടെയും പരസ്പരമുള്ള ബഹുമാനത്തിലൂടെയും വിവേചനങ്ങളെ അതിജീവിക്കാൻ സാധിക്കുമെന്ന് ഈ ചിത്രം നമ്മെ പഠിപ്പിക്കുന്നു. നിറവും പശ്ചാത്തലവുമൊക്കെ അപ്രസക്തവും മനുഷ്യത്വമാണ് ഏറ്റവും വലുതുമെന്ന സത്യം ടോണിയുടെയും ഡോണിന്റെയും യാത്രയിലൂടെ നമ്മൾ തിരിച്ചറിയുന്നു.
‘ഗ്രീൻ ബുക്ക്’ വെറുമൊരു വംശീയതയുടെ കഥയല്ല, മറിച്ച് വ്യക്തിത്വങ്ങളുടെ കൂടിച്ചേരല്‍ കൂടിയാണ്. ഡോൺ ഷേർലിയുടെ ജീവിതം സൂചിപ്പിക്കുന്നത്, വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടും തന്റെതായ ഒരു സംസ്കാരത്തില്‍ പെടാൻ കഴിയാത്ത ഒരാളുടെ ശൂന്യതയാണ്. കറുത്ത വർഗക്കാർക്കിടയിൽ ജീവിക്കാൻ അയാൾക്ക് അറിവും സംസ്കാരവും തടസ്സമാകുന്നു, അതേസമയം വെള്ളക്കാരുടെ ലോകത്ത് അയാൾക്ക് നിറത്തിന്റെ പേരിൽ സ്ഥാനവുമില്ല. ഈ ഒറ്റപ്പെടലാണ് ഡോണിനെ കൂടുതൽ കരുത്തനാക്കുന്നതും എന്നാൽ ഉള്ളാലെ വേദനിപ്പിക്കുന്നതും. ജീവിതത്തിൽ പലപ്പോഴും നമ്മളെ മനസ്സിലാക്കാൻ കഴിയാത്ത ഒരു സമൂഹത്തില്‍ അകപ്പെടുമ്പോൾ, നമ്മുടെ അസ്തിത്വത്തെ എങ്ങനെ നിലനിർത്താമെന്ന് ഈ കഥാപാത്രം നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ സ്വത്വത്തെ ആർക്കു വേണ്ടിയും അടിയറവ് വയ്ക്കാതെ, അഭിമാനത്തോടെ നിലകൊള്ളുക എന്നതാണ് യഥാർഥ വിജയം.
ടോണി ലിപ്പിന്റെയും ഡോൺ ഷേർലിയുടെയും സൗഹൃദം നമ്മെ ഓർമ്മിപ്പിക്കുന്നത് ‘മാറ്റം എന്നത് അനിവാര്യമാണ്’ എന്നാണ്. ടോണി ആദ്യം ചെറിയ ചിന്താഗതികൾ വച്ചുപുലർത്തിയ ആളായിരുന്നെങ്കിലും, ഡോണിന്റെ കൂടെയുള്ള യാത്രകളിൽ അയാളിലെ മനുഷ്യൻ വളരുകയായിരുന്നു. വെറുപ്പിനെ സ്നേഹം കൊണ്ട് തോൽപ്പിക്കാമെന്നതിന് ടോണിയുടെയും ഡോണിന്റെയും സൗഹൃദം ഏറ്റവും വലിയ തെളിവാണ്. ഇന്നത്തെ ലോകത്ത് പലപ്പോഴും നാം നമ്മുടേതായ ചെറിയ ലോകങ്ങളില്‍ ജീവിക്കാൻ ഇഷ്ടപ്പെടുന്നു. എന്നാൽ, അവയുടെ പരിധി വിട്ട് പുറത്തുവരികയും വ്യത്യസ്തരായ മനുഷ്യരെ കേൾക്കാനും മനസ്സിലാക്കാനും തയ്യാറാകുമ്പോൾ മാത്രമാണ് നാം യഥാർഥത്തിൽ വളരുന്നത്. സൗഹൃദം എന്നത് നമ്മളെപ്പോലെയുള്ളവരെ കണ്ടെത്തലല്ല, മറിച്ച് നമ്മളിൽ നിന്ന് തികച്ചും വ്യത്യസ്തരായ ഒരാളുടെ ലോകത്തെ സ്നേഹത്തോടെ സ്വീകരിക്കലാണ്. ഈ യാത്ര തുടരാൻ നമുക്കും കഴിയട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS




