സീറോ മലങ്കര മാർച്ച് 28 ലൂക്കാ 22: 14-30 പെസഹാ വ്യാഴം

യഹൂദന്മാരുടെ തിരുനാളുകളിൽ വളരെ പ്രധാനപ്പെട്ട ഒരു തിരുനാളാണ് പെസഹാ തിരുനാൾ. പെസഹാ എന്ന വാക്കിന്റെ അർഥം കടന്നുപോകൽ എന്നാണ്. ഈജിപ്തിന്റെ അടിമത്വത്തിലായിരുന്ന ഇസ്രായേൽ ജനത്തെ മോചിപ്പിക്കാന്‍ തിരുമനസായ ദൈവം അവരുടെ ജീവിതത്തിലൂടെ കടന്നുപോയ തിരുനാളാണ് പെസഹാ തിരുനാൾ. പഴയനിയമ പെസഹാ എന്ന പോലെ പുതിയനിയമത്തിൽ ഈശോ വിശുദ്ധ കുർബാന സ്ഥാപിച്ചുകൊണ്ട് ഓരോ ദിവസവും നമ്മുടെ ജീവിതത്തിലൂടെ കടന്നുപോകുന്നുണ്ട്. ആ വിശുദ്ധ കുർബാന അനുഭവത്തിൽ ആയിരിക്കുന്നവർക്കും അത് സ്വീകരിക്കുന്നവർക്കും മാത്രമേ കടന്നുപോകുന്ന ക്രിസ്തുവിനെ കണ്ടെത്തുവാൻ സാധിക്കുകയുള്ളൂ.

കർത്താവിന്റെ അവസാനത്തെ പെസഹായുടെ അനുസ്മരണവും ആഘോഷവുമാണ് ഇന്നത്തെ നമ്മുടെ ആരാധനയുടെ കേന്ദ്രമായ പരിശുദ്ധ കുർബാന. പഴയ പെസഹായിൽ ഇസ്രായേൽ ജനത്തിന്റെ ഈജിപ്തിലെ അടിമത്വത്തിൽ നിന്നുള്ള മോചനം അനുസ്മരിക്കുകയാണെങ്കിൽ പുതിയ പെസഹായിൽ ആകട്ടെ, മനുഷ്യവംശത്തിനു മുഴുവൻ മോചനവും സംഭവിക്കുകയാണ്. മിശിഹായുടെ പീഡാസഹനം, മരണം, ഉത്ഥാനം എന്നിവയിലൂടെ സാധിക്കാനിരിക്കുന്ന വിമോചനത്തെ പ്രതീകാത്മകമായി അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തിൽ അവതരിപ്പിക്കുകയാണ്. പഴയനിയമത്തിൽ ജനങ്ങളുടെ പാപത്തിനു പരിഹാരമായി മൃഗങ്ങളെ ബലിയർപ്പിക്കുക ആണെങ്കിൽ, പുതിയ നിയമത്തിൽ യേശു തന്നെത്തന്നെ ബലിയർപ്പിച്ചുകൊണ്ട് നമ്മുടെ പാപത്തിന് പരിഹാരം ചെയ്തു. തന്റെ കുരിശിലെ ബലിയാണ് പെസഹാദിനത്തിൽ യേശു നമുക്കായി മുറിച്ചുനൽകിയത്. യുഗാന്ത്യം വരെ തന്റെ ഓർമ്മക്കായി ഈ പുതിയ പെസഹാ അനുഷ്ഠിക്കാന്‍ യേശു നമ്മോട് കല്‍പിച്ചു – “എന്റെ ഓര്‍മ്മക്കായി ഇത് ചെയ്യുവിന്‍” (ലൂക്കാ 22:19).

കർത്താവിന്റെ പക്കൽ നിന്നും താൻ നേരിട്ട് സ്വീകരിച്ച കൽപന വി. പൗലോസ് ശ്ലീഹ കൊറിന്തോസുകാരെ അനുസ്മരിപ്പിക്കുന്നുണ്ട്. “നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍ നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനം വരെ പ്രഖ്യാപിക്കുകയാണ്‌ ചെയ്യുന്നത്‌” (1 കോറി. 11:26). വിശുദ്ധ കുർബാന അർപ്പണത്തിലൂടെ ഓരോ ദിവസവും യേശുവിന്റെ കുരിശിലെ മരണവും ഉഥാനവും നമ്മൾ അനുസ്മരിക്കുകയാണ്.

ക്രിസ്തീയജീവിതത്തിൽ നിരന്തരം പുലർത്തേണ്ട ഐക്യത്തിന്റെ അടയാളമാണ് വിശുദ്ധ കുർബാന. ഈ വിശുദ്ധ കുർബാനയിലൂടെ ദൈവികജീവനിൽ നമ്മൾ പങ്കുകാരാകുന്നു. “സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്‌. ആരെങ്കിലും ഈ അപ്പത്തില്‍ നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനു വേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്‌” (യോഹ. 6:51). നമ്മൾ എന്നും അർപ്പിക്കുന്ന ഓരോ വിശുദ്ധ കുർബാനയിലും ക്രിസ്തുവിന്റെ സാന്നിധ്യമുണ്ട്. വിശുദ്ധ കുർബാനയിലൂടെ യേശുവിന്റെ മുറിക്കപ്പെട്ട തകർക്കപ്പെട്ട ശരീര-രക്തങ്ങളാണ് നമുക്ക് നൽകുന്നത്. അതിനാൽ വിശ്വാസത്തിന്റെ ആന്തരികമായ നയനങ്ങൾ കൊണ്ട് വിശുദ്ധ കുർബാനയിൽ യേശുവിനെ നമുക്ക് കണ്ടെത്താം.

ഫാ. വിമൽ വിൻസെന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.