സീറോ മലങ്കര ഏപ്രിൽ 08 മത്തായി 24: 45-51 വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ

ഒരു വിശ്വസ്തനായ സേവകനെയും അവിശ്വസ്തനായ സേവകനെയും എങ്ങനെ തിരിച്ചറിയാൻ സാധിക്കും? യജമാനന്റെ അസാന്നിധ്യത്തിലും, ഏൽപ്പിച്ച കാര്യങ്ങൾ കൃത്യമായും ഭംഗിയായും ചെയ്യുന്നവനാണ് വിശ്വസ്തൻ; അങ്ങനെ ചെയ്യാത്തവൻ അവിശ്വസ്തനും. ഈ സേവകന്റെ ഏറ്റവും പ്രധാന കർത്തവ്യം വീട്ടിലുള്ളവർക്ക് ഭക്ഷണം കൃത്യസമയത്ത് നൽകുക എന്നതാണ്. അവൻ വിശ്വസ്തനായിരിക്കണം, വിവേകിയായിരിക്കണം, യജമാനന്റെ ജോലിയിൽ പൂർണ്ണമായും വ്യാപൃതനായിരിക്കണം. യജമാനൻ തിരികെവരുമ്പോൾ ഏൽപ്പിച്ചതിനേക്കാൾ ഭംഗിയായി ഭവനകാര്യങ്ങൾ ക്രമീകരിക്കപ്പെട്ടിരിക്കുന്നതായി യജമാനൻ കണ്ടെത്തുമ്പോൾ തന്റെ ഭൃത്യൻ വിശ്വസ്തനാണെന്ന് അദ്ദേഹം തിരിച്ചറിയും.

ഒന്നാമതായി, നാം ദൈവത്തോട് വിശ്വസ്തരായിരിക്കണം. ഇസ്രായേൽ ജനവും ദൈവവുമായി ചെയ്ത ഉടമ്പടിയിലൂടെ ലഭിക്കുന്ന എല്ലാ അനുഗ്രഹങ്ങളുടെയും അടിസ്ഥാനം ദൈവജനത്തിന്റെ വിശ്വസ്തയായിരുന്നു. ദൈവബന്ധം വിശ്വസ്തമായിരിക്കുമ്പോഴാണ് നമ്മുടെ മറ്റെല്ലാ സമ്പർക്കങ്ങൾക്കും ശരിയായ അർഥമുണ്ടാകുന്നത്. രണ്ടാമതായി, നമ്മോടു തന്നെ നാം വിശ്വസ്തരായിരിക്കണം. നമ്മുടെ മനഃസാക്ഷി നമ്മെ കുറ്റപ്പെടുത്താത്ത അവസ്ഥയാണിത്. ഇങ്ങനെ ആയിരിക്കുമ്പോഴാണ് നമുക്ക് ഒന്നിനെയും ഭയപ്പെടാതെ മുന്നോട്ടുപോവാൻ സാധിക്കുന്നത്. മൂന്നാമതായി, മറ്റുള്ളവരോട് നാം വിശ്വസ്തതയോടെ പെരുമാറണം. ഇത് നാം ജീവിക്കുന്ന സമൂഹത്തിന്റെ മുമ്പിൽ നമ്മളെ വിലയുള്ളവരാക്കിത്തീർക്കും. വിവേകം എന്ന പുണ്യമുള്ള സേവകന് സാഹചര്യമനുസരിച്ച്‌ കാര്യങ്ങൾ നോക്കിക്കണ്ട് ചെയ്യാനും, ശരിയായ തീരുമാനങ്ങളെടുക്കാനും സാധിക്കുന്നു.

ഭൗതികഭക്ഷണം കൊടുക്കുന്നതിനെക്കുറിച്ചുള്ള ഒരു ഉദാഹരണമല്ല യേശു ഇവിടെ പറയുന്നത്. ദൈവജനത്തിന് ആത്മീയഭക്ഷണം ആവശ്യാനുസരണം വിളമ്പാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന തന്റെ ശിഷ്യന്മാരെയും അവരുടെ അനുയായികളെയും ഉദ്ദേശിച്ചുള്ളതാണ് ഈ ഉപമ. നിത്യവും കർത്താവിന്റെ അൾത്താരയിൽ വിശ്വസ്തതയോടെയും വിവേകത്തോടെയും വിശുദ്ധ ബലിയർപ്ച്ച് ദൈവജനത്തെ ആത്മീയമായി പരിപോഷിപ്പിക്കുന്ന പുരോഹിതന്മാരെക്കുറിച്ചും ദൈവവചനം വ്യാഖ്യാനിച്ചു വിളമ്പുന്ന സുവിശേഷപ്രഘോഷകരെക്കുറിച്ചുമുള്ളതാണ് ഈ ഉപമ. ദൈവം ജെറമിയ പ്രവാചകനിലൂടെ അരുളിച്ചെയ്തു: “എനിക്ക്‌ ഇഷ്‌ടപ്പെട്ട ഇടയന്മാരെ ഞാന്‍ നിങ്ങള്‍ക്കു തരും; അവര്‍ ജ്ഞാനത്തോടും വിവേകത്തോടും കൂടെ നിങ്ങളെ പാലിക്കും” (ജെറമിയ 3:15). നാം ജീവിക്കുന്ന ഈ കാലഘട്ടത്തിലെ ആത്മീയ വെല്ലുവിളികളെ നേരിടാൻ കഴിവുള്ള വിശ്വസ്തരും വിവേകികളുമായ അനേകം അജപാലകരെ നമുക്ക് നൽകണേയെന്ന് ഇന്ന് പ്രാർത്ഥിക്കാം. ഇത് നവംബർ 4-ന് എഴുതിയ വിചിന്തനമാണ്. 

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.