സീറോ മലങ്കര മെയ് 01 മർക്കോ. 6: 1-6 യേശു സ്വദേശത്ത് അവഗണിക്കപ്പെടുന്നു

ഇന്ന് തൊഴിലാളികളുടെ മദ്ധ്യസ്ഥനും യേശുവിന്റെ വളർത്തുപിതാവുമായ യൗസേപ്പ് പിതാവിന്റെ തിരുനാളാണ് (വി. യൗസേപ്പിന്റെ പ്രധാന തിരുനാൾ മാർച്ച് 19-നാണ്). ലോകം മുഴുവൻ ഇന്ന് മെയ് ദിനമായും അഖിലലോക തൊഴിലാളിദിനമായും ആഘോഷിക്കുന്നു. മനുഷ്യപ്രയത്നം ഭൗതികമായ അർത്ഥത്തിൽ മാത്രമല്ല മനസ്സിലാക്കേണ്ടത്. അതിന് ദൈവതിരുമുമ്പിൽ വലിയ വിലയും ആത്മീയമാനവും ഉണ്ടെന്നു കാണിക്കുന്നതിനുവേണ്ടിയാണ് പീയൂസ് പന്ത്രണ്ടാം മാർപ്പാപ്പ 1955-ൽ മെയ് ഒന്നാം തീയതി തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ തിരുനാളായി ആഘോഷിക്കാൻ ആഹ്വാനം ചെയ്തത്.

യേശുവിനെ ഒരു “മരപ്പണിക്കാരന്‍” ആയിട്ടാണ് ഇന്നത്തെ സുവിശേഷത്തിൽ സ്വന്തം നാട്ടുകാർ വിശേഷിപ്പിച്ചിരിക്കുന്നത്. അതിന്റെ അർത്ഥം, യേശു തന്റെ പരസ്യജീവിതം ആരംഭിക്കുന്ന മുപ്പതാം വയസ്സു വരെ പിതാവായ ജോസഫിനെ കുലത്തൊഴിലായ മരപ്പണിയിൽ സഹായിച്ചിരുന്നു എന്നതാണ്. അതിൽ നിന്നുള്ള വരുമാനം കൊണ്ടുതന്നെ ആയിരുന്നിരിക്കണം തന്റെ പുത്രനായ യേശുവിനെ വി. യൗസേപ്പ് വളർത്തിയതും. സുവിശേഷങ്ങളിലോ മറ്റു ചരിത്രരേഖകളിലോ യേശുവിന്റെ ഇക്കാലയളവിലെ ജീവിതത്തെക്കുറിച്ച് ഒന്നുംതന്നെ പറയുന്നില്ല. ഇന്നത്തെ സംഭവം യേശുവിനെ സ്വന്തം നാട്ടുകാർക്ക് യൗസേപ്പിന്റെയും മറിയത്തിന്റെയും മകനായി നല്ല പരിചയമുണ്ടായിരുന്നു എന്നതിനു തെളിവാണ്.

വി. യൗസേപ്പിനെ പീയൂസ് ഒൻപതാം മാർപ്പാപ്പ സഭയുടെ സംരക്ഷകനായും രോഗികളുടെ മദ്ധ്യസ്ഥനായും പ്രഖ്യാപിച്ചു. യൗസേപ്പിതാവിന്റെ മരണസമയത്ത് യേശുവും മാതാവും സന്നിഹിതരായിരുന്നു എന്ന വിശ്വാസത്തിൽ നിന്നും നല്ല മരണത്തിനായി പലരും വി. യൗസേപ്പ് പിതാവിന്റെ മദ്ധ്യസ്ഥതയിൽ പ്രാർത്ഥിക്കാറുണ്ട്. യേശുവിന്റെ ജനനത്തെക്കുറിച്ചു പറയുന്ന മത്തായിയുടെയും ലൂക്കോസിന്റെയും സുവിശേഷങ്ങളിൽ നിന്നാണ് യൗസേപ്പിനെക്കുറിച്ചുള്ള ചരിത്രവിവരണങ്ങൾ നമുക്കു ലഭിക്കുന്നത്. എല്ലാ ജോലിയും ദൈവത്തിന്റെ സൃഷ്ടിപരമായ പ്രവൃത്തിയിൽ പങ്കാളിയാകാനുള്ള വിളിയും, സൃഷ്ടിയുടെ ആരംഭത്തിൽ കൃഷി ചെയ്യാനും, ഭൂമി സംരക്ഷിക്കാനും ദൈവം മനുഷ്യനെ ഏൽപിച്ച ഉത്തരവാദിത്വത്തിന്റെ തുടർച്ചയുമാണ് (ഉൽ. 2:15). യേശു മനുഷ്യപ്രയത്നത്തിന്റെ മേഖലയിലും പ്രവേശിച്ച് അവിടവും വീണ്ടെടുത്തു എന്ന് ഈ തിരുനാൾ നമ്മെ അനുസ്മരിപ്പിക്കുന്നു. വി. ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ പറയുന്നു: “…മനുഷ്യന്റെ ജോലിയുടെ വില നിശ്ചയിക്കുന്നത് പ്രധാനമായും ഏതു ജോലി ചെയ്യുന്നു എന്നതിനെ ആശ്രയിച്ചല്ല. പിന്നെയോ, അത് ചെയ്യുന്നത് ഒരു മനുഷ്യവ്യക്തി എന്ന നിലയിലാണ്. അതിനാൽ, മനുഷ്യനു വേണ്ടിയായാണ് തൊഴിൽ; അല്ലാതെ തൊഴിലിനു വേണ്ടിയല്ല മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്” (Laborem Exercens, 6) (കൂടുതൽ വിശദീകരണത്തിന് ഫെബ്രുവരി 2-ലെ വിചിന്തനം കാണുക).

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍