സീറോ മലങ്കര നവംബർ 14 യോഹ. 14: 7-14 യേശു പിതാവിലേക്കുള്ള വഴി

യേശു ആരാണ്? മനുഷ്യപുത്രനോ, ദൈവപുത്രനോ, ദൈവമോ തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടും സാക്ഷിയാകുന്നുണ്ട്. ഈ സാഹചര്യത്തിൽ ഈ ചോദ്യങ്ങൾക്കൊക്കെ വ്യക്തത നൽകുന്ന, സുവിശേഷത്തിലെ മർമ്മപ്രധാനമായ ഭാഗമാണിത്. ദൈവത്തിന്റെ സെൽഫി ആയി, ഇന്നത്തെ കാലഘട്ടത്തിന്റെ ഛായചിത്രമായി ക്രിസ്തു മാറുകയാണ്. പിതാവ് യേശുവിലാണ്; യേശു പിതാവിലും. ഇത് ശക്തിപ്പെടുത്തുന്ന സാന്നിധ്യമാണ്. ദൈവത്തിന്റെ മനുഷ്യമുഖമാണ് യേശു. യേശുവിന് സെൽഫി ആകാൻ നമുക്ക് കഴിയണം.

തന്റെ ജനതയോടുള്ള സ്നേഹം കാരണം അവരുടെ രക്ഷയ്ക്കായി സ്വന്തം പുത്രനെ ദൈവം ഈ ലോകത്തിലേക്ക് അയച്ച്, കാൽവരിമലയിൽ രക്തംചിന്താൻ അനുവദിച്ച്, തന്നിലേക്കുള്ള ഒരു വഴിയായാണ് യേശുവിനെ ലോകത്തിനു നൽകിയത്. അതെ, ക്രിസ്തുവാണ് പിതാവിലേക്കുള്ള വഴി. ഈ തിരിച്ചറിവാണ് ഒരു ക്രിസ്തുശിഷ്യനുണ്ടാകേണ്ടത്. എങ്കിൽമാത്രമേ അവന് ക്രിസ്തുവിന്റെ സെൽഫിയാകാൻ കഴിയൂ. ദൈവം തന്റെ പുത്രനിലൂടെ ലോകത്തിൽ ഒരു വഴി സ്ഥാപിച്ചത് ദൈവവും മനുഷ്യനും തമ്മിൽ ഒരു ഐക്യം ഉണ്ടാക്കിയെടുക്കാനാണ്. അങ്ങനെ എല്ലാവരും അവൻവഴി ദൈവരാജ്യത്തിന് അർഹരാകാൻ വേണ്ടിയാണ്.

ഇതു മനസിലാക്കി വിശാലമായ ഒത്തിരി വഴികളുള്ള ഇന്നിന്റെ ലോകത്തിൽ കൃത്യമായി ക്രിസ്തുവാകുന്ന വഴി തിരഞ്ഞെടുക്കാനും ആ വഴിയിലൂടെ സഞ്ചരിച്ച് നമ്മുടെ പിതാവാം ദൈവത്തിന്റെ അടുക്കൽ എത്തിച്ചേർന്ന് ജീവിതത്തിന് അർഥം  കൈവരിക്കാനും ഏവർക്കും സാധിക്കട്ടെ.

ഫാ. ഡാനിയേല്‍ കോയിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.