സീറോ മലങ്കര ഏപ്രിൽ 12 മത്തായി 5: 13-16 ഭൂമിയുടെ ഉപ്പ്; ലോകത്തിന്റെ പ്രകാശം

ഉപ്പ് സംശുദ്ധിയുടെ അടയാളമാണ്. ജെറുസലേം ദേവാലയത്തില്‍ മാംസം ബലിയര്‍പ്പിച്ചിരുന്നപ്പോളെല്ലാം ഉപ്പ് പുരട്ടിയിരുന്നു. അതുപോലെ സുഗന്ധക്കൂട്ട് ഉണ്ടാകുമ്പോള്‍ അല്പം ഉപ്പ് അതിനോടൊപ്പം ചേര്‍ത്തിരുന്നു. ഫ്രീസറും ഫ്രിഡ്ജുമൊക്കെ വരുന്നതിനു മുമ്പ് പദാര്‍ത്ഥങ്ങള്‍ അഴുകാതെ കാത്തുസൂക്ഷിക്കാന്‍ ഉപ്പ് ഉപയോഗിച്ചിരുന്നു. ലോകത്തെ അഴുകാതെ സൂക്ഷിക്കുന്ന ആന്റിസെപ്റ്റിക് (Antiseptic) ശക്തിയാകണം നമ്മളെന്ന് യേശു ആഗ്രഹിക്കുന്നു. രുചി പകരാനും മരുന്നായും ഉപയോഗിക്കുന്ന ഉപ്പിന്റെ സവിശേഷതകളുള്ള വ്യക്തികളായിത്തീരാന്‍ നമുക്ക് പരിശ്രമിക്കാം.

ഇസ്രായേല്‍ക്കാര്‍ അടുപ്പിന്റെ ചൂട് നിലനിര്‍ത്താന്‍ ഉപ്പ് ഉപയോഗിച്ചിരുന്നു. എന്നാല്‍ കുറെ കഴിയുമ്പോള്‍ ചൂട് നിലനിര്‍ത്താനുള്ള ഉപ്പിന്റെ കഴിവ് നഷ്ടപ്പെടും. അപ്പോള്‍ ഉറ കെട്ട ഉപ്പ് വാരി വഴിയിലെറിയും. മറ്റുള്ളവരില്‍ ദൈവസ്നേഹത്തിന്റെ ചൂട് പകരുന്ന ഉപ്പായിത്തീരാന്‍ നമുക്ക് ഇടയാകാട്ടെ. അഴുകലില്‍ നിന്നും നാശത്തില്‍ നിന്നും ലോകത്തെ സംരക്ഷിക്കുന്ന ഉപ്പായിട്ട് യേശുവിനെ നമ്മുടെ ആരാധനാക്രമം വിളിക്കുന്നു.

ഒരു മുറിയും ഒരു വാതിലും ഒരു ചെറുജനലും മാത്രമുണ്ടായിരുന്ന ഇസ്രായേലിലെ ചെറുവീടുകളില്‍ പ്രകാശം പരത്തിയിരുന്നത് ദീപപീഠത്തില്‍ സൂക്ഷിച്ചിരുന്ന എണ്ണത്തിരിയിട്ട വിളക്കാണ്. ഇരുളിലായിരിക്കുന്നവന് ആഹ്ളാദവും ആശ്വാസവും പകരുന്ന സത്യമാണ് വെളിച്ചം. നമ്മള്‍ വെളിച്ചമായി മാറുമ്പോള്‍ നമുക്കു മാത്രമല്ല, നമ്മുടെ വെളിച്ചത്തില്‍ നടക്കുന്നവര്‍ക്കും ജീവിതം, യാത്ര സുഖകരമാകുന്നു. യോഹന്നാന്‍ സാക്ഷ്യപ്പെടുത്തി: “ദൈവം പ്രകാശമാണ്” (1 യോഹ. 1:5). ഇരുളിലും മരണത്തിന്റെ നിഴലിലും ആയിരിക്കുന്നവര്‍ക്ക് പ്രകാശം വീശാനാണ് (ലൂക്കാ 1:79) നാം ലോകത്തിന്റെ വെളിച്ചമാകേണ്ടതെന്ന് യേശു ഉദ്ബോധിപ്പിക്കുന്നു.

പ്രാര്‍ത്ഥന: സ്വയംപ്രഭയായ ദൈവമേ, അങ്ങില്‍ നിന്ന് പ്രകാശത്തല്‍ ജീവിതത്തിന്റെ ഇരുളടഞ്ഞ വഴികളില്‍ വെളിച്ചം വിതറുന്നവരാകാന്‍ ഞങ്ങളെ അനുഗ്രഹിക്കേണമേ.

ഫാ. പോള്‍ കാരാമേല്‍ കോയിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.