ഞായർ പ്രസംഗം, നോമ്പുകാലം മൂന്നാം ഞായർ മാർച്ച് 13, രഹസ്യങ്ങള്‍ അറിയുന്ന ദൈവം

ബ്ര. ജോസഫ് നെടുങ്ങനാല്‍

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹിക്കപ്പെടുന്നവരേ,

നോമ്പിന്റെ മൂന്നാം ആഴ്ചയിലേക്ക് നാം പ്രവേശിച്ചിരിക്കുന്നു. ഞാനും നിങ്ങളും ജീവിക്കുന്ന അല്ലെങ്കില്‍ ജീവിച്ചുതീര്‍ക്കുന്ന ഈ ലോകജീവിതത്തിനപ്പുറം മറ്റൊരു ജീവിതമുണ്ടെന്ന് തന്റെ ഉയിര്‍പ്പിലൂടെ കാണിച്ചുതന്ന ഈശോയുടെ ഉയിര്‍പ്പുതിരുനാളിനു മുന്നോടിയാണ് ഈ നോമ്പുകാലം. കടന്നുവന്ന ജീവിതവഴികളിലേക്ക് ഒന്ന് പിന്തിരിഞ്ഞു നോക്കുമ്പോള്‍ വന്നുപോയ തെറ്റുകളെ ഓര്‍ത്ത് മനസ്തപിച്ച് പുതിയ മനുഷ്യനെ ധരിക്കാനുള്ള ശ്രമം. ഓരോ നോമ്പു കാലഘട്ടവും പുതിയ പുതിയ തീരുമാനങ്ങളുടെ പെയ്തിറങ്ങലാണ്. തന്റെ ജീവിതത്തിലെ ദുശ്ശീലങ്ങളെ കുറച്ചു കാലത്തേക്കെങ്കിലും അകറ്റിനിര്‍ത്താനുള്ള ശ്രമം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, പ്രാര്‍ത്ഥനയും പരിത്യാഗവും വഴി ഈശോയോട് അടുത്തുനില്‍ക്കാനുള്ള ഒരു പരിശ്രമമാണ് നോമ്പ്. ഈ പരിശ്രമങ്ങളിലൂടെ നാം ജീവിതത്തെ ഒരുക്കുമ്പോള്‍ നമ്മുടെ മനോഭാവം എങ്ങനെയുള്ളതാകണം എന്നതാണ് തിരുസഭാ മാതാവ് മത്തായി സുവിശേഷത്തിലൂടെ ഇന്ന് പറഞ്ഞുതരുന്നത്.

യഹൂദമത ജീവിതത്തിലെ മൂന്ന് പ്രധാന പുണ്യാഭ്യാസങ്ങളാണ് ദാനധര്‍മ്മം, പ്രാര്‍ത്ഥന, ഉപവാസം. ഈ ത്രിവിധ ജീവിതശൈലിയായിരുന്നു അവരുടെ ജീവിതത്തെയും ധാര്‍മ്മികതയെയും നിര്‍വചിച്ചിരുന്നത്. ദാനധര്‍മ്മം ജീവകാരുണ്യ പ്രവര്‍ത്തിയാണെന്നും അതിലൂടെ ഏതു കാര്യവും നേടിയെടുക്കാന്‍ സാധിക്കുമെന്നുമായിരുന്നു യഹൂദമത വിശ്വാസം. അതുപോലെ തന്നെ ദിവസംതോറുമുള്ള പ്രാര്‍ത്ഥനകളും ഉപവാസവും അവരുടെ ദൈനംദിന ദിനചര്യകളായിരുന്നു. എന്നാല്‍ ഈശോ ഈ ജീവിതശൈലിക്ക് പുതിയ മാനം കൊടുക്കുകയാണ്.

ദാനധര്‍മ്മം യഹൂദമത വിശ്വാസത്തില്‍ മാത്രമല്ല, ക്രൈസ്തവ വിശ്വാസത്തിലും പുണ്യപ്രവര്‍ത്തി തന്നെയാണ്. ഇതിനുള്ള ഉദാഹരണം ഇന്നത്തെ വായനകളിലുടനീളം നമുക്ക് കാണാന്‍ സാധിക്കും. ഉദാരമായി ദാനം ചെയ്യുന്നവന്റെ ജോലികളിലും അവന്‍ ആരംഭിക്കുന്ന പ്രവര്‍ത്തികളിലും സമൃദ്ധമായ അനുഗ്രഹം ഉണ്ടാകുമെന്ന് നിയമാവര്‍ത്തന പുസ്തകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. റഫായേല്‍ ദൂതന്‍ തോബിത്തിനും മകന്‍ തോബിയാസിനും ദാനധര്‍മ്മത്തെക്കുറിച്ച് നല്‍കുന്ന ഉപദേശമാണ് രണ്ടാം പ്രഘോഷണത്തില്‍ നാം ശ്രവിച്ചത്. ദാനധര്‍മ്മത്തില്‍ നാം പുലര്‍ത്തേണ്ട മനോഭാവത്തെക്കുറിച്ച് പൗലോസ് ശ്ലീഹാ കോറിന്തോസുകാര്‍ക്കെഴുതിയ ലേഖനത്തിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. താല്‍പര്യത്തോടെയാണ് നല്‍കുന്നതെങ്കില്‍ ഒരുവന്റെ കഴിവിനനുസരിച്ചുള്ള ദാനം ദൈവം സ്വീകരിക്കും. അതിലുപരി ദാനധര്‍മ്മത്തിലൂടെ ദരിദ്രസഹോദരനെ സഹായിക്കുന്നതിലൂടെ നമ്മുടെ ഉത്തരവാദിത്വമാണ് നാം നിര്‍വ്വഹിക്കുന്നത്.

അതുപോലെ തന്നെ പ്രാര്‍ത്ഥനയും നമ്മുടെ ക്രൈസ്തവജീവിതത്തിന്റെ അടിസ്ഥാനമാണ്. പ്രാര്‍ത്ഥനക്ക് ഉത്തമ മാതൃക നാം കാണുന്നത് ഈശോയിലാണ്. മലമുകളില്‍ ഒറ്റയ്ക്ക് ശിഷ്യന്മാരില്‍ നിന്ന് ഒരു കല്ലേറു ദൂരം മാറി പ്രാര്‍ത്ഥിക്കുന്ന ഈശോയെ നാം സുവിശേഷത്തില്‍ കാണുന്നു. പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മെയും ദൈവവുമായിട്ടുള്ള ഏകാന്തതയിലേക്കാണ് ഈശോ ക്ഷണിക്കുന്നത്. മലമുകളില്‍ ഉപവസിച്ച് തന്റെ പരസ്യജീവിതത്തിന് ഒരുങ്ങിയ ഈശോ ഉപവാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നും പുറപ്പെടുന്ന ഓരോ വാക്കു കൊണ്ടുമാണ് ജീവിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് പ്രലോഭനത്തെ അതിജീവിച്ച് നോമ്പിന്റെ സാരാംശം നമുക്ക് തന്റെ ജീവിതത്തിലൂടെ അവിടുന്ന് കാണിച്ചു തന്നു.

ഇന്നത്തെ സുവിശേഷത്തില്‍ ദാനധര്‍മ്മം, പ്രാര്‍ത്ഥന, ഉപവാസം എന്നീ പുണ്യാഭ്യാസങ്ങളില്‍ ഉണ്ടാകുന്ന കാപട്യത്തെക്കുറിച്ചാണ് മത്തായി ശ്ലീഹാ ചൂണ്ടിക്കാണിക്കുന്നത്. ഒരു ക്രിസ്തുശിഷ്യന്റെ ചെയ്തികള്‍ ഒന്നും തന്നെ പ്രശംസയും ലാഭവും പ്രതീക്ഷിച്ചാകരുത്. നമ്മള്‍ എല്ലാവരും പരസ്യങ്ങള്‍ കണ്ടിട്ടുള്ളവരാണ്. രാവിലെ നോക്കുന്ന പത്രത്തിലും കൂടെ കൊണ്ടുനടക്കുന്ന മൊബൈല്‍ ഫോണിലും എന്തിന് നമ്മള്‍ നടക്കുന്ന വഴികള്‍ പോലും പരസ്യങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. ഇവയുടെ ഉദ്ദേശമോ; നമ്മള്‍ വായിക്കുക, അതിനെക്കുറിച്ച് അറിയുക അത്രമാത്രം. ഇതു തന്നെയാണ് കപടനാട്യക്കാരും ചെയ്യുന്നത്. മറ്റുള്ളവരാല്‍ പുകഴ്ത്തപ്പെടാനും മറ്റുള്ളവരുടെ പ്രശംസ കാംക്ഷിച്ചും അവര്‍ ദാനം ചെയ്യുന്നു. എന്നാല്‍ ഈശോ പറയുന്നു:”നിന്റെ പരസ്യത്തിനുള്ള പ്രതിഫലം നിനക്ക് ലഭിച്ചുകഴിഞ്ഞു.”

മറ്റുള്ളവര്‍ക്കു വേണ്ടി പ്രദര്‍ശിപ്പിക്കുന്ന ജീവിതമനോഭാവം മാറ്റി നീയും നിന്റെ ദൈവവുമായിട്ടുള്ള രഹസ്യബന്ധമായിരിക്കണം നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം. നിന്റെ ദാനധര്‍മ്മമോ, പ്രാര്‍ത്ഥനയോ, ഉപവാസമോ മറ്റൊരുവനു മുമ്പില്‍ കാണിക്കുന്ന പ്രകടനമാണെങ്കില്‍ നിന്റെ പ്രതിഫലം നിന്റെ പരസ്യത്തിലൂടെ നിനക്ക് കിട്ടി, മറിച്ച് നിന്റെ ചെയ്തികള്‍ ശുദ്ധവും ദൈവവിചാരത്തോടുമാണെങ്കില്‍ നിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ നല്ല തമ്പുരാന്‍, രഹസ്യങ്ങള്‍ അറിയുന്ന തമ്പുരാന്‍ നിനക്ക് പ്രതിഫലം നല്‍കും.

സഭാമാതാവ് നമ്മോടു പറയുന്നത്, രഹസ്യമായ ജീവിതം അതായത് ബഹളമയമായ ജീവിതത്തില്‍ നിന്നും മാറിയുള്ള ജീവിതം നയിക്കാനാണ്. നമ്മുടെ കാരുണ്യപ്രവര്‍ത്തികളെല്ലാം തന്നെ രഹസ്യമായിരിക്കട്ടെ. എന്തെന്നാല്‍ രഹസ്യങ്ങളറിയുന്ന നമ്മുടെ പിതാവ് നമുക്ക് പ്രതിഫലം തരും. വിശുദ്ധ കുര്‍ബാനയില്‍ നാം പ്രാര്‍ത്ഥിക്കുന്നതു പോലെ ഉപവാസത്താലും പ്രാര്‍ത്ഥനയാലും പാപത്തെക്കുറിച്ചുള്ള പശ്ചാത്താപത്താലും പിതാവായ ദൈവത്തെയും പുത്രനായ തമ്പുരാനെയും സഹായകനായ പരിശുദ്ധാത്മാവിനെയും നമുക്ക് പ്രസാദിപ്പിക്കുകയും അവിടുത്തെ സ്‌നേഹത്തിലേക്ക് വളരുകയും ചെയ്യാം. നല്ലവനായ ദൈവം നമ്മുടെ എല്ലാ പ്രവര്‍ത്തികളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ജോസഫ് നെടുങ്ങനാല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.