ഞായർ പ്രസംഗം: ശ്ലീഹാക്കാലം ഏഴാം ഞായർ; ജൂലൈ 09 – ലൂക്കാ 13: 22-30, ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍

“ഇടുങ്ങിയതും അടഞ്ഞതുമായ വാതിലുകള്‍ മുന്നില്‍ വച്ച് ക്രിസ്തു സ്വര്‍ഗരാജ്യത്തെ വ്യാഖ്യാനിക്കുമ്പോള്‍ പറയുന്നതും പഠിപ്പിക്കുന്നതും ഒന്നുമാത്രം: സഹനങ്ങള്‍ വ്യക്തികളെ സ്വര്‍ഗരാജ്യത്തിലേക്ക് അടുപ്പിക്കും.”

മിശിഹായില്‍ ഏറെ സ്‌നേഹം നിറഞ്ഞ മാതാപിതാക്കളേ, സഹോദരങ്ങളേ,

പന്തക്കുസ്താ ദിനത്തില്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും കടന്നുചെന്ന് ക്രിസ്തുവിനെ സധൈര്യം പങ്കുവച്ചു നല്‍കിയ ശ്ലീഹന്മാരുടെ പ്രേഷിതശുശ്രൂഷകളെ ധ്യാനിക്കുന്ന ശ്ലീഹാക്കാലത്തിന്റെ അവസാന ആഴ്ചയില്‍ നമ്മുടെ വിശ്വാസയാത്ര എത്തിനില്‍ക്കുമ്പോള്‍ ഇന്നത്തെ വചനവിചിന്തനത്തിനായി തിരുസഭ നല്‍കുന്ന സുവിശേഷഭാഗം വി. ലൂക്കാ അറിയിച്ച സുവിശേഷം 13-ാം അധ്യായം 22 മുതല്‍ 30 വരെയുള്ള വചനങ്ങളാണ്.

പട്ടണങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിച്ചുകൊണ്ട് രക്ഷകനായ മിശിഹാ, രക്ഷയുടെ കേന്ദ്രമായ ജറുസലേമിലേക്കു യാത്ര ചെയ്യുമ്പോള്‍ ഒരുവന്‍ വന്നു ചോദിക്കുകയാണ്: “കര്‍ത്താവേ, രക്ഷ പ്രാപിക്കുന്നവര്‍ ചുരുക്കമാണോ?” യഹൂദജനത യേശുവിനെ പ്രതീക്ഷിച്ചിരുന്ന കാലഘട്ടത്തിലെ പ്രധാനമായ ചര്‍ച്ചാവിഷയമായിരുന്നു, രക്ഷകന്‍ വരുമ്പോള്‍ ആരൊക്കെ രക്ഷിക്കപ്പെടും എന്നത്. ഈ ചോദ്യം ആ യുവാവിനെക്കൊണ്ട് ചോദിപ്പിക്കുന്നതിനു പിന്നില്‍ ഒരു പശ്ചാത്തലം കൂടിയുണ്ട്.

രക്ഷയെക്കുറിച്ച് യഹൂദര്‍ക്കിടയില്‍ രണ്ട് ചിന്താധാരകളായിരുന്നു ഉണ്ടായിരുന്നത്. യഹൂദരായതു കൊണ്ടുമാത്രം തങ്ങള്‍ രക്ഷ പ്രാപിക്കുമെന്ന് ഒരുവശത്ത് ഭൂരിപക്ഷം യഹൂദരും ചിന്തിച്ചിരുന്നപ്പോള്‍ മറുവശത്ത്, നിയമം പഠിക്കുകയും പാലിക്കുകയും ചെയ്യുന്ന യഹൂദര്‍ മാത്രമേ രക്ഷിക്കപ്പെടുകയുള്ളൂ എന്ന് ന്യൂനപക്ഷം പേരും ചിന്തിച്ചു. എന്തായാലും ഒരു കാര്യത്തില്‍ ഇരുകൂട്ടരും യോജിപ്പിലായിരുന്നു. രക്ഷ പ്രാപിക്കുന്നവര്‍ യഹൂദര്‍ മാത്രമായിരിക്കും എന്നുമാത്രമല്ല, അതോടൊപ്പം തന്നെ പാപികളും വിജാതീയരും ശിക്ഷിക്കപ്പെടുമെന്നും അവര്‍ വിശ്വസിച്ചിരുന്നു. വി. ലൂക്കാ സുവിശേഷം എഴുതുന്നത് തന്റെ വിജാതീയ ജനതക്കു വേണ്ടിയാണെന്നിരിക്കെ, ഈശോയുടെ ഉത്തരവും വിജാതീയര്‍ക്കും രക്ഷ സാധ്യമാണെന്ന് ഉറപ്പിക്കുന്നുണ്ട്. യഹൂദര്‍ക്കു മാത്രം രക്ഷ എന്ന അവരുടെ ഇടുങ്ങിയ ചിന്താഗതിയെ തകിടം മറിക്കുന്നതായിരുന്നു ഈശോയുടെ ഉത്തരം. രക്ഷ എന്നത് ഏതെങ്കിലും വ്യക്തിക്കോ, സമൂഹത്തിനോ, വര്‍ഗത്തിനോ, രാഷ്ട്രത്തിനോ മാത്രം സ്വന്തമായ ഒന്നല്ലെന്നും, മറിച്ച് രക്ഷ വ്യക്തിനിഷ്ഠമാണെന്നും ക്രിസ്തു ഇതിലൂടെ പറഞ്ഞുവയ്ക്കുന്നു.

രക്ഷ പ്രാപിക്കുന്നവര്‍ ചുരുക്കമാണോ എന്ന് ചോദിക്കുന്നവരോട്, രക്ഷ പ്രാപിക്കാന്‍ നീ ഇങ്ങനെ ചെയ്യണം എന്നു പഠിപ്പിക്കുന്നു – ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാന്‍ നീ തയ്യാറാകണം. അങ്ങനെയെങ്കില്‍ എന്തായിരിക്കാം ഈ ഇടുങ്ങിയ വാതില്‍ എന്നും എപ്രകാരമാണ് അതിലൂടെ പ്രവേശിക്കാന്‍ സാധിക്കുക എന്നും നാം ചിന്തിക്കേണ്ടതുണ്ട്.

പ്രിയമുള്ളവരേ, ഇടുങ്ങിയ വാതില്‍ സഹനങ്ങളുടെയും ഒറ്റപ്പെടലിന്റെയും തകര്‍ച്ചകളുടെയും രോഗങ്ങളുടെയും വീഥികളാണ്. കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ നടന്ന് നീ നിന്റെ ലക്ഷ്യം കരഗതമാക്കുമ്പോള്‍ ആ രക്ഷയ്ക്ക് തേനിനേക്കാള്‍ മധുരമുണ്ടെന്ന് ക്രിസ്തു ചുരുക്കത്തില്‍ അര്‍ത്ഥമാക്കുന്നു. മുതിര്‍ന്നവര്‍ പറയുന്നതുപോലെ, ‘ഒരു ഇറക്കത്തിന് ഒരു കയറ്റമുള്ളതു പോലെ, ഒരു കയറ്റത്തിന് ഒരു ഇറക്കവുമുണ്ട്.’

അലക്‌സാണ്ടര്‍ ഫ്‌ളെമിംഗ് എന്ന സ്‌കോട്ടലണ്ടുകാരന്‍ ശാസ്ത്രജ്ഞനാണ് പെന്‍സിലിന്‍ കണ്ടുപിടിച്ചത്. 1881-ല്‍ ഒരു ദരിദ്രകുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അത്യാധുനിക സംവിധാനങ്ങളൊന്നുമില്ലാത്ത ഒരു കൊച്ചുപരീക്ഷണശാലയില്‍ അണുക്കളെ വളര്‍ത്തി പഠനം നടത്തുകയായിരുന്നു അദ്ദേഹം. ഒരു ദിവസം അദ്ദേഹം കാണുന്നത്, പരീക്ഷണനാളികളില്‍ പൂപ്പല്‍ വീണുകിടക്കുന്നതാണ്. ആദ്യം സങ്കടവും നിരാശയുമാണ് ഉണ്ടായതെങ്കിലും അദ്ദേഹം നിരാശയെ മറികടന്നു. ആ പൂപ്പലെടുത്ത് പരിശോധിച്ച്, അവ അണുക്കളില്‍ വരുത്തിയ മാറ്റമാണ് പിന്നീട് പെന്‍സിലിന്‍ കണ്ടുപിടിക്കാന്‍ അദ്ദേഹത്തിനു പ്രേരണയായത്. പില്‍ക്കാലത്ത് ഒരിക്കല്‍ കൂട്ടുകാരുമൊത്ത് ഒരു വലിയ ലബോറട്ടറി സന്ദര്‍ശിക്കുന്ന അവസരത്തില്‍ അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് പറഞ്ഞു: “ഇതുപോലൊരു പരീക്ഷണശാല ഫ്‌ളെമിങിനും ഉണ്ടായിരുന്നെങ്കില്‍ ഇതിലും വലിയ എത്രയോ പരീക്ഷണങ്ങള്‍ അദ്ദേഹം നടത്തുമായിരുന്നു.” ഇതു കേട്ട ഫ്‌ളെമിംഗ് ശാന്തനായി പറഞ്ഞു: “തീര്‍ച്ചയായും. എങ്കില്‍ പെന്‍സിലിന്‍ കണ്ടുപിടിക്കപ്പെടില്ലായിരുന്നു.” പരിമിതികളും പോരായ്മകളും നേട്ടത്തിന്റെ ഇടുങ്ങിയ വാതിലുകളാണെന്ന് അദ്ദേഹം നമ്മെ പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പ്രിയമുള്ളവരേ, സഹനങ്ങളെയും വേദനകളെയും രണ്ടു കയ്യും നീട്ടി സ്വീകരിക്കാം. ഇവയെല്ലാം സ്വര്‍ഗത്തിലേക്കുള്ള കുറുക്കുവഴികളാണ് എന്ന ബോധ്യത്തില്‍ വളരാം.

സഹനവും രക്ഷയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. സഹനത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്കു മാത്രമേ രക്ഷയുടെ മൂല്യം ആസ്വദിക്കാന്‍ സാധിക്കൂ. വചനത്തിലൂടെ ക്രിസ്തു അടിവരയിട്ടു പറയുന്നു: സ്വര്‍ഗം സ്വന്തമാക്കാന്‍ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍… സ്വര്‍ഗം സഹനങ്ങള്‍ക്കുള്ള സമ്മാനമാണ്… ഏറ്റവും ചുരുങ്ങിയത് ഒരു ക്രിസ്ത്യാനിയായതു കൊണ്ടു മാത്രം സ്വര്‍ഗം സ്വന്തമാക്കാമെന്ന് നാം വിചാരിക്കരുത്, മറിച്ച് സഹനങ്ങളുടെ ഇടുങ്ങിയ കല്ലും മുള്ളും നിറഞ്ഞ പരുപരുത്ത പാതയിലൂടെ യാത്രയായാല്‍ മാത്രമേ സ്വര്‍ഗം സ്വന്തമാക്കാന്‍ സാധിക്കൂ.

സ്‌നേഹമുള്ളവരേ, ‘ഇടുങ്ങിയ വാതില്‍’ പ്രധാനമായും ഉയര്‍ത്തുന്ന രണ്ടു ചിന്തകളുണ്ട്. ആദ്യ ചിന്ത, ‘ക്ലേശങ്ങളുടെ നടുവിലൂടെ യാത്ര ചെയ്താണെങ്കില്‍ പോലും സത്യത്തിന് സാക്ഷ്യം വഹിക്കണം’ എന്നുള്ളതു തന്നെയാണ്. വചനം പ്രഘോഷിക്കുകയും പ്രഘോഷിച്ച വചനത്തിനനുസരിച്ച് ജീവിക്കുകയും ചെയ്ത വാഴ്ത്ത. സി. റാണി മരിയ അമ്പത്തിയൊന്ന് കുത്തുകളേറ്റ് പൈശാചികമായി കൊല ചെയ്യപ്പെട്ടു. ഇതാണ് ഇടുങ്ങിയ വാതില്‍. ഈ വാതില്‍ ക്ലേശകരമെന്നു പറഞ്ഞ് പിന്മാറാന്‍ ഈ സഹോദരിക്ക് ഒരുപാട് സാധ്യതകളുണ്ടായിരുന്നു. അമ്പുകളാല്‍ വി. സെബസ്ത്യാനോസിന്റെ മേല്‍ ക്രൂരപീഡനം തീര്‍ക്കുമ്പോള്‍ വിശ്വാസത്തെ ത്യജിച്ചിരുന്നെങ്കില്‍ ആ രാജ്യത്തിലെ ഉന്നത സ്ഥാനങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുമായിരുന്നു. അവിടെയും വചനത്തിന്, സ്വന്തം വിശ്വാസത്തിന് ജീവന്‍ നല്‍കിക്കൊണ്ടും അദ്ദേഹം സാക്ഷ്യം നല്‍കി. ഇതുപോലെ എല്ലാ വിശുദ്ധര്‍ക്കും ഉറപ്പുണ്ടായിരുന്നു ‘ഇടുങ്ങിയ വാതില്‍ ക്ലേശകരമാണെങ്കിലും അത് നിത്യത പ്രദാനം ചെയ്യുന്നതാണെന്ന്.’

ഇടുങ്ങിയ വാതില്‍ നമുക്കു നല്‍കുന്ന രണ്ടാമത്തെ ചിന്ത, ‘ഇടുങ്ങിയ വാതില്‍ ഉപേക്ഷയുടെ വാതിലാണ്’ എന്നതാണ്. കാരണം, ലോകമോഹങ്ങളെയും ധനത്തെയും ഉപേക്ഷിച്ചുവേണം രക്ഷയിലേക്കു വരാന്‍. സ്വന്തമെന്നു കരുതുന്നവയെ ദൈവത്തിനു വേണ്ടി ഉപേക്ഷിക്കാനുള്ള തീരുമാനമാണ് രക്ഷയിലേക്കുള്ള ആദ്യപടി. മോറിയ മലയിലേക്ക് ഇസഹാക്കിന്റെ കയ്യും പിടിച്ച് അബ്രഹാം കയറിയത് ഇടുങ്ങിയ വാതിലിലൂടെയാണ്. കാരണം, സ്വന്തമെന്നു കരുതി സ്‌നേഹിച്ചതിനെ ദൈവത്തിനായി വേണ്ടാന്നുവയ്ക്കുകയാണ് അബ്രഹാം അവിടെ. ക്രിസ്തുവിനെ അനുഗമിച്ച് രക്ഷ സ്വന്തമാക്കിയവരുടെ ജീവിതങ്ങളെ നോക്കിയാലും അതിനെല്ലാം അവരെ തയ്യാറാക്കിയത് അവരുടെ ഉപേക്ഷകളുടെ പട്ടികകള്‍ തന്നെയാണ്. അതുകൊണ്ട് ദൈവം നമ്മില്‍ നിന്നും ആഗ്രഹിക്കുന്ന ഉപേക്ഷകള്‍ നടത്തിക്കൊണ്ട് നമുക്കും രക്ഷ സ്വന്തമാക്കാന്‍ പരിശ്രമിക്കാം.

ഓരോ വിശുദ്ധ ബലിയര്‍പ്പണവും സ്വര്‍ഗരാജ്യവിരുന്നിന്റെ അനുഭവം നമുക്ക് പങ്കുവച്ചു നല്‍കുന്നുണ്ട്. നമ്മള്‍ പങ്കുചേരുന്ന ഈ പരിശുദ്ധ ബലിയില്‍, തമ്പുരാനോട്, നമ്മള്‍ കടന്നുപോകേണ്ട ഇടുങ്ങിയ വഴികള്‍ ഏതാണെന്നു ചോദിച്ച് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാം. ഒപ്പം അവയൊക്കെ സംയമനത്തോടും സഹിഷ്ണുതയോടും കൂടെ സ്വീകരിക്കാനുള്ള ദൈവകൃപക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യാം. ഒരു കാര്യം മറക്കാതിരിക്കാം, സുഖസൗകര്യങ്ങളുടെ വിശാലതകള്‍ വെടിഞ്ഞ്, കഷ്ടപ്പാടിന്റെ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുന്നവര്‍ക്ക് ദൈവം ഒരുക്കിവച്ചിരിക്കുന്ന സമ്മാനമാണ് സ്വര്‍ഗരാജ്യം. ഈ സ്വര്‍ഗരാജ്യത്തിനായി നമുക്കും ആത്മാര്‍ത്ഥമായി ആഗ്രഹിക്കാം, ഒരുങ്ങാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ഡീ. സക്കറിയാ മാലിയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.