ഞായർ പ്രസംഗം, ഉയിർപ്പുകാലം അഞ്ചാം ഞായർ മെയ് 07, ക്രിസ്തുസാന്നിധ്യം ഹൃദയങ്ങളില്‍ ഉണ്ടാകാന്‍

ബ്ര. എബി ആന്റണി കളരിപ്പറമ്പില്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞവരേ,

ആരാധനാക്രമ വത്സരത്തിലെ ഉയിര്‍പ്പുകാലം അഞ്ചാം ഞായറാഴ്ചയായ ഇന്ന് തിരുസഭാമാതാവ് നമുക്ക് വിചിന്തനത്തിനായി നല്‍കിയിരിക്കുന്നത് വി. യോഹന്നാന്റെ സുവിശേഷം 21-ാം അധ്യായം 1 മുതല്‍ 14 വരെയുള്ള വാക്യങ്ങളാണ്. തന്റെ സ്‌നേഹവലയത്തില്‍ നിന്ന് വിട്ടുപോകുന്ന മനുഷ്യരെ തേടിയിറങ്ങുന്ന മാതൃഭാവമുള്ള ഒരു ദൈവത്തെയാണ് ഇവിടെ യോഹന്നാന്‍ ശ്ലീഹാ നമ്മുടെ മുമ്പില്‍ വരച്ചുകാട്ടുന്നത്. നഷ്ടപ്പെട്ടുപോയ ഒന്നിനെ തിരികെക്കിട്ടാന്‍ തേടിയിറങ്ങണമെങ്കില്‍ അവന്‍, ആ നഷ്ടമായതിനെ എത്രമാത്രം സ്‌നേഹിച്ചിരിക്കണം എന്നതും ധ്യാനവിഷയമാക്കേണ്ടതാണ്. പരമപിതാവായ ദൈവത്തിന്റെ മാതൃഭാവം തുളുമ്പുന്ന ഈ അനന്തസ്‌നേഹം നമുക്കു മുമ്പില്‍ മിഴിവോടെ തുറന്നുകാട്ടുകയാണ് ഇന്ന് നാം ശ്രവിച്ച മറ്റു വായനകള്‍. 1-ാം വായനയില്‍ ഏശയ്യാ പ്രവാചകന്‍, തന്റെ ജനത്തോട് കരുണ കാണിക്കുന്ന ഒരു ദൈവത്തെയാണ് നമ്മുടെ മുമ്പില്‍ കാണിക്കുന്നത്. തങ്ങളെ തെരഞ്ഞെടുത്ത ദൈവം എന്നും പരിശുദ്ധനും വിശ്വസ്തനുമാണെന്ന് ഒരിക്കല്‍ക്കൂടി ജനത്തോട് അവിടുന്ന് കാണിച്ചുകൊടുക്കുകയാണ്.

രണ്ടാം വായനയില്‍ സാവൂളിന് യഥാര്‍ത്ഥ വഴി കാണിച്ചുകൊടുക്കുന്ന ഒരു ദൈവത്തെയാണ് നാം കണ്ടുമുട്ടുക. ‘നീ പിഡിപ്പിക്കുന്ന ഈശോയാണ് ഞാന്‍’ എന്ന ഒറ്റ മറുപടിക്കു മുമ്പില്‍ തന്റെ കഴിഞ്ഞകാല തെറ്റുകളെ ഓര്‍ത്ത് മനസ്തപിച്ച് തിരിച്ചുവരുന്ന ഒരു പൗലോസിനെ നമുക്ക് കാണാന്‍ സാധിക്കും. നമ്മോട് വാഗ്ദാനം ചെയ്തിരിക്കുന്നവന്‍ വിശ്വസ്തനാകയാല്‍ പരസ്പരം സ്‌നേഹിച്ചും പ്രോത്സാഹിപ്പിച്ചും ജീവിക്കാന്‍ അവിടുന്ന് ഹെബ്രായ ലേഖനത്തിലൂടെ നമ്മോട് ആവശ്യപ്പെടുകയാണ്.

ഈ നാല് വായനകളിലൂടെയും ദൈവം തന്റെ സ്‌നേഹം എന്താണെന്ന് മനുഷ്യവര്‍ഗ്ഗത്തിനു മുമ്പില്‍ തുറന്നുകാണിക്കുകയാണ്. ഒരിക്കല്‍ ക്രിസ്തുവിനു വേണ്ടി ഉപേക്ഷിച്ച പലതിലേക്കും, തിരിച്ചുപോയ ഒരു ശിഷ്യഗണത്തെ നമുക്കിവിടെ കാണാം. ഇഷ്ടപ്പെട്ട വലയും വഞ്ചിയും ഉപേക്ഷിച്ച് മനുഷ്യരെ പിടിക്കുന്നവരാക്കിയത് ദൈവത്തിന്റെ ഇഷ്ടങ്ങള്‍ക്ക് അവരെ ഉപയോഗിക്കാനായിരുന്നു. എന്നാല്‍ ഹൃദയത്തില്‍ ക്രിസ്തുസാന്നിധ്യം നഷ്ടമാകുമ്പോള്‍ വീണ്ടും ഉപേക്ഷിച്ചതിലേക്ക് അവര്‍ തിരിച്ചുപോകുകയാണ്. വചനം പറഞ്ഞുവയ്ക്കുന്നു: “കലപ്പയില്‍ കൈ വച്ചിട്ട് പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വര്‍ഗരാജ്യത്തിന് യോഗ്യനല്ല” (ലൂക്കാ 9:62).
നമ്മുടെ ജീവിതങ്ങളില്‍ ക്രിസ്തുസാന്നിധ്യം നഷ്ടമാകുമ്പോള്‍ പലപ്പോഴും ഉപേക്ഷിച്ച പലതിലേക്കും നമ്മളും തിരിച്ചുപോകാറുണ്ട്. തെറ്റായ സ്വഭാവങ്ങള്‍, തെറ്റായ ബന്ധങ്ങള്‍, തെറ്റായ പ്രവര്‍ത്തികള്‍ ഇതെല്ലാം ഒരുമിച്ച് വീണ്ടും നമ്മെ തേടിയെത്തിയേക്കാം. ക്രിസ്തുസാന്നിധ്യം നമ്മുടെ ഹൃദയത്തില്‍ നിന്നും നഷ്ടമാകാതിരിക്കാന്‍ നാം പ്രധാനമായും മൂന്ന് കാര്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതാണ്.

ഒന്നാമതായി, സ്വയം വെളിപ്പെടുത്തുന്ന ക്രിസ്തുവിനെ തിരിച്ചറിയുക

തിബേരിയാസിന്റെ തീരത്ത് ശിഷ്യര്‍ക്കായി, വീണ്ടും സ്വയം വെളിപ്പെടുത്തിയ ഈശോ ഇന്നും നമ്മുടെ ജീവിതങ്ങളില്‍, അനുദിന വിശുദ്ധ ബലിയര്‍പ്പണത്തിലൂടെയും മറ്റു വ്യക്തികളിലൂടെയും സാഹര്യങ്ങളിലൂടെയും സന്ദര്‍ഭങ്ങളിലൂടെയും സ്വയം വെളിപ്പെടുന്നുണ്ടെന്ന് നാം തിരിച്ചറിയുക.

കല്‍ക്കട്ടയിലെ വി. മദര്‍ തെരേസയുടെ ജീവിതത്തിലെ ഒരു ദൈവാനുഭവം അമ്മ ഇപ്രകാരമാണ് പറഞ്ഞുവയ്ക്കുന്നത്: ഒരിക്കല്‍ ഒരു ഹൈന്ദവ സഹോദരന്‍ മഠത്തിന്റെ മുമ്പില്‍ യാചനാപൂര്‍വ്വം നില്‍ക്കുകയാണ്. അദ്ദേഹവും ഭാര്യയും മൂന്നു മക്കളും ഭക്ഷണം കഴിച്ചിട്ട് നാലു ദിവസത്തോളമായി എന്ന് അറിയുന്ന മദര്‍ തെരേസ അവര്‍ക്കുള്ള രണ്ടു നേരത്തെ ഭക്ഷണവും ശേഖരിച്ച് യാത്രയാവുകയാണ്. വിശന്ന് വയറൊട്ടി അവശരായിരുന്ന ആ കുഞ്ഞുമക്കളുടെ ദയനീയതയില്‍ മനസ് നൊന്ത അമ്മ അവരെ ഊട്ടാന്‍ തുടങ്ങുമ്പോള്‍, ധൃതിയില്‍ അതില്‍ നിന്നും ഒരു നേരത്തെ ഭക്ഷണവുമായി വീടിനു പുറത്തേക്കു പോകുന്ന അദ്ദേഹത്തിന്റെ ഭാര്യയെ അമ്മ ശ്രദ്ധിക്കാനിടയായി. ആകാംക്ഷയോടെ പിറകെ ചെന്ന മദര്‍ തെരേസ കാണുന്നത്, ഉള്ളതിന്റെ പകുതി പങ്കുവയ്ക്കുന്ന ആ സ ഹോദരിയെയാണ്. കാര്യം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ നാലു ദിവസമായി പട്ടിണിയിലാണ്. എന്നാല്‍ അവര്‍ കഴിഞ്ഞ ഒരാഴ്ചയായി പട്ടിണി കിടക്കുന്നു.’ ഇല്ലായ്മയില്‍ നിന്നു പോലും ഉള്ളതിന്റെ പങ്ക് അപരനായി പകുത്തുനല്‍കിയ ആ സഹോദരിയിലും ഞാന്‍ എന്റെ ക്രിസ്തുവിനെ ദര്‍ശിച്ചു എന്ന് മദര്‍ തെരേസ പങ്കുവയ്ക്കുന്നു. ഇതുപോലെ നമ്മുടെയൊക്കെ ജീവിതങ്ങളിലും ക്രിസ്തുമുഖങ്ങള്‍ കണ്ടെത്താനും അതിലുപരി മറ്റൊരു ക്രിസ്തുവായിത്തീരാനും നമുക്ക് സാധിക്കട്ടെ.

രണ്ടാമതായി ക്രിസ്തു നല്‍കുന്ന നിര്‍ദ്ദേശങ്ങളെ മുറുകെപ്പിടിക്കുക

തിബേരിയാസിന്റെ തീരത്ത് ഒരു രാത്രി മുഴുവന്‍ അദ്ധ്വാനിച്ചിട്ട് ഒരു മീന്‍ പോലും ലഭിക്കാതെ നിരാശരായിരിക്കുന്ന ശിഷ്യസമൂഹത്തിനു മുമ്പില്‍ പ്രതീക്ഷയുടെ വാക്കുകളായി കടന്നുവരുന്ന ക്രിസ്തു. അവന്‍ പറഞ്ഞു: “വള്ളത്തിന്റെ വലതുവശത്ത് വലയിടുക; അപ്പോള്‍ നിങ്ങള്‍ക്കു കിട്ടും.” ക്രിസ്തുനിര്‍ദ്ദേശങ്ങളെ മുറുകെപ്പിടിച്ച ശിഷ്യസമൂഹം അത്ഭുതകരമായ കാഴ്ചകളാണ് പിന്നീട് ദര്‍ശിക്കുന്നത്.

നമ്മുടെ ജീവിതങ്ങളില്‍ ശിഷ്യന്മാരെപ്പോലെ ക്രിസ്തു നല്‍കുന്ന നിര്‍ദ്ദേശങ്ങളെ മുറുകെപ്പിടിക്കാം. ജീവിതത്തിലെ വിവിധങ്ങളാകുന്ന പ്രയാസഘട്ടത്തില്‍ ഒരു തീരുമാനം പോലും എടുക്കാന്‍ പറ്റാതെ വിഷമിക്കുന്ന അവസ്ഥകളില്‍ ക്രിസ്തുവിനെ കൂടെ കൂട്ടാം. അവന്‍ തിരുവചനങ്ങളിലൂടെ നമ്മോട് സംസാരിക്കും. അവന്‍ വൈദികരിലൂടെ നമ്മോട് സംസാരിക്കും. അവന്‍ നമ്മുടെ പ്രിയപ്പെട്ടവരിലൂടെ നമ്മോട് സംസാരിക്കും. Wait! hear the Words of Jesus and take the Decision. ശിഷ്യന്മാര്‍ കണ്ട അതേ അത്ഭുതങ്ങള്‍ നിങ്ങളുടെ കണ്ണുകളും കാണും. അതിനായി നമുക്ക് പരിശ്രമിക്കാം.

മൂന്നാമതായി ക്രിസ്തുവിന്റെ ഇഷ്ടങ്ങള്‍ക്കനുസൃതം നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുക

തിബേരിയാസ് കടല്‍ത്തീരത്ത് ക്രിസ്തുവിനെ തിരിച്ചറിഞ്ഞ് ക്രിസ്തുവിന്റെ സ്വരം മനസിലാക്കിയ ശിഷ്യന്മാര്‍ പിന്നീട് തിരിഞ്ഞുനടന്നിട്ടില്ല. പിന്നെയോ, മറ്റുള്ളവര്‍ക്കു മുമ്പില്‍ ക്രിസ്തുവിന്റെ സ്വരമായി രൂപപ്പെട്ട് അവര്‍ അവന് സാക്ഷ്യം നല്‍കി. ഇത്തരത്തില്‍ ക്രിസ്തുവിന്റെ സാക്ഷികളായിത്തീരാനുള്ള ഒരു വിളിയാണ് ക്രൈസ്തവരായ നമുക്കോരോരുത്തര്‍ക്കും നല്‍കപ്പെട്ടിട്ടുള്ളത്. അതിന് ക്രിസ്തുവിന്റെ ഇഷ്ടങ്ങള്‍ക്കനുസൃതം നമ്മുടെ ജീവിതത്തെ നാം രൂപാന്തരപ്പെടുത്തണം. അങ്ങനെയെങ്കില്‍ നമുക്കും ക്രിസ്തുവിന്റെ മുഖമായിത്തീരാം, സ്വരമായി മാറാം, സാന്നിധ്യം പകര്‍ന്നുകൊടുക്കാം.

ഒരു ക്രിസ്തുശിഷ്യന്റെ ആത്യന്തികമായ വിളി മറ്റൊരു ക്രിസ്തുവായിത്തീരുക എന്നതാണ് നമ്മെ അറിയുന്നവരില്‍, നമ്മുടെ സഹായം ലഭിക്കുന്നവരില്‍, ഉറ്റവരില്‍, ഉടയവരില്‍ നമുക്കും ക്രിസ്തുസാന്നിധ്യം പകരാന്‍ കഴിയും. തിബേരിയാസിന്റെ തീരത്ത് മാതൃഭാവത്തോടെ തന്റെ ശിഷ്യരെ ഊട്ടിയ അതേ സ്‌നേഹസാന്നിധ്യം നമുക്കും പകര്‍ന്നുകൊടുക്കാന്‍ കഴിയണം. അതിന് വിശുദ്ധ കുര്‍ബാനയിലൂടെ തന്നെത്തന്നെ വെളിപ്പെടുത്തുന്ന ക്രിസ്തുവിനെ തിരിച്ചറിയണം. സ്‌നേഹത്തിന്റെ കൂദാശയായ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതു വഴി നാം അനുഭവിക്കുന്ന അതേ സ്‌നേഹം നമ്മിലൂടെ മറ്റുള്ളവര്‍ക്ക് പങ്കുവയ്ക്കാന്‍ നമുക്ക് കഴിയണം. ആയതിനാല്‍ ക്രിസ്തു നല്‍കുന്ന നിര്‍ദ്ദേശങ്ങളെ മുറു കെപ്പിടിക്കാം. ക്രിസ്തുവിന്റെ ഇഷ്ടങ്ങള്‍ക്കനുസൃതം നമ്മുടെ ജീവിതത്തെ രൂപപ്പെടുത്താം. ഇത്തരത്തില്‍ വലിയ ഒരു സ്‌നേഹാനുഭവം സ്വന്തമാക്കാന്‍ ദിവ്യകാരുണ്യനാഥന്‍ നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ബ്ര. എബി ആന്റണി കളരിപ്പറമ്പില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.