ഞായർ പ്രസംഗം, കൈത്താക്കാലം ഏഴാം ഞായർ സെപ്റ്റംബർ 04, സ്വര്‍ഗത്തിലെ നിധി

കനേഡിയന്‍ പര്യടനം പൂര്‍ത്തിയാക്കി റോമില്‍ തിരിച്ചെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ആഞ്ചലൂസ് സന്ദേശത്തില്‍ ഇപ്രകാരം പറയുകയുണ്ടായി: “സമ്പത്തിനോടുള്ള അത്യാര്‍ത്തി രോഗമാണ്; അത് മനുഷ്യനെ നശിപ്പിക്കും.”

ബ്ര. ജോസഫ് നെടുങ്ങനാല്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞ വൈദികരേ, സഹോദരങ്ങളേ,

കൈത്താകാലത്തിലെ അവസാന ഞായറാഴ്ചയില്‍ നാം ആയിരിക്കുമ്പോള്‍ തിരുസഭാമാതാവ് നമ്മുടെ വിചിന്തനത്തിനായി തന്നിരിക്കുന്നത് മത്തായിയുടെ സുവിശേഷം ആറാം അധ്യായം 19 മുതല്‍ 24 വരെയുള്ള തിരുവചന ഭാഗമാണ്. (ഈലോക ജീവിതയാത്രയില്‍ ലോകസമ്പാദ്യങ്ങളുടെ പിറകെ നീങ്ങാതെ യഥാര്‍ത്ഥ നിക്ഷേപമായ ദൈവരാജ്യത്തിനു വേണ്ടി പ്രയത്‌നിക്കണമെന്ന ഓര്‍മ്മപ്പെടുത്തലാണ് ഇന്നത്തെ തിരുവചനം).

ഈ തിരുവചനത്തെ നമ്മുടെ ജീവിതത്തോട് ചേര്‍ത്തുവച്ച് വ്യാഖ്യാനിച്ചാല്‍ സമ്പത്ത് ശേഖരിക്കുന്നത് ഒരു തിന്മയാണെന്നു തോന്നിയേക്കാം. എന്നാല്‍ സമ്പന്നനാകുന്നത് ഒരു പാപമാണോ? ഈ ചിന്തകള്‍ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് സുവിശേഷത്തിലെ ചില വ്യക്തികളിലാണ്.

നാം ആവര്‍ത്തിച്ചു വായിച്ചിട്ടുള്ള ഭാഗമാണ് ധനവാനും ലാസറും. ധനവാന്‍ ലാസറിനെതിരെ യാതൊന്നും തിന്മയായി ചെയ്തെന്ന് സുവിശേഷം നമ്മോടു പറയുന്നില്ല. പക്ഷേ സ്വര്‍ഗ്ഗം അവനെതിരെ അടയ്ക്കപ്പെട്ടു. ലൂക്കായുടെ സുവിശേഷത്തില്‍ നാം കാണുന്ന ഭോഷനായ ധനികന്‍ തന്റെ സമ്പാദ്യമെല്ലാം സൂക്ഷിച്ചുവയ്ക്കാന്‍ തത്രപ്പെടുന്നു. അവനോട് ദൈവം അവന്റെ ആത്മാവിനെ ആവശ്യപ്പെട്ടു. അങ്ങനെ അവനും സ്വര്‍ഗം നഷ്ടപ്പെട്ടു. എന്നാല്‍ ധനികമാര്‍ സ്വര്‍ഗ്ഗത്തില്‍ സ്ഥാനം നേടില്ലേ എന്ന ചോദ്യത്തിന്ഉത്തമോദാഹരണമാണ് സക്കേവൂസ് എന്ന ധനികന്‍. തന്റെ സമ്പത്തില്‍ പകുതി ദരിദ്രരുമായി പങ്കിട്ടപ്പോള്‍, വഞ്ചിച്ചെടുത്തവ തിരികെ നല്‍കിയപ്പോള്‍ ഈ ലോകജീവിതത്തില്‍ അവന്‍ സ്വര്‍ഗ്ഗം ഉറപ്പിച്ചു. രണ്ട് ചെമ്പുതുട്ടുകള്‍ കൊണ്ട് സമ്പന്നയായവളാണ് ദരിദ്രയായ വിധവ. തന്റെ ജീവിതം മുഴുവന്‍ ദൈവത്തിനു പൂര്‍ണ്ണമായി സമര്‍പ്പിച്ച് സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം നേടിയവള്‍. ഈ ജീവിതങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു, സമ്പത്തല്ല അത് എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതാണ് സ്വര്‍ഗ്ഗത്തിലെ നിക്ഷേപത്തിന്റെ മാനദണ്ഡം. നമ്മുടെ ഈ കൊച്ചുജീവിതത്തില്‍ എങ്ങനെയാണ് നാം നിക്ഷേപം സ്വരുക്കൂട്ടേണ്ടത്? മരിച്ചാലും മറക്കില്ലാട്ടോ എന്നുപറഞ്ഞ് അനേകര്‍ക്ക് സ്വര്‍ഗ്ഗപ്രതീക്ഷ നല്‍കിയ വി. എവുപ്രാസ്യ ഇന്നും അനേകം മനസുകളില്‍ ജീവിക്കുന്നു. ഹ്രസ്വമായ ജീവിതത്തില്‍ നമ്മുടെ ചെയ്തികളിലൂടെയേ നാം സ്വര്‍ഗത്തില്‍ നിക്ഷേപം കൂട്ടുകയുള്ളൂ എന്നതിന് ഒരു ഉദാഹരണമാണ് വി. എവുപ്രാസ്യ. കൊല്‍ക്കത്തയുടെ തെരുവുകളില്‍ മറ്റുള്ളവര്‍ക്കു വേണ്ടി സ്വന്തം ജീവന്‍ മാറ്റിവച്ച ക്രിസ്തുദാസിയായ മദര്‍ തെരേസയും, കുഷ്ഠരോഗികള്‍ക്കു വേണ്ടി ജീവിച്ച് കുഷ്ഠരോഗിയായി മരിച്ച ഫാ. ഡാമിയനുമൊക്കെ സ്വയം നഷ്ടപ്പെടുത്തി സ്വര്‍ഗം നേടിയവരാണ്.

ഏകദേശം നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മില്‍ നിന്ന് വേര്‍പിരിഞ്ഞു പോയ ഒരു മാലാഖയാണ് ലിനി. തന്റെ ജീവനേക്കാളുപരി തന്നിലേല്‍പിക്കപ്പെട്ട രോഗികളുടെ ജീവന് വില കല്‍പിച്ച് നേഴ്‌സിന്റെ കര്‍മ്മം നിര്‍വ്വഹിച്ച മാലാഖ. നിപ്പാ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിച്ച് കടന്നുപോയ അവള്‍ മലയാളികള്‍ക്ക് ഇന്ന് ഒരു മാലാഖയാണ്. ഈ ജീവിതങ്ങളെല്ലാം അര്‍ത്ഥപൂര്‍ണ്ണമായി മാറി. കാരണം ഇവരെല്ലാം അഴിഞ്ഞ ഗോതമ്പുമണികളായിരുന്നു. സ്വന്തം ജീവിതത്തിലൂടെ ക്രിസ്തീയ ജീവിതവും ക്രിസ്തീയമൂല്യവും എന്താണെന്ന് നമ്മെ പഠിപ്പിച്ചവരായിരുന്നു.

ഇന്നത്തെ വചനഭാഗം നമ്മോട് മൂന്നു ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. ഒന്ന്, നമ്മുടെ നിക്ഷേപം എവിടെയാണ്? മത്തായിയുടെ സുവിശേഷം 19-ാം അധ്യായത്തില്‍, ജീവനില്‍ പ്രവേശിക്കുവാന്‍ എന്തു ചെയ്യണമെന്ന് ഈശോയോടു ചോദിക്കുന്ന ധനികനായ ഒരു യുവാവുണ്ട്. അവന്‍ എല്ലാ നിയമവും പാലിക്കുന്നുണ്ടെന്ന് അറിഞ്ഞ ഈശോ അവനോട് പറഞ്ഞു: പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്ക് നിക്ഷേപമുണ്ടാകും. എന്നാല്‍ വചനം സാക്ഷ്യപ്പെടുത്തുന്നു, ആ യുവാവ് സങ്കടപ്പെട്ട് തിരിച്ചുപോയി. കാരണം അവന് ധാരാളം സമ്പത്ത് ഉണ്ടായിരുന്നു. നൈമിഷികമായ സുഖം നല്‍കുന്ന സമ്പത്തിലല്ല, ഒരിക്കലും നശിച്ചുപോകാത്ത സമ്പത്തിനു വേണ്ടി നാം അദ്ധ്വാനിക്കണമെന്ന് ഈശോ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

രണ്ടാമതായി നിന്റെ കണ്ണുകള്‍ പ്രകാശിക്കുന്നുണ്ടോ? ഈ ചോദ്യം നമ്മുടെ അനുദിന ജീവിതത്തിലേക്ക് ഒന്ന് കൊണ്ടു വരാം. ദിനംപ്രതി പെട്രോളിന്റെ വില ഉയരുകയാണല്ലോ. നാളെ വീണ്ടും പെട്രോളിന്റെ വില കൂടുമെന്ന് അറിഞ്ഞാല്‍ നമ്മള്‍ എത്രയും പെട്ടെന്ന് പരമാവധി പെട്രോള്‍ വാങ്ങിവയ്ക്കും. കാലത്തിന്റെ അടയാളങ്ങള്‍ മനസിലാക്കുന്ന നമുക്ക് എന്തുകൊണ്ടാണ് ‘മാനസാന്തരപ്പെടുവിന്‍ സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു’ എന്ന് ആ 33-കാരന്‍ നല്‍കിയ സ്വര്‍ഗ്ഗത്തിന്റെ അടയാളങ്ങള്‍ മനസിലാകാതെ പോയത്? എന്തു കൊണ്ടാണ് നമ്മുടെ പ്രവര്‍ത്തികളെ നാം ക്രമപ്പെടുത്താത്തത്? എന്തുകൊണ്ടാണ് ഇന്നും നാം നമ്മുടെ ഭൗതികനേട്ടങ്ങളെ ആത്മീയനേട്ടങ്ങളെക്കാള്‍ വിലമതിക്കുന്നത്? റഷ്യന്‍ കഥാകൃത്ത് റോമനോഫിന്റെ ‘പ്രോപ്പര്‍ട്ടി’ എന്ന നോവലിന്റെ പ്രധാന ചിന്ത ഇതാണ്, ഭൂമിയോടുള്ള മനുഷ്യന്റെ ആസക്തി പറിച്ചെറിഞ്ഞാലും പോകാത്ത ഒരു അധമവികാരമാണത്രേ. വാതിലില്‍ കൂടി പുറത്തുകളഞ്ഞാലും ജനലില്‍ കൂടി അ കത്ത് കയറിവരും എന്ന മട്ടാണ്.

മൂന്നാമതായി ഈശോ ചോദിക്കുന്നു, ആരാണ് നിന്റെ യജമാനന്‍? മറ്റൊരു ക്രിസ്തു ആകാന്‍ വിളിക്കപ്പെട്ടിരിക്കുന്ന നാം ഓരോരുത്തരും ആത്മഗതം ചെയ്യേണ്ടിയിരിക്കുന്നു, ഞാന്‍ ഒരു ക്രിസ്തുശിഷ്യനോ, ശിഷ്യയോ ആണോ എന്ന്. ഞാന്‍ ക്രിസ്തുവിനെ അനുഗമിക്കുന്നവനോ, അനുഗമിക്കുന്നവളോ ആണോ എന്ന്.

ഇവിടെ യജമാനനും മാമോനും രണ്ട് കഥാപാത്രങ്ങളാണ്. നമ്മുടെ യജമാനന്‍ ദൈവമാണ്. മാമോന്‍ എന്ന വാക്ക് നമുക്ക് ആവശ്യമായതെന്തോ അതിനെയാണ് സൂചിപ്പിക്കുന്നത്. അത് നമ്മുടെ സമ്പത്താകാം, ജോലിയാകാം, ബന്ധങ്ങളാകാം, എന്തുതന്നെ ആയിക്കൊള്ളട്ടെ അത് നമ്മുടെ യജമാനനായ ഈശോയില്‍നിന്ന് നമ്മെ അകറ്റുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ഉണ്ടെങ്കില്‍ നാം ഈശോയെ ഹൃദയത്തില്‍ നിന്ന് മാറ്റിക്കളഞ്ഞിരിക്കുന്നു.

യഥാര്‍ത്ഥ നിക്ഷേപം ലഭിക്കാന്‍ നോഹ ചെയ്തത് ദൈവം അവനോട് കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു. ജെറമിയ പ്രവാചകന്‍ പറയുന്നു, ദൈവം കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചാല്‍ അവിടുന്ന് നന്മ ചെയ്യുന്നതില്‍ നിന്ന് പിന്മാറുകയില്ല. ഇത് ഒന്നുകൂടി ഊന്നിപ്പറയുകയാണ് യാക്കോബ് ശ്ലീഹ, നിങ്ങള്‍ ദൈവത്തോട് ചേര്‍ന്നുനില്‍ക്കുവിന്‍; അവിടുന്ന് നിങ്ങളോട് ചേര്‍ന്നുനില്‍ക്കും. ഈ വായനകളെല്ലാം തന്നെ പറയുന്നത് ദൈവത്തോട് ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മാത്രമേ നമുക്ക് സ്വര്‍ഗത്തില്‍ നിക്ഷേപം കരുതിവയ്ക്കാന്‍ സാധിക്കുകയുള്ളൂ എന്നു തന്നെയാണ്.

നാം എല്ലാവരും കേട്ടിട്ടുള്ള ഒരു കഥയുണ്ട്. രാജാവ് തന്റെ പിറന്നാള്‍ ദിനത്തില്‍ തന്റെ പ്രജകള്‍ക്ക്, തൊടുന്നതെന്തും സ്വന്തമാകാനുള്ള അവസരം നല്‍കി. എല്ലാവരും വളരെ ആ വേശത്തോടെ ഓടിനടന്ന് എല്ലാം തൊട്ട് സ്വന്തമാക്കി. എല്ലാവരും എല്ലാം സ്വന്തമാക്കിയപ്പോള്‍ ഒരു യുവതി ഓടിവന്ന് രാജാവിനെ തൊട്ടു. അങ്ങനെ രാജാവ് അവള്‍ക്ക് സ്വന്തമായി. ഇതു തന്നെയാണ് നമ്മുടെ ജീവിതങ്ങളിലും കാണാന്‍ സാധിക്കുന്നത്. ഭൂമിയിലുള്ളതെല്ലാം സ്വന്തമാക്കുമ്പോള്‍ നാം മറക്കുന്ന ഒരു കാര്യമുണ്ട്. നമ്മെ സൃഷ്ടിച്ച, നാം കാണുന്നതെല്ലാം സൃഷ്ടിച്ച നമ്മുടെ ദൈവത്തെ. ജോലിയുടെ, പണത്തിന്റെ, അധികാരത്തിന്റെ പിറകെ ഓടുമ്പോള്‍ അത് തന്ന ദൈവത്തെ നാം പലപ്പോഴും മറക്കുന്നു. അവനെ തൊടാന്‍ ആര്‍ക്കും സമയമില്ലാതെ പോകുന്നു. നാം അവഹേളിക്കുന്ന ആ ദൈവം ഇന്ന് നമ്മുടെ മുന്നില്‍ കടന്നുവരുന്നത് നമ്മുടെ സഹോദരങ്ങളിലൂടെയാണ്. ഈശോ പറയുന്നു, ഈ ചെറിയവരില്‍ ആര്‍ക്കെങ്കിലും നീ ഇത് ചെയ്തപ്പോഴെല്ലാം എനിക്കു തന്നെയാണ് ചെയ്തതെന്ന്. ഓരോ വിശുദ്ധരും അവരുടെ നിക്ഷേപം കൂട്ടിയത് കാണപ്പെട്ട മനുഷ്യരെ സഹായിച്ചിട്ടാണ്. നന്മ നിറഞ്ഞ പ്രവര്‍ത്തികളിലൂടെ നമുക്കും ഈശോ എന്ന നിക്ഷേപം സ്വന്തമാക്കാന്‍ പറ്റും.

വി. അല്‍ഫോന്‍സാമ്മാ പറയുന്നു: “ഈശോയേ, നിന്നെ മാത്രം മതി. മറ്റൊന്നും എനിക്കു വേണ്ട.” വി. തോമസ് അക്വിനാസ് പറയുന്നു: “Domine non nisi te” –  നാഥാ, നിന്നെ മാത്രം മതി.

നമുക്കും നമ്മുടെ പ്രവര്‍ത്തികളെ വിലയിരുത്താം. നിന്റെ പ്രവര്‍ത്തികള്‍ സത്പ്രവര്‍ത്തികളാണോ എങ്കില്‍ നിന്റെ കണ്ണുകള്‍ പ്രകാശിക്കും. നിന്റെ പ്രവര്‍ത്തികള്‍ നന്മ ഉള്ളവയാണോ എങ്കില്‍ ഈശോയാണ് നിന്റെ യജമാനന്‍. വിശുദ്ധ കുര്‍ബാനയില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം, ഈശോയേ, മറ്റുള്ളവരെ സഹായിച്ചുകൊണ്ട് ഈ ലോക ജീവിതത്തില്‍ നീ മാത്രമാവട്ടെ എന്റെ നിക്ഷേപം. സങ്കീര്‍ത്തനങ്ങള്‍ പറയുന്നതു പോലെ നമുക്കും ഏറ്റുപറയാം. ‘സ്വര്‍ഗത്തില്‍ അങ്ങാല്ലതെ ആരാണ് എനിക്കുള്ളത്? ഭൂമിയിലും അങ്ങയെ അല്ലാതെ ഞാനാരെയും ആഗ്രഹിക്കുന്നില്ല.’

നല്ലവനായ ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

ബ്ര. ജോസഫ് നെടുങ്ങനാല്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.