
ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞ പ്രിയ സഹോദരങ്ങളെ,
സഭയുടെ വിശുദ്ധീകരണവും ഈശോയുടെ രണ്ടാം വരവും യുഗാന്ത്യതയും പ്രധാന ധ്യാനവിഷയമാകുന്ന കാലമാണ് പള്ളിക്കൂദാശാക്കാലം. ഈ കാലത്തിന്റെ മൂന്നാം ഞായറാഴ്ചയിലേക്ക് നാം ഇന്ന് പ്രവേശിക്കുമ്പോള്‍ തിരുസഭ വിചിന്തനത്തിനായി നല്‍കിയിരിക്കുന്നത് വി. യോഹന്നാന്റെ സുവിശേഷം രണ്ടാം അധ്യായം 13 മുതല്‍ 22 വരെയുള്ള വചനഭാഗങ്ങളാണ്. നമ്മെത്തന്നെ വിശുദ്ധീകരിച്ച് ദൈവത്തിന് വസിക്കാന്‍ യോഗ്യമായ ദൈവാലയങ്ങളായി മാറണമെന്ന ആഹ്വാനമാണ് ഇന്നത്തെ വചനഭാഗം നമുക്കു നല്‍കുന്നത്.
ക്രൈസ്തവജീവിതം ക്രിസ്തുകേന്ദ്രീകൃതവും ദൈവാലയത്തോട് ബന്ധപ്പെട്ടതുമാണ്. ദൈവത്തെ ആരാധിക്കാനും ഹൃദയവ്യഥകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കാനുമുള്ള സ്ഥലമായിരുന്നു ക്രൈസ്തവര്‍ക്ക് ദൈവാലയം. ക്രൈസ്തവര്‍ക്ക് ദൈവാലയം എത്രമാത്രം പ്രധാനമാണോ അതുപോലെ പ്രധാനമായിരുന്നു ഇസ്രായേല്‍ ജനതയ്ക്ക് അവരുടെ ജെറുസലേം ദൈവാലയവും. അതുകൊണ്ടുതന്നെ 46 സംവത്സരം കൊണ്ടു പണിതുയര്‍ത്തിയ ജെറുസലേം ദൈവാലയത്തിന് യഹൂദസംസ്‌കാരത്തിലും രക്ഷാകരചരിത്രത്തിലും വലിയ പ്രാധാന്യമാണുള്ളത്. ദൈവീകസാന്നിധ്യത്തിന്റെ ഇരിപ്പിടവും കേന്ദ്രവുമാണ് യഹൂദജനതയ്ക്ക് ജെറുസലേം ദൈവാലയം. ഈ പ്രാര്‍ഥനാലയത്തെ കച്ചവടസ്ഥലമാക്കുന്നവരോട് ദൈവാലയത്തിന്റെ പ്രാധാന്യത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഈശോ സംസാരിക്കുന്നതും തന്റെ ശരീരം ദൈവത്തിന്റെ ആലയമാണെന്ന് പഠിപ്പിക്കുന്നതുമാണ് ഇന്നത്തെ വചനഭാഗം.
പഴയനിയമത്തിലെ ദൈവവും ദൈവാലയസങ്കല്‍പങ്ങളും പുതിയനിയമത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഇസ്രായേല്‍ ജനം ഈജിപ്തിന്റെ അടിമത്വത്തില്‍ നിന്ന് വിമോചനം പ്രാപിച്ചു യാത്രചെയ്യുമ്പോള്‍ പകല്‍ മേഘസ്തംഭത്തിലും രാത്രി അഗ്‌നിയായും ദൈവം അവരുടെ കൂടെയുണ്ടായിരുന്നു. പിന്നീട് ദൈവകല്‍പനപ്രകാരം വാഗ്ദാനപേടകം സ്ഥാപിക്കുകയും അതില്‍ ദൈവീകസാന്നിധ്യം അനുഭവിക്കുകയും ചെയ്തു. പുതിയനിയമത്തില്‍ ദൈവം മനുഷ്യരൂപം സ്വീകരിച്ച് മനുഷ്യരോടൊപ്പം വസിക്കുന്നു. വി. യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായം 14-ാം വാക്യത്തില്‍ ഇപ്രകാരം പറയുന്നു: ”വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു.” പുതിയനിയമ ദൈവശാസ്ത്രത്തില്‍ നമ്മുടെ ശരീരങ്ങളും ദൈവസാന്നിധ്യത്തിന്റെ ഇടങ്ങളാണ്. അതുകൊണ്ടാണ് പൗലോസ് അപ്പസ്‌തോലന്‍ കൊറിന്തോസുകാര്‍ക്കുള്ള ഒന്നാം ലേഖനം മൂന്നാം അധ്യായം 16-ാം വാക്യത്തില്‍ ഇപ്രകാരം പറയുന്നത്: ”നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ.”
വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ആന്ത്രോപോളജിയില്‍ അദ്ദേഹം ഊന്നിപ്പറയുന്നത്, ”അദൃശ്യനായ ദൈവത്തെ പ്രതിഫലിപ്പിക്കാനാണ് ദൈവം നമുക്ക് ശരീരം നല്‍കിയത്. നമുക്ക് ദൈവത്തെ കാണാനാവില്ല. പക്ഷേ, നമ്മുടെ ശരീരങ്ങള്‍ ദൈവത്തെ വെളിപ്പെടുത്തുന്നു” എന്നാണ്. പരിശുദ്ധി തന്നെയായ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നമുക്ക് ശരീരത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട് ജീവിക്കാന്‍ പരിശ്രമിക്കാം.
പ്രിയപ്പെട്ടവരെ ദൈവം വസിക്കുന്ന ആലയമായ നമ്മുടെ മനുഷ്യശരീരത്തില്‍ മൂന്നുതരത്തിലുള്ള വിശുദ്ധീകരണം ആവശ്യമാണ്. ശാരീരികം, മാനസികം, ആത്മീയം. ശരീരത്തിന്റെ ആരോഗ്യത്തിനു ഹാനികരമായ മദ്യവും മയക്കുമരുന്നും ജങ്ക് ഫുഡ്‌സുമൊക്കെ നമുക്ക് ഒഴിവാക്കാം. നമ്മുടെ ശരീരഭാഷയിലും വസ്ത്രധാരണത്തിലും മാന്യത കാത്തുസൂക്ഷിക്കണം. ശാരീരികവിശുദ്ധിയെ കളങ്കപ്പെടുത്തുന്ന എല്ലാ സാഹചര്യങ്ങളില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നും നമുക്ക് ഒഴിഞ്ഞുമാറാം. ജീവന്റെ സംരക്ഷകരായ നമുക്ക് നമ്മുടെ ശരീരത്തെ ആരോഗ്യത്തോടെയും വിശുദ്ധിയോടെയും കാത്തുസൂക്ഷിച്ചുകൊണ്ട് നമ്മുടെ ശരീരത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്താം. കൊറിന്തോസുകാര്‍ക്കുള്ള ഒന്നാം ലേഖനം ആറാം അധ്യായം 19, 20 വാക്യങ്ങളില്‍ പൗലോസ് ശ്ലീഹ നമ്മോട് ഇപ്രകാരം പറയുന്നു: ”നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണ്. നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍.”
ഉള്ളിലേക്കു പ്രവേശിക്കുന്നതല്ല ഉള്ളില്‍ നിന്നും പുറത്തുവരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത് എന്ന് ഈശോതന്നെ പറയുന്നു. നമ്മുടെ ജീവിതത്തില്‍ ദൈവം വസിക്കേണ്ടതിന് തടസ്സമായിനില്‍ക്കുന്ന കോപവും അഹങ്കാരവും അസൂയയും ദുര്‍മോഹങ്ങളും മടിയുമെല്ലാം കണ്ടെത്തി അവയ്‌ക്കെതിരെ പുണ്യങ്ങളായ ക്ഷമയും എളിമയും സ്‌നേഹവും അടക്കവും ഉത്സാഹവും നമുക്ക് വളര്‍ത്താം.
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 1213 ല്‍ ഇപ്രകാരം പറഞ്ഞുവയ്ക്കുന്നു: ”ക്രിസ്തീയജീവിതം ആത്മാവിലുള്ള ജീവിതമാണ്.” നമുക്ക് രണ്ട് സാധ്യതകളാണുള്ളത്. ലൗകികമോഹങ്ങള്‍ക്കും ശാരീരികതാല്‍പര്യങ്ങള്‍ക്കും കീഴ്‌വഴങ്ങി ജീവിക്കുക അല്ലെങ്കില്‍ ആത്മാവിന്റെ പ്രേരണയ്ക്കനുസരിച്ച് ആത്മീയരായി ജീവിക്കുക. റോമാ ലേഖനം എട്ടാം അധ്യായത്തിന്റെ ആറാം വാക്യം ഇപ്രകാരം പറയുന്നു: ”ജഡികാഭിലാഷങ്ങള്‍ മരണത്തിലേക്കു നയിക്കുന്നു. ആത്മീയാഭിലാഷങ്ങള്‍ ജീവനിലേക്കും സമാധാനത്തിലേക്കും.” ആയതിനാല്‍ ആത്മാവിന്റെയും ശരീരത്തിന്റെയും വിശുദ്ധിയെ കളങ്കപ്പെടുത്തുന്ന എല്ലാവിധ ലൗകികവികാരങ്ങളെയും വിചാരങ്ങളെയും വാക്കുകളെയും പ്രവര്‍ത്തികളെയും തിരിച്ചറിഞ്ഞ് ആത്മാവിനെയും ശരീരത്തെയും പരിശുദ്ധിയില്‍ കാത്തുസൂക്ഷിക്കാം.
പ്രിയപ്പെട്ടവരെ ശാരീരികവും മാനസികവും ആത്മീയവുമായ വിശുദ്ധിയെ എത്രമാത്രം തീക്ഷ്ണതയോടെയാണ് നാം കാത്തുസൂക്ഷിക്കാന്‍ പരിശ്രമിക്കുന്നതെന്ന് വിലയിരുത്താം. വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ വിശുദ്ധ കുര്‍ബാനയിലും ദിവ്യകാരുണ്യ ആരാധനയിലും വ്യക്തിപരമായ പ്രാര്‍ഥനയിലും നമുക്ക് ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം. എല്ലാ ദിവസവും വിശുദ്ധഗ്രന്ഥം വായിച്ച്, ജപമാലകള്‍ ചൊല്ലി, അടുപ്പിച്ചുള്ള കുമ്പസാരങ്ങള്‍ നടത്തി, എഴുന്നേല്‍ക്കുമ്പോഴും കിടക്കുമ്പോഴും വിശുദ്ധ കുരിശിന്റെ അടയാളങ്ങള്‍ സ്വയം മുദ്രചെയ്ത് വിശുദ്ധിയെ കളങ്കപ്പെടുത്തുന്ന എല്ലാ പ്രലോഭനങ്ങളെയും നമുക്ക് അതിജീവിക്കാം. അങ്ങനെ വിശുദ്ധമായ ജീവിതം നയിച്ചുകൊണ്ട് നമുക്ക് വിശുദ്ധ കുര്‍ബാനയോടുള്ള സ്‌നേഹത്തില്‍ വളരാം.
ബ്രദര്‍ ജോസഫ് മണിയമ്പ്രയില്‍ MCBS



