പുതുഞായർ പ്രസംഗം, ഉയിർപ്പുകാലം രണ്ടാം ഞായർ ഏപ്രിൽ 24 യോഹ. 20: 24-31 എന്റെ കര്‍ത്താവേ, എന്റെ ദൈവമേ

ബ്ര. ജിനോ ജോര്‍ജ് വാഴപ്പനാടിയില്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞ മാതാപിതാക്കന്മാരേ, സഹോദരീസഹോദരന്മാരേ,

അവകാശപ്പെട്ട സ്‌നേഹത്തെ ചോദിച്ചുവാങ്ങിയ ഒരു ശിഷ്യന്റെയും ചങ്ക് കൊടുത്തു സ്‌നേഹിക്കുന്ന ഒരു ഗുരുവിന്റെയും ഓര്‍മ്മയുണര്‍ത്തിക്കൊണ്ട് ഒരു പുതുഞായര്‍ കൂടി വരവായി. ആദ്യമായി തന്നെ പുതുഞായര്‍ തിരുനാള്‍ മംഗളങ്ങള്‍ ഏറ്റവും സ്‌നേഹത്തോടു കൂടി നേരുന്നു.

പുതുഞായര്‍ ഒരു പുതിയ തുടക്കമാണ്. മാമ്മോദീസായിലൂടെ ലഭിച്ച വിശ്വാസതീക്ഷ്ണത ജ്വലിപ്പിക്കാനുള്ള ക്രിസ്തുവിന്റെ ക്ഷണം. വേദനകള്‍ക്കും നിരാശകള്‍ക്കും കൊറോണയ്ക്കും ലോക്ക് ഡൗണിനുമപ്പുറം ഉത്ഥിതനായ ക്രിസ്തു നല്‍കുന്ന പുതിയ ജീവിതത്തിലും സമാധാനത്തിലും ഞാനും നിങ്ങളും പങ്കാളികളാണെന്ന ഓര്‍മ്മപ്പെടുത്തലാണ് ഓരോ പുതുഞായറും.

വി. പൗലോസ് ശ്ലീഹാ കൊറിന്തോസിലെ സഭയ്‌ക്കെഴുതിയ രണ്ടാം ലേഖനം അഞ്ചാം അദ്ധ്യായം 17-ാം തിരുവചനം ഇതു തന്നെയാണ് ഓര്‍ മ്മപ്പെടുത്തുന്നത്. ‘ക്രിസ്തുവിലായിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ്. പഴയത് കടന്നുപോയി. ഇതാ, പുതിയത് വന്നുകഴിഞ്ഞു.’

പൗരാണിക കാലം മുതല്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഉയിര്‍പ്പുകാലം രണ്ടാം ഞായറാണ് പുതുഞായര്‍ എന്നു വിളിക്കപ്പെടുന്നത്. പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍ മലയാറ്റൂര്‍ മലയിലേക്ക് പ്രവഹിക്കുന്ന പുണ്യദിനം. ഭാരത അപ്പസ്‌തോലനും വിശ്വാസത്തിന്റെ പിതാവുമായ തോമാശ്ലീഹായുടെ ശ്രേഷ്ഠമായ വിശ്വാസപ്രഖ്യാപനം അനുസ്മരിക്കുന്ന പുണ്യദിനം. ‘പന്ത്രണ്ടു പേരില്‍ ഒരുവനായ വലിയ ദീപമേ, കുരിശില്‍ നിന്നുള്ള തൈലത്താല്‍ നിറഞ്ഞവനായി ഇന്ത്യയുടെ ഇരുട്ടു നിറഞ്ഞ നിശയെ ദീപം കൊണ്ട് നീ നിറയ്ക്കുന്നു’ പൗരസ്ത്യ സഭാപിതാവായ മാര്‍ അപ്രേമിന്റെ വാക്കുകളാണിവ.

പുതുഞായറിന്റെ ചരിത്രപശ്ചാത്തലം പരിശോധിക്കുകയാണെങ്കില്‍ നമുക്കു കാണാന്‍ കഴിയും, നമ്മുടെ സഭാപാരമ്പര്യത്തിലെ വലിയ നോമ്പുകാലം മുഴുവനും മാമ്മോദീസാര്‍ത്ഥികളുടെ ഏറ്റവുമടുത്ത തീക്ഷ്ണമായ ഒരുക്കത്തിന്റെ കാലഘട്ടമായിരുന്നുവെന്ന്. അങ്ങ നെ മാമ്മോദീസയ്ക്കായി ഒരുങ്ങിയിരിക്കുന്ന സമൂഹം വലിയ ആഴ്ചയിലൂടെ കടന്ന് ഈശോയുടെ പെസഹാരഹസ്യങ്ങളിലും പീഢാനുഭവ വെള്ളിയിലും പങ്കാളികളായി ദുഃഖശനിയാഴ്ച മാമ്മോദീസ സ്വീകരിച്ച് സഭയിലേക്ക് പ്രവേശിക്കുന്നു. അങ്ങനെ ക്രിസ്തുവിന്റെ ഉത്ഥാനാനുഭവത്തിലും പങ്കാളികളാകുന്നു. ഇങ്ങനെ പുതുതായി വിശ്വാസം സ്വീകരിച്ച് സഭയിലേക്ക് കടന്നുവരുന്നവര്‍ അവരുടെ മാമ്മോദീസായിലൂടെ ലഭിച്ച വെള്ളവസ്ത്രവും അണിഞ്ഞ് മുഴുവന്‍ വിശ്വാസത്തോടുമൊപ്പം ബലിയര്‍പ്പിക്കുന്നതിന്റെ അനുസ്മരണമാണ് ഈ പുതുഞായറിനെ വ്യത്യസ്തമാക്കുന്നത്.

ഉത്ഥിനായ മിശിഹായെ കര്‍ത്താവും ദൈവവുമായി ഈ പുണ്യദിനത്തില്‍ നാം ഏറ്റുപറയുന്നു. ലേവ്യരുടെ പുസ്തകത്തില്‍ നിന്നുള്ള വായനയില്‍ മോശയിലൂടെ സ്വയം വെളിപ്പെടുത്തുന്ന ദൈവത്തെയാണ് കാണുന്നത്. കര്‍ത്താവാണ് ഇസ്രായേലിന്റെ ദൈവമെന്ന് പ്രഖ്യാപിക്കുന്ന വചനഭാഗമാണ് ഏശയ്യാ പ്രവാചകന്റെ ഗ്രന്ഥത്തില്‍ നിന്നു നാം വായിച്ചുകേട്ടത്. അടിമത്വത്തില്‍ കഴിഞ്ഞിരുന്ന ജനത്തിന് പ്രത്യാശ നല്‍കുന്ന വചനങ്ങളാണ്. യാഹ്‌വെ ആണ് സത്യദൈവവും ഏകദൈവവും എന്ന പ്രഘോഷണമാണ് ഏശയ്യാ പ്രവാചകന്‍ നടത്തുന്നത്.

ഇന്നത്തെ സുവിശേഷം നമുക്കു നല്‍കുന്ന സന്ദേശം മരണത്താല്‍ തോല്‍പ്പിക്കപ്പെടുന്ന, മരണത്താല്‍ അഴിഞ്ഞില്ലാതാകുന്ന ഒരു ദൈവത്തിലല്ല മറിച്ച് മരണത്തെ തോല്‍പിച്ചു ജീവിക്കുന്ന ദൈവമായ ക്രിസ്തുവിലാണ് നമ്മുടെ വിശ്വാസത്തിന്റെ അടിത്തറ എന്നാണ്. അതുകൊണ്ടാണല്ലോ ശിഷ്യരിലൊരുവന്‍ എന്റെ കര്‍ത്താവേ, എന്റെ ദൈവമേ എന്നു നിലവിളിച്ച് മാറോടണഞ്ഞത്. എന്റെ കര്‍ത്താവേ, എന്റെ ദൈവമേ എന്നുള്ള പ്രഖ്യാപനത്തിലൂടെ പഴയനിയമത്തിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവം തന്നെയാണ് യോശുക്രിസ്തു എന്ന തോമാശ്ലീഹാ പ്രഖ്യാപിക്കുന്നു.

വിശ്വാസം ഏറെ വെല്ലുവിളിക്കപ്പെടുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ആയിരിക്കുന്നത്. പൂര്‍വ്വീകരിലൂടെ കൈമാറിക്കിട്ടിയ നമ്മുടെ വിശ്വാസജീവിതത്തിന് എവിടെയൊക്കെയോ വിള്ളലുകള്‍ വീണിരിക്കുന്നു. കൊറോണയും പ്രകൃതിദുരന്തങ്ങളുമെല്ലാം മനുഷ്യനെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിടുമ്പോള്‍ ഈ പുതുഞായര്‍ നമുക്കൊരു തിരിച്ചുവരവിന്റെ ദിനമായിരിക്കട്ടെ.

അടയിരിക്കുന്ന വേഴാമ്പല്‍ ആ മരപ്പൊത്തിനുള്ളിലിരുന്നാണ് ആ കാലം കഴിയുവോളം വിശ്രമിക്കുന്നത്. ആണ്‍കിളി നാരുകളും മണ്‍തരികളും മറ്റ് അവശിഷ്ടങ്ങളും കൊണ്ട് ആ മരപ്പൊത്തിന്റെ മുഖം പുറത്തു നിന്ന് അടക്കുന്നു. തന്റെ കൊക്കിനു മാത്രം കടക്കാവുന്ന ഒരു സുഷിരം ബാക്കി നിര്‍ത്തി ആണ്‍കിളി ഇരതേടി പോകുന്നു. ഈ സുഷിരത്തിലൂടെയാണ് മരപ്പൊത്തിലെ പെണ്‍കിളി ഭക്ഷണം കഴിക്കുന്നത്. ഒരുപക്ഷേ ഏതെങ്കിലും അപകടത്തില്‍പെട്ട് ആണ്‍കിളി വന്നില്ലെങ്കിലോ? എന്നാലും പെണ്‍കിളി പുറത്തുവരാന്‍ ശ്രമിക്കില്ല. കാരണം, അത്ര വിശ്വാസമാണ് അതിന് തന്റെ പങ്കാളിയില്‍. നാം പ്രകൃതിയില്‍ നിന്നു മനസിലാക്കേണ്ട അനേകം സത്യങ്ങളിൽ ഒന്നാണിത്.

വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ ഇപ്രകാരമാണ്: “മനുഷ്യരില്‍ ഇന്നും ദൈവത്തിന് വിശ്വാസമുണ്ട് എന്നതിന്റെ തെളിവാണ് ഭൂമിയില്‍ പിറന്നുവീഴുന്ന ഓരോ കുഞ്ഞുങ്ങളും.” ദൈവത്തിലും മനുഷ്യരിലുമുള്ള വിശ്വാസരാഹിത്യത്തിന്റെ വേലിയേറ്റങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടോ എന്ന് വിചിന്തനം ചെയ്യാം. ഉണ്ടെങ്കില്‍ ഈ പുതുഞായര്‍ ഒരു മാറ്റത്തിന്റെ ദിനമായിരിക്കട്ടെ.

ഈ വിശുദ്ധ ബലിയില്‍ നാം അര്‍പ്പിക്കുന്ന പല പ്രാര്‍ത്ഥനകളും സംബോധന ചെയ്യുന്നത് ഇപ്രകാരമാണ്: ‘ഞങ്ങളുടെ കര്‍ത്താവേ, ഞങ്ങളുടെ ദൈവമായ കര്‍ത്താവേ…’ ഇതെല്ലാം സൂചിപ്പിക്കുന്നത് എന്റെ കര്‍ത്താവേ, എന്റെ ദൈവമേ എന്ന മാര്‍തോമാ വചസ്സുകളുടെ പുനരാവിഷ്‌ക്കാരങ്ങളായിട്ടാണ്. ഈ വിശുദ്ധ ബലിയിലെ ഓരോ പ്രാര്‍ത്ഥനയിലും മാര്‍തോമാ ശ്ലീഹാ പകര്‍ന്നുതരുന്ന വിശ്വാസതീക്ഷ്ണതയോടെ പങ്കുചേരാം. എന്റെ കര്‍ത്താവേ, എന്റെ ദൈവമേ എന്ന് ജീവിതത്തിലെ എല്ലാ നിമിഷവും ഏറ്റുചൊല്ലി ആ മാര്‍തോമാ മാര്‍ഗ്ഗം നമുക്ക് പിഞ്ചെല്ലാം.

ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ബ്ര. ജിനോ ജോര്‍ജ് വാഴപ്പനാടിയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.