ഞായർ പ്രസംഗം: ദനഹാക്കാലം നാലാം ഞായർ ജനുവരി 28, യോഹ. 4: 1-26 മിശിഹാ എന്ന സത്യത്തെ തിരിച്ചറിഞ്ഞവര്‍

ബ്രദര്‍ ജോര്‍ജ് ചെട്ടിപ്പറമ്പില്‍ MCBS

ഈശോമിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരേ,

സുവിശേഷങ്ങളിലെ ഈശോ ‘മിശിഹായാണ്’ എന്നുള്ള തിരിച്ചറിവിന്റെ അനുഭവങ്ങള്‍ വ്യക്തികളിലൂടെയും സംഭവങ്ങളിലൂടെയും നല്‍കപ്പെടുന്നതിനെ ധ്യാനിക്കുന്ന കാലമാണ് ദനഹാക്കാലം. വി. യോഹന്നാന്റെ സുവിശേഷം നാലാം അധ്യായത്തിലുള്ള, നമുക്കേവര്‍ക്കും സുപരിചിതമായ ഈശോയുടെയും സമരിയാക്കാരിയുടെയും കണ്ടുമുട്ടലാണ് ഇന്നത്തെ സുവിശേഷത്തിന്റെ പ്രമേയം.

സമരിയാക്കാരുടെ മുഴുവന്‍ പ്രതിനിധിയായാണ് ഇന്നത്തെ സുവിശേഷത്തിലെ സ്ത്രീ നിലകൊള്ളുന്നത്. ബി.സി 721-ല്‍ അസ്സീറിയക്കാര്‍ വടക്കന്‍ പലസ്തീന കീഴടക്കി ഇസ്രായേല്യരെ നാടുകടത്തുകയും വിദേശികളെ ബലംപ്രയോഗിച്ച് ഇസ്രായേലില്‍ പുനരധിവസിപ്പിക്കുകയും ചെയ്തു. ഇങ്ങനെ തങ്ങളുടെ ഇടയില്‍ വസിച്ചിരുന്ന വിദേശീയരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടും ആചാരാനുഷ്ഠാനങ്ങളില്‍ ഇടകലര്‍ന്നും തങ്ങളെത്തന്നെ കളങ്കപ്പെടുത്തിയ ഇസ്രായേല്‍ക്കാരാണ് പിന്നീട് ‘സമരിയാക്കാര്‍’ എന്നപേരില്‍ അറിയപ്പെടാന്‍തുടങ്ങിയത്. യഹൂദര്‍ സമരിയാക്കാരെ തങ്ങളെക്കാള്‍ താഴ്ന്നവരായി കാണുകയും അതുവഴി അവര്‍ തമ്മില്‍ പരസ്പരം സമ്പര്‍ക്കമില്ലാതാവുകയും ചെയ്തു. ഈയൊരു പശ്ചാത്തലത്തിലാണ് പിതാവിനാല്‍ നല്‍കപ്പെട്ട ദൗത്യവുമായി ഈശോ സമരിയായിലെ ‘സിക്കാര്‍’ എന്ന പട്ടണത്തിലൂടെ അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നത് നാം കാണേണ്ടത്. ശത്രുതയുടെയും വെറുപ്പിന്റെയും അവിശ്വാസത്തിന്റെയും അന്ധകാരത്താല്‍ മൂടപ്പെട്ടവരുടെ ഹൃദയങ്ങളിലേക്ക് തന്റെ പിതാവായ ഏകസത്യദൈവത്തിന്റെ പ്രകാശകിരണങ്ങള്‍ ഈശോ ചൊരിഞ്ഞു.

ജീവിതത്തിലെ ചില കണ്ടുമുട്ടലുകള്‍ നമ്മെ തിരിച്ചറിവിലേക്കു നയിക്കുന്നു. ചില വ്യക്തികളുടെ വാക്കുകളിലൂടെയും സാന്നിധ്യത്തിലൂടെയുമൊക്കെ പ്രതീക്ഷയുടെയും തിരിച്ചറിവിന്റെയും പ്രകാശകിരണങ്ങള്‍ നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെടുന്നുണ്ട്. ആ കണ്ടുമുട്ടല്‍ ദൈവവുമായിട്ടാകുമ്പോള്‍ അത് ജീവിതസാഫല്യം തന്നെയാകുന്നു. കത്തുന്ന മുള്‍പ്പടര്‍പ്പില്‍ ദൈവത്തെ കണ്ടുമുട്ടി പ്രതീക്ഷയറ്റ ഇസ്രായേല്‍ജനത്തെ വാഗ്ദാനം ചെയ്യപ്പെട്ട നാട്ടിലേക്കു നയിക്കുന്ന മോശയെയും, സൈന്യങ്ങളുടെ കര്‍ത്താവായ രാജാവിനെ ദര്‍ശിച്ച് ഇസ്രായേല്‍ തങ്ങളുടെ ദൈവത്തിനെതിരായി ചെയ്തുകൂട്ടിയ അകൃത്യങ്ങളെ ചൂണ്ടിക്കാട്ടി ദൈവശിക്ഷയെക്കുറിച്ച് ഉദ്‌ബോധിപ്പിച്ച് അവരെ അനുതാപത്തിലേക്കു ക്ഷണിക്കുന്ന ഏശയ്യായും, യേശു എന്ന വ്യക്തിയിലെ ‘മിശിഹാ’ എന്ന സത്യത്തിലേക്ക് പീലിപ്പോസിനു വഴികാട്ടിയായിമാറുന്ന അന്ത്രയോസും, ക്രിസ്തുവിന്റെ സഭയെ പീഡിപ്പിച്ചശേഷം ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിലൂടെ അവനു സാക്ഷിയായിമാറുന്ന പൗലോസുമെല്ലാം ശരിയായ കണ്ടുമുട്ടലുകളിലൂടെ തിരിച്ചറിവിലേക്കു വന്നവരാണ്.

ഇതുപോലെതന്നെ ഈശോയെ കണ്ടുമുട്ടിയതിലൂടെയാണ് സമരിയാക്കാരി സ്ത്രീ തന്റെ പട്ടണത്തിലുള്ളവര്‍ക്കു മുന്നില്‍ മിശിഹായ്ക്കു സാക്ഷിയായി മാറുന്നത്. ഇവിടെ ഏശയ്യാ പ്രവാചകനിലൂടെ ദൈവം അരുള്‍ചെയ്യുന്നത് അന്വര്‍ഥമാവുകയാണ് (ഏശയ്യാ 9:2) “അന്ധകാരത്തില്‍ സ്ഥിതിചെയ്തിരുന്ന ജനം വലിയൊരു പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി ഒരു ദീപ്തി ഉദയംചെയ്തു.” നമ്മുടെ ജീവിതത്തിലും ക്രിസ്തുവിനെ കണ്ടുമുട്ടേണ്ടത് ആവശ്യമാണ്. ഒരുവശത്ത് പണത്തിന്റെയും പ്രൗഢിയുടെയും നേടിയ വിജയങ്ങളുടെയും ആകര്‍ഷകമായ ലേബലുകളുടെയും അഹങ്കാരത്താല്‍ ദൈവത്തെ തള്ളിപ്പറയുമ്പോഴും മറ്റുള്ളവരെ ചവിട്ടിത്താഴ്ത്തുമ്പോഴും മറുവശത്ത് ചെയ്തുപോയ അപരാധങ്ങളുടെപേരില്‍ നിരാശപ്പെട്ട് ജീവിതത്തെ പഴിച്ചുജീവിക്കുമ്പോഴും ചെയ്യാത്ത തെറ്റുകളുടെ പേരില്‍ ഉറ്റവരാലും ഉടയവരാലും ഒറ്റിക്കൊടുക്കപ്പെടുമ്പോഴുമെല്ലാം ചില കണ്ടുമുട്ടലുകള്‍, ചില ദൈവദര്‍ശനങ്ങള്‍ ഒക്കെ നമ്മുടെ ജീവിതങ്ങളെ മാറ്റിമറിക്കാന്‍ പോകുന്നതാണ്.

ഓരോ കണ്ടുമുട്ടലുകളും ചോദ്യങ്ങളും മറുപടികളുമടങ്ങിയ നല്ല സംഭാഷണത്തിലേക്കു നമ്മെ നയിക്കേണ്ടതാണ്. ക്രിസ്തുവിനെ കണ്ടുമുട്ടിയ സമരിയാക്കാരി സ്ത്രീ അവനിലെ രക്ഷകനെ തിരിച്ചറിയുന്നത് ക്രിസ്തുവമായുള്ള സംഭാഷണത്തിലൂടെയാണ്. യഹൂദരും സമരിയാക്കാരും തമ്മില്‍ സമ്പര്‍ക്കമൊന്നുമില്ലല്ലോ എന്ന അപരിചിതമായ ചോദ്യത്തോടെയൊണ്, കുടിക്കാന്‍ വെള്ളം ചോദിക്കുന്ന യേശുവിനെ അവള്‍ സ്വീകരിക്കുന്നത്. എന്നാല്‍ യേശു അവളെ ഉപേക്ഷിക്കുന്നില്ല. മറിച്ച് രക്ഷനല്‍കുന്ന ജീവജലത്തെക്കുറിച്ച് അവളോടു സംസാരിക്കുന്നു. അപ്പോഴും തനിക്കു ലഭിച്ച പാരമ്പര്യത്തിന്റെ വലിപ്പത്തെക്കുറിച്ചും ശരീരത്തിന്റെ സന്തോഷത്തെക്കുറിച്ചും മാത്രം ചിന്തിച്ചുകൊണ്ട് യേശുവാകുന്ന ജീവജലത്തിനുവേണ്ടി ചോദിച്ചപ്പോള്‍ യേശു അവളുടെ വ്യക്തിജീവിതത്തിലേക്കു കടക്കുകയാണ്. അവളുടെ ഉള്ളിലെ പാപകരമായ അവസ്ഥ ചൂണ്ടിക്കാട്ടി അവളെ സത്യദൈവത്തെ ആരാധിക്കാന്‍ പഠിപ്പിക്കുകയാണ്, തന്നിലൂടെ രക്ഷ നല്‍കുകയാണ്. അങ്ങനെ യേശുവിനെ കണ്ടുമുട്ടി അവനോടു സംസാരിച്ച് ചോദ്യങ്ങള്‍ ചോദിച്ചാണ് അവള്‍ യേശുവാകുന്ന രക്ഷകനെ തിരിച്ചറിഞ്ഞ്, അവനെക്കുറിച്ചു പ്രഘോഷിച്ചത്.

ക്രിസ്തുവുമായുള്ള കണ്ടുമുട്ടലുകള്‍ ഒരിക്കലും അവനെ തിരിച്ചറിയാതെ അവനോടു സംസാരിക്കാതെ കടന്നുപോകേണ്ടതല്ല, മറിച്ച് അവനുമായുള്ള ഓരോ കണ്ടുമുട്ടലും തിരിച്ചറിവിലേക്കും രക്ഷയിലേക്കും നമ്മെ നയിക്കണം. അതുകൊണ്ട് എന്നും മിശിഹായുടെ തിരുശരീര-രക്തങ്ങള്‍ സ്വീകരിക്കുന്ന നാം അവനെ കണ്ടുമുട്ടി കടന്നുപോകുന്നവരാകാതെ നമ്മോടു സംസാരിക്കാനും നമ്മെ ചേര്‍ത്തുപിടിക്കാനും ആഗ്രഹിക്കുന്ന അവനോട് ചേര്‍ന്നുനില്‍ക്കാന്‍ പരിശ്രമിക്കാം. അങ്ങനെ ആ നല്ല ദൈവത്തെ അനുഭവിച്ചറിഞ്ഞ്, രുചിച്ചറിഞ്ഞ് മറ്റുള്ളവര്‍ക്കുകൂടി പങ്കുവച്ചുനല്‍കാന്‍ നമുക്കു പരിശ്രമിക്കാം.

ഈ സന്ദേശങ്ങളോടു ചേര്‍ത്തുവച്ച് ധ്യാനിക്കേണ്ടവയാണ് ഇന്നത്തെ പഴയനിയമ ലേഖനവായനകള്‍. ഉല്‍പത്തി പുസ്തകത്തില്‍, സ്വന്തം ഭവനത്തില്‍നിന്ന് ഒളിച്ചോടേണ്ടിവരികയും എന്നാല്‍ തന്റെ ഒറ്റപ്പെടലില്‍ കൂടെയായിരിക്കുകയും സ്വപ്നത്തിലൂടെ സ്വയം വെളിപ്പെടുത്തുകയും വാഗ്ദാനം നല്‍കി തന്നെ സംരക്ഷിക്കുകയും ചെയ്ത യഹോവയെ തന്റെ സ്വന്തമായി ഏറ്റുപറഞ്ഞുകൊണ്ട് ജീവിതത്തില്‍ സ്വീകരിച്ച യാക്കോബും ക്രിസ്തീയവിശ്വാസത്തിന്റെ അടിസ്ഥാനകാര്യങ്ങളായ കൂദാശകളുടെ കൈവയ്പ്പു ശുശ്രൂഷയിലൂടെ ലഭിക്കുന്ന പരിശുദ്ധാത്മാഭിഷേകവും ക്രിസ്തുവിലുള്ള ഉയിര്‍പ്പുമെല്ലാം സൂചിപ്പിച്ചുകൊണ്ട് പിന്നിലുള്ള പാപകരമായ അവസ്ഥ ഉപേക്ഷിച്ചു നിത്യരക്ഷ കൈവരിക്കാന്‍ ആഹ്വാനംചെയ്യുന്ന പൗലോസ് ശ്ലീഹായുമെല്ലാം മനുഷ്യാവതാരത്താല്‍ നമുക്ക് സ്വയം വെളിപ്പെടുത്തുകയും കുരിശിലെ ബലിയാല്‍ നമ്മെ ദൈവപുത്രരാക്കിത്തീര്‍ക്കുകയും ചെയ്ത ആ നല്ല ദൈവത്തെ നമുക്ക് കൈവിടാതിരിക്കാന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

കൂദാശകളാലും വിശിഷ്യാ അനുദിന പരിശുദ്ധ കുര്‍ബാനയാലും തന്റെ മണവാട്ടിയായ സഭയിലൂടെ നമ്മെ പരിപോഷിപ്പിക്കുന്ന ദിവ്യകാരുണ്യ ഈശോയെ തിരിച്ചറിഞ്ഞ് ജീവിതത്തില്‍ നമുക്ക് സ്വീകരിക്കാം. നാം തിരിച്ചറിഞ്ഞ് ജീവിതത്തില്‍ സ്വീകരിച്ച ദിവ്യകാരുണ്യനാഥനെ നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും പ്രതീക്ഷയറ്റ ജീവിതങ്ങളിലേക്കു നല്‍കി അവരെയും ആ നല്ല തമ്പുരാന്റെ സവിധത്തിലേക്ക് നമുക്ക് അടുപ്പിക്കാം. അതിനായി ഈ പരിശുദ്ധ ബലിയില്‍ നമുക്ക് പ്രാര്‍ഥിക്കാം. ദിവ്യകാരുണ്യ ഈശോ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ആമ്മേന്‍.

ബ്രദര്‍ ജോര്‍ജ് ചെട്ടിപ്പറമ്പില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.