ലത്തീൻ: നവംബർ 28 ചൊവ്വ, ലൂക്ക 21: 5 -11 വിശ്വാസം സംരക്ഷിക്കാൻ

കാലഘട്ടത്തിനനുസരിച്ച് ക്രൈസ്തവൻ തന്റെ വിശ്വാസജീവിതത്തെ എപ്രകാരം കാത്തുസൂക്ഷിക്കണമെന്നുള്ള  മുന്നറിയിപ്പാണ് ഇന്നത്തെ സുവിശേഷത്തിൽ ക്രിസ്തു നൽകുന്നത്. ‘കാലം മാറുമ്പോൾ കോലവും മാറണം’ എന്ന പഴഞ്ചൊല്ലുപോലെ കാലഘട്ടത്തിനനുസരിച്ച് വിശ്വാസം ഏറെ ചോദ്യം ചെയ്യപ്പെടുന്ന കാലമാണിത്. ഏതാണ് ശരി, ഏതാണ് തെറ്റ് എന്നുപോലും തിരിച്ചറിയാനാവാത്തവിധം വിശ്വാസത്തെ ഇന്ന് പലരും വളച്ചൊടിക്കുന്നു. എന്നാൽ വഴിതെറ്റിപ്പോകൽ ഒഴിവാക്കാൻ പ്രാർഥനയോടും വിവേകത്തോടും പ്രത്യാശയോടുംകൂടെ ക്രൈസ്തവൻ എന്നും മുന്നോട്ടുപോകണം. യഥാർഥ അടയാളങ്ങൾ തിരിച്ചറിയാനും ജീവിതത്തിലെ ചില സന്ദേഹനിമിഷങ്ങളിൽ സ്വീകരിക്കേണ്ട യഥാർഥവഴി വിവേചിച്ചറിയാനും ‘വിവേകം’ എന്ന പരിശുദ്ധാത്മപുണ്യം നമ്മെ സഹായിക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ പഠിപ്പിക്കുന്നു.

വിശ്വാസം എത്രമാത്രം ചോദ്യം ചെയ്യപ്പെടുന്നുവോ അത്രമാത്രം പ്രാർഥനയോടും പരിശുദ്ധാത്മാവിനോടുള്ള ഭക്തിയോടുംകൂടെ മുന്നോട്ടുപോകാൻ വചനം നമ്മെ ഓർമ്മപ്പെടുത്തുന്നു. വചനം പഠിപ്പിക്കുന്നത്, സർപ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കമായിരിക്കാനുമാണ്. വിശ്വാസം സംരക്ഷിക്കാൻ നമുക്ക് എന്നും ജാഗ്രതയോടെ ആയിരിക്കാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.