സീറോ മലങ്കര നവംബർ 13 മത്തായി 13: 44-52 നിധിയുടെയും രത്നത്തിന്റെയും വലയുടെയും ഉപമകൾ

ഉപമയിലൂടെ സ്വർഗരാജ്യത്തിന്റെ ആനന്ദവും മനുഷ്യജീവിതത്തിന്റെ വിലയും പഠിപ്പിക്കുന്ന ക്രിസ്തുവിനെ ഇവിടെ കാണാൻ കഴിയും. ലോകസ്ഥാപനം മുതൽ നിഗൂഢമായ കാര്യങ്ങൾ ജനം മനസിലാക്കാൻ അവരുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലൂടെയാണ് യേശു ഉൾക്കാഴ്ചയും തിരിച്ചറിവും നൽകുന്നത്. ജീവിതത്തിന്റെ വ്യഗ്രതയിൽ നെഞ്ചിനോടും ഹൃദയത്തോടും ചേർത്തുപിടിച്ചു ജീവിക്കേണ്ട അമൂല്യമായ നിധിയും രത്നവുമാണ് സ്വർഗം എന്ന യാഥാർഥ്യം. സ്വർഗം ലക്ഷ്യംവച്ച് ആ വലയുടെ ഉള്ളിൽ യഥാർഥമായ ആനന്ദമുള്ളവരായിരിക്കണം നമ്മൾ.

ഈ കാണുന്ന ലോകം താൽക്കാലികമാണ്. എന്നാൽ അത് മനസിലാക്കാതെ ഈ ലോകസുഖങ്ങളുടെ പിന്നാലെ പായുകയാണ് മനുഷ്യർ. ഇവിടെ നേരിടുന്ന പരാജയങ്ങളെ ജീവിതപരാജയമായി കരുതി വിലയുള്ള ജീവനെപ്പോലും നഷ്ടപ്പെടുത്താൻ മടിയില്ലാത്തവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നു. മനുഷ്യന് യാതൊരു വിലയുമില്ലാതെപോകുന്ന കാലം. ഭൗതികനേട്ടങ്ങൾക്ക് അമിത മുൻഗണന കൊടുത്തുകൊണ്ട് മുന്നോട്ട് കുതിക്കുന്നു ആധുനിക ലോകം.

വിലയില്ലാത്ത ലോകകാര്യങ്ങളിൽ നമ്മൾ അലയുമ്പോൾ വിലയുള്ള ഒരു സ്വർഗം  നിനക്കുണ്ടെന്ന് നീ മറക്കരുത്. ഞാൻ കഴിവുകെട്ടവനാണ്, വിലയില്ലാത്തവനാണ്, എന്റെ ജീവിതം പാഴാണ് ഇതങ്ങ് അവസാനിപ്പിച്ചേക്കാം എന്നൊക്കെ തോന്നിത്തുടങ്ങുമ്പോൾ സ്വർഗം സമ്മാനിക്കുന്ന ആനന്ദം നിധിപോലെയും രത്‌നത്തെപ്പോലെയും ആണെന്നു മറക്കരുത്. സ്വർഗത്തോളം ഉയർന്നുചിന്തിക്കാനും സ്നേഹിക്കാനും നമുക്ക് കഴിയട്ടെ.

ഫാ. ഡാനിയേല്‍ കോയിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.