ഞായറാഴ്ച കുർബ്ബാന മുടങ്ങിയ കേരളത്തിലെ കത്തോലിക്കാ പള്ളി

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

ഒരു ക്രിസ്ത്യാനിയെ, വിശേഷിച്ച് ഒരു കത്തോലിക്കാ വിശ്വാസിയെ സംബന്ധിച്ച് ഞായറാഴ്ച്ച കുർബ്ബാന ജീവിതത്തിന്റെ ഭാഗമാണ്. സഭയുടെ കല്പനകളിൽ ഒന്നാമത്തെ കല്പന പോലുമതാണ്. കല്പന എന്നാൽ വിശ്വാസികൾ നിർബ്ബന്ധമായും പാലിക്കേണ്ടത് എന്ന് തന്നെ. കത്തോലിക്കാ സഭയിലെ ഒരു ഇടവക വികാരി ഞായറാഴ്ച്ചകളിൽ നിർബ്ബന്ധമായും തന്നെ ഏല്പിച്ചിരിക്കുന്ന ഇടവക പള്ളിയിൽ കുർബ്ബാന ചൊല്ലിയിരിക്കണം അല്ലെങ്കിൽ അതിന് വേണ്ട ക്രമീകരണങ്ങൾക്കായി മറ്റൊരു വൈദീകനെ ചുമതലപ്പെടുത്തിയിരിക്കണം. ഇങ്ങനെയാണ് നിയമം.

നിയമങ്ങൾ ഇപ്രകാരമെല്ലാമാണെങ്കിലും മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ ബത്തേരി രൂപതയിലെ ഒരു പള്ളിയിൽ കഴിഞ്ഞ 3 ഞായറാഴ്ച്ചകളിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചിട്ടില്ല. മലപ്പുറം ജില്ലയിലെ നിലമ്പൂരിലുള്ള ഭൂദാനമെന്ന ഗ്രാമത്തിലെ സെന്റ് ജോർജ്ജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിലാണിത്…

2019-ൽ കേരളത്തെ ഞടുക്കിയ, മലപ്പുറം ജില്ലയെ അക്ഷരാർത്ഥത്തിൽ തകർത്ത, മണ്ണിടിച്ചിലിലൂടെയും ഉരുൾപൊട്ടലിലൂടെയും കവളപ്പാറ എന്ന കൊച്ചു ഗ്രാമപ്രദേശത്തെ തച്ചുടച്ചു കളഞ്ഞ തീവ്രമായ പ്രകൃതിദുരന്തം കേരള ജനതക്ക് ഒരിക്കലും മറക്കാനാകില്ല. വിലയേറിയ അനവധി ജീവനുകളാണ് ഒറ്റനിമിഷംകൊണ്ട് മണ്ണിനടിയിലായത്. ഒരായുസ്സ് മുഴുവൻ ചോര നീരാക്കി അത്യദ്ധ്വാനം ചെയ്തത് കൺമുമ്പിൽ തകർന്നു തരിപ്പണമായതിന്റെ ഞടുക്കവും ഭീതിയും ഇനിയും വിട്ടുമാറാത്തവർ…

ദുരന്തഭൂമിയായ കവളപ്പാറയിൽ നിന്ന് കഷ്ടി ഒരു കിലോമീറ്റർ അകലെയാണ് ഭൂദാനം.
ഓഗസ്റ്റ് 8 ന് രാത്രി 7.30 നാണ് കവളപ്പാറ ദുരന്തമുണ്ടായത്… 59 മനുഷ്യ ജീവനുകൾ അപഹരിച്ച ദുരന്തത്തിൽ 39 ഭവനങ്ങൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ടു…
കവളപ്പാറ പ്രദേശത്ത് നിന്ന് വന്നവരും ചാലിയാർ പുഴയുടെ തീരത്തു നിന്ന് പ്രളയം മൂലം മാറ്റി പാർപ്പിച്ചവരുമായ 640 ആളുകൾ ഈ കൊച്ചു പള്ളിയിലും അതിനോട് ചേർന്ന ചെറിയ പാരിഷ് ഹാളിലുമായി താമസിക്കുമ്പോൾ അവരുടെ ക്യാമ്പായി പള്ളി മാറിയിരിക്കുമ്പോൾ പിന്നെയെങ്ങനെ കുർബ്ബാന അർപ്പിക്കും…

വെള്ളം ഇറങ്ങിയതിനെ തുടർന്ന് ചാലിയാർ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ വീടുകളിലേക്ക് മടങ്ങിയെങ്കിലും നൂറ് കണക്കിന് ആളുകൾ ഇന്നും ഇവിടെ താമസിക്കുന്നു.

നാനാജാതി മതസ്ഥരായ അനേകർക്ക് അഭയമായി മാറിയ ഈ പള്ളിയുടെ വികാരി ജോൺസൺ പള്ളിപടിഞ്ഞാറ്റേതിൽ അച്ചനാണ്. 2002 ൽ വൈദീകനായ ജോൺസനച്ചൻ രൂപതാ സുവിശേഷ സംഘ ഡയറക്ടർ കൂടിയാണ്. ഇക്കഴിഞ്ഞ മെയ് മാസം ഇടവക വികാരിയായി ചുമതല ഏറ്റെടുത്തതേയുള്ളു.

പള്ളിയിൽ താമസിക്കുന്നവർക്ക് ഭക്ഷണവും മറ്റ് ക്രമീകരണങ്ങളും ഇവിടെ തന്നെ ചെയ്യുന്നു. ഇടവകയിലെ വിശ്വാസികളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും പഞ്ചായത്ത് പ്രതിനിധികളുടെയും നേതൃത്വത്തിൽ ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകുന്നു.

അടിക്കുറിപ്പ്: അസത്യങ്ങളുടെയും അർദ്ധസത്യങ്ങളുടെയും പ്രചാരകരായ ചാനലുകളെ നിങ്ങൾ ഇതൊക്കെ കൺ തുറന്ന് കണ്ടിരുന്നെങ്കിൽ… ഈ വാർത്തകൾ സെൻസേഷണൽ അല്ലാത്തതിനാൽ റേറ്റിംഗ് കൂടില്ല അല്ലേ?

പിന്നാമ്പുറം. കഴിഞ്ഞയാഴ്ച്ച നമ്മൾ ‘ഘോഷിച്ച ‘ സെൽഫിയിൽ ഈ അച്ചനുമുണ്ട് സത്യമറിയാവുന്നതിനാലാണ് അൻവർ MLA യെപ്പോലെയുള്ളവർ അതിനെതിരെ പ്രതികരിച്ചത്.

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)