ബഹുമുഖത്വവും നയോപായവും സമാധാനത്തിന്:ആര്‍ച്ച് ബിഷപ്പ് ഔത്സ

ബഹുമുഖമായ നയതന്ത്രകുശലതയുടെ വിജയത്തിന് പരസ്പരവിശ്വാസവും സഹകരണസന്നദ്ധതയും പരസ്പരാദരവും അനിവാര്യ വ്യവസ്ഥകളെന്ന് ഐക്യരാഷ്ട്രസഭയില്‍ (UNO) പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ.

സമാധാന സംസ്ഥാപനത്തിനുവേണ്ടിയുള്ള ബഹുമുഖതയുടെയും നയോപായത്തിന്‍റെയും അന്താരാഷ്ട്രദിനാചരണത്തോടനുബന്ധിച്ച് ന്യുയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് 24,25 (24-25/04/2019) തീയതികളില്‍ സംഘടിപ്പിക്കപ്പെട്ട യു.എന്‍ പൊതുസഭയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രശ്നങ്ങളെ തരണം ചെയ്യുന്നതിന് പൊതുവായ പരിഹാരങ്ങള്‍ കണ്ടെത്താനുള്ള തുറന്ന മനോഭാവവും സത്യസന്ധതയും ഇതിനാവശ്യമാണെന്നും ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ പറഞ്ഞു.‌എന്നാല്‍ ഇവയില്‍ ഏതെങ്കിലുമൊന്നിന്‍റെ അഭാവമുണ്ടായാല്‍ അവിടെ പരിഹാരമാര്‍ഗ്ഗങ്ങള്‍ ഏകപക്ഷീയമായി പരിണമിക്കുകയും ബലഹീനന്‍റെ മേല്‍ ബലവാന്‍റെ ആധിപത്യം ഉറപ്പിക്കപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി.