മാതാവിന്റെ പ്രത്യക്ഷീകരണം: രണ്ടാം ദിവസം

ജോബിഷ് പള്ളിത്തോട്‌

മഞ്ഞു മാതാവ്

ലിബെരിയുസ് മാർപാപ്പയുടെ ഭരണകാലത്ത് ജോണും അദ്ദേഹത്തിന്റെ ഭാര്യയും അടങ്ങുന്ന സമ്പന്നമായിട്ടുള്ള ഒരു കുടുംബം ഉണ്ടായിരുന്നു. തങ്ങളുടെ അളവില്ലാത്ത സമ്പത്തിന് അവകാശികൾ ഇല്ലാത്തതിനാൽ സമ്പത്തിന്റെ അവകാശികളായി പരിശുദ്ധ അമ്മയെ തെരഞ്ഞെടുക്കുകയും എങ്ങനെ ഈ സമ്പത്ത് അത് ലോകത്തിനു വേണ്ടി വിനിയോഗിക്കാം എന്ന തീരുമാനത്തോടെ തീക്ഷ്ണതയോടെ ഇവർ പ്രാർത്ഥിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ കഠിനമായ വേനൽക്കാലത്ത് ഒരുതുള്ളി പോലും മഞ്ഞു വീഴാൻ സാധ്യതയില്ലാതിരുന്നിട്ടും ക്രിസ്തുവർഷം 352 ആഗസ്റ്റ് 5 -ന് അസാധാരണമായി മഞ്ഞു വീണത് അവിടത്തെ നിവാസികൾക്ക് അത്ഭുതമുണർത്തി.

പരിശുദ്ധ അമ്മയിൽ നിന്നും ലിബെരിയുസ് മാർപാപ്പക്കും ജോണിനും പ്രാർത്ഥനയിലൂടെ മുൻകൂട്ടി ലഭിച്ച സന്ദേശമനുസരിച്ച് പരിശുദ്ധ പിതാവും ജോണും എസ്കുലിന്‍ കുന്നിന്‍മുകളിലേക്ക് യാത്രയായി. മഞ്ഞു വീണ ആ സ്ഥലം ദേവാലയത്തിനായി അവർ തീരുമാനിച്ചു. അങ്ങനെ ലിബെരിയുസ് മാർപാപ്പയുടെ നേതൃത്വത്തിൽ പരിശുദ്ധ അമ്മയുടെ നാമത്തിൽ ലോകത്തിൽ ഇന്നു വരെയും സ്ഥാപിതമായിട്ടുള്ള ദേവാലയങ്ങളിൽ വച്ച് ഏറ്റവും വലിയ ദേവാലയമായ സാന്ത മരിയ മേജർ ദേവാലയം ആദ്യം പണിയപ്പെട്ടു. ഇന്ന് ആ ദേവാലയം മാതാവിന്റെ ബസിലിക്കാ ദേവാലയമായി അറിയപ്പെടുന്നു.

പതിനാലാം നൂറ്റാണ്ടു മുതൽ റോമിലുള്ള എല്ലാ ദേവാലയങ്ങളിലും, പതിനേഴാം നൂറ്റാണ്ടു മുതൽ ആഗോളസഭയിലും മാതാവിന്റെ തിരുനാൾ ആഘോഷിക്കാൻ തുടങ്ങി. ഈ ദേവാലയത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഹെൽന രാജ്ഞി കൊണ്ടുവന്ന യേശുവിന്റെ കുരിശും ഈശോയുടെ പുൽക്കൂടിന്റെ ഒരു ഭാഗവും ഈ ദേവാലയത്തിൽ സൂക്ഷിക്കപ്പെടുന്നു. വി. ലൂക്കാ വരച്ച മാതാവിന്റെയും ഉണ്ണീശോയുടെയും രൂപമാണ് ഇവിടെ വണങ്ങപ്പെടുന്നത്. വി. മത്തായി, വി. ലൂക്കാ മറ്റ് വിശുദ്ധരുടെ തിരുശേഷിപ്പുകൾ എന്നിവയും ഈ ദേവാലയത്തിൽ സൂക്ഷിക്കപ്പെടുന്നു.

“പരിശുദ്ധയായ മഞ്ഞു മാതാവേ, ഞങ്ങളുടെ പാപം നിറഞ്ഞ ചുവന്ന ശിലാഹൃദയത്തെ വെൺമഞ്ഞു കൊണ്ട് പുതപ്പിക്കണമെ.”

ജോബിഷ് പള്ളിത്തോട്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.