ഒറ്റച്ചിറകുള്ള മാലാഖ – പറന്നുയരാന്‍ മറ്റൊരു ചിറകുകൂടി ആവശ്യമാണ്

നമുക്ക് ഒറ്റച്ചിറകേ ഉള്ളൂ. പറന്നുയരാന്‍ മറ്റൊരു ചിറകുകൂടി ആവശ്യമാണ്. ആരുടേതായിരിക്കും ആ ചിറക്?

ലൂചാനൊ ദെ ക്രെഷന്‍സോ (1928) – എന്ന ഇറ്റാലിയന്‍ എഴുത്തുകാരന്റെ മനോഹരമായ ഒരു പദപ്രയോഗമാണ് ‘ഒറ്റച്ചിറകുള്ള മാലാഖ’ എന്നത്. അദ്ദേഹമത് വിശദീകരിക്കുന്നത് ഇങ്ങനെയാണ് – നമ്മള്‍ എല്ലാവരും ഒറ്റച്ചിറകുള്ള മാലാഖമാരാണ്. മറ്റൊരാളുടെ ചിറകുമായി ചേര്‍ത്തുവച്ചു മാത്രമേ നമുക്ക് പറന്നുയരാന്‍ സാധിക്കുകയുള്ളൂ. ഇത്ര മനോഹരമായി മനുഷ്യബന്ധങ്ങളെ മറ്റാരെങ്കിലും അവതരിപ്പിച്ചിട്ടുണ്ടോ എന്നറിയില്ല. ബന്ധങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും ദൃഢത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ കാലത്തിന് ഏറ്റവും യോജിച്ച ഉപമയാണിത് -ഒറ്റച്ചിറകുള്ള മാലാഖ. മാലാഖമാരുടെ മതപരമായ പശ്ചാത്തലമൊന്നും നമ്മള്‍ നോക്കേണ്ട. നന്മയുടെ ഭാഗത്ത് നില്‍ക്കുന്നവര്‍ മാലാഖമാര്‍ എന്നൊരു വ്യാഖ്യാനം മാത്രം നല്‍കിയാല്‍മതി തല്‍ക്കാലം.

ഞാന്‍ ഒറ്റയ്ക്കാണ് എന്റെ ബിസിനസ് സാമ്രാജ്യം മുഴുവന്‍ കെട്ടിപ്പടുത്തത് എന്ന് വീമ്പ് പറഞ്ഞ ഒരാളെ ഈയിടയ്ക്ക് കാണാനിടയായി. സത്യത്തില്‍ അയാള്‍ക്ക് സ്വന്തമായി കമ്പ്യൂട്ടര്‍ പോലും ഉപയോഗിക്കാനറിയില്ല. എത്രയോ പേരുടെ സഹകരണത്താലാണ് ഓരോരുത്തരും ഓരോ കാര്യവും ചെയ്യുന്നത്. അയാളുടെ ജോലിക്കാരായും സഹായകരായും ഉള്ള നൂറുകണക്കിനാളുകളുടെ സാന്നിധ്യം എന്തേ അയാള്‍ അറിയാതെപോയി. അറിഞ്ഞാണെങ്കിലും അറിയാതെയാണെങ്കിലും അതൊരു മൗഢ്യം തന്നെ. വല്ലാത്തൊരു മൗഢ്യം!

കുടുംബത്തില്‍ കൂട്ടിനുള്ളതൊരു മാലാഖയാണെന്ന് നമ്മള്‍ അറിയുന്നില്ല. ഭാര്യയാകാം, ഭര്‍ത്താവാകാം, സഹോദരനോ സഹോദരിയോ ആകാം. അത് ബോധ്യപ്പെടാന്‍ ഏറെനാള്‍ വേണ്ടിവരും. ഒരുപക്ഷേ ആ ആളുടെ വിയോഗം വരെ. ജീവിച്ചിരിക്കുമ്പോള്‍ മറുതയായും മരക്കഴുതയായും കരുതപ്പെടുന്നവര്‍ മരണശേഷം മാലാഖയായി മാറുന്നു. നമ്മള്‍ തന്നെ അങ്ങനെ വിശേഷിപ്പിക്കുന്നു. എന്തൊരു കഷ്ടം! ജീവിച്ചിരുന്നപ്പോള്‍ പ്രോത്സാഹനത്തിന്റെയോ അഭിനന്ദനത്തിന്റെയോ ഒരു വാക്കെങ്കിലും കേള്‍ക്കാന്‍ അവരും കൊതിച്ചിട്ടുണ്ടാവില്ലേ? ”കൊള്ളാം നന്നായിരിക്കുന്നു,” ”നീ നന്നായി ചെയ്തു.” എന്ന് ജീവിതത്തില്‍ ഒരിക്കല്‍ പോലും കേള്‍ക്കാതെ എത്രയോപേര്‍ മണ്ണടിഞ്ഞിട്ടുണ്ട്. അവരില്‍ ചിലരെങ്കിലും എന്റെ സുഹൃത്തുക്കളായിരുന്നു, സഹപ്രവര്‍ത്തക രായിരുന്നു,  കുടുംബക്കാരായിരുന്നു എന്നത് ഇന്നെന്റെ കണ്ണിനെ നനയ്ക്കുന്നു.

കൂട്ടുകാരനുമായി പിണങ്ങിയ യുവതി കരയുകയാണ്. കാരണം അവള്‍ ഏകയായി. ജീവിതത്തില്‍ പറന്നുയരാനുള്ള അവളുടെ ചിറകുകള്‍ നഷ്ടമായിരിക്കുകയാണ്. ചിറകുകള്‍ നഷ്ടപ്പെട്ടവരെ ആശ്വസിപ്പിക്കുക അസാധ്യം. ഓരോ പിണക്കത്തിലും സംഭവിക്കുന്നത് ചിറകരിയലാണ് എന്ന് നമ്മള്‍ മനസ്സില്‍ കുറിച്ചിടേണ്ടിയിരിക്കുന്നു. സൗഹൃദത്തിന്റെ, പ്രണയത്തിന്റെ, രക്തബന്ധത്തിന്റെ ചിറകരിഞ്ഞവരാണോ നമ്മള്‍.

വസ്തുവകകള്‍ക്കും സ്ഥാനങ്ങള്‍ക്കും എന്റേത് എന്ന വിശേഷണം നല്‍കുമ്പോള്‍ ഇനി സൂക്ഷിക്കണം. എന്റെ കുട്ടി എന്ന് അമ്മ പറയുന്നത് സ്‌നേഹത്തോടെയാണെങ്കിലും അപ്പനും അതുതന്നെ പറയാനുള്ള അവകാശമുണ്ടെന്ന് മനസിലാക്കണം. നമ്മുടേത് എന്ന് പറയുന്നതാണ് കൂടുതല്‍ നല്ലതെന്ന് തോന്നുന്നു. മാത്രമല്ല ഒന്നിന്റെയും സ്ഥിരമായ അവകാശികളോ അധികാരികളോ അല്ല നമ്മള്‍. ഏറിയാല്‍ എണ്‍പത് അല്ലെങ്കില്‍ തൊണ്ണൂറ്. അതിനപ്പുറം നമ്മളില്‍ എത്രപേര്‍ പോകും. പക്ഷേ ഇവിടുത്തെ സ്ഥാനങ്ങളും സ്ഥാപനങ്ങളും മരങ്ങളും എല്ലാം പിന്നെയും കാണാം.

‘ഫോറസ്റ്റ് ഗംബ്’ എന്ന സിനിമ തുടങ്ങുന്നത് നായകന്‍ ബസ് സ്റ്റോപ്പിലെ ബഞ്ചില്‍ വണ്ടി കാത്തിരിക്കുന്ന ദൃശ്യത്തോടെയാണ്. തന്റെ അടുത്തിരിക്കുന്നവരുടെ മുമ്പില്‍ അയാള്‍ തന്റെ ജീവിതം തുറക്കുന്നു. അമ്മ അയാള്‍ക്ക് കൊടുത്ത ഉപദേശമാണ് അയാള്‍ പറയുന്നത്; ”അമ്മ എപ്പോഴും പറയുമായിരുന്നു, ജീവിതം ഒരു ചോക്ലേറ്റ് പെട്ടിപോലെയാണെന്ന്. നിനക്ക് എന്താണ് കിട്ടാന്‍ പോകുന്നതെന്ന് ഒരിക്കലും നിനക്ക് അറിയാന്‍ പറ്റില്ല.” സത്യം! ആരെയാണ് നിനക്ക് കൂട്ടിനായികിട്ടുന്നതെന്നും എവിടെയാണ് നീ ചെന്നെത്താന്‍ പോകുന്നതെന്നും ആര്‍ക്കും അറിയില്ല.

ജീവിതത്തില്‍ എവിടെയാണെങ്കിലും മറ്റുള്ളവരുടെ സഹായത്താലേ നമുക്ക് വളരാനും ഉയരാനും സാധിക്കൂ എന്നത് അടിസ്ഥാന പ്രമാണം തന്നെയാണ്. ഒറ്റച്ചിറക് മാത്രം ഉള്ളവരാണ് നമ്മള്‍. പറന്നുയരണമെങ്കില്‍ രണ്ട് ചിറകുകളും ആവശ്യമാണെന്നും നമുക്കറിയാം. അപ്പോള്‍ അപരനെ ആശ്രയിക്കേണ്ടത് ആവശ്യമായി വരുന്നു. അറിഞ്ഞാണെങ്കിലും അറിയാതെയാണെങ്കിലും ഇപ്പോഴും സംഭവിക്കുന്നത് അതുതന്നെയാണ്. ഈ വാക്കുകള്‍ കുറിക്കുന്ന കടലാസ്, ഉപയോഗിക്കുന്ന പേന, നിങ്ങള്‍ വായിക്കുന്ന ഈ പേജ്, അതിന്റെ ഡിസൈന്‍ എല്ലാം പലരുടെയും അധ്വാനഫലമാണ്.

എവിടെയോ വായിച്ചതാണ്. നിന്റെ കൂടെയുള്ളവനെ/കൂടെയുള്ളവളെ മാലാഖയായി കരുതൂ. അവന്‍/അവള്‍ നിനക്ക് സ്വര്‍ഗ്ഗം കാണിച്ച് തരും എന്ന്. അത് സത്യമാണെങ്കില്‍ എത്ര സുന്ദരമാണ്. എന്റെ കൂടെയുള്ളവര്‍ എന്നെക്കുറിച്ചും അങ്ങനെതന്നെ വിചാരിക്കും എന്നൊരു ഓര്‍മ്മയുള്ളത് നന്ന്.

ഫാ. ജി. കടൂപ്പാറയില്‍ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.