വിശുദ്ധര്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ സഹോദരങ്ങള്‍ ആണ് – സകല വിശുദ്ധരുടെയും തിരുനാള്‍ സന്ദേശം

വിശുദ്ധി ദൈവത്തിന്റെ സമ്മാനം

യുഗാന്ത്യോന്മുഖതയെ സൂചിപ്പിക്കുന്ന ഏലിയാ ശ്ലീവാ മൂശക്കാലങ്ങളുടെ അവസാനം സകല വിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കുക ഏറെ അര്‍ത്ഥവത്താണ്. ഇന്നു കാലങ്ങളുടെ കേന്ദ്രബിന്ദുവായ കര്‍ത്താവിന്റെ രണ്ടാമത്തെ ആഗമനവും കുരിശിന്റെ ശക്തിയും വിശുദ്ധിയുടെ വിളവെടുപ്പ് സാധ്യമാക്കുന്നു. കാലവര്‍ഷത്തിന്റെ അവസാനം നല്ല കൊയ്ത്ത് പ്രതീക്ഷിക്കുന്ന കര്‍ഷകന്റെ മനസ്സാണ് സഭയ്ക്ക്.

തിരുസഭയുടെ സ്വഭാവത്തോട് വളരെ ആത്മാര്‍ത്ഥത പുലര്‍ത്തുന്ന തിരുനാളാണിത്. ”നിങ്ങളുടെ കര്‍ത്താവും ദൈവവുമായ ഞാന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍” (ലേവ്യര്‍ 19:2). ഇതിന്റെ അടിസ്ഥാനത്തിലാണ് ‘ജനതകളുടെ പ്രകാശം’ (LG). ‘വിളി’ എന്ന അദ്ധ്യായം എഴുതിചേര്‍ക്കപ്പെട്ടത്. ”സാക്ഷികളുടെ ഒരു വലിയ മേഘത്താല്‍ നാം വലയം ചെയ്യപ്പെട്ടിരിക്കുന്നു” എന്ന് ഹെബ്രായ ലേഖന കര്‍ത്താവ് പറയുന്നതും വെറുതെയല്ല (ഹെബ്ര:12,1).

കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ തിരുസഭ നിരവധി വിശുദ്ധരെയും വാഴ്ത്തപ്പെട്ടവരെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരിക്കല്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഇതേപ്പറ്റി ചോദിച്ചു: ‘എന്തിനാണ് ഇത്രയും പേരെ വിശുദ്ധരാക്കിയത്? പാപ്പ ഉത്തരം കൊടുത്തത് ഇപ്രകാരമായിരുന്നു; ”ഞാന്‍ ആരെയും വിശുദ്ധരാക്കുന്നില്ല. മറിച്ച്, പരിശുദ്ധാത്മാവാണ് ഈ ജോലി ചെയ്യുന്നത്.”   അതേ പരിശുദ്ധാത്മാാണ് സഭയില്‍ വിശുദ്ധരെ ജനിപ്പിക്കുകയും സഭയെ വിശുദ്ധമായി കാത്തു പാലിക്കുകയും ചെയ്യുന്നത്.

സകല വിശുദ്ധരുടെയും തിരുനാള്‍ ഈ ഭൂമിയിലും സ്വര്‍ഗ്ഗീയ ജറുസലേമിലും ഒരേ സമയം നടക്കുന്ന ആഘോഷമാണ്. സ്വര്‍ഗ്ഗവും ഭൂമിയും ഒന്നിക്കുന്ന സമയം. തന്റെ ലേഖനങ്ങളുടെ അവസാന ഭാഗത്ത് പൗലോസ് ശ്ലീഹാ ”ഓരോ ക്രിസ്തീയ സഭയിലെയും വിശുദ്ധര്‍ നിങ്ങള്‍ക്കു വന്ദനം പറയുന്നു” എന്നു പറയുമ്പോള്‍ ജീവിക്കുന്ന ക്രിസ്തീയ സഹോദരങ്ങളെപ്പറ്റിയാണ് പറയുക. ജറുസേലമിലെ വിശ്വാസികള്‍ക്കായി പിരിവു നടത്തുമ്പോള്‍ അത് സാധുക്കളായ തീര്‍ത്ഥാടകരെ പറ്റിയാണ് പറയുക. അവര്‍ ജീവിച്ചിരിക്കുന്ന വിശ്വാസികളാണ്. ഇനി നമുക്ക് പറയാം; നമ്മള്‍ തനിച്ചല്ല, മറിച്ച് നമ്മള്‍ ഇനി ജീവിക്കുന്നത് ഒരു കൂട്ടായ്മയാണ്. ഈശോയുടെ ഉത്ഥാനത്തിന്റെ ഫലമായി എണ്ണിതീരാനാവാത്ത സഹോദരന്മാര്‍ ക്രിസ്തുവിനൊപ്പം പിതാവിന്റെ വലത്തുഭാഗത്തു കാണുന്നു. അവരാണ് വിശുദ്ധര്‍. ആദിമസഭ ഇവരെ ‘ദൈവത്തിന്റെ സ്‌നേഹിതര്‍’ എന്നാണ് വിളിച്ചിരുന്നത്. ”പിതാവ് നമ്മോട് കാണിച്ചിരിക്കുന്ന സ്‌നേഹം നോക്കുക. നമ്മള്‍ ദൈവപുത്രന്മാര്‍ എന്നു വിളിക്കപ്പെട്ടിരിക്കുന്നു” (1 യോഹ 3, 1). വിശുദ്ധിയുടെ മാനദണ്ഡം ആദ്യകാലങ്ങളില്‍ ദൈവത്തോടുള്ള അടുപ്പം ആയിരുന്നു. പില്‍ക്കാലത്താണ് അത് ‘പരിപൂര്‍ണ്ണത’ എന്ന ആശയമായത്.

ഇന്നത്തെ മനുഷ്യരുടെ ഏറ്റം വലിയ രോഗം ഏകാന്തതയാണ്. അതില്‍ നിന്നുള്ള മോചനമാണ് സകല വിശുദ്ധരുടെയും കൂട്ടായ്മയില്‍ പങ്ക് പറ്റുന്നതിലൂടെ നമുക്ക് കരഗതമാകുന്നത്. ജീവിച്ചിരുന്നപ്പോള്‍ പലരാലും അറിയപ്പെടാത്തവര്‍, തങ്ങളുടെ കൊച്ചു ജീവിതംകൊണ്ട് ക്രിസ്തുവിന് സാക്ഷികളായവര്‍, ലോകം കുപ്പപോലെ പരിഗണിച്ചവര്‍. ലോകത്തിന്റെ വിഗ്രഹാരാധനയ്ക്ക് കൂട്ടുനില്‍ക്കാത്തവര്‍ അവരെപ്പറ്റിയാണ് ഇന്ന് സുവിശേഷം പറയുക (മത്താ 5:1-12).

ഭാഗ്യപ്പെട്ടവരെ എന്ന് ഈശോ വിളിക്കുക ദരിദ്രരെയാണ്. ലോകം പറയും ”സമ്പന്നരെ, നിങ്ങള്‍ ഭാഗ്യവാന്മാര്‍. നിങ്ങള്‍ക്ക് എല്ലാ ആഗ്രഹങ്ങളും സഫലമാക്കാന്‍ കഴിയും.” എന്നാല്‍ സുവിശേഷം പറയും ”ദരിദ്രരെ നിങ്ങള്‍ക്ക് ഭാഗ്യം.” ലോകം പറയും; ‘ശക്തരെ നിങ്ങള്‍ ഭാഗ്യവാന്മാര്‍. കാരണം, നിങ്ങള്‍ ഇച്ഛിക്കുന്നത് സ്വന്തമാക്കാന്‍ നിങ്ങള്‍ക്ക് കഴിയും.’ എന്നാല്‍ സുവിശേഷം പറയും ‘എളിമയുള്ളവരെ നിങ്ങള്‍ ഭാഗ്യവാന്മാര്‍.’ ലോകം പറയും; ‘ചിരിക്കുന്നവരെ, ജീവിതം ആസ്വദിക്കുന്നവരെ നിങ്ങള്‍ക്ക് ഭാഗ്യം.’ എന്ന്. എന്നാല്‍ സുവിശേഷം ‘ഇപ്പോള്‍ കരയുന്നവരെ നിങ്ങള്‍ക്ക് ഭാഗ്യം’ എന്ന് പറയും.

ശരിക്കും ആരുടെ ഭാഗത്താണ് ശരി? ലോകമോ അതോ സുവിശേഷമോ? യഥാര്‍ത്ഥത്തില്‍ നമ്മുടെ വിശ്വാസം നമ്മെ പഠിപ്പിക്കുന്നത് ഈശോ പറയുന്നതാണ് ശരി എന്നാണ്. എന്നാല്‍ അത് മനസ്സിലാക്കാന്‍ അത്ര എളുപ്പമല്ല. എന്നാല്‍ സുവിശേഷം യഥാര്‍ത്ഥത്തില്‍ ആഹ്വാനം ചെയ്യുക നമ്മുടെ മാനസാന്തരമാണ്. ലോകമോഹങ്ങളില്‍ നിന്നും മോചനം ലഭിച്ചാലെ നാം ക്രിസ്തുവിന്റെ ശിഷ്യരാകൂ.

നമ്മളാരും തനിച്ചല്ല എന്ന സത്യം നമ്മെ പഠിപ്പിക്കുന്ന തിരുനാളാണ് ഇന്നത്തേത്. നമ്മോടൊപ്പം അനവധി മനുഷ്യര്‍ ഉണ്ട്. അവരെ തിരിച്ചറിയുകയാണ് നാം ചെയ്യേണ്ടത്. എന്നെ ധൈര്യപ്പെടുത്തുന്നവര്‍, എനിക്കുവേണ്ടി മദ്ധ്യസ്ഥ പ്രാര്‍ത്ഥന നടത്തുന്നവര്‍, എന്നെ ഒരിക്കലും പിരിഞ്ഞു പോകാത്തവര്‍. അവരെ എന്റെ സഹോദരിമാരായും സഹോദരന്മാരായും തിരിച്ചറിയുക.

സീറോ-മലബാര്‍ സഭയ്ക്ക് ഇപ്പോള്‍ വസന്തകാലമാണ്. നമ്മുടെ സഭയില്‍ ആദ്യമായി വിശുദ്ധയായി നാമകരണം ചെയ്യപ്പെട്ടത് വിശുദ്ധ അല്‍ഫോന്‍സാ മ്മയാണ്. അതിനുശേഷം വിശുദ്ധ ചാവറയച്ചനും വിശുദ്ധ എവുപ്രാസ്യായും വിശുദ്ധരുടെ ഗണത്തിലായി. രാമപുരത്തെ കുഞ്ഞച്ചനുള്‍പ്പെടെ കുറേപ്പേര്‍ വാഴ്ത്തപ്പെട്ടവരായുണ്ട്. ഇതിനെല്ലാം മകുടം ചൂടുവാന്‍ ഈ ആഴ്ചയില്‍ തന്നെ സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ടവളായി തീരുകയാണ്. ഇവരുടെയെല്ലാം സമീപത്തു നില്‍ക്കുമ്പോള്‍ നമുക്ക് എന്തെന്നില്ലാത്ത ആനന്ദവും കൈവരുന്നു. പ്രത്യേകമാംവിധം സിസ്റ്റര്‍ റാണി മരിയ നമ്മുടെ ജീവിതത്തോട് അടുത്തിരിക്കുന്നു. അവളുടെ സഹോദരങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. നമ്മുടെ ഇടയിലാണ് അവള്‍ ജീവിച്ചത്. നമ്മുടെ കണ്‍മുമ്പിലൂടെയാണ് അവള്‍ കടന്നുപോയത്. നിര്‍മ്മലമായ ബാല്യകാലത്തിനുശേഷം ഈശോയുടെ വിളികേട്ട് സന്യാസസഭയില്‍ ചേര്‍ന്ന് പരിശീലനത്തിനുശേഷം സഭാധികാരികള്‍ നിയോഗിച്ചതനുസരിച്ച് മധ്യപ്രദേശിലെ മിഷനറിയായി അവള്‍ പാവങ്ങള്‍ക്കു വേണ്ടി ജീവിച്ചു. ഈശോ എന്ന നാമം ഉച്ചരിച്ചുകൊണ്ട് മരിച്ചു. രക്തസാക്ഷിത്വത്തിലൂടെ മരണത്തിന്റെ വാതില്‍ കടന്ന് ദൈവത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്നു. ഇതിനല്ലേ നമ്മളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

നമ്മുടെ യഥാര്‍ത്ഥ സഹോദരന്മാര്‍ വിശുദ്ധരാണ്. നമ്മുടെ യഥാര്‍ത്ഥ സഹോദരിമാര്‍ വിശുദ്ധരാണ്. റാണി മരിയ നമ്മുടെ കുടുംബാംഗമാണ്. നമ്മെ മനസ്സിലാക്കുന്ന, നമ്മുടെ ബലഹീനതകളില്‍ നമ്മളെ കൈപിടിച്ചുയര്‍ത്തി, നമ്മള്‍ നടക്കുന്ന വഴിയില്‍ വെളിച്ചം പകരുന്ന, യഥാര്‍ത്ഥ സഹോദരി… നമ്മെ യഥാര്‍ത്ഥ സൗഭാഗ്യത്തിലേക്ക് നയിക്കുന്ന വഴികാട്ടി. ഈ തിരുനാള്‍ നല്‍കുന്ന ശുദ്ധമായ ആനന്ദത്തില്‍ നമുക്ക് മുഴുകാം.

റവ. ഫാ. സിറിയക് മൂപ്പാത്തിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.