സിറിയയിലെ ക്രൈസ്തവർക്ക് സഹായവുമായി എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് 

അക്രമവും ദാരിദ്ര്യവും മൂലം വലയുന്ന സിറിയയിലെ ക്രൈസ്തവരുടെ പുനരധിവാസത്തിന് സഹായപദ്ധതികളുമായി എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടന. സഹായങ്ങൾ എത്തിക്കുന്നതിന് ആവശ്യമായ സംഭാവന സ്വീകരിക്കുന്നതിനുള്ള പരിപാടികൾ സംഘടനയുടെ നേതൃത്വത്തിൽ ആരംഭിച്ചുകഴിഞ്ഞു.

സിറിയയിലെ യുദ്ധം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഭീകരത ഇനിയും പരാജയപ്പെട്ടിട്ടില്ല. ഞങ്ങളുടെ സഹോദരന്മാർക്ക് എന്നത്തേക്കാളും കൂടുതൽ സഹായം ആവശ്യമുണ്ട് – ഇറ്റലിയിലെ നീഡ് ചർച്ച് എയ്ഡ് ഡയറക്ടർ അലസ്സാൻഡ്രോ മോണ്ടെഡ്യൂറോ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ആദ്യം സഹായമത്തിക്കുന്നത് സിറിയയിലെ ആലപ്പോ നഗരത്തിലാണ്. ഏറ്റവും ദരിദ്രരായ ക്രൈസ്തവ കുടുംബങ്ങൾക്ക് സംഘടന, ഭക്ഷണവും അത് പാകം ചെയ്യുന്നതിനാവശ്യമായ സാമഗ്രികളും വാങ്ങിക്കാനായി സാമ്പത്തികസഹായവും നൽകുകയാണ് ആദ്യപടി. ഇതുകൂടാതെ,  വീടുകളിൽ പരിശോധനയും വൈദ്യസഹായം എത്തിക്കാനുള്ള നടപടികളും മറ്റും അടുത്തഘട്ടമായി ആരംഭിക്കും.

സിറിയൻ യുദ്ധം ആരംഭിച്ച 2011 മുതൽ 2018 വരെ 30 മില്യൻ യൂറോയിലധികം തുക പ്രാദേശിക സഭകൾക്ക് ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് നൽകിയിട്ടുണ്ട്. കൂടാതെ, സുരക്ഷ മെച്ചപ്പെട്ട സ്ഥലങ്ങളിൽ ദേവാലയങ്ങളുടെയും വീടുകളുടെയും പുനർനിർമ്മാണത്തിനായും സംഘടന സഹായങ്ങൾ നൽകാൻ ആരംഭിച്ചിട്ടുണ്ട്.