“ആദ്യം തിരികെ വന്ന് അമ്മയെ കാണാന്‍ തോന്നി; ഒടുവില്‍ അവരിലൊരാളായി” – ഒരു മലയാളി വൈദികന്റെ ആഫ്രിക്കന്‍ അനുഭവം

മരിയ ജോസ്

ക്രിസ്തുവിന്റെ സ്നേഹത്തിന്റെ സാക്ഷ്യം, അതാണ് ഓരോ മിഷനറിയുടെയും ജീവിതം. ലോകത്തിന്റെ പല ഭാഗങ്ങളിലും പൊള്ളുന്ന വെയിലിൽ, അസൗകര്യങ്ങളുടെ നടുവിൽ, കിലോമീറ്ററുകളോളം കാൽനടയായി നടക്കുമ്പോൾ, രോഗങ്ങളോട് മല്ലിടുമ്പോൾ ഓരോ മിഷനറിയും അവരുടെ ജീവിതം കൊണ്ട് പങ്കുവയ്ക്കുന്നത് അളവുകളും പരിധികളുമില്ലാതെ സ്നേഹിച്ച ദൈവത്തെയാണ്. ആ ഒരു ബോധ്യത്തിലേയ്ക്ക് ദൈവം നയിച്ച ഒരു മിഷനറി വൈദികനുണ്ട്. മിഷൻ പ്രവർത്തനത്തെക്കുറിച്ച് ചിന്തിക്കാതിരുന്ന സമയത്ത് ദൈവം തന്റെ ജനത്തിനായി തിരഞ്ഞെടുത്ത വിൻസെൻഷ്യൻ വൈദികൻ ഫാ. ബിജു വള്ളിപ്പറമ്പിൽ.

മലേറിയ അതിന്റെ തീവ്രതയിൽ എത്തി അച്ചനെ ഭീതിയിലാഴ്ത്തിയപ്പോൾ, വീട്ടിലേയ്ക്കു മടങ്ങാനിരുന്ന ഈ വൈദികനെ സാന്ത്വനിപ്പിച്ച് ദൈവം മിഷൻ തീക്ഷണതയാൽ നിറച്ചു. പിന്നീടിങ്ങോട്ട് നൂറോളം തവണ മലേറിയ കീഴടക്കാൻ ശ്രമിച്ചപ്പോഴും അതിനെയൊക്കെ ദൈവം പകർന്ന മിഷൻ തീക്ഷ്ണതയാൽ അതിജീവിച്ച് അദ്ദേഹം ആഫ്രിക്കയിൽ തന്നെ നിന്നു. തന്റെ ദൈവാനുഭവത്തിന്റെയും ടാൻസാനിയയിലെ മിഷൻ പ്രവർത്തനത്തിന്റെയും അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഫാ. ബിജു വള്ളിപ്പറമ്പിൽ.

മിഷൻ പ്രവർത്തനത്തിനായി ദൈവം തിരഞ്ഞെടുക്കുന്നു

വിൻസെൻഷ്യൻ സഭയിൽ ചേർന്ന് അവിടെ വൈദികപഠനം നടത്തുന്ന സമയത്താണ് അപ്രതീക്ഷിതമായി സുപ്പീരിയർ അച്ചൻ ഞങ്ങളുടെ അടുത്തെത്തുന്നത്. അവിടുത്തെ കാര്യങ്ങളും മറ്റും പങ്കുവച്ചും മിഷൻ അനുഭവങ്ങൾ പറഞ്ഞും അദ്ദേഹം ഞങ്ങളോടൊപ്പം ഇരുന്നു. അതൊക്കെ കഴിഞ്ഞാണ് ഞാനും മറ്റൊരു ബ്രദറും കൂടെ നിന്നപ്പോൾ സുപ്പീരിയർ വന്നു ചോദിക്കുന്നത്: “ആഫ്രിക്കയിലേയ്ക്ക് വരാൻ താൽപര്യം ഉണ്ടോ?” എന്ന്. അന്ന് ഞാൻ മിഷൻ പ്രവർത്തനത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. “ഇല്ല” എന്ന് അച്ചനോട്‌ പറഞ്ഞ് തിരികെപ്പോന്നു.

അങ്ങനെയിരിക്കുമ്പോഴാണ് മറ്റേ ബ്രദർ ബിജു അച്ചന്റെ പക്കൽ എത്തിയത്. തനിക്കു വീട്ടുകാരോട് അടുപ്പം കൂടുതലായതിനാൽ ഇവിടെ നിന്നാൽ ചിലപ്പോൾ വീട്ടിലേയ്ക്ക് മടങ്ങിപ്പോകും എന്ന് ബ്രദർ പറഞ്ഞപ്പോൾ മറ്റൊരാളുടെ വിളി ഞാൻ കാരണം മുടങ്ങണ്ടല്ലോ എന്നു കരുതി മിഷനിലേയ്ക്ക് പോകാൻ സമ്മതം അറിയിച്ചു. ആഫ്രിക്കൻ മിഷനിലേയ്ക്കുള്ള വഴി തുറന്ന സംഭവം അച്ചൻ പറഞ്ഞുതുടങ്ങി. പക്ഷേ, അപ്പോഴും അച്ചന് അറിയില്ലായിരുന്നു ദൈവമാണ് തനിക്ക് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന്.

അങ്ങനെ ടാൻസാനിയായിൽ എത്തി. 1998 കാലം. ഏതാണ്ട് മരണം മുന്നിൽ ഉറപ്പിച്ചുകൊണ്ടുള്ള യാത്രയായിരുന്നു അത്. കാരണം, ആ സമയത്ത് നിരവധി ആളുകൾ അവിടെ മലേറിയ ബാധിച്ചു മരണമടഞ്ഞിരുന്നു. എന്തിന്, ഇവരെ കൊണ്ടുപോകാൻ സമ്മതം ചോദിച്ച സുപ്പീരിയർ പോലും ആ സമയം മലേറിയ ബാധിച്ചു മരണപ്പെട്ടു. അങ്ങനെ പേടിയോടെ മിഷൻ ഭൂമിയിൽ അവർ കാലുകുത്തി. നമ്മുടെ നാട്ടിൽ നിന്നും വളരെ വിഭിന്നമായ സാഹചര്യം. ആദ്യ ദിവസം അച്ചന്മാർ താമസിക്കുന്ന ഭവനത്തിലേയ്ക്കുള്ള ലോറിയാത്രയിൽ തന്നെ ഏതാണ്ട്, രൂപം കൊണ്ട് തങ്ങളും ആഫ്രിക്കക്കാരായി മാറിയെന്ന് അച്ചൻ ചിരിയോടെ ഓർക്കുന്നു. തുടർന്നങ്ങോട്ട് തിരികെ നാട്ടിലേയ്ക്ക് മടങ്ങിവരാനുള്ള ആഗ്രഹവും മിഷൻ പ്രദേശങ്ങളുടെ ദയനീയാവസ്ഥയുടെ തീവ്രതയും മനസ്സിൽ കിടന്ന് കലങ്ങിമറിഞ്ഞിരുന്നു. അങ്ങനെ മുന്നോട്ട് പോകുന്നതിനിടയിലാണ് മലേറിയ പിടിപെടുന്നത്.

ദൈവാനുഭവം സ്വന്തമാക്കിയ നിമിഷങ്ങൾ

ആദ്യത്തെ മൂന്നു മാസത്തിനിടെ ആറു തവണയാണ് അച്ചന് മലേറിയ വന്നത്. ആദ്യ സമയങ്ങളിൽ രോഗം വലിയ പ്രശ്നം ഉണ്ടാക്കിയില്ല. എങ്കിലും ആറാം തവണ വന്ന രോഗം അദ്ദേഹത്തെ അൽപം ഗുരുതരാവസ്ഥയിൽ ആക്കിയിരുന്നു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. മലേറിയയ്ക്കു നൽകുന്ന മരുന്ന് ആറു ട്രിപ്പ് കയറിയിട്ടും രോഗത്തിന് കാര്യമായ ശമനമുണ്ടായില്ല. തന്നെയുമല്ല, മരുന്നിന്റെ പാർശ്വഫലമായി അച്ചന്റെ സ്വബോധം പോകുന്ന പോലെയുള്ള അനുഭവവും ഉണ്ടായി. ചെവി കേൾക്കില്ല, കണ്ണു കാണില്ല, എവിടെയാണെന്ന് തിരിച്ചറിയുവാൻ കഴിയാത്ത അവസ്ഥ. ആശുപത്രയിൽ തന്നെ പരിചരിക്കാൻ എത്തുന്നവരൊക്കെയും തന്നെ കൊല്ലാൻ വരുന്നവരായി അച്ചന് തോന്നി. തീർത്തും ഒറ്റപ്പെട്ട അവസ്ഥ. എങ്ങനെയും വീട്ടിലെത്തി അമ്മയെ കണ്ടാൽ മതിയെന്ന തോന്നൽ അപ്പോഴേയ്ക്കും ശക്തമായിരുന്നു അച്ചന്റെ ഉള്ളിൽ.

രോഗം കുറഞ്ഞു. വൈകാതെ തന്നെ വൈദികർ താമസിക്കുന്ന ഭവനത്തിലെത്തി. അവിടെ പ്രായമായ ഒരു അച്ചൻ കൂടെയുണ്ട്. അദ്ദേഹത്തോട് മിഷനിലെത്തിയ ഈ ബ്രദറിന് ഒന്നു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ – “എനിക്ക് വീട്ടിൽ പോണം.” മൂന്നു വർഷത്തിൽ ഒരിക്കൽ മാത്രമേ പോകാൻ കഴിയുകയുള്ളൂ എന്നു പറഞ്ഞപ്പോൾ എങ്ങനെയെങ്കിലും എനിക്ക് വീട്ടിൽ പോയേ മതിയാവൂ എന്നുപറഞ്ഞ് ഒരു കൊച്ചുകുഞ്ഞിനെപ്പോലെ വാശി പിടിച്ചപ്പോൾ അദ്ദേഹം പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടു. അടുത്തുള്ള സിസ്റ്റർമാരുടെ ആശ്രമത്തിൽ കുറച്ചു ദിവസം എന്നെ താമസിപ്പിച്ചു. നാട്ടിലെ ഭക്ഷണമൊക്കെ കിട്ടിയപ്പോൾ അൽപം ആശ്വാസം ആയി എങ്കിലും വീട്ടിൽ പോകണം എന്ന ആഗ്രഹം മാറാതെ കിടന്നു.

തിരികെ അച്ചന്മാരുടെ ഭവനത്തിലെത്തി. ഇനി പ്രാർത്ഥിച്ച് തീരുമാനമെടുത്ത് മടങ്ങാം എന്ന് ഉറപ്പിച്ചു. ആ ഒരു ചിന്തയോടെ അദ്ദേഹം ദൈവാലയത്തിലിരുന്ന് പ്രാർത്ഥിച്ചു തുടങ്ങി. മുൻപുള്ള അവസരങ്ങളിലേതുപോലെ തന്നെ ദൈവം വചനത്തിലൂടെ തന്നോട് സംസാരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. സക്രാരിയുടെ മുന്നിലിരുന്ന് വേദനയോടെ കരഞ്ഞു. ദൈവത്തിന്റെ മുമ്പിൽ പരാതികളുടെയും പരിഭവങ്ങളുടെയും കെട്ടുകൾ കണ്ണീർത്തുള്ളികളായി പെയ്തിറങ്ങി. നിമിഷങ്ങളും മണിക്കൂറുകളും കടന്നുപോയി. മനസ് പതിയെ ശാന്തമായി. പ്രാർത്ഥനയിലേയ്ക്ക് തിരിഞ്ഞു. അപ്പോഴേയ്ക്കും സമയം വെളുപ്പാകാറായിരുന്നു. ഇനിയാണ് നിർണ്ണായകമായ സമയം എന്ന് അദ്ദേഹം മനസ്സിൽ ഉറപ്പിച്ച് വചനം എടുത്തു. യോഹ. 14:1 അദ്ദേഹത്തിന് ലഭിച്ചു. ആ വചനം ഇപ്രകാരമായിരുന്നു. “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ.”

ആ വചനം വായിച്ചുകഴിഞ്ഞ നിമിഷം മുതൽ ഉള്ളിൽ വല്ലാത്ത ഒരു ശാന്തതയും സമാധാനവും നിറഞ്ഞു. വീട്ടിൽ പോകണം, അമ്മയെ കാണണം എന്നുള്ള ചിന്തകൾ പതിയെ മനസ്സിൽ നിന്നും മാഞ്ഞുതുടങ്ങി. അവിടെയുള്ള ആളുകളെ സ്വന്തം അമ്മയപ്പന്മാരെപ്പോലെ സ്നേഹിക്കുവാൻ കഴിയുന്ന വിശാലമായ മനസ്ഥിതിയിലേയ്ക്ക് ആ വചനം തന്നെ കൊണ്ടെത്തിച്ചു എന്ന് അച്ചൻ പറയുന്നു. ആ വചനം ധ്യാനിച്ചു കഴിഞ്ഞപ്പോൾ മുതൽ ദൈവം അച്ചനിൽ വലിയ ഒരു മിഷൻ തീക്ഷ്ണത നിറച്ചു. എന്ത് പ്രയാസമുണ്ടായാലും ദൈവത്തിലേയ്ക്ക് ഓടിയെത്തി അവിടെ നിന്നു ധൈര്യം സംഭരിച്ചുകൊണ്ട് മുന്നേറാനുള്ള ശക്തിയായിരുന്നു അന്ന് ആ വൈദികാർത്ഥിക്കു ലഭിച്ചത്. പിന്നീടങ്ങോട്ട് ആഫ്രിക്കയിൽ ദൈവത്തിന്റെ വചനം പ്രഘോഷിച്ചുകൊണ്ട് 22 വർഷം അച്ചൻ സേവനം ചെയ്തു. ടാൻസാനിയായിൽ 1998 മുതൽ 2008 വരെ അച്ചൻ മിഷനറിയായി തന്റെ ശുശ്രൂഷ നിർവ്വഹിച്ചു. അതിനിടയിൽ നൂറിലധികം തവണ മലേറിയ വന്നുവെങ്കിലും അച്ചൻ അവിടെത്തന്നെ നിന്നു, മിഷനറിയായി. ദൈവം തന്നെ ഏൽപ്പിച്ച ജനത്തിനായി…

മരിയ ജോസ് 

2 COMMENTS

  1. എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും.  (മത്തായി 19: 29)

Leave a Reply to AnonymousCancel reply