ആഫ്രിക്ക എന്റെ സ്വർഗ്ഗം: 7

ലാസലെറ്റ് സഭാംഗം ആയ ഫാ. ദിലീഷ് പൊരിയംവേലില്‍ തന്റെ ആഫ്രിക്കൻ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

ഫോണടിക്കുന്ന ശബ്ദമാണ് എന്നെ നിദ്രയിൽ നിന്നുണർത്തിയത്. ഉറക്കപ്പിച്ചോടുകൂടെ ഫോണിന്റെ പല ബട്ടനും ഞെക്കി ഫോൺ മാത്രം അറ്റന്റഡ് ആയില്ല. അവസാനം ശരിക്കു കണ്ണു തുറന്നു മൊബൈലിൽ നോക്കി, ഒന്നും മനസിലാകുന്നില്ല. അവസാനം എഴുന്നേറ്റിരുന്നു മൊബൈൽ അൺലോക് ചെയ്തപ്പോൾ റെജിനാൾഡ് അച്ചന്റെ കോൾ ആയിരുന്നു. സമയം നോക്കിയപ്പോൾ രാത്രി ഒരുമണി കഴിഞ്ഞതേ ഉള്ളൂ; ഉടനെ ഞാൻ തിരിച്ചുവിളിച്ചു. എന്നോട് പുറത്തേക്കിറങ്ങിവരാൻ പറഞ്ഞു എന്നിട്ട് കൂട്ടിച്ചേർത്തു വിരുന്നുകാരു കുറേപ്പേര് വന്നിട്ടുണ്ട് ഒന്നുകിൽ കുടുംബത്തിലുള്ളവരെ പടിയിറക്കുക അല്ലെങ്കിൽ വിരുന്നുകാരെ തുരത്തുക. ഞാനാലോചിച്ചപ്പോൾ എന്തു ചെയ്യണമെന്ന് ഒരു പിടുത്തവും കിട്ടിയില്ല. ഇത് പലതവണയാണ് സംഭവിക്കുന്നത്.

വിളിച്ചുപറയാതെ കയറിവന്ന് വീട്ടിനുള്ളിൽ സുഖമായുറക്കുന്നവരെ ആട്ടിപ്പുറത്താക്കി ഓടിക്കുന്ന മനോഭാവമുള്ള വിരുന്നുകാർ. അവരെപ്പോഴും രാത്രിയാണ് കടന്നു വരിക. ഞാൻ പതിയെ ടോർച്ചുമെടുത്ത് പുറത്തേക്കിറങ്ങി വലിയ നീളൻ ഷൂവെടുത്തു കുടഞ്ഞ് പാമ്പോ തേളോ ഇല്ലാ എന്ന് ഉറപ്പ് വരുത്തി പതിയെ കാല് ഉള്ളിലേക്ക് കടത്തി.

ആർക്കും വേണ്ടാതെ ഒരു കടയിൽ പൊടിപിടിച്ചു കടക്കുകയായിരുന്നു ഈ ഷൂ. ഞാനാണെങ്കിൽ എന്റെ കാലിന് പാകമായ ഷൂ അന്വേഷിച്ച് കടകളായ കടകളെല്ലാം കയറിയിറങ്ങി. “ചെറിയ” കാലായതു കൊണ്ട് (പന്ത്രണ്ട് ഇഞ്ച് ഷൂ എങ്കിലും വേണം) പാകമായ ഷൂമാത്രം കിട്ടാനില്ല ഇത് ആദ്യ അനുഭവമല്ല. പല പ്രാവശ്യം ടൗണിലെ പല കടകളിലായി കയറി അവസാനം ഒരു ദിവസമാണ് വളരെ ചെറിയ ആ കടയിൽ ഞാനെത്തുന്നത്. എന്നെക്കണ്ടപ്പോൾ അവനും അവനെക്കണ്ടപ്പോൾ ഞാനും പുഞ്ചിരിച്ചു. രണ്ടു പേർക്കും ജന്മസാഫല്യം ലഭിച്ച സന്തോഷം. കടക്കാരന് അതിലേറെ സന്തോഷം, അതു വാങ്ങാനായി ആരും വരുന്നില്ലല്ലോ എന്ന സങ്കടത്തിലായിരുന്നു. കടക്കാരൻ തന്നെ പൊടിയിൽ കുളിച്ചിരുന്ന ഷൂവിനെ കുളിപ്പിച്ച് സുന്ദരനാക്കി എന്റെ കയ്യിലേക്ക് തന്നു. ഇത് സാദാ ഷൂവല്ല മറിച്ച് ഉറുമ്പിൻ കൂട്ടിൽ കാലെടുത്തു വയ്ക്കുമ്പോഴും ചെളിയിലൂടെ നടക്കുമ്പോഴുമെല്ലാം ഇടാനുള്ള മുട്ടോളം ഉയരത്തിൽ എത്തുന്ന ബൂട്ട്.

പതിയെ പുറത്തേക്കിറങ്ങിയപ്പോൾ മനസിനെ പിടിച്ചുലക്കുന്ന സ്വരം കേട്ട് ഞെട്ടിത്തിരിഞ്ഞപ്പോൾ അത് ഓസോണായിരുന്നു ഞങ്ങളുടെ നൈറ്റ് വാച്ച് മാൻ. ആറുമാസത്തിനിടയിൽ രാത്രി രണ്ടാം തവണയാണ് ഓസോണിനെ കണ്ടത്. മനസ്സ് സന്തോഷത്താൽ തുടിച്ചു….

എന്നാൽ ടോർച്ചടിച്ചപ്പോൾ വീടിനു ചുറ്റും കറുത്ത കടിക്കുന്ന ഉറുമ്പുകളെ കണ്ടപ്പോൾ ആ സന്തോഷം ആവിയായിപ്പോയി… പല സന്തോഷങ്ങളും അങ്ങനെയാണ് അധികം നീണ്ടു നിൽക്കണമെന്നില്ല…. കോഴിയും താറാവും മുയലും ആടുകളും ഉള്ള കൂട്ടിലേക്ക് നോക്കിയപ്പോൾ ഉറുമ്പുകൾ അവിടെ എത്തിയിരുന്നില്ല….

ഉറുമ്പിനെ കൊല്ലുവാനുള്ള പോയിസൺ തീർന്നു പോയിരുന്നു. ആ പോയിസൺ അടിച്ചാൽ ആ ഭാഗത്തേക്ക് കുറേ നാൾ ഉറുമ്പ് വരികയില്ല. മണ്ണെണ്ണയും തീർന്നു പോയി…. ഇനി എന്തു ചെയ്യും ഉറുമ്പുകളാണെങ്കിൽ മാർച്ച് ചെയ്തു കൊണ്ട് മുന്നോട്ട് പോവുകയാണ്. അടുത്തു ചെന്നാൽ കടി ഉറപ്പാണ്. സ്പ്രെ ഉണ്ടോ എന്നു നോക്കി ഉപയോഗിക്കാത്തതു കാരണം ഇങ്ങോട്ടു വന്നപ്പോൾ കരുതിയുമില്ല. പെട്ടന്ന് മനസ്സിലേക്ക് ഒരു ആശയം കടന്നുവന്നു പണ്ട് വീട്ടിലും സെമിനാരിയിലും ചെറിയ ചാഴികളെയും മറ്റും ഒഴിവാക്കാൻ ചാരം വിതറുമായിരുന്നു. അങ്ങനെ ചാരം എടുത്തു പരീക്ഷിച്ചു നോക്കി, പരീക്ഷണം വിജയമായിരുന്നു. തുടർന്ന് മൃഗങ്ങളുടെ കൂടുകൾക്ക് ചുറ്റും ചാരം കൊണ്ട് അതിർത്തിയുണ്ടാക്കി. ഞങ്ങളുടെ വീടിന്റെ എല്ലാ കവാടങ്ങളിലും ചാരം കൊണ്ട് അതിർത്തിയുണ്ടാക്കി… പതിയെപ്പതിയെ അവ പുതിയ വഴികളുണ്ടാക്കി യാത്ര തുടർന്നു.

ഉറുമ്പുകൾ എവിടെ നിന്നാണ് വരുന്നത് എവിടേക്കാണ് പോകുന്നത് എന്നറിയാനായി വീടിനു ചുറ്റും നടന്നു നോക്കി അപ്പോൾ നടുക്കുന്ന ഒരു സത്യം തിരിച്ചറിഞ്ഞു….. ഉറുമ്പുകൾ കൂട്ടത്തോടെ വീടിന്റെ മച്ചിന്റെ മുകളിലേക്ക് യാത്രയാവുന്നത്. ഞാൻ നിലത്തു കിടന്നുറങ്ങുമ്പോൾ ഈ വലിയ ഉറുമ്പുകൾ എന്നെ പൊതിയുന്നതായി ഓർത്തപ്പോൾ നടുക്കം അതിന്റെ ഉച്ചസ്ഥായിലായി…

മുകളിലേക്ക് നോക്കി പലതും ചിന്തിച്ചു നടന്ന എന്റെ കാല് വന്നുറച്ചത് വലിയൊരു ഉറുമ്പിൻ കൂട്ടിൽ …. ബൂട്ടിട്ടത് എന്റെ ഭാഗ്യം…. എന്റെ ചവിട്ടുകൊണ്ട് കുറച്ച് ഉറുമ്പുകൾ മാറി അപ്പോൾ അവ എന്തിനെയോ പൊതിഞ്ഞ് കടിക്കുന്നതായി തോന്നി… നോക്കിയപ്പോൾ വവ്വാലിനെ ഉറുമ്പുകൾ കാർന്നുതിന്നുന്ന കാഴ്ചയായിരുന്നു, ജീവൻ പോലും പൂർണമായും വിട്ടുമാറിയിരുന്നില്ല….

പെട്ടന്ന് മനസിലേക്ക് വന്ന ചിന്ത വർഷങ്ങൾക്കു മുൻപ് ആരോ ഉപേക്ഷിച്ച കുഞ്ഞിനെ ഉറുമ്പുകൾ കടിച്ച് വശംകെടുത്തിയ വാർത്തയും തനിയെ വീട്ടിൽ താമസിച്ചിരുന്ന വ്യക്തിയെ ഉറുമ്പുകൾ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയതുമൊക്കെയാണ്. കുറേ ദിവസങ്ങളായി വവ്വാലുകളുടെ ശല്യമുണ്ടായിരുന്നു. ഞങ്ങളുടെ റൂമുകളുടെ മുകളിൽ തട്ടിൻപുറത്താണവരുടെ വാസം… വവ്വാലുകളുടെ വിസർജ്യം ഞങ്ങളുടെ മച്ചിന്റെ നിറം മഞ്ഞയാക്കിത്തുടങ്ങിയിരുന്നു. ഞങ്ങൾ നോക്കിയപ്പോൾ ചെറിയൊരു ദ്വാരം മാത്രമേയുള്ളൂ പക്ഷെ രണ്ടു പ്രാവശ്യം നോക്കിയിട്ടും ആ ദ്വാരം അടക്കുവാൻ സാധിച്ചിരുന്നില്ല. ഒരു നൂറ്റമ്പത് വവ്വാലുകളിൽ കൂടുതലുണ്ടവിടെ എല്ലാം വളരെ ചെറുതും…. രാത്രിയിലും മറ്റും അവയുടെ വിഹാരത്തിന്റെ സ്വരം ചെവികളിൽ അസ്വസ്ഥത നിറച്ചിരുന്നു. ഈ വവ്വാലുകളെ എങ്ങനെ കുടിയൊഴിപ്പിക്കാമെന്ന് ചിന്തിച്ചിരിക്കുകയായിരുന്നു. വവ്വാലുകൾ ഉള്ളിലേക്ക് പ്രവേശിക്കുന്ന കവാടത്തിൽ പതിനായിരക്കണക്കിന് പടയാളികളായ ഉറുമ്പുകൾ നിലയുറപ്പിച്ചു. അതോ ലക്ഷക്കണക്കിനായിരുന്നോ എന്നറിയില്ല….

വൈകുന്നേരം ആറുമണി കഴിയുമ്പോൾ ഭക്ഷണം തേടി യാത്രയാവുന്ന വവ്വാലുകൾ രാത്രിയുടെ പല യാമങ്ങളിലായാണ് തിരികെ വരിക. രാത്രി പന്ത്രണ്ടര ഒരുമണിയോടെ എത്തിയ വവ്വാലുകളെ ഉറുമ്പു പൊതിഞ്ഞു പിന്നീടവ പറക്കുവാൻ നോക്കി എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഉറുമ്പുകൾ അവയുടെ ചിറകുകളിൽ ദ്വാരമുണ്ടാക്കി …. അങ്ങനെ കുറേ വവ്വാലുകൾ താഴേക്ക് പതിച്ചു അവയ്ക്ക് പിന്നീട് മുകളിലേക്കൊരിക്കലും ഉയരുവാൻ സാധിച്ചില്ല.

പ്രകൃതിയിലെ പല ജീവജാലങ്ങളെയും ഉല്മൂലനം ചെയ്യാൻ അല്ലെങ്കിൽ താത്കാലികമായ നാശം വിതക്കാൻ പ്രകൃതി തന്നെ വഴി കണ്ടെത്തുന്നു…. അവസാനം ഉറുമ്പുകൾ മച്ചിൻ പുറത്തേക്ക് പോകുന്ന വഴിയിലും ചാരം വിതറി അപ്പോഴേക്കും രാത്രി രണ്ടര കഴിഞ്ഞിരുന്നു….

സ്നേഹത്തോടെ
ദിലീഷ് പൊരിയം വേലിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.