ആഫ്രിക്ക എന്റെ സ്വർഗ്ഗം: 3

ലാസലെറ്റ് സഭാംഗം ആയ ഫാ. ദിലീഷ് പൊരിയംവേലില്‍ തന്റെ ആഫ്രിക്കൻ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

“സ്ത്രീക്കു പ്രസവവേദന ആരംഭിക്കുമ്പോൾ അവളുടെ സമയം വന്നതുകൊണ്ട് അവൾക്ക് ദുഃഖം ഉണ്ടാകുന്നു. എന്നാൽ, ശിശുവിനെ പ്രസവിച്ചു കഴിയുമ്പോൾ ഒരു മനുഷ്യൻ ലോകത്തിൽ ജനിച്ചതുകൊണ്ടുള്ള സന്തോഷം നിമിത്തം ആ വേദന പിന്നീടൊരിക്കലും അവൾ ഓർക്കുന്നില്ല” (യോഹന്നാൻ 16:21).

പ്രതീക്ഷകളും പ്രാർത്ഥനകളും ഓരോ വ്യക്തികളെയും സമൂഹങ്ങളെയും മുന്നോട്ടു നയിക്കുന്നു. അസാധ്യമെന്നു വിചാരിക്കുന്ന പലതും യാഥാർത്യമായി മാറും. സഹനത്തിന്റെയും ഒറ്റപ്പെടലിന്റെയും ജീവിതത്തിലൂടെ കടന്നുപോകുന്ന നമ്മെ ദൈവം കൈപിടിച്ചുയർത്തുക ഉത്ഥാനമാകുന്ന രക്ഷാകര അനുഭവത്തിലേക്കായിരിക്കും. ആ രക്ഷാകരമായ അനുഭവം എപ്പോൾ സാധ്യമാകുമെന്ന് നമുക്കാർക്കും പ്രവചിക്കാൻ സാധ്യമല്ല; എങ്കിലും പലരും ഇന്ന് ഭാവിയറിയാനുള്ള തത്രപ്പാടിൽ ജീവിക്കുവാൻ മറക്കുന്നു. എവിടെയും പരിഭവങ്ങളും കുറവുകളും തിന്മകളും മാത്രം, ആരുടെയും നന്മ കാണുവാനോ പ്രോത്സാഹിപ്പിക്കുവാനോ സമയമില്ല പലർക്കും.

ക്രിസ്തുമസിനു മുന്നോടിയായി യേശുവിന്റെ ജനനത്തെക്കുറിച്ചു ചിന്തിച്ചപ്പോൾ മാനുഷികമായി എന്റെ ഉള്ളിലേക്ക് വന്ന ഒരു ചിന്തയുണ്ട്. എന്റെ ചിന്ത ഇപ്രകാരമായിരുന്നു, യേശുവിന്റെ ജനനത്തിനു മുൻപ് പരിശുദ്ധ കന്യാമറിയത്തിനുണ്ടായ ഏറ്റവും വലിയ വ്യാകുലതയും വിഷമവും അപമാനമുണ്ടാകുമോ എന്ന ഭയവും വിശുദ്ധ യൗസേപ്പിതാവ് തന്നെ സ്വീകരിക്കുമോ എന്ന ചിന്തയും കൂടാതെ താൻ ഉദരത്തിൽ ചുമക്കുന്ന പോഷണം നല്കിയ തന്റെ കുഞ്ഞിന്റെ രൂപമെന്തായിരിക്കും, നിറമെന്തായിരിക്കും, ഞാൻ അവനെ എന്താണ് വിളിക്കേണ്ടത് തുടങ്ങിയ നിരവധി ചിന്തകൾ അവളെ ഒത്തിരിയേറെ അലട്ടിയിട്ടുണ്ടായിരിക്കും.

നമ്മുടെ കുടുംബങ്ങളിൽ കുഞ്ഞുങ്ങളുണ്ടാകുന്നതിനു മുൻപേ പറഞ്ഞു തുടങ്ങും കുഞ്ഞ് അമ്മയെപ്പോലെ ആയിരിക്കും, അപ്പനെപ്പോലെ ആയിരിക്കും. അല്ലെങ്കിൽ മുത്തച്ഛനെപ്പോയോ മുത്തശ്ശിയെപ്പോലെയോ ആയിരിക്കും എന്നൊക്കെ. ഒരമ്മയുടെ മനസ്സിലും കുഞ്ഞിനെക്കുറിച്ചുള്ള ഏകദേശ രൂപം തെളിഞ്ഞു വരും പിന്നീട് ആ സ്വപ്നങ്ങൾ താലോലിച്ചവർ തങ്ങളുടെ താത്കാലിക ബുദ്ധിമുട്ടുകളെ മറക്കുന്നു. എന്നാൽ പരിശുദ്ധ അമ്മയ്ക്ക് കുഞ്ഞിന്റെ രൂപം പലപ്പോഴും ഒരുതരം ആകാംഷയായിട്ടായിരിക്കാം രൂപപ്പെട്ടിരിക്കുക. ദൈവീക വെളിപാട് സന്തോഷത്തോടെ സ്വീകരിച്ച് ദൈവത്തിന് സമർപ്പിച്ചു എങ്കിലും എല്ലാം പൂർണ്ണമായും മനസ്സിലാക്കാനുള്ള പ്രായവും മേരിയ്ക്കുണ്ടായിട്ടുണ്ടാവില്ല. എങ്കിലും അവളിൽ ദൈവത്തോടുള്ള സ്നേഹവും, അനുസരണവും, വിശ്വാസവും മറ്റെല്ലാവരെക്കാളും അധികമായി നിറഞ്ഞു നിന്നിരുന്നു. എന്നാൽ യേശു പരിശുദ്ധ അമ്മയിൽ ഉരുവായ നിമിഷം മുതൽ യേശുവായിരുന്നമ്മയുടെ സന്തോഷം.

ഒരു നാടിന്റെ നീണ്ട കാത്തിരിപ്പിന്റെയും പ്രതീക്ഷയുടെയും പ്രാർത്ഥനയുടെയും ഫലമായാണ് ഞങ്ങൾ ഇവിടെ റുട്ടേറ്റയിൽ എത്തുന്നത്. ആഫ്രിക്കയിലെ റുട്ടേറ്റ എന്ന കുഗ്രാമത്തിൽ വരുന്നതുവരെ പലരീതിയിലുള്ള ടെൻഷനും, പ്രാർത്ഥനകളും എനിക്കുണ്ടായിരുന്നു. ധാരാളം ആളുകളുടെ പ്രാർത്ഥനകളും ആവശ്യപ്പെട്ടിരുന്നു, ശരിക്കും ത്രില്ലും ഭയവും ഒരു പോലെ സമ്മാനിച്ചിരുന്നു. ആ പ്രാർത്ഥനകളാണ് ഇന്നത്തെ ഇവിടുത്തെ ജീവിതം സന്തോഷകരമാക്കുന്നത്. മലേറിയ, മഞ്ഞപ്പിത്തം, വന്യമൃഗങ്ങൾ, പിടിച്ചുപറിക്കാർ, തീവ്രവാദികൾ തുടങ്ങിയവ. ഇവിടേക്ക് എന്നെ കൊണ്ടുവന്ന ദൈവത്തിന് ദൈവത്തിന്റേതായ പദ്ധതിയുണ്ട്. ജറമിയാ പ്രവാചകന്റെ വാക്കുകളിലാണെങ്കിൽ കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്. നിങ്ങളുടെ നാശത്തിനുള്ളതല്ല, ക്ഷേമത്തിനുളള പദ്ധതിയാണത് – നിങ്ങൾക്ക് ശുഭമായ ഭാവിയും പ്രത്യോശയും നല്കുന്ന പദ്ധതി (ജറമിയ 29:11).

ഇവിടെയുള്ള പലതുമായി അഡ്ജസ്റ്റ് ആകുവാൻ കുറച്ചു ദിവസമെടുത്തു. മനോഹരമായ കരിങ്കല്ലിൽ തീർത്ത ദേവാലയമാണ് ഇവിടുത്തെ ദേവാലയം. ദേവാലയത്തിനുൾവശം സിമൻറ് കൊണ്ട് തേച്ച് വൈറ്റ് വാഷ് ചെയ്തിട്ടുണ്ട്. കണ്ടിട്ട് അതിനും പഴക്കമുണ്ട്, ചിലപ്പോൾ എന്നേക്കാളും. എങ്ങനെയാണവർ ഈ മനോഹര ദേവാലയം നിർമ്മിച്ചതെന്നോർത്ത് ഞാനത്ഭുതപ്പെട്ടു പോയി. മനോഹരമായ ജറുസലേം ദേവാലയം പണി കഴിക്കുവാൻ ധാരാളം വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. എന്നാൽ ഇവിടുത്തെ ജനതയെപ്പോലെ ഈ ദേവാലയത്തിനും കാത്തിരിപ്പിന്റെതായ ഒരു കഥ പറയുവാനുണ്ട്. സന്തോഷത്താൽ പഴയ വേദനകൾ മറന്ന നോവിന്റെയും കാത്തിരിപ്പിന്റെയും കഥ.

1878 ലാണ് പത്തു മിഷനറിമാർ (വൈറ്റ് ഫാദേഴ്സ്) ഈസ്റ്റ് ആഫ്രിക്കയിലെത്തുന്നത് അതിൽ അഞ്ചു പേർ ഉഗാണ്ടയിലേക്കും അഞ്ചു പേർ താൻസാനിയയിലേക്കും പുറപ്പെട്ടു. ഈസ്റ്റ് ആഫ്രിക്കയിലെ ഇന്നുള്ള എല്ലാ ക്രിസ്ത്യാനികളും ഇവരിൽ നിന്ന് വിശ്വാസം സ്വീകരിച്ചവരാണ്. വന്യമൃഗങ്ങൾ സുലഭമായിരുന്ന സ്ഥലങ്ങളിലൂടെ നരഭോജികളോടും രോഗങ്ങളോടും പടവെട്ടിയാണവർ യേശുവിനെ ജനങ്ങളിലെത്തിച്ചത്. അവർ പകുത്തു നല്കിയ ക്രിസ്തുവിനെയും സ്നേഹത്തേയും മോറൽ ജീവിതത്തേയും കുറച്ചു പേർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. അതിന്റെ പേരിൽ അവർക്ക് രാജാവിന്റെ കയ്യിൽ നിന്നും പീഡനങ്ങൾ ഏൽക്കേണ്ടി വന്നു. എങ്കിലും ക്രിസ്തുവിൽ നിന്ന് ലഭിച്ച സ്നേഹവും പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളും ചിലരെ രക്തസാക്ഷികളാക്കി മാറ്റി. വിശ്വാസത്തിലേക്ക് കടന്നു വന്ന അവർക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമായിരുന്നു.

16നും 50 നും ഇടയിൽ പ്രായമുള്ള 22 പേരാണ് ഉഗാണ്ടയിൽ ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിക്കേണ്ടി വന്നത്. അതിൽ ഒരാൾ താൻസാനിയ ബോർഡറിൽ നിന്നുള്ള വിശുദ്ധ ജോൺ മേരി കിവാനുക മുസേയി 30 വയസിൽ തലയറുക്കപ്പെട്ട് മരിക്കുന്നതുവരെ സന്യസ്ത വ്രതങ്ങൾ ജീവിതത്തിൽ പാലിച്ചു പോന്നു. പലരുടെയും കൈകളും കാലുകളും വെട്ടിക്കളഞ്ഞതിനു ശേഷം ജീവനോടെ അഗ്നിക്കിരയാക്കുകയായിരുന്നു. ഏറ്റവും ക്രൂരമായ മരണത്തിനിരയായത് വിശുദ്ധ മത്തിയാസ് കലംബ മലുംബയാണ്. മാമ്മോദീസയുടെ സമയത്ത് അദ്ദേഹം പറഞ്ഞു ഞാൻ ഒരു യഥാർത്ഥകത്തോലിക്കൻ ആകാൻ തീരുമാനിച്ചു കൂടാതെ എല്ലാ ക്രിസ്തീയ നിയമങ്ങളും ഞാൻ പാലിക്കും എന്തൊക്കെ സംഭവിച്ചാലും എന്റെ പഴയ ജീവിതവഴിയിലേക്കൊരിക്കലും ഞാൻ തിരിച്ചു പോകില്ല. പഴയ ജീവിതരീതി ഉപേക്ഷിച്ചതിന്റെ പേരിൽ കൈ മുട്ടിനും കാൽമുട്ടിനും താഴെവച്ച് മുറിച്ചു മാറ്റപ്പെട്ടു, അദ്ദേഹത്തിന്റെ പുറത്തു നിന്നും മാംസമെടുത്തു അദ്ദേഹത്തിന്റെ മുൻപിൽ വച്ചു തന്നെ റോസ്റ്റ് ചെയ്തു. മൂന്നു ദിവസത്തെ പീഢനങ്ങൾക്കൊടുവിലാണദ്ദേഹം ക്രിസ്തുവിന്റെ വലതുഭാഗത്തിരിക്കാൻ യോഗ്യത നേടിയത്.

ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും പഴയ ജീവിതത്തിലെ തിന്മകളെ ഉപേക്ഷിച്ച് ക്രിസ്തുവിനെ മുറുകെപ്പിടിച്ചതുകൊണ്ട് വേദനിക്കുന്നവരുണ്ട്. നമ്മുടെ കുടുംബങ്ങളിലും കാണാൻ സാധിക്കും. ഈ രക്തസാക്ഷികളുടെ വിശ്വാസം കണ്ട് അനേകർ ക്രിസ്തുവിലേക്ക് വന്നു. ഇവിടേക്ക് വന്ന മിഷനറിമാർ പല സ്ഥലങ്ങളിലും ചെറിയപള്ളികളും നിരവധി പള്ളിക്കൂടങ്ങളും സ്ഥാപിച്ചു. ജാതിമത ഭേദമന്യെ എല്ലാവർക്കും വിദ്യാഭ്യസം നല്കി. ആദ്യ മിഷനറിമാരായ വൈറ്റ് ഫാദേഴ്സ് താൻസാനിയയുടെ വിവിധ ഭാഗങ്ങളിൽ കാൽനടയായി നടന്ന് അവർ അനുഭവിച്ച ക്രിസ്തുവിനെ പകർന്നു നല്കി.

1917 ആയപ്പോഴേക്കും വൈറ്റ് ഫാദേഴ്സിൽ നിന്നും ചുക്കാൻ ഏറ്റെടുത്തു കൊണ്ട് തദ്ദേശിയരായ കുറച്ച് വൈദീകർ കൂടുതൽ തീഷ്ണതയോടെ പ്രവർത്തിച്ചു തുടങ്ങി. അവർ 1924ൽ റ്റുട്ടേറ്റയിലെത്തി. ആ സമയം പത്തു കുടുംബങ്ങൾ മാത്രമാണ് ക്രിസ്ത്യാനികളായിട്ടുണ്ടായിരുന്നത്. റുട്ടേറ്റയിലെ ആദ്യകാല ക്രിസ്ത്യാനിയായ എവരിസ്റ്റ ക്യബഷൈജ പള്ളി പണിയാനുള്ള കുറച്ച് സ്ഥലം കൊടുക്കുകയും ചെറിയ ഷെഡ് പണിയുകയും പ്രാർത്ഥന തുടങ്ങുകയും ഫാദർ ഓസ്കൽ ക്യാകറാബായുടെ നേതൃത്വത്തിൽ കീഴിൽ റുട്ടാബോ രൂപതയുടെയും കഗോണ്ടോ പള്ളിയുടെയും കീഴിൽ പ്രവർത്തനമാരംഭിച്ചു. റുട്ടാബോ രൂപതയാണ് പിന്നീട് സൗകര്യാർത്ഥം ബുക്കോബയിലേക്ക് രൂപതാ കേന്ദ്രം മാറ്റി ബുക്കോബ രൂപതയായി മാറിയത്. ബുക്കോബ രൂപതയിലെ ആദ്യത്തെ ആഫ്രിക്കൻ മെത്രാനായ റുഗാംബുവ പിന്നീട് ആഫ്രിക്കയിൽ നിന്നുള്ള ആദ്യ കർദ്ദിനാളായി ഉയർത്തപ്പെട്ടത്.

എന്നാൽ പിന്നീട് വന്ന ഫാ. ടൈഫോൺ റുവേചുങ്കൂര (പിന്നീട് മോൺസിഞ്ഞോറായി മാറി) എന്ന വൈദികന്റെ നേതൃത്വത്തിൽ 1932 ആയപ്പോഴേക്കും പള്ളിക്ക് കൂടുതൽ സ്ഥലം വേണമെന്നും സ്കൂൾ തുടങ്ങണമെന്നും ആഗ്രഹിച്ചതിനാൽ അവർ പള്ളിപണിയാനുള്ള സ്ഥലത്തിനും അനുവാദത്തിനുമായി രാജാവിനെ പോയി കണ്ട് അനുവാദവും വാങ്ങി. (ആ സമയം ഈ പ്രദേശങ്ങങ്ങൾ ജർമൻ കോളനിയായിരുന്നെന്നും, അവരിൽ നിന്നാണ് അനുവാദം വാങ്ങിയത് എന്നും പറയപ്പെടുന്നു.) ഈ സമയങ്ങളിൽ മണ്ണുകൊണ്ട് പള്ളിയും അച്ചന് താമസിക്കാൻ ഒരു മുറിയും ഉണ്ടാക്കിയിരുന്നു. റുട്ടാബോയിലെ മെത്രാനായിരുന്ന റുഗാംബുവാ ഇടക്കിടെ സൈക്കിളിൽ റൂട്ടേറ്റയിലേക്ക് വരികയും വിശ്വാസികളുടെ ജീവിതത്തെ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. 1942 ആയപ്പോഴേക്കും ധാരാളം ആളുകൾ ക്രിസ്തീയ വിശ്വാസത്തിലേക്ക് കടന്നു വന്നിരുന്നു. ഈ കാലഘട്ടങ്ങളിലെല്ലാം കഗോണ്ടോ യിൽ നിന്ന് വൈദീകർ 25 കിലോമീറ്ററിൽ കൂടുതൽ നടന്നാണ് വിശുദ്ധ ബലിയർപ്പിക്കുവാനെത്തിയിരുന്നത്.

ഒരിക്കൽ റുട്ടേറ്റയിൽ വച്ച് സിംഹത്തിന്റെ മുമ്പിലകപ്പെടുകയും (സിംഹങ്ങളുടെയും മറ്റു പല വന്യ ജീവികളുടെയും യാത്ര ആ കാലഘട്ടത്തിൽ റുട്ടേറ്റയിൽക്കൂടി ആയിരുന്നു) കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്ത ഫാ. പ്രി മുസിന്റെ നേതൃത്യത്തിൽ ആദ്യം ഒരു ചെറിയ കരിങ്കല്ലുകൊണ്ടുള്ള പള്ളിമുറിയും തുടർന്ന് 1942ൽ കരിങ്കല്ലുകൊണ്ടുള്ള പള്ളി പണിയൽ ആരംഭിക്കുകയും ചെയ്തു. വിശ്വാസികൾ ദൂരെ നിന്നും പൊട്ടിച്ച കല്ലുകൾ തലച്ചുമടായി എത്തിച്ച് ചോര നീരാക്കി മാറ്റി നീണ്ട 14 വർഷം കൊണ്ട് 1956 പതിനാലാം തീയതി മനോഹരമായ കരിങ്കല്ലിൽ തീർത്ത ദേവാലയം പൂർത്തീകരിക്കുകയും ചെയ്തു. 1956 മാർച്ച് 17 ദു:ഖവെള്ളിയാഴ്ച ജനങ്ങളുടെ ഉപയോഗത്തിനായി തുറന്നു കൊടുത്തപ്പോൾ ജനങ്ങൾ സന്തോഷത്താൽ തുള്ളിച്ചാടുകയായിരുന്നു. അവരുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു മനോഹരമായ ആ ദേവാലയം. മനോഹരമായ ദേവാലയം നിർമ്മിച്ചാൽ വൈദീകർ അവിടെയുണ്ടാകും എന്ന പ്രതീക്ഷയായിരുന്നു അവർക്കുണ്ടായിരുന്നത്. പിന്നീടവർ പള്ളിമുറിയും ഓഫീസുമെല്ലാം പണിതു കൊണ്ട് പ്രാർത്ഥനയോടെ നീണ്ട 60 വർഷങ്ങൾ കാത്തിരുന്നു അവിടെ താമസിക്കുന്ന വൈദീകരെ കിട്ടാൻ.

അതിനിടയിൽ റുട്ടേറ്റയുടെ കീഴിലുണ്ടായിരുന്ന മ്വാമഗ ഇടവകയായി മാറുകയും റുട്ടേറ്റെ ആ പള്ളിയുടെ കീഴിൽ വരികയും ചെയ്തപ്പോൾ ജനങ്ങൾ കരഞ്ഞു പോയി. റുട്ടേറ്റയിൽ നിന്നും നാലു വൈദീകരും നാല് സിസ്റ്റേഴ്സുസുമുണ്ട്. മ്വാമഗ പള്ളിയിൽ 1972 ൽ കൊച്ചച്ചനായി സേവനം ചെയ്യുകയും റുട്ടേറ്റയിലേക്ക് എല്ലാ ആഴ്ചയിലും മൂന്നു ദിവസം വരികയും ഇവിടെ താമസിച്ച് ഓരോ വ്യക്തികളെയും അടുത്തറിയുകയും ചെയ്യുന്ന മെത്തോഡിയസ് കിലൈനിയാണ് ഇപ്പോഴത്തെ ബുക്കോബ രൂപതയിലെ ഓക്സിലറി ബിഷപ്പ്. അദ്ദേഹമാണ് ബിഷപ് ഡെസിഡേരിയൂസ് റോമയുടെ കൂടെ പ്രവർത്തിച്ച് റുട്ടേറ്റ ഒരു ഇടവകയാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത്.

പക്ഷെ കിട്ടിയപ്പോൾ അനുഗ്രഹപൂമഴ പോലെ  മൂന്നു രാജ്യങ്ങളിൽ നിന്നായി നാലു വൈദീകരെക്കിട്ടി. നീണ്ട കാത്തിരിപ്പിനു ശേഷം അബ്രഹാത്തിന് ഇസഹാക്കിനെ ലഭിച്ചു, ഇസ്രായേൽക്കാർക്ക് രാജാവിനെ ലഭിച്ചു, മനോഹരമായ ജറുസലേം ദേവാലയം ലഭിച്ചു, വാഗ്ദാനപൂർത്തീകരണമായി രക്ഷകനെ അനുഭവിച്ചറിഞ്ഞു. റുട്ടേറ്റയിലെ ജനങ്ങൾക്ക് നീണ്ടവർഷങ്ങളുടെ പ്രാർത്ഥനകളുടെ ഫലമായി രക്ഷകനെ എന്നും അനുഭവിച്ചറിയുവാനുമുള്ള അവസരമായി മാറി. നീണ്ട നിരവധി വർഷങ്ങളിലെ ഒരു ജനതയുടെ പ്രാർത്ഥനയും സ്വപ്ന സാക്ഷാത്കാരവുമായാണ് ഞങ്ങളിവിടെ എത്തിയത്. അവർ കാത്തിരിക്കുകയായിരുന്നു അവരുടെ സ്വന്തം വൈദീകർക്കു വേണ്ടി. അവരുടെ രൂപമോ ഭാവമോ ഒന്നും അറിയില്ലായിരുന്നുവെങ്കിലും പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ വരുമെന്നറിഞ്ഞ നിമിഷം മുതൽ അവർ ഒരുക്കത്തിലായിരുന്നു. താമസിക്കാൻ മനോഹരമായ പള്ളിമുറി പുതിയതു പണിത് കാത്തിരുന്ന അവർ നമ്മുടെയെല്ലാം പ്രതീകങ്ങളാണ്.

ഇന്നവർ സന്തോഷത്തിലാണ് പഴയ കാര്യങ്ങളൊന്നുമോർത്ത് വിഷമിക്കുന്നില്ല മറിച്ച് സന്തോഷത്താൽ തുള്ളിച്ചാടുകയാണ്. നിന്റെ പ്രാർത്ഥന കേൾക്കുന്ന ദൈവം നിന്നെ അനുഗ്രഹിക്കും. ദൈവത്തിന് ദൈവത്തിന്റെതായ സമയവും സന്ദർഭവും സാഹചര്യവുമുണ്ട്. ദൈവം എപ്പോഴും നമ്മുടെ ജീവിതത്തിൽ ഇടപെടുന്നുണ്ട്. പലകാലങ്ങളായി സാഹചര്യങ്ങളായി ഓരോരുത്തരെയും ഒരുക്കുകയാണ്. ദൈവീക സ്വരത്തിനായി കാതോർക്കാം, ദൈവീക പദ്ധതി പൂർത്തീകരണത്തിനായി പരിശ്രമിക്കാം. ജീവിത വേദനകളെ നന്മകളാക്കി മാറ്റാം ക്രിസ്തുവിനെ സ്വീകരിക്കുന്ന നമുക്ക് മറ്റൊരു ക്രിസ്തുവായി മാറാൻ പരിശ്രമിക്കാം.

ഫാ. ദിലീഷ് പൊരിയൻവേലിൽ MS

ലാസലെറ്റ് സഭാംഗം ആയ ദിലീഷ് പൊരിയംവേലില്‍ അച്ചന്റെ ആഫ്രിക്കൻ  അനുഭവ കുറിപ്പുകൾ തുടരും…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.