ആഗമനകാലം രണ്ടാം ഞായർ: ഇ‌ടര്‍ച്ചയുടെ വഴികള്‍ നിവിര്‍ത്താം

ഫാ. വില്യം നെല്ലിക്കല്‍

ഫാ. വില്യം നെല്ലിക്കല്‍

വിശുദ്ധ ലൂക്കായുടെ സുവിശേഷം 3, 1-6

ദൈവിക കാരുണ്യത്തിന്‍റെ സുദിനങ്ങള്‍

2015 ഡിസംബര്‍ 8-മുതല്‍ 2016 നവംബര്‍ 20-വരെ ആഗോളസഭ ആചരിച്ച കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷവും അതിന്‍റെ പരിപാടികളും ആരുടെയും മനസ്സുകളില്‍ മങ്ങിക്കാണുമെന്നു കരുതുന്നില്ല. ആധുനികസഭയില്‍ മനുഷ്യഹൃദയങ്ങളെ ഏറെ സ്പര്‍ശിച്ച ഒരു മഹാസംഭവവും ആഘോഷവുമായിരുന്നു കാരുണ്യത്തിന്‍റെ അനിതരസാധാരണമായ ജൂബിലിവര്‍ഷം. The Extraordinary Jubilee year of Mercy. എല്ലാവിധത്തിലും തരത്തിലും സഭാമക്കള്‍ക്ക് കാരുണ്യത്തിന്‍റെ വര്‍ഷമായിരുന്നത്.  സെന്‍റ് പോള്‍സ് പബ്ളിക്കേഷന്‍സിന്‍റെ (Credere) ക്രെദെരെ.. വിശ്വസിക്കാന്‍… എന്ന ആഴ്ചപ്പതിപ്പിനു നല്കിയ അഭിമുഖത്തില്‍ പാപ്പാ ഫ്രാന്‍സിസ് കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തിനായി തനിക്കു ലഭിച്ച പ്രചോദനത്തെക്കുറിച്ച് തുറന്നു സംസാരിക്കുന്നുണ്ട്. ധാര്‍മ്മിക അളവുകോലുകള്‍വച്ച് മനുഷ്യരെ അളക്കുകയോ ശിക്ഷിക്കുകയോ, അവരോടു കാര്‍ശ്യംകാട്ടുകയോ, അവരെ വിധിക്കുകയോ അല്ല സഭയുടെ രീതി. പകരം ദൈവം കാരുണ്യവാനായ പിതാവാണെന്ന് നവയുഗത്തിലെ ജനങ്ങളെ അറിയിക്കണമെന്ന ഉള്‍ക്കാഴ്ച പരിശുദ്ധാത്മാവില്‍നിന്നും തനിക്കു ലഭിച്ചുവെന്ന് പാപ്പാ ഫ്രാന്‍സിസ് അഭിമുഖത്തില്‍ വെളിപ്പെടുത്തി. ആഗമനകാലത്തിലൂടെ ദൈവത്തിന്‍റെ കരുണയിലേയ്ക്കും, ക്രിസ്തു തരുന്ന രക്ഷയിലേയ്ക്കും അനുതപിച്ച് അനുരജ്ഞനത്തിനായി നടന്നടുക്കുവാന്‍ ദൈവാരൂപി നിങ്ങളെയും എന്നെയും ക്ഷണിക്കുകയാണ്.

ആത്മനിന്ദയില്‍നിന്ന് മോചിതരാകാം

ആയുധങ്ങളുടെ നിര്‍മ്മാണം, അതിന്‍റെ വിപണനം, കുട്ടികളുടെ പീഡനം, അടിമത്വത്തിന്‍റെ പുതിയ മുഖമായ മനുഷ്യക്കച്ചവടം, മനുഷ്യന്‍റെ നവമായ അഴിമതിയും മറ്റുതിന്മകളും – മദ്യം മയക്കുമരുന്ന് എന്നിവയെല്ലാം മാനവികതയ്ക്കെതിരായ നിന്ദയും, ദൈവനിന്ദയുമാണ്. സഹോദരങ്ങളെ നിന്ദിക്കുന്നതും അതുപോലെ സ്വയം നിന്ദിക്കുന്നതും പാപമാണെന്ന് പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ഇക്കഴിഞ്ഞ ദിവസത്തെ ‘ട്വിറ്റര്‍’ സന്ദേശം ഉദ്ബോധിപ്പിക്കുന്നു. ഇന്നു ലോകത്തു കാണുന്ന നിന്ദ്യമായ പ്രവൃത്തികളില്‍നിന്നും വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും മോചിക്കാനായാല്‍  നന്മയുടെ വെളിച്ചം നമുക്കു ലഭിക്കും, ദൈവരാജ്യത്തിന്‍റെ കരുണ നമുക്ക് അനുഭവവേദ്യമാകും.

ദൈവത്തിന്‍റെ കരുണയില്‍ അഭയംതേടാം

“ദൈവരാജ്യം സമീപസ്ഥമാകയാല്‍ അനുതപിക്കുക,” ദൈവത്തിന്‍റെ കരുണയില്‍ അഭയംതേടുക, എന്ന സ്നാപകയോഹന്നാന്‍റെ വാക്കുകളാണ് ആഗമനകാലം രണ്ടാംവാരത്തിലെ സുവിശേഷഭാഗത്ത് നാം ശ്രവിച്ചത്. അനുതപിക്കുക. ‘കര്‍ത്താവിനു വഴിയൊരുക്കുക.’ അതായത് തിന്മയില്‍നിന്ന് പിന്തിരിയുകയാണ് ക്രിസ്തുവിനും ക്രിസ്തുമസിനുമായുള്ള ആദ്യത്തെ ഒരുക്കം.  ‘അനുതപിക്കുക’ എന്നതിനുള്ള ഗ്രീക്കുപദം metanoia എന്നാണ്. അക്ഷരാര്‍ത്ഥത്തില്‍ മറുവശത്തേയ്ക്കു പോകുക. To cross over എന്നാണര്‍ത്ഥം. മറുകണ്ടം ചാടുക. മറുവശത്തു ചെന്നു നോക്കുമ്പോള്‍, അതുവരെ ഇടതുഭാഗത്തായിരുന്നത് വലതുഭാഗത്തായും, വലതുഭാഗത്തായിരുന്നത് ഇടതുഭാഗത്തായും കാണാം. അതുവരെ തെറ്റായിരുന്നത് ഇപ്പോള്‍ ശരിയാണ്. ശരിയായിരുന്നത് ഇപ്പോള്‍ തെറ്റാണെന്നും ബോധ്യപ്പെടും. അപരന്‍റെ പക്ഷംചേരുക, പിന്നെ അവിടെനിന്നു നോക്കുമ്പോള്‍ അത് നന്മയുടെ കാഴ്ചപ്പാടായിരിക്കും, ദൈവിക കാഴ്ചപ്പാടായിരിക്കും.

നമ്മിലേയ്ക്കു വരുന്ന ക്രിസ്തു

പശ്ചാത്താപത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുക. ജീവിത വീക്ഷണത്തില്‍ വന്ന മാറ്റം പ്രവൃത്തിയില്‍ പ്രകടിപ്പിക്കുക. to be upright, one should live uprightly. നീതിമാന്മാരായിരുന്നാല്‍ പോരാ, നീതിയോടെ ജീവിക്കണം. നീതിക്കുചേരുന്ന പ്രവൃത്തികള്‍ നമ്മില്‍നിന്നും ഉണ്ടാകണമെന്നു സാരം. ഒരുക്കമുള്ള ഹൃദയങ്ങളിലേയ്ക്കും കുടുംബങ്ങളിലേയ്ക്കും സമൂഹത്തിലേയ്ക്കും ക്രിസ്തു കടന്നുവരും. കാരണം, ക്രിസ്തുവിലൂടെ വഴി ഒരുങ്ങിയിരിക്കുന്നു. ഊടുവഴികള്‍ നിരപ്പായിരിക്കുന്നു. അങ്ങനെ നമ്മുടെ ജീവിതപാത നേരെയാണെങ്കില്‍, തിന്മയുടെ ഊടുവഴികള്‍ നന്മയുടെ നിരപ്പാതകളായി രൂപാന്തരപ്പെടുമെങ്കില്‍… സംശയമില്ല, ക്രിസ്തു നമ്മുടെ ഹൃദയങ്ങളില്‍ വസിക്കും! നമ്മുടെ ചെറുജീവിതക്കുടിലുകളില്‍ അവിടുന്നു വന്നു വാഴും, ഉറപ്പാണ്.

ക്രിസ്തുവില്‍ ആഗതമാകുന്ന രക്ഷ

ദൈവരാജ്യത്തെക്കുറിച്ചുള്ള വിവരണം സമാന്തര സുവിശേഷകന്മാര്‍ എല്ലാവരും നല്‍കുന്നുണ്ട്. മത്തായിയിലും മര്‍ക്കോസിലും കാണുന്ന ദൈവരാജ്യ പ്രഘോഷണം തമ്മില്‍ അല്പം അന്തരമുണ്ട്. ‘അനുതപിക്കുക. ദൈവരാജ്യം സമീപസ്ഥമായിരിക്കുന്നു’ എന്ന് മത്തായി വിവരിക്കുമ്പോള്‍, മര്‍ക്കോസില്‍ ആത്മീയതലത്തില്‍ ഒരട്ടിമറിയാണ് നടക്കുന്നത്. ‘ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിക്കുക!’ പഴയനിയമത്തിന്‍റെ ഫോര്‍മുലയാണ് മത്തായി ഉപയോഗിക്കുന്നത്. പ്രവാചക ശൈലിയാണത്. അനുതപിക്കുന്നവര്‍ക്ക് ദൈവരാജ്യം അഥവാ ദൈവം സമീപസ്ഥനാണ്. ‘അനുതപിക്കുക’ എന്ന വ്യവസ്ഥ മര്‍ക്കോസ് ആദ്യം പറഞ്ഞിരിക്കുന്നു.

എന്നാല്‍ മര്‍ക്കോസില്‍ വ്യവസ്ഥയൊന്നുമില്ല. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. ദൈവസ്നേഹം ഇതാ, പ്രവഹിക്കുന്നു, ആഗതമാകുന്നു. ആ സ്നേഹത്തിന്‍റെ കുത്തൊഴുക്കിനെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ആ സ്നേഹപ്രവാഹത്തില്‍ മനുഷ്യമനസ്സുകളുടെ മാനസാന്തരം യാഥാര്‍ത്ഥ്യമാകുമെന്നാണ് മര്‍ക്കോസ് വിവക്ഷിക്കുന്നത്. ഇന്നു നാം ശ്രവിച്ച ലൂക്കാ സുവിശേഷകന്‍റെ വാക്കുകന്‍ ഏശയാ പ്രവാചകനെ ഉദ്ധരിക്കുന്നതാണ്. കര്‍ത്താവിന്‍റെ വഴിയൊരുക്കുവിന്‍! അവിടുത്തെ പാത നേരെയാക്കുവിന്‍!! താഴ്വാരങ്ങള്‍ നികത്തപ്പെടും, കുന്നുംമലയും നിരത്തപ്പെടും. വളഞ്ഞവഴികള്‍ നേരെയാക്കപ്പെടും, പരുപരുത്തവ മൃദുവാക്കപ്പെടും, സകല മനുഷ്യരും ദൈവത്തിന്‍റെ രക്ഷ കാണും. (ലൂക്കാ 3, 4). അങ്ങനെ ക്രിസ്തുവില്‍ ആഗതമാകുന്ന മനുഷ്യരക്ഷയാണ് ലൂക്കായുടെ ചിന്താവിഷയം.

പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ട് 

കുട്ടിക്കാലത്തെ ഓര്‍മ്മയാണ്! ഡിസംബറിലെ ചെറുതണുപ്പില്‍ എഴുന്നേല്‍ക്കാന്‍ മടിച്ചു കിടക്കുമ്പോള്‍ മകര മഞ്ഞുവീണ നാട്ടുവഴികളില്‍നിന്ന് ശരണംവിളികള്‍ കേള്‍ക്കുന്നു. കറുത്തവേഷ്ടി ചുറ്റി, ശിരസ്സില്‍ ഇരുമുടിക്കെട്ടുമായി മലയ്ക്കുപോകുന്ന സ്വാമികള്‍! അവരുടെ ഹൃദയത്തില്‍നിന്നും ഉയരുന്ന ശരണംവിളികള്‍!! ഒരാത്മീയ സ്പര്‍ശത്തില്‍ അറിയാതെ നാം ഉണര്‍ന്ന് സ്വാമികളെ കാണാനും അഭിവാദ്യംചെയ്യാനും ആഗ്രഹിച്ചുപോകും. അയല്‍പക്കത്തെ പണിക്കന്മാരുടെ വീട്ടുമിറ്റത്തെ കെട്ടുനിറപ്പന്തലില്‍നിന്ന് ശരണംവിളിയും ഉടുക്കുകൊട്ടും ഭജനയും കേള്‍ക്കുമ്പോള്‍ ഓടിച്ചെന്ന് പന്തലില്‍ കൂട്ടുകാര്‍ക്കൊപ്പം ഇരുന്നിട്ടിണ്ട്. പണിക്കരും കൂട്ടരും മക്കളും കെട്ടുനിറച്ച് ശരണംവിളിച്ച്, സ്വാമിയെ ധ്യാനിച്ച് മലയ്ക്കുപോകുന്ന വികാരനിര്‍ഭരമായ നിമിഷങ്ങള്‍!

അവരുടെ ഭജനപ്പാട്ടിന്‍റെ ലയത്തില്‍ നിശ്ശബ്ദമായിരുന്ന്, അവസാനം പങ്കുവയ്ക്കുന്ന പ്രസാദവും വാങ്ങി സന്തോഷത്തോടെ മടങ്ങുമ്പോഴും ഇരുമുടിക്കെട്ടിന്‍റെ പൊരുള്‍ അറിയില്ലായിരുന്നു. അത് പുണ്യപാപങ്ങളുടെ പ്രതീകമാണ്. ചെറിയ കെട്ട് സുകൃതങ്ങളുടേത്. വലുത് അറിഞ്ഞും അറിയാതെയും ചെയ്തുപോയ അപരാധങ്ങളുടേതും. നരജന്മ നിയോഗത്തിന്‍റെ ഒരപൂര്‍വ്വ ചാരുതയുള്ള ചിത്രമാണിത്. കര്‍മ്മബന്ധങ്ങളില്‍ മാത്രമുലയുന്ന മണ്ണിലെ ജന്മം കേവലമാണെന്ന് സാമികളുടെ കറുത്തവേഷ്ടിയും നിഷ്പാദികത്വവും തപോനിഷ്ഠമായ വ്രതശുദ്ധിയും ഓര്‍മ്മിപ്പിക്കുന്നു. അങ്ങനെ ഇടര്‍ച്ചകളുടെ താഴ്വാരങ്ങളില്‍നിന്ന്, പുണ്യപാപങ്ങളുടെ അദൃശ്യക്കെട്ടുമുറുക്കി ദൈവദര്‍ശനത്തിന്‍റെ മല ചവിട്ടാന്‍ കൊതിക്കുന്ന പാവം മനുഷ്യന്‍റെ തീര്‍ത്ഥയാത്ര. മനുഷ്യന്‍റെ രക്ഷയ്ക്കായുള്ള അടിസ്ഥാന ആഗ്രഹത്തെ കേന്ദ്രീകരിച്ചുള്ള തീര്‍ത്ഥാടനങ്ങളാണ് നാം ഇവിടെ കാണേണ്ടത്. എന്നാല്‍ ഇന്ന് ആ പുണ്യഭൂമിയുടെ ആത്മീയപരിസരത്തും രാഷ്ട്രീയം കലര്‍ത്തി പമ്പാതീരമിന്ന് കലുഷിതമാക്കിയിരിക്കുന്നു!

ദേവക്കരുണയിലേയ്ക്കൊരു ആത്മീയ തീര്‍ത്ഥാടനം

ആഗമനകാലത്തിന്‍റെ ആദ്യദിനങ്ങളില്‍ കര്‍ത്താവിന് വഴിയൊരുക്കാന്‍ ‘താഴ്വാരങ്ങള്‍ ഉയര്‍ത്തണം’ എന്ന സ്നാപകയോഹന്നാന്‍റെ പ്രബോധനം ശ്രവിക്കുമ്പോള്‍, വൃശ്ചിക പുലരിയുടെ വ്രതശുദ്ധിയുള്ള ആ പഴയദൃശ്യം ഗൃഹാതുരതയോടെ മനസ്സിലേയ്ക്ക് ഓടിയെത്തുന്നു. ദേവക്കരുണയിലേയ്ക്കും, ദൈവസ്നേഹത്തിലേയ്ക്കുള്ള ആത്മീയ തീര്‍ത്ഥാടനമാണ് ആഗമനകാലം. നഷ്ടപ്പെട്ടുപോയ ആടിനെ കണ്ടെത്തി തോളിലേറ്റി വരുന്ന നല്ലിടയന്‍റെയും, അനുതാപത്തോടെ തിരികെ വരുന്ന മകനെ കാത്തുനില്ക്കുന്ന സ്നേഹമുള്ള പിതാവിന്‍റെയും പ്രതിബിംബം കൂട്ടിയിണക്കുന്നതാണ് ക്രിസ്തുവില്‍ ലഭ്യമാകുന്ന ദൈവക്കരുണയുടെയും രക്ഷയുടെയും പ്രതീകമായ ഈ പുണ്യനാളുകള്‍ – ആഗമനകാലം! അത് ‌ അനുതാപത്തിലേയ്ക്കും അനുരജ്ഞനത്തിലേയ്ക്കുമുള്ള വിളിയാണ്.

ക്രിസ്തുവില്‍ ലോകം കണ്ട പിതൃസ്നേഹം

വിവശനും മുറിപ്പെട്ടവനുമായ ആടിനെ കണ്ടെത്തി തോളിലേറ്റി വരുന്ന കരുണാര്‍ദ്രനായ ഇടയരൂപം ക്രിസ്തു തന്നെയാണ്. ജീവിതത്തില്‍ ആരെയും വിധിക്കാതെയും, തള്ളിക്കളയാതെയും, സ്നേഹവും കരുണയും ക്ഷമയും കാണിക്കുവാന്‍ ആഗമനകാലത്ത് ക്രിസ്തു നമ്മെ ക്ഷണിക്കുന്നു. ആഗമനകാലത്തിലെ ഓരോ ദിനത്തിലും നാം കാണേണ്ടതും ധ്യാനിക്കേണ്ടതും അനുഭവിക്കേണ്ടതും ക്രിസ്തുവിലൂടെ ലോകത്തിന് ദൃശ്യമായ ദൈവപിതാവിന്‍റെ കരുണാര്‍ദ്ര രൂപവും രക്ഷയുടെ അടയാളവുമാണ്.

ക്രിസ്തുവിലേയ്ക്കു നടന്നടുക്കാം!

അങ്ങനെ ക്രിസ്തുവിന്‍റെ മിഴികളില്‍ നോക്കി, ബലഹീനതകളില്‍നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാനും, ഉയര്‍ന്നു നില്ക്കാനുമുള്ള ആത്മവിശ്വാസവും ശക്തിയും ആര്‍ജ്ജിക്കാന്‍ ഈ പുണ്യകാലം നമ്മെ സഹായിക്കട്ടെ! വീഴ്ചകളില്‍ നിരാശരാകരുത്, വേദനയില്‍ നഷ്ടധൈര്യരാകരുത്. നാം പരിത്യക്തരല്ല, ദൈവം കാരുണ്യവാനാണ്. അവിടുത്തെ സ്നേഹം അസ്തമിക്കാത്തതും, അതിരുകളില്ലാത്തതുമാണ്. ഉണര്‍ന്ന് അവിടുത്തെ തിരുസന്നിധാനത്തില്‍ അണയാം, അവിടുത്തെ തിരുമുന്‍പില്‍ മനസ്സുകളും ഹൃദയങ്ങളും തുറക്കാം, നവീകൃതരാകാം! നമ്മിലേയ്ക്കു വരുന്ന രക്ഷകനായ യേശുവിനെ ഹൃദയത്തിന്‍റെ തുടികൊട്ടിയും ശ്രുതിമീട്ടിയും വരവേല്ക്കാം. ദൈവത്തിന്‍റെ രക്ഷ നമുക്കു ദര്‍ശിക്കാം, അനുദിന ജീവിതത്തില്‍ അനുഭവിക്കാം!

ഫാ. വില്യം നെല്ലിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.