വിളിക്കും മുന്‍പ് വിളി കേട്ട കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ

[avatar user=”Sheen” size=”120″ align=”right” /]

തൊട്ടരികിൽ, പാതയോരത്തു കൂടി പദയാത്ര കടന്നു പോകുമ്പോൾ, “തിരുമേനീ…!” എന്നു നീട്ടി വിളിക്കണമെന്നുണ്ടായിരുന്നു തങ്കച്ചൻ ചേട്ടന്. പക്ഷെ പദയാത്രികരുടെ പ്രാർത്ഥനാ മന്ത്രങ്ങൾക്കിടയിൽ ആ നിലവിളി അയാളുടെ ഉള്ളിലെവിടെയോ കുരുങ്ങി നിന്നു. ജനക്കൂട്ടത്തിന്റെ ആരവങ്ങൾക്കിടയിലും ജറീക്കോ പാതയോരത്തെ അന്ധയാചകന്റെ നിലവിളി കേട്ട ക്രിസ്തുവിനെപ്പോലെ ആ നിശബ്ദ വിലാപം കേൾക്കാൻ സ്വർഗ്ഗം ഒരാളുടെ ഹൃദയവാതിലുകൾ മലർക്കെ തുറന്നിട്ടിരുന്നു.

മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശിൽപ്പിയും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയും ബഥനി സന്യാസസമൂഹങ്ങളുടെ സ്ഥാപകനുമായ ദൈവദാസൻ മാർ ഇവാനിയോസ് തിരുമേനിയുടെ  ഓർമ്മപ്പെരുന്നാളു കൂടാൻ, അദ്ദേഹത്തിന്റെ പാവനമായ ഓർമ്മകളുറങ്ങുന്ന റാന്നി പെരുനാട്ടിലെ മുണ്ടൻമലയിൽ നിന്ന് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന തിരുവനന്തപുരത്തെ പട്ടം കത്തീഡ്രൽ ദേവാലയത്തിലേക്ക് പദയാത്രികർ നീങ്ങുകയാണ്. ആ പുണ്യ പദയാത്രയിൽ നൂറുകണക്കിനു വരുന്ന യാത്രികർക്ക് ആവേശമായി, മഴയും വെയിലും അനാരോഗ്യവും തെല്ലും വകവയ്ക്കാതെ, മുമ്പേ നടക്കുന്നതാകട്ടെ വലിയ ഇടയൻ കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ തിരുമേനിയും!

പദയാത്ര പത്തനംതിട്ടയിലെ കൈപ്പട്ടൂരിൽ നിന്ന് ചന്ദനപ്പള്ളിക്കു നീങ്ങുന്നതിനിടയിലാണ് തങ്കച്ചൻ ചേട്ടന്റെയും ജീവിത സഖിയായ മോളിച്ചേടത്തിയുടേയും നനവൂറുന്ന മിഴികൾ കാതോലിക്കാ ബാവാ തിരുമേനിയെ തേടിച്ചെന്നത്. പാതയോരത്തെ പുറമ്പോക്കിൽ വളച്ചുകെട്ടിയ ചെറിയൊരു കൂരയ്ക്കു മുന്നിൽ നിന്ന് പദയാത്രികരോടു പ്രാർത്ഥനാ സഹായം യാചിക്കുകയായിരുന്നു അവർ. സഭാപരമായ വേർതിരിവുകൾക്കപ്പുറത്ത് തങ്ങളുടെയും പിതാവായ ദൈവദാസൻ മാർ ഇവാനിയോസ് തിരുമേനിയുടെ പിൻഗാമിയായ കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവയുടെ കുരിശുമുത്തി അനുഗ്രഹം വാങ്ങാൻ കാത്തു നിൽക്കുകയായിരുന്നു അവർ. എന്നാൽ പദയാത്രികരുടെ ബാഹുല്യം കാരണം തിരുമേനിയെ സമീപിക്കാൻ സാധിക്കാതെ അവർ നിസ്സഹായരായി നിന്നു. പറയാൻ കാത്തു വച്ച നിയോഗങ്ങൾ ഉള്ളിൽ കുരുങ്ങി നിന്നു.

നിസ്സഹായമായ ആ നോട്ടവും കണ്ണുകളിലെ നൊമ്പരവും ആൾത്തിരക്കിനിടയിലും ക്ലീമീസ് തിരുമേനി കണ്ടു. പദയാത്രികരോടു മുന്നോട്ടു പൊയ്ക്കൊള്ളാൻ നിർദ്ദേശിച്ച്, പദയാത്രയുടെ ചിട്ടവട്ടങ്ങൾ മറന്നെന്ന പോലെ, തിരുമേനി പദയാത്രയിൽ നിന്നിറങ്ങി ആ വീട്ടു മുറ്റത്തേക്കു ചെന്നു. വീട്ടിലേക്കിറങ്ങുന്ന ഒതുക്കു കല്ലുകളിൽ നിന്ന് ക്ഷമയോടെ, അതു തന്റെ കടമയെന്നവണ്ണം, അവരുടെ സങ്കടങ്ങൾക്ക് അദ്ദേഹം കാതു കൊടുത്തു. ആ വേദന കാണാതെ ഈ പദയാത്ര മുന്നോട്ടു പോകരുതെന്ന് സ്വർഗ്ഗത്തിലിരുന്ന് മാർ ഇവാനിയോസ് തിരുമേനി തീർച്ചയായും ആഗ്രഹിച്ചിട്ടുണ്ടാവണം.

കൈപ്പട്ടൂർ സ്വദേശികളായ തങ്കച്ചനും മോളിക്കും അവിടെ ഒരു മേൽവിലാസമുണ്ടെങ്കിലും സ്വന്തമെന്നു പറയാൻ ഒരു തരി മണ്ണില്ല. ‘വിളയ്ക്കാട്ടു തെക്കേക്കര’ എന്നൊരു വീട്ടുപേരുണ്ടെങ്കിലും സ്വന്തമായൊരു വീടില്ല. പാതവക്കിലെ പുറമ്പോക്കിൽ വേലിപ്പത്തലുകൾ കൊണ്ടു കെട്ടിമറച്ചൊരു കുഞ്ഞു കൂരയ്ക്കുള്ളിൽ, എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി, അരക്ഷിതാവസ്ഥകൾക്കു മുന്നിൽ നിസ്സഹായതയോടെ അവർ വാർദ്ധ്യക്യം തള്ളിനീക്കുന്നു.

“എവിടെയെങ്കിലും ഒരു തുണ്ടു മണ്ണു കിട്ടാൻ സർക്കാരിന് അപേക്ഷ കൊടുത്തിട്ടുണ്ട്. ഉടനെ സ്ഥലം അനുവദിക്കുമെന്ന് അറിയിപ്പും കിട്ടിയിട്ടുണ്ട്. മനസ്സമാധാനത്തോടെ കിടന്നു മരിക്കാൻ, ഒരു കൂര വയ്ക്കാൻ തിരുമേനി സഹായിക്കുമോ?” കുനിഞ്ഞ ശിരസ്സോടെ നിന്ന്, ഇടറിയ ശബ്ദത്തിൽ, തങ്കച്ചൻ ചേട്ടൻ നടത്തിയ ആ അപേക്ഷ കാതോലിക്കാ ബാവാ തിരുമേനിയോടു മാത്രമായിരുന്നില്ല; പ്രാർത്ഥനാ മഞ്ജരികളുരുവിട്ട് ആ ഭവനത്തിനു മുന്നിലൂടെ കടന്നുപോയ നൂറുകണക്കിന് പദയാത്രികരോടുമായിരുന്നു.

തിരുവനന്തപുരത്തെ ചേരികളിലും, കീഴാളരെന്ന് മുദ്രകുത്തപ്പെട്ടവരുടെ ചെറ്റക്കുടിലുകളിലും യാതൊരു മടിയും കൂടാതെ കടന്നുചെന്ന് ക്രിസ്തുവിൽ അവരെ സ്വന്തമാക്കി, മനുഷ്യ സ്നേഹത്തിന്റെയും സുവിശേഷവത്കരണത്തിന്റേയും ആർദ്രമായ മുഖം മലങ്കര സഭയ്ക്ക് നൽകിയ മാർ ഇവാനിയോസെന്ന മഹാപുരോഹിതന്റെ ശ്രേഷ്ഠ പിൻഗാമിക്ക് ആ അപേക്ഷയ്ക്കു മുന്നിൽ അലിവോടെ ഹൃദയം തുറക്കാതിരിക്കാൻ കഴിഞ്ഞില്ല.

“സ്ഥലം കിട്ടിയാലുടൻ തിരുവനന്തപുരത്തു വന്ന് എന്നെ കാണണം. തൊട്ടടുത്ത പള്ളിയിലെ വികാരിയച്ചനെ ഞാൻ കാര്യങ്ങൾ ഭരമേൽപ്പിച്ചു കൊള്ളാം. ദൈവം നിങ്ങൾക്കൊരു ഭവനം തന്ന് നിങ്ങളെ അനുഗ്രഹിക്കും. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുത്.” ഒരു പുതപ്പിനുള്ളിൽ കൂനിക്കൂടി നിന്ന്, കാതോലിക്കാ ബാവായുടെ ആ വാക്കുകൾ കേട്ട്, അവിശ്വസനീയതയോടെ മെല്ലെ തലയാട്ടുമ്പോൾ അയാളുടെ കണ്ണുകളിൽ ആനന്ദത്തിന്റെ നീർമുത്തുകൾ തിളങ്ങുന്നുണ്ടായിരുന്നു.

ആ മനുഷ്യന്റെ ശിരസ്സിൽ കരം വച്ചനുഗ്രഹിച്ച്, പദയാത്രയിലേക്ക് കാതോലിക്കാ ബാവാ തിരുമേനി തിരികെ മടങ്ങുമ്പോൾ സ്വർഗ്ഗത്തിലിരുന്ന് പുഞ്ചിരിച്ചു കൊണ്ട്, ദൈവദാസൻ മാർ ഇവാനിയോസ് തിരുമേനി തന്റെ മക്കൾക്കു മേൽ നിശ്ചയമായും അനുഗ്രഹങ്ങൾ വർഷിച്ചിട്ടുണ്ടാവും!

ഫാ. ഷീൻ പാലക്കുഴി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.