കൃതജ്ഞതയാർന്ന തിരുഹൃദയം

റോസിന പീറ്റി

അനുഗ്രഹങ്ങളെ അവകാശമാക്കി അഹങ്കരിക്കുന്നവരല്ലേ നമ്മൾ? യോഗ്യത ഇല്ലാതെ കിട്ടിയ അനുഗ്രഹങ്ങളോട് കൂറ് പുലർത്താത്തവർ. കിട്ടിയ അനുഗ്രഹങ്ങളെ തിരിഞ്ഞ് അനുസ്‌മരിക്കുകയോ അതിന് കാരണക്കാരായവരെ ഓർത്തു പ്രാർത്ഥിക്കുകയോ ചെയ്യാൻ നമ്മൾ എത്രയോ വിമുഖരാണ്. എന്തിനേറെ കുടുംബത്തിൽ, മാതാപിതാക്കളുടെ കഠിനാധ്വാനത്തിന്റെ ഫലമായ ഭക്ഷണം പോലും എത്ര പിറുപിറുപ്പോടെയാണ് മക്കൾ ആഹാരമാക്കുന്നത്. എന്നാൽ എല്ലാറ്റിന്റെയും ഉടയവനായ ദൈവപുത്രൻ,പിതാവിന് കൃതജ്ഞത അർപ്പിക്കുന്ന എത്രയോ ഇടങ്ങൾ ബൈബിളിൽ അടിവരയിട്ട് കുറിച്ചു വച്ചിട്ടുണ്ട്. 

അപ്പം കയ്യിലെടുക്കുമ്പോഴെല്ലാം പിതാവിലേയ്ക്ക് കണ്ണുകളുയർത്തി അവൻ കൃതജ്ഞത അർപ്പിച്ചിരുന്നു. കുരിശിലേക്ക് ആണ് ഇനിയുള്ള തന്റെ പ്രയാണം എന്ന് അറിയാമായിരുന്നിട്ടുപോലും, ക്രിസ്തു അവസാന അത്താഴത്തിലും അപ്പവും വീഞ്ഞും കൈകളിൽ എടുത്തു സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തി പിതാവിന്  കൃതജ്ഞത അർപ്പിക്കുന്നുണ്ട്. എല്ലാറ്റിന്റെയും ഉടയവൻ പഠിപ്പിച്ചുതന്നത് ഇതാണെങ്കിൽ അവനിൽ നിന്ന് പങ്കുപറ്റുക മാത്രം ചെയ്യുന്ന നാം ഈ ഭൂമിയിൽ എത്രയേറെ നന്ദിയുടെ ആദരവ് കാട്ടേണ്ടിയിരിക്കുന്നു.

സുഖപ്പെട്ട പത്തു കുഷ്ഠരോഗികളിൽ ഒരാൾ മാത്രം നന്ദിയോടെ മടങ്ങി വന്നപ്പോൾ, അവനെ പ്രകീർത്തിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ നന്ദികേടിനെ അവൻ നിശിതമായി വിമർശിക്കുന്നുമുണ്ട്. അനുഗ്രഹങ്ങൾ കയ്യിൽ വാങ്ങി, അവഗണന തിരികെ നൽകുമ്പോൾ, ആ തിരുഹൃദയം എത്രമാത്രം വേദനിക്കുന്നുണ്ടാവണം. ദൈവപുത്രനെ പോലെ കൃതജ്ഞതയോടെ ആയിരിക്കട്ടെ നമ്മുടെ ജീവിതവും.

റോസീന പീറ്റി 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.