ലോക്ക് ഡൗൺ കാലത്ത് ഒരു വൈദികനും കേരളത്തിൽ ‘സൂപ്പർ ഹീറോ’ ആയി

കേരള സൂപ്പർ ഹീറോ ആപ്പിൽ രജിസ്റ്റർ ചെയ്ത് കൊറോണാക്കാലത്ത് രോഗികൾക്ക് വീടുകളിൽ മരുന്നെത്തിക്കുന്ന ഒരു വൈദികനുണ്ട് – ഫാ. ആന്റണി ഷൈൻ കാട്ടുപറമ്പിൽ. വരാപ്പുഴ അതിരൂപതാംഗമാണ് അദ്ദേഹം. ഇപ്പോൾ തേവർകാട് തിരുഹൃദയ ദൈവാലയ വികാരി, പ്രൊക്ലമേഷൻ & ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ ഡയറക്ടർ എന്നീ വിശേഷണങ്ങൾ അച്ചനുണ്ട്. വീട് നെടുമ്പാശ്ശേരിയിൽ.

ഈ ലോക്ക് ഡൗൺ കാലത്ത് ഇത്തരമൊരു സത്കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടതിന്റെ ചരിത്രം അച്ചൻ ലൈഫ് ഡേയുടെ എഡിറ്റർ ജി. കടൂപ്പാറയിലിനോടു പങ്കുവയ്ക്കുന്നു.

കുർബാന അർപ്പണത്തോടൊപ്പം കരുതലിന്റെ സ്നേഹപ്രവർത്തികൾ

കൂടെ ചേരുമ്പോഴാണ് നാം യഥാർത്ഥ ക്രിസ്തുശിഷ്യർ ആകുന്നത് എന്ന ബോധ്യമാണ് ഈ ലോക്ക് ഡൗൺ കാലത്ത്, വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ മനസ്സിലുണ്ടാക്കിയത്. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പിൽ പിതാവ്, അതിരൂപതയുടെ ഓൺലൈൻ ചാനലായ കേരളവാണിയിലൂടെ നൽകിയ ഈസ്റ്റർദിന സന്ദേശത്തിലെ ആഹ്വാനമാണ് ഈ തോന്നൽ ശക്തമാക്കിയത്.

ഉയിർപ്പു തിരുനാൾ ആഘോഷിക്കുമ്പോൾ നമ്മുടെ സഹോദരങ്ങളെക്കുറിച്ചുള്ള കരുതൽ ഉണ്ടാകണമെന്നും കഴിയുന്ന വിധത്തിൽ അവരെ സഹായിക്കാൻ നാം മുന്നോട്ടുവരണമെന്നും, ഭയപ്പെടേണ്ട; ആരും ഒറ്റയ്ക്കല്ല എന്ന തോന്നൽ നൽകണമെന്നുമുള്ള സന്ദേശം കുറച്ചൊന്നുമല്ല മനസ്സിനെ ഉലച്ചത്. അതോടൊപ്പം, അയർലണ്ടിൽ നഴ്സ് ആയി സേവനം ചെയ്യുന്ന പരിചയത്തിലുള്ള ബിജിയുടെ സങ്കടങ്ങളും (രോഗികളുടെ ഇടയിലായിപ്പോയ അവർ വിൽപത്രം എഴുതലും വീട്ടിലെ കുട്ടികൾക്ക് കത്തെഴുതുന്ന തിരക്കിലുമാണെന്ന് സങ്കടത്തോടെയാണ് പറഞ്ഞുതീർത്തത്), ഇപ്പോൾ സേവനം ചെയ്യുന്ന തേവർകാട് ഇടവകയിലെ അംഗമായ കുവൈറ്റിലെ ജഹ്റ ഹോസ്പിറ്റലിൽ നഴ്സ് ആയ പ്രിയങ്ക ജോയിയുടെ വിങ്ങുന്ന വാർത്തകളും ഈ തോന്നൽ ശക്തമാക്കി.

അങ്ങനെയാണ് വരാപ്പുഴ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടർ വഴി അറിഞ്ഞ, കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി മിഷന്റെ ‘കേരള സൂപ്പർ ഹീറോ ആപ്പ്’ -ല്‍ പേര് രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ വഴിയോ ആശാവർക്കർമാർ വഴിയോ ലഭിക്കുന്ന മരുന്നുകളുടെ കുറിപ്പടികൾ കോവിഡിന്റെ ഫാർമസിയിലേയ്ക്ക് ലഭിക്കുകയും അവിടെ നിന്ന് നമുക്ക് അറിയിപ്പ് വരുകയും ചെയ്യും. മൊബൈലിൽ ലഭ്യമാകുന്ന ലൊക്കേഷനിലേയ്ക്ക് മരുന്നുകൾ എത്തിച്ചുകൊടുക്കണം.

പ്രിയ കൂട്ടുകാരന്റെ ചോദ്യം: അകത്ത് ഇരിക്കാനുള്ളതിന് ഈ വെയിലും കൊണ്ട് പെട്രോൾ കാശും ചെലവാക്കി എവിടെ പോണ്? ചിരിച്ചുകൊണ്ട് ഒരു ചലഞ്ച് ഞാൻ വച്ചു. എത്ര തണുപ്പത്തിരുന്നാലും കിട്ടാത്ത ഒരു സംതൃപ്തി. വേണേൽ എന്റെ കൂടെ വാ…

ഒന്നു-രണ്ട് നല്ല ഓർമ്മകൾ…

ചെറായി എന്നാ സ്ഥലത്താണ് ലിബിന്റെ വീട്. കിഡ്നി മാറ്റിവച്ചതിനു ശേഷമുള്ള വിശ്രമത്തിലാണ്. കുറച്ചുദിവസങ്ങളായി മരുന്നുകൾ തീർന്ന് കാത്തിരിക്കുന്നു. മരുന്നുമായി ചെന്നപ്പോൾ ലിബിനുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. ഒരുപാട് നന്ദിയും അതോടൊപ്പം വീട്ടിലെ വിശേഷങ്ങളുമൊക്കെ പങ്കുവച്ചു. പോകാൻ നേരം വൈദികന്‍ ആണെന്നു പറഞ്ഞപ്പോൾ ആശ്ചര്യമായി. താനും ചില പള്ളികളിൽ  പോകാറുണ്ടെന്നും നിങ്ങളുടെ പ്രാർത്ഥനകൾ ഇഷ്ടമാണെന്നും പറഞ്ഞ ലിബിന് ആശംസകളും പ്രാർത്ഥനകളും, വീണ്ടും വിളിക്കാമെന്ന ഉറപ്പും നൽകിയാണ് പിരിഞ്ഞത്.

മറ്റൊന്ന്, പതിനഞ്ചോളം അന്തേവാസികളുള്ള ഏഴിക്കരയിലെ ആശ്രയഭവനിൽ ചെന്നപ്പോഴുള്ള നനുത്ത ഓർമ്മയാണ്. നേരത്തെ ജീസസ് യൂത്തിൽ സജീവമായിരുന്ന ബിജു എന്നൊരു നല്ല മനുഷ്യനാണ് ഇതിന്റെ സാരഥി. ഉൾവഴികൾ താണ്ടി ചെന്നപ്പോഴേയ്ക്കും നേരം ഏറെ ഇരുട്ടിയിട്ടുണ്ട്. ചെന്നപ്പോൾ തന്നെ സ്നേഹപൂർവ്വം സ്വീകരിച്ച് അകത്തിരുത്തി കുടിക്കാൻ ഒരു ഗ്ലാസ് വെള്ളമൊക്കെ തന്നു. പല സ്ഥലത്തും യാത്ര ചെയ്യുന്നതിനാൽ അകത്തിരിക്കുന്നത് ഉചിതമായിരുന്നില്ലെങ്കിലും പുഞ്ചിരിയോടെയുള്ള സ്വാഗതത്തിനു മുമ്പിൽ അതെല്ലാം സൗകര്യപൂർവ്വം മറന്നു. സംസാരത്തിനിടയിൽ വൈദികനാണെന്നു സൂചിപ്പിച്ചപ്പോൾ പിന്നെ ആ ഭവനത്തിലെ അംഗങ്ങളെ വിളിക്കലായി… പരിചയപ്പെടലായി… ആക്ഷൻ സോങ്ങ് അവതരിപ്പിക്കലായി… എനിക്കുവേണ്ടി പാട്ടു പാടുകയായി… വെയിലിന്റെയും യാത്രയുടെയും ക്ഷീണമൊക്കെ അറിയാതെ തന്നെ മാഞ്ഞുപോയി. ഭീതിയോടെ ലോക്ക് ഡൗൺ ഓർത്തെടുക്കുന്നതിനു പകരം ഇതുപോലുള്ള സുന്ദരമായ ചില ഓർമ്മകൾ നമ്മുടെ കൂട്ടായ അതിജീവനത്തിന് കരുത്തു പകരുമെന്ന് എനിക്ക് ഉറപ്പാണ്.

നമ്മുടെ കൊച്ചുപ്രവർത്തികളിലൂടെ കുർബാനയായി മാറിയ ക്രിസ്തുവിന്റെ കരങ്ങൾ കരുതലോടെ എല്ലാവരെയും ചേർത്തുപിടിക്കുന്നത് ലോകം അറിയട്ടെ.