ആധുനികലോകത്തിന്റെ പ്രലോഭനങ്ങള്‍ക്കെതിരെ വിശുദ്ധ പാദ്രേ പിയോ ഉപയോഗിച്ച ശക്തമായ ആയുധം

    പിശാചിനെക്കുറിച്ചുള്ള പല ദര്‍ശനങ്ങളും വെളിപ്പെടുത്തലുകളും ലഭിച്ചിരുന്ന വിശുദ്ധനായിരുന്നു പാദ്രേ പിയോ. തന്റെ ജീവിതകാലത്ത് പൈശാചികമായ പല ആക്രണങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ലോകത്തിന്റേതായ പല പ്രലോഭനങ്ങളും നേരിടുകയും ദര്‍ശിക്കുകയും ചെയ്ത അദ്ദേഹം അതിനെയൊക്കെ അതിജീവിക്കുകയും നേരിടുകയും ചെയ്തതും ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നതും ഒരേയൊരു ആത്മീയ ആയുധത്തിന്റെ ശക്തിയാലാണ്. ആ ആയുധമാണ് ജപമാല.

    ചില വിഢികളായ മനുഷ്യര്‍ ചിന്തിക്കാറുണ്ട്, അവര്‍ക്ക് ഇന്നത്തെ ലോകത്തില്‍ പരിശുദ്ധ അമ്മയുടെ സഹായം കൂടാതെ ജീവിക്കുവാന്‍ കഴിയുമെന്ന്. എന്നാല്‍, വിശുദ്ധ പാദ്രേ പിയോ പറയുന്നു: മനുഷ്യകുലത്തിന് എല്ലാ കൃപകളും ദൈവം ചൊരിയുന്നത് പരിശുദ്ധ അമ്മയിലൂടെയാണ് എന്ന്. അതിനാല്‍ തന്നെ ഇന്നത്തെ ലോകത്തിന്റെ തിന്മകളോട്, പ്രലോഭനങ്ങളോട് യുദ്ധം ചെയ്യുവാനും അതിജീവിക്കുവാനും അവയില്‍ വിജയിക്കുവാനും ജപമാല എന്ന ആയുധത്തിലൂടെ നമുക്ക് കഴിയും.

    ജപമാല അനുദിനം ഇടവിടാതെ ചൊല്ലിക്കൊണ്ടിരുന്ന വിശുദ്ധനാണ് പാദ്രേ പിയോ. അദ്ദേഹം പ്രാര്‍ത്ഥന ചൊല്ലുന്നതിനൊപ്പം തന്നെ തന്റെ തലയിണയുടെ കീഴില്‍ ഏതാനും ജപമാലകള്‍ സൂക്ഷിച്ചിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന് തന്റെ തലയണയുടെ കീഴിലിരുന്ന കൊന്തകള്‍ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. അപ്പോള്‍ അദ്ദേഹം കൂടെയുണ്ടായിരുന്ന വൈദികനെ വിളിച്ച് ഇപ്രകാരം പറഞ്ഞു: ‘അച്ചാ, എന്റെ ആയുധം കണ്ടെത്തുവാന്‍ എന്നെ സഹായിക്കുക. എന്റെ ആയുധം എനിക്ക് തരിക.’

    വിശുദ്ധ പാദ്രേ പിയോയ്ക്ക് ജപമാല എന്നാല്‍, നന്മ നിറഞ്ഞ മറിയമേ… എന്ന പ്രാര്‍ത്ഥന മാത്രമായിരുന്നില്ല. അതിനുമപ്പുറം സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്ന തന്റെ അമ്മയ്ക്കായുള്ള സമര്‍പ്പണമായി മാറിയിരുന്നു ആ പ്രാര്‍ത്ഥന. പരിശുദ്ധ അമ്മയോട് വലിയ സ്‌നേഹമായിരുന്നു അദ്ദേഹത്തിന്. തന്റെ പ്രലോഭനങ്ങളുടെ നിമിഷങ്ങളില്‍ അദ്ദേഹം പരിശുദ്ധ അമ്മയോട് ചേര്‍ന്നുനിന്നിരുന്നു. എല്ലാ കാര്യങ്ങളിലും മാതാവിനോട് മാദ്ധ്യസ്ഥ്യം തേടുവാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒപ്പംതന്നെ മനസിനും ശരീരത്തിനും സൗഖ്യം നല്‍കുവാന്‍ അമ്മയുടെ മാദ്ധ്യസ്ഥ്യത്തിന് കഴിയുമെന്നും അദ്ദേഹത്തിന് പൂര്‍ണ്ണമായ ഉറപ്പുണ്ടായിരുന്നു.

    നാമും ദിവസേന ജപമാല പ്രാര്‍ത്ഥന ചൊല്ലുന്നവരാണ്. വിശുദ്ധനെപ്പോലെ നമ്മുടെ പ്രലോഭനങ്ങളുടെ നിമിഷങ്ങളില്‍ നമുക്കും ജപമാല എന്ന ആത്മീയ ആയുധത്തെ മുറുകെപ്പിടിക്കാം. വിശുദ്ധിയില്‍ മുന്നേറാം.