ഉദരത്തിലെ ശിശുവിനെയും കൂട്ടി ബൈബിള്‍ വായിച്ചു തുടങ്ങിയ ഒരമ്മ; ഇപ്പോള്‍ എഴുതി പൂര്‍ത്തിയാക്കിയിരിക്കുന്നു 

സി. സൗമ്യ DSHJ

നാൽപത്തിയൊന്നാം വയസിലാണ് ബൈബിൾ മുഴുവൻ വായിച്ചുതീർക്കാനുള്ള തീരുമാനം സെലിൻ എന്ന അമ്മ എടുക്കുന്നത്. ആ സമയത്തു ഇളയ മകന്‍ ഉദരത്തിലാണ്. ശാരീരികബുദ്ധിമുട്ടുകൾ ഏറെയുണ്ടായിരുന്നിട്ടും ബൈബിൾ വായന മുടക്കിയില്ല. അങ്ങനെ തുടർന്ന ബൈബിൾ വായന കണ്ണിന്റെ കാഴ്ച മങ്ങിയ കാലഘട്ടം വരെ നീണ്ടു. പിന്നീട് ബൈബിൾ എഴുതുവാൻ തുടങ്ങി. ഇന്ന് പുതിയ നിയമവും പഴയ നിയമവും പ്രാർത്ഥനയോടെ എഴുതിക്കഴിഞ്ഞു സെലിൻ. അന്ന് ഉദരത്തിലുണ്ടായിരുന്ന അലോഷി എന്ന കുഞ്ഞിന് ഇപ്പോൾ ഏഴ് വയസായി. മരുന്നിനേക്കാൾ ഔഷധഗുണമുള്ളതും ശക്തി നൽകുന്നതുമായ വചനം അമ്മയുടെ ഉദരത്തിൽ കിടന്ന് ഗ്രഹിച്ചതിനാലാവാം അലോഷി ഇപ്പോൾ ദൈവിക-കാര്യങ്ങളോട് ഏറെ അടുപ്പമുള്ള ഒരു കുഞ്ഞാണ്.

ഇടുക്കി രൂപതയിലെ ചെമ്പകപ്പാറ ഇടവകയിലെ ഈ കുടുംബത്തിന് നസ്രത്തിലെ ആ തച്ചന്റെ വീടിനോട് ഏറെ സാമ്യമുണ്ട്. ആ വീട്ടിലെ വിശേഷങ്ങൾ വായിച്ചറിയാം…

കടൂപ്പാറയിൽ സാജു – സെലിൻ ദമ്പതികൾക്ക് മൂന്ന് മക്കളാണുള്ളത്. മൂത്ത മകൻ അലൻ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൾ അലീന ഡിഗ്രി വിദ്യാർത്ഥിനി, മൂന്നാമൻ അലോഷിയാകട്ടെ മൂന്നാം ക്ലാസുകാരനും. സെലിന് തന്റെ മൂത്ത രണ്ടു മക്കൾ ഉണ്ടായപ്പോഴും ഗർഭാവസ്ഥയിൽ വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതിനുശേഷം തന്റെ നാല്പത്തിയൊന്നാം വയസിൽ മകനെ ഗർഭം ധരിച്ചപ്പോൾ മാനസികമായി ഈ കുടുംബം വളരെയേറെ സന്തോഷിച്ചെങ്കിലും ശാരീരികമായി സെലിൻ വളരെയേറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു.

ആ സമയം മുഴുവനും ബെഡ് റെസ്റ്റ്. കുട്ടിയെ കിട്ടുമോ എന്നുപോലും സംശയം. ബെഡിൽ മാത്രം ആയിരിക്കുന്ന ആ സമയത്തെ വെറുതെ കളയാൻ സെലിനെന്ന ഈ അമ്മയ്ക്ക് തോന്നിയില്ല. ബൈബിൾ മുഴുവനായി വായിച്ചുതീർക്കാമെന്ന് മനസിൽ കരുതി. കാരണം മരിക്കുന്നതിനു മുൻപ് ഒരു പ്രാവശ്യമെങ്കിലും ബൈബിൾ വായിച്ചുതീർക്കണമെന്ന് ഈ അമ്മയ്ക്ക് വലിയ ആഗ്രഹമായിരുന്നു. ചിലപ്പോൾ ഉദരത്തിലായിരുന്ന അവസ്ഥയിൽ കുഞ്ഞിന് അനക്കമില്ലെന്നു തോന്നിയാൽ സെലിൻ, മറിയത്തിന്റെ സ്തോത്രഗീതം ചൊല്ലും. അത് ചൊല്ലിയാലുടൻ കുഞ്ഞിന്റെ അനക്കം അറിയുവാൻ കഴിയുമായിരുന്നു.

കൂടുതൽ പ്രാർത്ഥിക്കാനായി ദൈവം ഒരുക്കിയ അവസരം   

ഈ ഒരു സാഹചര്യത്തിൽ ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു. കാരണം, ശാരീരികക്ഷീണം അടിക്കടി കൂടിവന്നു. ഗർഭിണിയായിരിക്കെ എട്ടാം മാസത്തിൽ ബൈബിൾ വായിക്കാനും കഴിയാത്തവിധം  കണ്ണിന്റെ കാഴ്ച കുറഞ്ഞു. അപ്പോൾ പുതിയ നിയമം വായിച്ച് പകുതിയായിരുന്നു.

കുഞ്ഞു ജനിച്ചതിനു ശേഷം കുറേ ദിവസങ്ങൾ ആശുപത്രിയിൽ തന്നെയായിരുന്നു. “എന്റെ ജീവിതത്തിൽ മാനസികമായി ഞാൻ അത്രയും സന്തോഷം അനുഭവിച്ച ദിവസങ്ങൾ ഉണ്ടായിട്ടില്ല. മാതാവിന്റെ പ്രത്യേക സംരക്ഷണം ഞങ്ങൾ അനുഭവിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അത്. അതുകൊണ്ടൊക്കെ ആകാം, ഏഴ് വയസുകാരൻ മോൻ മിക്കവാറും പറയുന്നത്, അവന്റെ സ്വന്തം അമ്മ ഞാനല്ല; പരിശുദ്ധ അമ്മയാണെന്ന്. കാരണം മോൻ ഉദരത്തിലുള്ള സമയം മുഴുവനും ഞാൻ വായിച്ചതെല്ലാം ദൈവവചനങ്ങൾ, കേട്ടത് വചനങ്ങൾ, ചൊല്ലിയത് ജപമാല. കാഴ്ച നഷ്ടപ്പെട്ടപ്പോൾ മൂത്ത മക്കൾ ബൈബിൾ അടുത്ത് വന്നിരുന്ന് വായിച്ചുകേൾപ്പിക്കുമായിരുന്നു” – സെലിൻ പറഞ്ഞു.

ജോലി ചെയ്യുവാൻ കഴിയുന്ന ഒരു സാഹചര്യം വന്നാൽ, കൂടുതൽ സമയവും ജോലികൾക്കായി മാറ്റിവയ്ക്കുമല്ലോ. എന്നാൽ, പൂർണ്ണമായി ബെഡിലായിരുന്നതിനാൽ ഈ സമയം മുഴുവനും പ്രാർത്ഥിക്കാനായി ദൈവമൊരുക്കിയ ഒരു അവസരമായിട്ടാണ് സെലിൻ ആ സമയത്തെ കാണുന്നത്. അലോഷി ഉണ്ടായി ഒരു വയസാകുന്നതിനു മുൻപു തന്നെ ബൈബിൾ മുഴുവനും സെലിൻ വായിച്ചുതീർത്തു. അവന് ഏഴ് വയസായപ്പോൾ ഈ അമ്മ ഏഴ് പ്രാവശ്യം ബൈബിൾ മുഴുവനും വായിച്ചുതീർത്തു.

ലോക്ക് ഡൗണിലെ വലിയ സങ്കടവും ദൈവം നൽകിയ അനുഗ്രഹവും   

ഈ കുടുംബത്തിന് ലോക്ക് ഡൗൺ കാലഘട്ടത്തിൽ അനുഭവിക്കേണ്ടി വന്ന ഏറ്റവും വലിയ സങ്കടം, എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ സംബന്ധിക്കുവാൻ കഴിയാതെ വന്നു എന്നുള്ളതാണ്.

ലോക്ക് ഡൗൺ കാലഘട്ടത്തിലാണ് ‘എന്തുകൊണ്ട് ബൈബിൾ ഒന്ന് എഴുതിക്കൂടാ?’ എന്ന ചിന്ത കടന്നുവന്നത്. പുതിയ നിയമം എഴുതിത്തീർക്കാനുണ്ടായ സാഹചര്യം രൂപതാ തലത്തിൽ അമ്മമാർക്കു വേണ്ടിയുള്ള മത്സരത്തിന്റെ ഭാഗമായിട്ടായിരുന്നു. എഴുതിത്തുടങ്ങിയപ്പോൾ മുതൽ ബൈബിൾ വായിക്കാനും പഠിക്കാനുമുള്ള ആഗ്രഹവും ശക്തമായി. പുതിയ നിയമം എഴുതിക്കഴിഞ്ഞപ്പോൾ പഴയ നിയമവും എഴുതണമെന്നായി.

കഴിഞ്ഞ വർഷം ജൂലൈയിലാണ് പഴയ നിയമം എഴുതിത്തുടങ്ങിയത്. സ്വർഗ്ഗാരോഹണ തിരുനാളിന്റെ അന്ന് എഴുതിത്തീർക്കുകയും ചെയ്തു. വെറുതെ ഇരിക്കുമ്പോൾ വന്ന് എഴുതുകയല്ല സെലിൻ ചെയ്യുന്നത്. ധരാളം ജോലികളുള്ള ഒരു കുടുംബത്തിലെ ഈ വീട്ടമ്മ തന്റെ ജോലികൾക്കിടയിലും വചനം എഴുതാൻ സമയം കണ്ടെത്തുകയായിരുന്നു. ഭർത്താവിന്റെ കാര്യവും മക്കളുടെ കാര്യവുമെല്ലാം നോക്കിയിട്ടാണ് ബൈബിൾ എഴുതാനും ഇവർ സമയം കണ്ടെത്തുന്നത്.

രാവിലെ മൂന്ന് മണിക്കു തന്നെ സെലിൻ എഴുന്നേൽക്കും. 4.30 വരെ ബൈബിൾ എഴുതും. കുർബാനയ്ക്ക് പോകുന്നതിനു മുൻപ് എല്ലാ ദിവസവും വൈദികരെയെല്ലാം സമർപ്പിച്ച് പ്രാർത്ഥിക്കും. അതിനു ശേഷം വിശുദ്ധ കുർബാനയിൽ സംബന്ധിക്കുകയും എട്ട് മണിക്ക് മൂത്ത മകന് ജോലിക്ക് പോകാൻ സമയമാകുമ്പോഴേക്കും വീട്ടുജോലികൾ തീർക്കുകയും ചെയ്യും.

വചനം എഴുതിത്തുടങ്ങിയപ്പോൾ മുതൽ ഒരുപാട് പേർ പ്രാർത്ഥിക്കാൻ പറയുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. അവരുടെയെല്ലാം പേര് ബൈബിളിൽ എഴുതിവയ്ക്കാൻ തുടങ്ങി. പ്രാർത്ഥിച്ചവയെല്ലാം അവരുടെ ജീവിതത്തിൽ അനുഗ്രഹമായി മാറി. വചനം എഴുതുന്നതിലൂടെയും വായിക്കുന്നതിലൂടെയും മനസിന്റെയും ശരീരത്തിന്റെയും ആഗ്രഹങ്ങളെ നിയന്ത്രിക്കാനുള്ള കൃപ സെലിന് ലഭിച്ചു. ദിവസങ്ങളോളം ബൈബിൾ എഴുതിയാലും യാതൊരു ക്ഷീണവും തോന്നിയില്ല എന്നതാണ് മറ്റൊരു കാര്യം. എപ്പോൾ എഴുതാൻ തുടങ്ങിയാലും ഒരു ‘സ്വർഗ്ഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയമേ, ത്രിത്വ സ്തുതി’യും ചൊല്ലി കാഴ്ച വച്ചിരുന്നു.

വീട്ടിൽ നിന്നും ഫുൾ സപ്പോർട്ട്   

ബൈബിൾ എഴുതുന്ന സമയത്ത് ഭർത്താവ് സാജുവും മക്കളും എല്ലാവിധത്തിലുമുള്ള പിന്തുണയും നൽകിയിരുന്നു. അനാവശ്യമായ കാര്യങ്ങളിൽ ശല്യപ്പെടുത്തുകയോ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയോ ചെയ്തിരുന്നില്ല. ബൈബിൾ എഴുതുന്ന സമയത്ത് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പോലും അവർ ബുദ്ധിമുട്ടുകൾ ഒന്നും വരുത്തിയിരുന്നില്ല.

കുഞ്ഞു ഉദരത്തിൽ ആയിരുന്നപ്പോൾ എല്ലാ ദിവസവും ഈ മാതാപിതാക്കൾ ഒൻപത് മണിക്ക് ഉദരത്തിൽ കരങ്ങൾ വച്ച് ‘വിശ്വാസപ്രമാണം’ ചൊല്ലിയിരുന്നു. ആ സമയത്തിന് കുറച്ച് വ്യത്യാസം വന്നാൽ കുഞ്ഞു ഉദരത്തിൽ കിടന്ന് അതിന്റെ റിയാക്ഷൻ മനസിലാക്കുമായിരുന്നു. ഒറ്റ ദിവസം പോലും കുടുംബപ്രാർത്ഥനയും ഈ കുടുംബം മുടക്കാറില്ല.

സെലിൻ പന്ത്രണ്ട് വർഷമായി സൺ‌ഡേ സ്‌കൂൾ അദ്ധ്യാപികയും സ്റ്റാഫ് സെക്രട്ടറിയുമാണ്. കൂടാതെ ഫൊറോനാ തല പാസ്റ്ററൽ കൗൺസിൽ അംഗവും. എല്ലാ വർഷവും ലോഗോസ് ക്വിസിൽ പങ്കെടുക്കുകയും സമ്മാനാർഹയാവുകയും ചെയ്യാറുണ്ട്. രൂപതാ തലത്തിൽ മാതൃവേദി സംഘടനയ്ക്കായി ക്ലാസുകൾ എടുക്കാനും പോകാറുണ്ട് സെലിൻ. പ്രോലൈഫ് പ്രവർത്തനങ്ങളിലും സജീവ അംഗമാണ് ഇവർ.

മലയാളം ബൈബിൾ എഴുതി പൂർത്തിയാക്കുന്നതിനു മുൻപ് നൂറ് ദിവസം ഉപവസിക്കുകയും അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തു. ഏതെങ്കിലും തരത്തിലുള്ള നോമ്പ് ഇല്ലാതെ സെലിൻ ബൈബിൾ എഴുതിയിട്ടില്ല. സെലിന്റെ ഇനിയുള്ള ആഗ്രഹം ബൈബിൾ മുഴുവനും ഇംഗ്ലീഷിൽ എഴുതി പൂർത്തിയാക്കണമെന്നതാണ്. അതിനായി പ്രാർത്ഥിച്ച് ഒരുങ്ങുകയാണ് സെലിൻ.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

3 COMMENTS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.