“എല്ലാം ഉൾക്കൊള്ളാൻ ഞങ്ങൾ പരിശ്രമിക്കുകയാണ്” – ഹെയ്തിയിൽ നിന്നും വേദനയോടെ ഒരു മിഷനറി

ആഗസ്റ്റ് 14 -ന് ഹെയ്തിയിലുണ്ടായ ഭൂകമ്പത്തിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 7.2 തീവ്രതയുള്ള ഭൂകമ്പത്തിൽ 1,941 പേർ മരിക്കുകയും 9,900 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ വേദനയുടെ നിമിഷങ്ങളെ ഉൾക്കൊള്ളാൻ ഇവിടെയുള്ളവർക്ക് ഇനിയുമായിട്ടില്ല. അതിനുള്ള പരിശ്രമത്തിലാണ് തങ്ങളെന്ന്, 2014 മുതൽ ഹെയ്തിയിൽ സേവനം ചെയ്യുന്ന ബ്രസീലിയൻ മിഷനറി സി. സ്യൂലി മൊണ്ടീറോ പറഞ്ഞു.

“എല്ലാം വളരെ വേഗത്തിലായിരുന്നു. കൺമുമ്പിൽ എല്ലാം തകർന്നടിയുന്നത് വേദനയോടെ കാണേണ്ടിവരിക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒരു ഭൂകമ്പമാണെന്ന് ഞങ്ങൾക്ക് മനസിലായപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു” – സിസ്റ്റർ സ്യൂലി പറയുന്നു. 37,000 -ത്തിലധികം വീടുകൾ തകർന്നിട്ടുണ്ടെന്ന് ഹെയ്തിയൻ സിവിൽ പ്രൊട്ടക്ഷൻ ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു.

ഇവിടെയുള്ള രണ്ട് ആരോഗ്യകേന്ദ്രങ്ങളുടെ ചുമതല സിസ്റ്ററിനാണ്. എല്ലാം തകർന്നടിഞ്ഞ ഈ ആളുകളോടൊപ്പം ആയിരുന്നുകൊണ്ട് അവരെ ആശ്വസിപ്പിക്കാനും കഴിയുന്ന സഹായം ചെയ്യുവാനുമുള്ള ശ്രമത്തിലാണ് ഈ സന്യാസിനി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.