കാമറൂണിൽ നിന്നും പുഞ്ചിരിക്കുന്ന ഒരു മിഷനറി

സി. സൗമ്യ DSHJ

കഴിഞ്ഞ നാല് വർഷമായി ആഫ്രിക്കയിലെ ഐവറി കോസ്റ്റ്, കാമറൂൺ എന്നിവിടങ്ങളിൽ ആതുരശുശ്രൂഷാ മേഖലയിൽ പ്രവർത്തിക്കുന്ന സന്യാസിനിയാണ് സി. ഷാന്റി ചൂണ്ടിയാനിപ്പുറത്ത് DSHJ. ഭാഷകൾക്കും സംസ്ക്കാരങ്ങൾക്കുമപ്പുറം സ്നേഹം കൊണ്ടും പുഞ്ചിരി കൊണ്ടും പാവപ്പെട്ടവരായ മനുഷ്യരുടെ ഹൃദയം ദൈവസ്നേഹം കൊണ്ട് കീഴടക്കിയ ഈ സന്യാസിനി ഈശോയുടെ തിരുഹൃദയപുത്രിമാരുടെ സന്യാസിനീ സഭയിലെ അംഗമാണ്. ഒരു മിഷനറി ആയതിൽ അഭിമാനിക്കുന്ന ഈ സമർപ്പിത, തന്റെ മിഷൻ അനുഭവങ്ങൾ ലൈഫ് ഡേ യുമായി പങ്കുവയ്ക്കുന്നു.

നേഴ്‌സിൽ നിന്നും ഫിസിയോതെറാപ്പിസ്റ്റിലേക്ക്

ഫിസിയോതെറാപ്പി സെന്റർ ആയിരുന്നു സിസ്റ്ററിന്റെ ആദ്യത്തെ ശുശ്രൂഷാമേഖല. ആ സെന്ററിലെ ഒരു സിസ്റ്റർ താൽക്കാലികമായി മാറിയ അവസരത്തിലായിരുന്നു സി. ഷാന്റിയുടെ അങ്ങോട്ടുള്ള നിയമനം. ഒരു വർഷത്തെ ഈ ശുശ്രൂഷയിൽ ദൈവം വളരെയേറെ അത്ഭുതങ്ങൾ തന്നിലൂടെ പ്രവർത്തിച്ചുവെന്ന് സിസ്റ്റർ ഉറച്ചു വിശ്വസിക്കുന്നു. ഒരു നേഴ്സായിരുന്നു എങ്കിലും തനിക്ക് ഫിസിയോതെറാപ്പിയും വഴങ്ങുമെന്ന് സിസ്റ്റർ പിന്നീട് തന്റെ പ്രവർത്തനങ്ങളിലൂടെ തെളിയിച്ചു.

ഈ നാട്ടിലെ ഒരു പ്രത്യേകത, ഇവിടെ വളരെയേറെ കുട്ടികൾ അംഗവൈകല്യം ബാധിച്ച് ജനിക്കുന്ന ഒരവസ്ഥയാണുള്ളത് എന്നതാണ്. അതിന് ദാരിദ്ര്യം ഒരു കാരണമാണോ എന്നറിയില്ല. രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ ഫ്രാൻസിൽ നിന്നൊക്കെ ഡോക്ടർമാർ വന്ന് ഓപ്പറേഷൻ നടത്തും. ഇങ്ങനെ ഓപ്പറേഷൻ ചെയ്ത കുട്ടികളെ മൂന്നു-നാലു മാസക്കാലം ഫിസിയോതെറാപ്പി സെന്ററിൽ തന്നെ നിറുത്തി വേണ്ട ചികിത്സകൾ നൽകാറുണ്ട്.

ഐവറി കോസ്റ്റിൽ ആദ്യം മിഷനറിയായി എത്തുമ്പോൾ ഭാഷ, സംസ്ക്കാരം എന്നിവയിലുള്ള വലിയ വ്യത്യാസം ഒരു പ്രശ്നമായി തോന്നിയില്ല. കാരണം ഭാഷകൾക്കതീതമായി ആ പാവപ്പെട്ട ആളുകളുടെ മനസ്സിൽ ഇടം പിടിക്കുവാൻ, പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുന്ന സിസ്റ്ററിനായി. “ഭാഷയേക്കാൾ ഉപരിയായി നമ്മുടെ ചെറിയ പുഞ്ചിരിക്കും ഒരു നോട്ടത്തിനുപോലും ഈ മനുഷ്യരോട് വാക്കുകൾ കൊണ്ടല്ലാതെ സംസാരിക്കുവാനാകും” – സി. ഷാന്റി പറയുന്നു.

ദൈവം തന്റെ കൂടെ നടന്ന പല അനുഭവങ്ങളും ഇക്കാലയളവിൽ സിസ്റ്ററിന് പങ്കുവയ്ക്കാനുണ്ട്. ഇവിടെ നിരവധി കുഞ്ഞുങ്ങൾ അംഗവൈകല്യത്തോടെയാണ് ജനിക്കുന്നത്. അങ്ങനെ ഒരു മുസ്ലിം സ്ത്രീയുടെ കൈ തളർന്നുപോയ കുഞ്ഞിന്റെ കൈക്ക് ചലനശേഷി തിരികെ ലഭിച്ച സംഭവം ഉണ്ട്. “പ്രസവത്തിനുശേഷം അമ്മയ്ക്ക് മനസിലായി, തന്റെ കുഞ്ഞിന്റെ കൈ അനങ്ങുന്നില്ലെന്ന്. എങ്കിലും ഈ ഫിസിയോതെറാപ്പി സെന്ററിൽ കൊണ്ടുവന്നാൽ എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് ആ അമ്മ കരുതി. ഒരു ഡിസംബർ മാസമായിരുന്നു അത്. ഞാൻ ഫിസിയോതെറാപ്പി ചെയ്യുവാൻ തുടങ്ങിയിട്ട് വളരെ കുറച്ചു നാളുകൾ മാത്രമേ ആയിരുന്നുള്ളൂ. അതിനാൽ ജനിച്ച് ദിവസങ്ങൾ മാത്രമായ ഈ കുഞ്ഞിനെ കൊണ്ടുവന്നപ്പോൾ ആശങ്കയും അതിലേറെ പ്രതീക്ഷയും ഉണ്ടായിരുന്നു. ഈശോയോട് ഞാന്‍ പ്രാർത്ഥിച്ചു: ‘ഈശോയേ, ക്രിസ്തുമസ് ദിനങ്ങൾ ആകുമ്പോഴേക്കും നീയെനിക്ക് ഒരു സമ്മാനം തരണേ. നിന്റെ സമ്മാനം ഈ കുഞ്ഞിന്റെ കൈ ഒന്ന് അനക്കുവാൻ സാധിക്കുന്ന അത്ഭുതമായിരിക്കണമേ.’

പ്രാർത്ഥനയോടെ ഞാന്‍ ആ കുഞ്ഞിന് ഫിസിയോതെറാപ്പി ചെയ്തുകൊണ്ടിരുന്നു. അത്ഭുതമെന്നു പറയട്ടെ, ദൈവം ആ പ്രാർത്ഥന കേട്ടു. ക്രിസ്തുമസ് സമയമായപ്പോഴേക്കും ആ കുഞ്ഞ് കൈ അനക്കാൻ തുടങ്ങി. തളർന്നുകിടന്ന കൈ ആ കുഞ്ഞ് അനക്കുന്നത് കണ്ടപ്പോൾ അതിനെ വലിയ അത്ഭുതമായി കാണുവാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ. ആ ക്രിസ്തുമസിന് ദൈവം എനിക്ക് തന്ന വലിയ സമ്മാനമായി ഞാൻ ഇന്നും ആ സംഭവത്തെ കാണുന്നു” – സിസ്റ്റർ കൂട്ടിച്ചേർത്തു.

അടുത്തെങ്ങും വേറെ ഫിസിയോ തെറാപ്പി സെന്റർ ഇല്ലാത്തതിനാൽ വളരെ അകലെ നിന്നുപോലും ആളുകൾ ഈ സെന്ററിലേക്ക് എത്തിയിരുന്നു.

ഐവറി കോസ്റ്റിൽ നിന്നും കാമറൂണിലേക്ക്

താൽക്കാലികമായിട്ടായിരുന്നു ഐവറി കോസ്റ്റിലെ സിസ്റ്ററിന്റെ ശുശ്രൂഷ. ഒരു വർഷത്തിനുശേഷം സിസ്റ്റർ തന്റെ പുതിയ ശുശ്രൂഷാമേഖലയിലേക്ക്, അതും പുതിയ ഒരു ആഫ്രിക്കൻ രാജ്യത്തേക്ക് കടന്നുവന്നു. കാമറൂണിലെ സമാക്വേ വില്ലേജിലായിരുന്നു അത്. ഇവിടെയും ആതുരസേവനമാണ് പ്രധാന മിഷൻ. അൻപത് ബെഡ്ഡുകൾ മാത്രമുള്ള ഒരു ചെറിയ ആശുപത്രി. ഒരു നേഴ്‌സായ സിസ്റ്ററിന് അവിടെ ദൈവം കൊടുത്ത സേവനമേഖല ഫാർമസിസ്റ്റ് ആയിട്ടായിരുന്നു. അന്യഭാഷയിൽ മരുന്നിന്റെ പേരൊക്കെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ആശങ്കപ്പെട്ടെങ്കിലും എല്ലാം ക്രമീകരിക്കുവാൻ ദൈവം കൂട്ടിനുണ്ടായിരുന്നു. ഡോക്ടർമാരുടെ റിപ്പോർട്ട് നോക്കി മരുന്ന് എടുത്ത് കൊടുക്കുവാനൊക്കെ ആദ്യമൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ, എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്ന ദൈവം സിസ്റ്ററിനോടൊപ്പം ഉണ്ടായിരുന്നു.

പതിനഞ്ചോളം പ്രാവശ്യം പിടിപെട്ട മലേറിയ

കാമറൂണിൽ വന്നതിനുശേഷം പലതവണ സി. ഷാന്റിക്ക് മലേറിയ വന്നു. ആഫ്രിക്കയിൽ മിക്കവാറും എല്ലാവർക്കും ഈ രോഗം വരാറുണ്ട്. അങ്ങനെ സിസ്റ്ററിനെ സന്ദർശിക്കുവാനും മലേറിയ എത്തി. ഒരു പ്രാവശ്യമല്ല, ഏകദേശം പതിനഞ്ചോളം പ്രാവശ്യം. നിരവധി പ്രാവശ്യം മലേറിയ പിടിപെട്ടിട്ടുണ്ട് എന്ന് പറയുമ്പോഴും സി. ഷാന്റി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

മലേറിയയുടെ ലക്ഷണങ്ങൾ കാണിക്കുമ്പോൾ തന്നെ മരുന്നെടുക്കും. അതിനാൽ, വളരെ അപകടകരമായ രോഗമാണെങ്കിലും ചെറുത്തുനിൽക്കുവാൻ സിസ്റ്ററിനായി. നമ്മുടെ നാട്ടിൽ സാധാരണ പനി വരുന്ന പോലെയാണ് ഇവിടെ ആളുകൾക്ക് മലേറിയ വരുന്നത് എന്ന് സിസ്റ്റർ പറയുന്നു.

ആഴപ്പെട്ട വിശ്വാസജീവിതം

പാവപ്പെട്ടവർ ആണ് ഇവിടുത്തെ ആളുകളെങ്കിലും ഇവർ വിശ്വാസജീവിതത്തിൽ വളരെ സമ്പന്നരാണ്. കാരണം, അവർ വിശ്വാസപരമായ കാര്യങ്ങളിൽ വളരെ ഊർജ്ജസ്വലരാണ് എന്നതു തന്നെ. അതിന് ഒരു പരിധിവരെ അവരെ സഹായിച്ചത് ഇറ്റലിയിൽ നിന്നുള്ള വൈദികരുടെ വിശ്വാസതലത്തിലുള്ള പരിശീലനമാണ്. വിശ്വാസത്തിൽ വളരെ ആഴപ്പെട്ട വ്യക്തികളാണ് ഇവിടുള്ളത്. വളരെ വ്യത്യസ്തമായ ആചാരങ്ങളും ശൈലികളുമാണ് ഇവർ പ്രാർത്ഥിക്കുന്നതിനായി ഉപയോഗിക്കുന്നത്. പ്രാർത്ഥിക്കുമ്പോൾ സന്തോഷമുള്ള സമയമാണെങ്കിൽ ഇവർ ഒരു പ്രത്യേകതരം സ്വരം പുറപ്പെടുവിക്കും. കൂടെ ഡാൻസും ഒക്കെയുണ്ട്.

എന്നാൽ, ധാർമ്മിക കാര്യങ്ങളിൽ ഇവർ കുറച്ചു പുറകോട്ടാണ്. പ്രായപൂർത്തിയാകുമ്പോൾ വിവാഹം എന്നൊരു രീതി അവർക്കില്ല. പണമുള്ളവർ അവരുടെ രീതി അനുസരിച്ചു വിവാഹം പള്ളിയിൽ വച്ചു നടത്തും. പിന്നെ, മറ്റൊരു കാര്യം ഇവിടെ പെൺവീട്ടുകാർ ചോദിക്കുന്ന പണമോ സാധനമോ വരന്റെ വീട്ടുകാർ നൽകണം എന്ന രീതിയാണ് നിലവിലുള്ളത്. പെണ്ണിന്റെ അച്ഛൻ ചോദിക്കുന്നത് അവർ കൊടുക്കണം. സ്വര്‍ണ്ണമൊന്നുമല്ല അവർ ചോദിക്കുന്നത്. ചിലപ്പോൾ അഞ്ചോ ആറോ പന്നി ആയിരിക്കാം, ഇറച്ചി, ഡ്രസ്, കോഴികൾ ഇവയൊക്കെ ആയിരിക്കാം. ഇങ്ങനെയുള്ള ഭാരിച്ച ചിലവ് വഹിക്കാൻ ഭർത്താവിന്റെ വീട്ടുകാർക്കാവില്ല. അതിനാൽ, വിവാഹം ഔദ്യോഗികമായി പള്ളിയിൽ വച്ച് നടത്തുവാൻ പലർക്കും മടിയാണ്. ചുരുക്കം ചിലർ മാത്രമാണ്, നേരെത്തെ വിവാഹം കഴിക്കാറുള്ളൂ. അല്ലെങ്കിൽ മക്കളും മക്കളുടെ മക്കളും ആയ ശേഷമോ, പ്രായമായ ശേഷമോ ആണ് പലരുടെയും വിവാഹം നടക്കുക. ഒരാൾക്ക് തന്നെ നാലോ അഞ്ചോ ഭർത്താക്കന്മാർ ഉള്ള രീതിയും ഇവരുടെ ഇടയിലുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ പെൺകുട്ടികൾ അമ്മമാരാകുന്നതും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.

വ്യത്യസ്തമായ ആചാരങ്ങൾ ഉള്ള ആളുകൾ

ആചാരങ്ങൾ കൊണ്ടും അനുഷ്ഠാനങ്ങൾ കൊണ്ടും വളരെ വ്യത്യസ്തത പുലർത്തുന്ന ആളുകളാണ് ഇവിടുള്ളത്. ആരെങ്കിലും രോഗാവസ്ഥയിൽ ആണെങ്കിൽ ആരും സഹായിക്കാനോ പണം കൊടുക്കുവാനോ വരുകയില്ല. ആശുപത്രിയിൽ കഴിയുകയാണെങ്കിൽ അവർ പണത്തിനു വേണ്ടി നെട്ടോട്ടമോടിയാലും ആരും സഹായിക്കാൻ കാണില്ല. എന്നാൽ, ആരെങ്കിലും മരിച്ചുകഴിഞ്ഞാൽ ഒരു മാസത്തോളം മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കും. പിന്നീട് അവരുടേതായ വ്യത്യസ്തമായ ആചാരരീതികളാണ്.

വലിയ ചിലവ് വരുന്ന ഈ സമയങ്ങളിൽ എല്ലാവരും മരിച്ചയാളുടെ ബന്ധുക്കൾക്ക് പണം കൊടുക്കും. ആ പണം രോഗിയായിരുന്ന അവസ്ഥയിൽ കൊണ്ടുപോയി കൊടുക്കുകയായിരുന്നെങ്കിൽ മതിയായ ചികിത്സയെങ്കിലും രോഗിക്ക് കൊടുക്കാമായിരുന്നു. ഈ രീതികൾ മാറ്റണമെന്ന് പറയുമ്പോൾ അവർ പറയും, ‘ഇങ്ങനെ ചെയ്തില്ലെങ്കിൽ മരിച്ചുപോയവരുടെ ആത്മാവ് തിരിച്ചുവരും’ എന്ന്.

എന്താണ് ചെയ്യേണ്ടതെന്നറിയാമെങ്കിലും ഇത്തരം ആചാരങ്ങൾ അവരുടെ സംസ്ക്കാരത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുകയാണ്. അത് മാറ്റുവാൻ വളരെ ബുദ്ധിമുട്ടാണെന്നാണ് അവരുടെ ഭാഷ്യം.

ആഫ്രിക്കയിൽ വന്ന് ഒരു മിഷനറിയായി സേവനം ചെയ്യേണ്ടിവരുമെന്ന് സി. ഷാന്റി ഒരിക്കലും ഓർത്തിരുന്നില്ല. എന്നാൽ, ഇന്ന് സിസ്റ്റർ അതീവസന്തുഷ്ടയാണ്; പാവപ്പെട്ട ഈ ജനത്തോടൊപ്പം ആയിരിക്കുന്നതിൽ. മുഖത്തെ പുഞ്ചിരി മായാതെ സിസ്റ്റർ തന്റെ പ്രവർത്തനങ്ങൾ തുടരുന്നു…

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.