നിന്റെ മാതാപിതാക്കളുടെ വിശുദ്ധി നിന്റെ വിശുദ്ധിയായി മാറും: തെക്കേലച്ചൻ യാത്രയാകുമ്പോൾ ആ വാക്കുകൾ ചെവികളിൽ മുഴങ്ങുന്നു

ഫാ. ബിബിന്‍ ഏഴുപ്ളാക്കല്‍

15 വർഷങ്ങൾക്ക് മുൻപാണ്, 2005 ലെ ഒരു മെയ് മാസത്തിൽ…വൈദികനാകണം എന്നുള്ള ആഗ്രഹവുമായി സെമിനാരിയിലേക്ക് പോകുന്നതിനു മുമ്പ് വികാരിയച്ചനെ കാണാനായി കട്ടപ്പന പള്ളിയുടെ പള്ളിമേടയിലേക്ക് ചെന്ന ദിവസം. അപ്പനും അമ്മയും കൂടെ ഉണ്ടായിരുന്നു. ആഗ്രഹം പറഞ്ഞ അന്നുതൊട്ട് വികാരിയച്ചന് എന്തെന്നില്ലാത്ത ആഹ്ളാദം ഉണ്ടായിരുന്നു. ഒരു പുഞ്ചിരിയോടെ അച്ചൻ ഞങ്ങളെ സ്വാഗതം ചെയ്തു. കാര്യങ്ങളൊക്കെ തിരക്കി. അച്ചന്റെ സന്തോഷവും ആശംസയും അറിയിച്ചു. എന്നിട്ട് അച്ചൻ എന്നോടും അപ്പനോടും അമ്മയോടും ആയി ഒരു കഥ പറഞ്ഞു. ചെമ്മീൻ സിനിമയുടെ കഥയായിരുന്നു അത്. ചെമ്മീൻ സിനിമ ഒന്നുകൂടെ അച്ചൻ വാക്കുകളിലൂടെ ചിത്രീകരിച്ചു.

മലയാള സിനിമയിലെ ക്ലാസ്സിക് സിനിമ ഏതെന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരം മാത്രമേയുള്ളൂ “ചെമ്മീൻ.” തകഴി ശിവശങ്കരപിള്ളയുടെ ചെമ്മീൻ എന്ന നോവലിന്റെ ചലച്ചിത്രവിഷ്കാരമാണ് 1965 – ൽ രാമു കാര്യാട് സംവിധാനം ചെയ്ത ചെമ്മീൻ. “കടലിൽ പോകുന്ന അരയന്റെ ജീവൻ കുടിലിൽ കാത്തിരിക്കുന്ന അരയത്തിയുടെ വിശുദ്ധിയിലാണ്.” ഈ ഒരു ആശയത്തെ ആസ്പദമാക്കിയാണ് ചെമ്മീൻ എന്ന സിനിമ പുരോഗമിക്കുന്നത്. അച്ചൻ ഞങ്ങളോട് പറഞ്ഞതും ഇതുതന്നെയാണ്. “നീ കടലിലേക്ക് ആണ്. വീട്ടിൽ കാത്തിരിക്കുന്ന ഇവരാണ് നിനക്ക് വേണ്ടി പ്രവർത്തിക്കേണ്ടത്. ഇവരുടെ വിശുദ്ധി നിന്റെ വിശുദ്ധി ആയി മാറും. നിന്റെ വിശുദ്ധി ഇവരുടെ ജീവിതത്തിൽ നിറയും.”

15 വർഷങ്ങൾക്കു മുമ്പ് അച്ചന്‍ പ്രാർത്ഥിച്ച് അനുഗ്രഹിച്ചത് ഇപ്പോഴും മനസ്സിൽ നിറയുന്നുണ്ട്. എനിക്കുറപ്പുണ്ട് ഈ കടൽ യാത്രയിൽ എനിക്ക് താങ്ങായി നിൽക്കുന്നത് അപ്പനും അമ്മയും ആണ്. അവരുടെ ജീവിതത്തിന്റെ പ്രാർത്ഥനകളിൽ ഞാനുണ്ട്, എവിടെയൊക്കെയോ.

ഇന്ന് വിഷു ആണ്. അപ്പനും അമ്മയ്ക്കും ഇത് മുപ്പത്തിനാലാമത്തെ വിവാഹ വാർഷികദിനമാണ്. ഇന്ന് രാവിലെയാണ് ഫോണിലേക്ക് ആ പഴയ വികാരിയച്ചന്റെ മരണവാർത്ത എത്തിയതും, ജോസ് തെക്കേൽ അച്ചന്റെ. പ്രാർത്ഥനകളിൽ നിറയുന്നു…

ഫാ. ബിബിൻ ഏഴുപ്ലാക്കൽ mcbs