കത്തിയെരിഞ്ഞ ബൈബിൾ, കൊല്ലപ്പെട്ട ഭർത്താവ്: ഇളകാത്ത ക്രൈസ്തവ വിശ്വാസത്തിന്റെ ഒരു നേര്‍ക്കാഴ്ച 

ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി കഠിനമായ പീഡനങ്ങൾ ഏൽക്കേണ്ടിവന്ന ഒരുപാട് ആളുകൾ ലോകചരിത്രത്തിലുണ്ട്. യേശുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം ലോകമെമ്പാടുമായി പീഡനങ്ങളേറ്റത് ലക്ഷക്കണക്കിന് വിശ്വാസികളാണ്. ഏകദേശം 4,761 ആളുകൾ വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെട്ടു. 4,277 പേർ വിചാരണയോ അറസ്റ്റോ കൂടാതെ തടവറയ്ക്കുള്ളിൽ കഴിയുന്നു. തികച്ചും ഹൃദയഭേദകമാണ് ഈ കണക്കുകൾ.

ഇവരിൽ ഓരോരുത്തർക്കും കരളുരുക്കുന്ന ഒരുപാട് കഥകൾ പറയാനുണ്ടാകും. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവസമൂഹത്തിന് എക്കാലവും ഒരേ പ്രതീകമാണുള്ളത്. ക്രിസ്തുവിന്റെ കുരിശ് എന്ന പ്രതീകം. സഹനങ്ങളുടെ ഈ താഴ്വരയിലും തങ്ങൾക്കും ഒരു ഉയിർപ്പുണ്ടാകുമെന്ന് ഉറച്ച് വിശ്വസിച്ചുകൊണ്ട് കുരിശിനെ നെഞ്ചോട് ചേർക്കുന്ന ഉത്തരേന്ത്യയിലെ കീർത്തി എ ന്ന സ്ത്രീയുടെ ജീവിതകഥയാണിത്. വിശ്വാസത്തിനു വേണ്ടി ധൈര്യത്തോടെ നിലകൊണ്ട കീർത്തിയുടെ ജീവിതത്തിലൂടെ…

ഉത്തരേന്ത്യയിലെ ഒരു യുവതി ‘വിദേശ ദൈവമായ’ ക്രിസ്തുവിനെ കണ്ടെത്തിയ കഥ

നമുക്കിവരെ കീർത്തി എന്നു വിളിക്കാം. യഥാർത്ഥ പേര് വെളിപ്പെടുത്തിയാൽ വിശ്വാസത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെടും എന്ന ഭയമാണ്ന് ഇതിനു പിന്നിൽ. കീർത്തി എന്ന, ഭാര്യയും അമ്മയുമായ സ്ത്രീ അവരുടെ ഗ്രാമത്തിലെ ആചാരമനുസരിച്ചുള്ള വിശ്വാസമായിരുന്നു പിന്തുടർന്നു വന്നിരുന്നത്. ഒരു ദിവസം ഗ്രാമത്തിലെ ഒരു ക്രൈസ്തവ പ്രാർത്ഥനാഗ്രൂപ്പിൽ അവിചാരിതമായി കീർത്തി പങ്കെടുക്കാനിടയായി. അവിടെ വച്ച് അവരെ നിരന്തരം കഷ്ടപ്പെടുത്തിക്കൊണ്ടിരുന്ന ഒരു രോഗത്തിൽ നിന്ന് പ്രാർത്ഥനയാൽ സൗഖ്യം ലഭിച്ചു. ആ സംഭവത്തോടു കൂടി കീർത്തിക്ക് ക്രിസ്തുവിലുള്ള വിശ്വാസം ആഴപ്പെട്ടു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അവളും കുടുംബവും പ്രാർത്ഥനാ കൂട്ടായ്മകളിലെ സ്ഥിരം സാന്നിധ്യമായി മാറി.

എന്നാൽ തലമുറകളായി ഒരു നാടും കുടുംബവും വിശ്വസിച്ചുവന്നിരുന്ന ദൈവങ്ങളെ വേണ്ടെന്നു വച്ച് ‘വിദേശ ദൈവമായ’ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നത് ഗ്രാമത്തിലുള്ളവർക്ക് അംഗീകരിക്കാനായില്ല.

ഒറ്റപ്പെടുത്തലും ഭീഷണികളും; ക്രിസ്തുവിലുള്ള വിശ്വാസം മാത്രം ആശ്രയം

ഒരു ദിവസം കീർത്തിയെയും ഭർത്താവിനെയും ഗ്രാമത്തിലെ പ്രമുഖർ വിളിച്ചുവരുത്തി. ഗ്രാമത്തിലെ എല്ലാവരും അവിടെ തടിച്ചുകൂടിയിരുന്നു. ആ ആൾക്കൂട്ടത്തിനു നടുവിൽ അവരെ ഇരുവരെയും നിർത്തി.

“ഞങ്ങളോട് ആൾക്കൂട്ടത്തിനു നടുവിലേക്ക് കയറിനിൽക്കാൻ അവർ ആവശ്യപ്പെട്ടു. ഞങ്ങൾ അത് അനുസരിച്ചു. അതുകഴിഞ്ഞ്, യേശുവിലുളള വിശ്വാസം ഉപേക്ഷിക്കാനും അവരുടെ പാരമ്പര്യമായ വിശ്വാസത്തിലേക്ക് തിരികെ വരാനും അവർ ആവശ്യപ്പെട്ടു; ഇല്ലെങ്കിൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ ഞങ്ങൾ അതിന് തയ്യാറായില്ല. ദൈവങ്ങളെ ഉപേക്ഷിച്ച് മറ്റൊരു വിശ്വാസത്തിലേക്ക് പോയാൽ ഗ്രാമത്തിന്നു ദുരന്തങ്ങളും ദൗർഭാഗ്യവും വരുമെന്നായിരുന്നു അവിടെയുള്ളവരുടെ വിശ്വാസം” – കീർത്തി പറയുന്നു.

ഭയം നിമിത്തം കീർത്തിയുടെ കൂടെയുണ്ടായിരുന്ന ക്രൈസ്‌തവർ പ്രാർത്ഥിക്കാനും പള്ളിയിലെ ആരാധനയ്‌ക്കും പോകില്ലെന്ന് പറഞ്ഞു. എന്നാൽ തങ്ങൾ ഇനിയും ദൈവാലയത്തിൽ പോകുമെന്നും ക്രൈസ്തവ വിശ്വാസത്തിൽ തുടരുമെന്നുള്ള അവരുടെ ഉറച്ച മറുപടി ഗ്രാമവാസികളെ അല്പമൊന്ന് ഉലച്ചു. ഇതിൽ കുപിതരായ ഗ്രാമവാസികൾ തുടർന്നുള്ള മീറ്റിങ്ങുകളിൽ മുളയുടെ വലിയ വടി കൊണ്ട് അവരെ തല്ലിച്ചതച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെ കീർത്തിക്കും അവരുടെ ഭർത്താവിനും ഇനി ദൈവാലയത്തിൽ പോകില്ലെന്ന് സമ്മതിക്കേണ്ടതായി വന്നു.

എന്നാൽ അവരുടെ ഉള്ളിലുള്ള വിശ്വാസത്തിന്റെ ആഴം നിമിത്തം ഗ്രാമവാസികൾക്ക് കൊടുത്ത വാക്ക് പാലിക്കാൻ അവർക്ക് കഴിയാതെ വന്നു. അവരുടെ വാക്കുകളേക്കാൾ എത്രയോ വലുതായിരുന്നു അവരുടെ വിശ്വാസം. അങ്ങനെ വളരെ രഹസ്യമായി അവർ ഒരുമിച്ചുകൂടാനും ദൈവത്തോട് പ്രാർത്ഥിക്കാനും സ്തുതിക്കാനും തുടങ്ങി; അതും വളരെ നിശബ്ദമായിട്ട്. അടുത്തുള്ള ഗ്രാമത്തിൽ നിന്ന് ഒരു സുവിശേഷപ്രഘോഷകൻ അവരെ രഹസ്യമായി നയിക്കാൻ ആരംഭിച്ചു. അവരുടെ പ്രാത്ഥനയിലൂടെ ഒരു യുവാവിന് രോഗശാന്തി ലഭിച്ചു. ഒരു ചെറിയ ഗ്രാമത്തിൽ ഒരു രഹസ്യം വളരെ നാളുകൾ സൂക്ഷിച്ചുവയ്ക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഇവിടെയും അത് സംഭവിച്ചു. രോഗശാന്തി ലഭിച്ച വാർത്ത ഗ്രാമത്തിലുള്ളവരെല്ലാം അറിഞ്ഞു. ആ യുവാവിനെ ചോദ്യം ചെയ്യാൻ ആരംഭിച്ചു. എന്നാൽ അയാളുടെ മറുപടിയിൽ അവർ തൃപ്‌തരല്ലായിരുന്നു. ഒടുവിൽ അവർ അയാളെ ഉപദ്രവിക്കുകയും ബന്ധനസ്ഥനാക്കി കീർത്തിയുടെ വീടിനു മുൻപിൽ കൊണ്ടുവരികയും ചെയ്തു. വലിയൊരു ജനക്കൂട്ടമായിരുന്നു വീടിനു മുൻപിൽ ആ സമയം എത്തിയത്.

‘ക്രിസ്തുവിനെ അനുഗമിച്ചാൽ ഇതായിരിക്കും പ്രതിഫലം’

“അവർ വീടിനു മുൻപിൽ എത്തി. അകത്തു കയറി എന്റെ ബൈബിളിനു വേണ്ടി തിരച്ചിൽ നടത്തി. ഇനിയും ക്രിസ്തുവിലുള്ള വിശ്വാസം തുടർന്നാൽ കൊന്നുകളയുമെന്ന് അവർ ഭീഷണിപ്പെടുത്തി. വീട്ടിലുണ്ടായിരുന്ന എല്ലാവരെയും വലിച്ചിഴച്ച് വീടിനു പുറത്ത് കൊണ്ടുവന്നു. യാതൊരു ദയയുമില്ലാതെ അവർ വടി കൊണ്ടും കൈ കൊണ്ടും ഞങ്ങളെ തല്ലിച്ചതച്ചു. കാലുകൾ കൊണ്ട് ചവിട്ടിയരച്ചു” – കീർത്തി വെളിപ്പെടുത്തി.

മർദ്ദിക്കുന്നതിനിടയിൽ അവർ കീർത്തിയോട് ആക്രോശിക്കുന്നുണ്ടായിരുന്നു “നീ കാരണമാണ് ഗ്രാമത്തിൽ ക്രിസ്ത്യാനികൾ ഉണ്ടായത്. ക്രിസ്തുവിനെ ഉപേക്ഷിക്ക്” എന്ന്. അതിനിടയിൽ ജനക്കൂട്ടം കീർത്തിയുടെ ബൈബിൾ വീടിനുള്ളിൽ നിന്ന് കണ്ടെടുത്തു. അത് അവരുടെ മുൻപിലിട്ടു തന്നെ അവർ കത്തിച്ചുകളഞ്ഞു. പിന്നെ അവർ ചെയ്തത് വീട്ടിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങൾ – അരി, ഗോതമ്പ്, പച്ചക്കറികൾ – എല്ലാം എടുത്തു. കീർത്തി വളർത്തിയിരുന്ന ആടുകളെയും കോഴികളെയും കൂടി അവർ കൈക്കലാക്കി. ഇതിനെല്ലാമിടയിലും കീർത്തി ഒന്നു മാത്രം പ്രാർത്ഥിച്ചു, “ദൈവമേ, നീ ആഗ്രഹിക്കുന്നെങ്കിൽ ഞങ്ങളെ രക്ഷിക്കണമേ” എന്ന്.

ഒടുവിൽ ജനക്കൂട്ടം മടുത്തു. കൈയ്യിൽ കിട്ടിയതെല്ലാമെടുത്ത് അവർ അവിടം വിട്ടു. ഗ്രാമത്തലവന്മാർ ഉച്ചഭാഷിണിയിലൂടെ ഒരു അനൗൺസ്‌മെന്റ് നടത്തുന്നത് കീർത്തിയും കേട്ടു. അത് ഇപ്രകാരമായിരുന്നു: “എല്ലാവരും ഒരു സദ്യക്ക് എത്തിച്ചേരേണ്ടതാണ്.” കീർത്തിയുടെ വീട്ടിൽ നിന്നും കൊണ്ടുപോയ ഭക്ഷണസാധനങ്ങളും ആടുകൾ, കോഴികൾ തുടങ്ങിയ വളർത്തുമൃഗങ്ങളെയും കൊന്ന് എല്ലാം കൊണ്ട് പാകം ചെയ്ത വിഭവങ്ങളായിരുന്നു സദ്യക്കുണ്ടായിരുന്നത്. അവർ കീർത്തിയുടെ ജീവിതമാർഗ്ഗമായിരുന്നു തിന്നുതീർത്തത്.

“യേശുവിൽ വിശ്വസിക്കുന്നവർക്ക് ഇതായിരിക്കും കിട്ടാൻ പോകുന്നത്” – അവർ പറഞ്ഞു. പിന്നീട് രണ്ടാഴ്ചക്കാലം കീർത്തിയും ഭർത്താവും ആശുപത്രിയിലായിരുന്നു. ഇവരുടെ കഷ്ടസ്ഥിതി കേട്ടറിഞ്ഞ് ‘ഓപ്പൺ ഡോർസ്’ എന്ന സംഘടന അവരുടെ ചികിത്സയ്ക്കുള്ള സാമ്പത്തിക സഹായം ചെയ്തു.

രാത്രിയിൽ അപഹരിക്കപ്പെട്ട ജീവൻ

ആശുപത്രിയിൽ നിന്ന് അവർ തിരിച്ചെത്തി. എന്നാൽ ഗ്രാമത്തിലെ എല്ലാവരും അവരെ ഒറ്റപ്പെടുത്താൻ തുടങ്ങി. ആരും അവരോട് സംസാരിക്കാതായി. കിണറ്റിൽ നിന്ന് വെള്ളമെടുക്കുന്നത് തടഞ്ഞു. പൂർണ്ണമായും അവരെ ഒറ്റപ്പെടുത്തി. “ആരുമറിയാതെ അർദ്ധരാത്രിയിലൊക്കെയായിരുന്നു ഞാൻ കിണറ്റിൽ നിന്ന് വെള്ളം എടുത്തുകൊണ്ടിരുന്നത്” – കീർത്തി പറയുന്നു.

കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ഗ്രാമത്തിലെ ക്രൈസ്‌തവർ വീണ്ടും ഒത്തുകൂടി പ്രാർത്ഥിക്കാനാരംഭിച്ചു. പ്രതികൂലസാഹചര്യങ്ങളിൽ അവർക്ക് ദൈവത്തെ ആരാധിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഇത്രയധികം പരസ്യമായി അപമാനം നേരിട്ടിട്ടും അവരുടെ വിശ്വാസം ഉപേക്ഷിക്കാൻ തയ്യാറായില്ലെന്നുള്ള കാര്യം ഗ്രാമത്തിലെ മറ്റുള്ളവരെ ചൊടിപ്പിച്ചു. അവർ കോപാന്ധരായി.

ഒരു രാത്രിയിൽ ഒരു കൂട്ടം ആളുകൾ കീർത്തിയുടെ വീട് വളയുകയും ഭർത്താവിനെ കയറു കൊണ്ട് കെട്ടി പിടിച്ചുകൊണ്ടു പോവുകയും ചെയ്തു. “എന്റെ ഭർത്താവിനെ എവിടെ കൊണ്ടുപോകുന്നു” എന്ന കീർത്തിയുടെ ചോദ്യത്തെ അവർ വകവച്ചില്ല. അവർ അവളെ തള്ളിമാറ്റി ഒരു മുറിയിലിട്ടു പുറത്തു നിന്ന് പൂട്ടി. കീർത്തിയുടെ ഉറക്കെയുള്ള നിലവിളി ആരും കേട്ടില്ല; കേട്ടെങ്കിലും ഗൗനിച്ചില്ല. കാരണം കീർത്തിയും കുടുംബവും ക്രിസ്ത്യാനികളാണല്ലോ! മണിക്കൂറുകൾ പിന്നിട്ടു, ഗ്രാമത്തിലെ ക്രൈസ്തവരായ മറ്റാളുകൾ വിവരമറിയാൻ. അവർ എത്തി കീർത്തിയെ മോചിപ്പിച്ചു.

ആരോരുമില്ലാതെ ഒരു ശവസംസ്‌കാരം

മനുഷ്യമനഃസാക്ഷിക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത തരത്തിലാണ് കീർത്തിയുടെ ഭർത്താവിനെ അവർ ഉപദ്രവിച്ചത്. ക്രൂരമായ മർദ്ദനങ്ങൾ. ദിവസങ്ങളോളം അവരുടെ പിടിയിലായിരുന്നു അദ്ദേഹം. കീർത്തി തന്റെ ഭർത്താവിനെ കണ്ടെത്തുവാൻ ശ്രമിച്ചു. ഒടുവിൽ തിരികെ ലഭിച്ചപ്പോഴേക്കും അദ്ദേഹത്തിന് കീർത്തിയെ മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അക്രമികൾ അയാളെ നിഷ്ടൂരം മർദ്ധിച്ചവശനാക്കി. അദ്ദേഹത്തിന്റെ ഞരക്കങ്ങൾ ദൂരെ നിന്നു മാത്രമേ കീർത്തിക്ക് കേൾക്കാൻ സാധിച്ചുള്ളൂ. മരിക്കുന്നതു വരെ കീർത്തിയെ, ഭർത്താവിനെ തൊടാനോ പരിചരിക്കാനോ അവർ അനുവദിച്ചില്ല. ഒടുവിൽ മരിച്ചെന്ന് ഉറപ്പായപ്പോൾ കീർത്തിയെയും കൂടെയുണ്ടായിരുന്ന ക്രൈസ്തവരെയും അദ്ദേഹത്തിന്റെ മൃതശരീരം എടുത്തുകൊണ്ടു പോകാൻ അനുവദിച്ചു.

ഭർത്താവിന്റെ ശരീരവും എടുത്തുകൊണ്ട് അവർ ഗ്രാമത്തിലെത്തി. എന്നാൽ ഗ്രാമത്തിലുള്ളവർ അവിടുത്തെ പൊതുശ്‌മശാനത്തിൽ അദ്ദേഹത്തെ മറവ് ചെയ്യാൻ അനുവദിച്ചില്ല. അങ്ങനെ കീർത്തി തന്റെ ഭർത്താവിനെയും എടുത്തുകൊണ്ട് ഗ്രാമത്തിലെ ഒരു പുറമ്പോക്ക് ഭൂമിയിൽ എത്തുകയും ശരീരം അവിടെ മറവ് ചെയ്യുകയും ചെയ്തു. ഗ്രാമത്തിലെ കുറച്ചു ക്രൈസ്‌തവർ മാത്രമേ ആ ശവസംസ്കാരത്തിൽ പങ്കെടുത്തുള്ളൂ. ഈ നിമിഷം വരെയും തന്റെ ഭർത്താവിന്റെ ഘാതകരെക്കുറിച്ചുള്ള അന്വേഷണമോ അറസ്റ്റോ നടന്നിട്ടില്ല.

സുരക്ഷിത ഭവനത്തിലേക്ക്

ഭർത്താവിന്റെ മരണശേഷം തന്റെ മക്കളുമായി കീർത്തി ആ ഗ്രാമം ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് താമസം മാറി. അവരുടെ അവസ്ഥയറിഞ്ഞ ‘ഓപ്പൺ ഡോർസ്’ എന്ന സംഘടന അവരെ ഏറ്റെടുത്തു. ഭക്ഷണവും വസ്ത്രവും നൽകി. മക്കൾക്ക് വിദ്യാഭ്യാസം നേടാൻ സഹായിക്കുന്നു. ആത്മീയമായ പിന്തുണ നൽകുന്നു. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ പുനഃരധിവസിപ്പിക്കുന്ന ഒരു അന്തർദേശീയ സംഘടനയാണ് ഓപ്പൺ ഡോർസ്.

വിവരിക്കാനാകാത്ത സഹനങ്ങളിലൂടെ കടന്നുപോയിട്ടും കീർത്തിയുടെ വിശ്വാസത്തിന് ഒരു ഇളക്കവും തട്ടിയിട്ടില്ല. കൊടിയ പീഡനങ്ങൾ കൊണ്ട് കീർത്തിക്ക് ജോലി ചെയ്ത് കുടുംബം പുലർത്താൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ. ആരോഗ്യം അത്രമേൽ ക്ഷയിച്ചിരിക്കുന്നു.

“ഞാൻ എല്ലാം ദൈവത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. ദുഃഖത്തിന്റെ വേളയിൽ ഞാൻ യേശുവിന്റെ വാക്കുകൾ ഓർമ്മിക്കും. എന്റെ വിഷമതകളിൽ അവിടുന്ന് എന്നെ സഹായിച്ചു. എനിക്ക് എഴുത്തോ വായനയോ അറിയില്ല. പക്ഷേ, ഞാൻ കേട്ട അവിടുത്തെ വചനങ്ങൾ ഓർമ്മിക്കുന്നുണ്ട്. ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ ഒരുപാട് പേർ ക്രിസ്തുവിനെ തള്ളിപ്പറയാറുണ്ട്. എന്നാൽ ഞാൻ എന്റെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നു. ഇന്നും യേശുക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ടു തന്നെ ജീവിക്കാൻ സാധിക്കുന്നുണ്ടല്ലോ. അതിൽ തന്നെ ഞാൻ ദൈവത്തോട് നന്ദിയുള്ളവളാണ്” – കീർത്തി വെളിപ്പെടുത്തുന്നു.

കീർത്തി ഒരു സൂചകമാണ്. പീഡിപ്പിക്കപ്പെടുന്ന അനേകായിരം ക്രൈസ്തവരുടെ പ്രതിനിധി. വിശ്വാസത്തിന്റെ പേരിൽ കടന്നുപോകേണ്ടി വരുന്ന പീഡനങ്ങളെ കുരിശോടു ചേർക്കുന്നവർ. പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ടിട്ടുപോലും ദൈവത്തിലുള്ള വിശ്വാസത്തെ മുറുകെപ്പിടിച്ച് ജീവിക്കുന്ന ഇവരെപ്പോലെയുള്ളവരുടെ വിശ്വാസമാണ് നാം മാതൃകയാക്കേണ്ടത്. അവിടുത്തോടു കൂടി കുരിശിൽ ചേരുന്ന ഈ ജീവിതങ്ങളെ ആദരവോടു കൂടിയേ കാണാൻ സാധിക്കുകയുള്ളൂ. ചവിട്ടിയരയ്ക്കപ്പെട്ടിട്ടും പ്രാണനെടുത്തിട്ടും ‘ഇപ്പോഴും യേശുവിൽ വിശ്വസിച്ച് ജീവിക്കാൻ സാധിക്കുന്നതിൽ ഞാൻ നന്ദിയുള്ളവളാണ്’ എന്നു പറയുന്ന കീർത്തിയെപ്പോലെയുള്ളവർ നൽകുന്ന ജീവിതസാക്ഷ്യം വളരെ വലുതാണ്. ഈ കാലഘട്ടത്തിന്റെ കാണപ്പെട്ട സുവിശേഷപ്രഘോഷകർക്ക്, പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവസമൂഹത്തിന് പ്രാർത്ഥനകൾ…

സുനീഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.