അച്ഛൻ മകൾക്കെഴുതിയ കത്ത്

ഫാ. ജെൻസൺ ലാ സാലെറ്റ്
ഫാ. ജെൻസൺ ലാ സാലെറ്റ്

“അച്ഛനെ എനിക്ക് വലിയ ഇഷ്ടമാണ്!”

ICU-വിൽ കിടക്കുകയായിരുന്ന അച്ഛന് മകൾ എഴുതിയ കുറിപ്പാണിത്. കടുത്ത വേദനയ്ക്കിടയിലും അയാള്‍ ആ വരികൾ കൂടെക്കൂടെ വായിക്കുമായിരുന്നു. അയാൾ ഭാര്യയോടു പറഞ്ഞു: “വലുതാകുന്തോറും നമ്മുടെ മകൾ ദൂരെപ്പോകുകയാണെന്ന് ഞാൻ കരുതി. പക്ഷേ, അവൾ അടുത്തു തന്നെയുണ്ടെന്ന് മനസ്സിലായത് ഇപ്പോഴാണ്.”

രണ്ടുനാൾ കഴിഞ്ഞ് അയാൾ മരിച്ചു. മരണശേഷം അയാളുടെ കമ്പ്യൂട്ടർ തുറന്നപ്പോൾ, മകൾക്ക് വായിക്കാനൊരു കത്ത് എന്ന പേരിൽ കുറിപ്പ് കണ്ടു.

“പ്രിയപ്പെട്ട മകളേ, ചില കാര്യങ്ങൾ നിന്നെ ഓർമ്മിപ്പിക്കാനാണ് ഈ കത്ത്. മോശമായി പെരുമാറുന്ന ആരോടും നീ തിരിച്ച് അതുപോലെ പെരുമാറരുത്. നിന്റെ അച്ഛനും അമ്മയ്ക്കുമല്ലാതെ മറ്റാർക്കും നിന്നോട് നന്നായി പെരുമാറുവാനുള്ള ഉത്തരവാദിത്വമില്ലെന്ന് ഓർക്കുക. ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്തതായി ആരുമില്ല, ഒരു സ്വത്തുമില്ല. ഇത് മനസിലാക്കിയാൽ പിന്നെ എല്ലാം എളുപ്പമായി. ഇന്നും നാളെയുമായി ഓരോ ദിവസവും നഷ്ടമാകുമ്പോഴും നീ ഓർക്കണം, ജീവിതം നിന്നെ കൈവിട്ടു പോകുകയാണെന്ന്. ജീവിതത്തെ എത്രയും പെട്ടെന്ന് ചേർത്തുനിർത്തുന്നുവോ അത്രയും ആസ്വദിക്കാനാകും.

വിദ്യാഭ്യാസമില്ലാതെ വിജയിച്ചവരുണ്ടാകാം. പക്ഷേ, പഠിക്കുന്നത് വിജയത്തിലേയ്ക്കുള്ള ആയുധമുണ്ടാക്കലാണ്. നിനക്ക് എല്ലാവരോടും നന്നായി പെരുമാറാം എന്നാൽ അത് തിരിച്ചു പ്രതീക്ഷിക്കരുത്. നാം ഒരുമിച്ച് എത്ര കാലമുണ്ട് എന്നതിലല്ല കാര്യം. അതില്‍ എത്ര സമയം നാം ഹൃദയത്തിൽ സ്വന്തമാക്കുന്നു എന്നതാണ് കാര്യം.”

(പ്രൊഫ. സി. ആർ. ലക്ഷ്മണൻ ആണ് ഇതിലെ അച്ഛൻ. കടപ്പാട്: മലയാള മനോരമ)

എത്ര മനോഹരമായ കത്ത്. ഈ കത്തിലൂടെ വലിയ സത്യമാണ് അയാൾ മകളെ പഠിപ്പിച്ചത്. വർഷങ്ങൾക്കുമുമ്പ് തൻ്റെ ശിഷ്യരെ പ്രേഷിതവേലയ്ക്ക് യാത്രയാക്കുമ്പോൾ ഗുരുവും നാഥനുമായ ക്രിസ്തു പറഞ്ഞ വാക്കുകൾ ഓർക്കുക: “യാത്രയ്ക്ക് വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്‌. രണ്ട്‌ ഉടുപ്പും ഉണ്ടായിരിക്കരുത്‌. നിങ്ങള്‍ ഏതു വീട്ടില്‍ പ്രവേശിക്കുന്നുവോ അവിടെ താമസിക്കുക. അവിടെ നിന്നു പുറപ്പെടുകയും ചെയ്യുക” (ലൂക്കാ 9:3-4).

ദൈവത്തിൽ നിന്ന് നമ്മെ അകറ്റുന്നതെല്ലാം ജീവിതയാത്രയിൽ ഭാരങ്ങളാണ്, ഒഴിവാക്കേണ്ട ഭാരങ്ങൾ. ഏറ്റവും വലിയ സ്വത്ത് ദൈവമാണ്. മറ്റെന്ത് സ്വന്തമാക്കുമ്പോഴും ദൈവം നമുക്ക് നഷ്ടമാകരുത്.

ഫാ. ജെൻസൺ ലാ സാലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.