പകര്‍ച്ചവ്യാധിക്കിടയിലും പ്രതീക്ഷയർപ്പിക്കുവാൻ ആഹ്വാനം ചെയ്യുന്ന ഗാനവുമായി കൊളംബിയൻ സന്യാസിനിമാർ

കോവിഡ് പകർച്ചവ്യാധിയുടെ തീവ്രതയിൽ പ്രാർത്ഥിക്കുന്നതോടൊപ്പം തന്നെ മനസിന് സന്തോഷം പകരുന്ന ഗാനവുമായി കൊളംബിയൻ സന്യാസിനിമാർ. എത്ര വലിയ കഷ്ടത വന്നാലും ദൈവത്തിൽ ആനന്ദിക്കുവാനും പ്രതീക്ഷയർപ്പിക്കുവാനും ആഹ്വാനം ചെയ്യുന്ന ഈ ഗാനം പകർച്ചവ്യാധിക്കിടയിലും ലോകത്ത് വളരെയധികം പ്രതീക്ഷ പകരുന്നു.

കൊളംബിയയിൽ സേവനം ചെയ്യുന്ന യൂക്കരിസ്റ്റിക് കമ്മ്യുണിക്കേറ്റേഴ്‌സ് ഓഫ് ദി ഹെവൻലി ഫാദർ എന്ന സമർപ്പിതസഭയിലെ സന്യാസിനികളാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ലോകത്തിനു മുഴുവനും പ്രതീക്ഷ നൽകുന്ന ഈ ഗാനത്തിന് വലിയ പ്രതികരണങ്ങളാണ് സമൂഹമാധ്യങ്ങളിലും മറ്റും ലഭിച്ചുകൊണ്ടിരിക്കുന്നത്.

“ലോകത്തോട് എന്തെങ്കിലും പറയുവാൻ അവസരം ലഭിക്കുകയാണെങ്കിൽ നിങ്ങൾ എന്തുപറയും? എത്ര വലിയ അനിശ്ചിതത്വത്തിലാണെങ്കിലും അതിശയിപ്പിക്കുന്ന ഒരു ഭാവിയെ നാം കണ്ടെത്തുന്നു” എന്നു തുടങ്ങുന്ന മനോഹരമായ ഗാനത്തിന്റെ പിന്നണിയിൽ ഒരു സന്യാസ സമൂഹത്തിന്റെ തീക്ഷ്ണമായ പ്രാർത്ഥനയും സി. അന്ന മരിയ, സി. എസ്തർ, സി. അലജേന്ദ്ര , സി. അഗസ്റ്റീന, സി. മിഷേൽ എന്നിവർക്ക് ദൈവം നൽകിയ സാഹിത്യ-സംഗീത വരദാനവുമുണ്ട്.

പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന എല്ലാവർക്കും പ്രത്യാശയുടെ കിരണങ്ങൾ ദർശിക്കുവാനുതകുന്ന രീതിയിലുള്ള ഈ ഗാനം സംഗീതത്തിലൂടെയുള്ള സുവിശേഷപ്രഘോഷണമായി മാറ്റിയിരിക്കുകയാണ് ഈ സന്യാസിനികൾ. അവിടുത്തെ കാരുണ്യത്തിന്റെ കൈകളിൽ നമ്മെത്തന്നെ വിട്ടുകൊടുത്തു കൊണ്ട് ആകുലപ്പെടാതെ ജീവിക്കുക. ദൈവഹിതത്തിനു വഴങ്ങിയാൽ അവിടുത്തെ കരുതൽ കൊണ്ട് നാം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന വലിയ പ്രതീക്ഷ നൽകുന്ന വരികളാണ് ഈ ഗാനത്തിലുള്ളത്. എല്ലാം അവിടുത്തെ മഹത്വത്തിനായും ലോകത്തിന്റെ നന്മയ്ക്കായും എന്ന വലിയ പ്രാർത്ഥനയാണ് ഈ ഗാനമഞ്ജരിക്ക് പിന്നിലുള്ള വലിയ മിഷൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.