ഞാനനുഭവിച്ച എന്റെ ദിവ്യകാരുണ്യം: ഒരു ജീസസ് യൂത്തുകാരന്റെ അനുഭവം

ആന്റണി വര്‍ഗീസ്‌

കുർബാനയിലൂടെ ഞാന്‍ അനുഭവിച്ച ഈശോയെക്കുറിച്ച് എഴുതുകയാണ്. എഴുതി തുടങ്ങിയാൽ എഴുതാനേ സമയം കാണുകയുള്ളൂ. അതിനാല്‍ ദിവ്യകാരുണ്യം വഴി ഞാൻ അനുഭവിച്ച ദൈവിക സന്തോഷങ്ങളിൽ രണ്ടു കാര്യങ്ങളെ കുറിച്ച് മാത്രം എഴുതുന്നു.

ദിവസേനയുള്ള കുർബാന സ്വീകരണം എന്നത് എനിക്ക് വലിയൊരു ആഗ്രഹവും ദാഹവുമായിരുന്നു. കഴിവതും നേരത്തെ തന്നെ ദൈവാലയത്തിൽ പോയി ഒരുക്കത്തോടെ വിശുദ്ധ കുർബാനയിൽ സംബന്ധിക്കണമെന്നത് താല്പര്യമുള്ള കാര്യമാണ്. എന്നാലും ഇടയ്ക്കിടയ്ക്ക് കുർബാന അർപ്പിക്കുന്നതിൽ മുടക്കം വരാറുമുണ്ട്. അങ്ങനെയുള്ള ഒരു ദിവസത്തെ കുർബാന അനുഭവമാണ് ആദ്യമായി പങ്കുവെയ്ക്കാനാഗ്രഹിക്കുന്നത്.

കുറച്ചു ദിവസങ്ങളായി ഇടവക വികാരി ദിവസേനയുള്ള പ്രഭാത ബലിയുടെ അവസാനം ഇങ്ങനെ പറയുമായിരുന്നു. കോട്ടയം സമരിയ മിനിസ്ട്രിയുടെ ഭവന സന്ദർശനം പ്രാർത്ഥനയും കൂട്ടായ്മയും ഈ വരും ദിവസങ്ങളിൽ നമ്മുടെ ഇടവകയിൽ ഉണ്ടാകുമെന്ന്. ദിവസമേതെന്ന് കൃത്യമായി ഓർക്കുന്നില്ല. അന്നത്തെ ആ ദിവസം എനിക്ക് പ്രഭാത ബലിയർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. നന്നായി ഉറങ്ങി പോയിരുന്നു അതാണ് കാരണം. ഉറക്കമുണർന്ന എനിക്ക് വലിയ നിരാശയായിരുന്നു. കുർബാന മുടങ്ങിയതായിരുന്നു കാരണം.

മണിക്കൂറുകൾക്കുശേഷം ഇടവക പള്ളിയിൽ ഇനി എപ്പോഴെങ്കിലും ഇടവക പള്ളിയിൽ കുർബാനയുണ്ടോ എന്ന് ഞാൻ അന്വേഷിച്ചു. ഇനി ഇന്ന് കുർബാന ഇല്ല എന്നായിരുന്നു മറുപടി. എന്തുചെയ്യണമെന്നറിയാതെ വളരെ വിഷമിച്ചു. മറ്റു ഇടവകകളിലും കുർബാനയുണ്ടോ എന്ന് തിരക്കി. ആ സമയങ്ങളിൽ ഇനി ഒരിടത്തും കുർബാന ഇല്ല എന്ന് ഞാൻ മനസ്സിലാക്കി. ഒന്നും പറ്റിയില്ലെങ്കിൽ പാളയം കത്തീഡ്രൽ പള്ളി വരെ പോകണം കുർബാനയില്‍ പങ്കുചേരാന്‍ വേണ്ടി. കുർബാനയില്‍ സംബന്ധിക്കാന്‍ ആത്മാർത്ഥമായി ദാഹിച്ചു ഈശോയോട് പ്രാർത്ഥിച്ചു. എനിക്ക് ഇന്നു കുർബാന വേണം വാശിയോടെ തന്നെ പ്രാർത്ഥിച്ചു.

25 കിലോമീറ്റർ അകലെയുള്ള കത്തീഡ്രൽ പള്ളിയിലെങ്കിലും പോയി കുർബാനയില്‍ പങ്കാളിയാകണം എന്ന് തന്നെ തീരുമാനിച്ചു. പക്ഷേ സമയത്തിന് അതും എന്തോ കാരണത്താൽ നടക്കാതെ പോയി. മനസ്സ് തളർന്നു പോയ അവസ്ഥ. എന്നാലും ആഗ്രഹത്തോടെ പ്രാർത്ഥിച്ചു കുർബാനയ്ക്ക് വേണ്ടി. സമയം കഴിയുന്തോറും ആശങ്ക കൂടി വന്നു. ഇരുട്ടു മൂടി വന്നു. ഇനി വിശുദ്ധ കുർബാന സ്വീകരിക്കാൻ പറ്റില്ല എന്നുറപ്പിച്ച നിമിഷം. ഒന്നുമില്ലെങ്കിലും ഇടവക പള്ളിയിൽ പോയി നിശബ്ദതയിൽ പ്രാർത്ഥിക്കാമെന്ന് വിചാരിച്ചു അങ്ങോട്ടേക്ക് തിരിച്ചു.

പള്ളിയിൽ എത്തിയതെ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി. ഒരു വിശുദ്ധ കുർബാനക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ നടക്കുന്നു. കാര്യം തിരക്കിയപ്പോഴാണ് മനസ്സിലായത് ഇടവകയിൽ ഭവന സന്ദർശനം നടത്തുവാൻ സമരിയ മിനിസ്ട്രി എത്തിയിട്ടുണ്ടെന്നും അവർക്കുവേണ്ടിയുള്ള കുർബാനയുടെ ഒരുക്കമാണ് നടക്കുന്നതെന്നും. എന്റെ മനസ് സന്തോഷം കൊണ്ടു കുതിച്ചുചാടി. മ്ലാനമായിരുന്ന മുഖം പുഞ്ചിരിയിലേക്ക് തിരിഞ്ഞു. നിശബ്ദത ആഹ്ലാദത്തിലേക്ക് വഴിമാറി. സന്തോഷത്തോടെ ഞാനും കൂടി കുർബാനയുടെ ഒരുക്കങ്ങൾക്ക് സഹായിക്കാൻ. അച്ചൻ വന്നു ബലിയർപ്പിച്ചു. വിശുദ്ധ ബലിയിൽ അച്ചനെ സഹായിക്കാൻ നിന്നതും ഞാൻ തന്നെയായിരുന്നു. അങ്ങനെ കുര്‍ബാന മുടങ്ങി എന്നുവിചാരിച്ചു മനസ്സ് തളർന്നിരുന്ന എന്നിലേക്ക് എന്റെ മനസ്സറിഞ്ഞ ഈശോ ദിവ്യകാരുണ്യമായി വന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത ആനന്ദമാണ് ആ നിമിഷങ്ങളിൽ ഉണ്ടായിരുന്നത്. ഈശോയ്ക്ക് നന്ദി പറഞ്ഞ് ഏറെനേരം പ്രാർത്ഥിച്ചതിനുശേഷം സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി.

ഇതുപോലെത്തന്നെയാണ് മറ്റൊരു ദിവസവും സംഭവിച്ചത്. അന്നും പ്രഭാതബലി അർപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല. അതൊരു ബുധനാഴ്ച ദിവസമായിരുന്നു. എങ്ങനെയെങ്കിലും കുർബാനയർപ്പിക്കണമെന്ന ആഗ്രഹത്തോടെ പല വഴികളും നോക്കി. ഒന്നിനും ഫലം കണ്ടില്ല. പിന്നെ ഏക ആശ്രയം എന്റെ അയൽ ഇടവകയായ പള്ളം ഇടവകയായിരുന്നു. അവിടെ വൈകുന്നേരം വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ കുരിശടിയിൽ വച്ച് വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ നൊവേനയും തുടർന്ന് ദിവ്യബലിയും ഉണ്ടെന്നുള്ളത് ഒരു ആശ്വാസം തന്നു.

അപ്പോഴാണ് ഓർത്തത് വിഴിഞ്ഞം പള്ളിയിൽ പരിശുദ്ധ മാതാവിന്റെ തിരുനാൾ നടക്കുകയാണല്ലോ എന്ന്. അവിടെ പോയി കുർബാന കൂടാം എന്ന് തീരുമാനിച്ചു. അതിന് ഒരു കാരണവുമുണ്ട്. തിരുനാളിന്റെ ഭാഗമായി അവിടെ ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ പ്രോലൈഫ് എക്സിബിഷൻ നടക്കുന്നുണ്ട്. അതും കൂടി കാണാം എന്ന ഉദ്ദേശത്തോടുകൂടിയാണ് വിഴിഞ്ഞത്ത് തന്നെ പോകാമെന്ന് തീരുമാനിച്ചത്. അങ്ങനെ വിഴിഞ്ഞം പള്ളിയിലേക്ക് യാത്രതിരിക്കുമ്പോൾ എന്നോടൊപ്പം അനുജത്തിയും കൂടി. വിഴിഞ്ഞത്തു ഞങ്ങൾ എക്സിബിഷൻ കാണുവാൻ കയറി. എക്സിബിഷൻ കണ്ടതിനുശേഷം അവിടത്തെ ജീസസ് യൂത്ത് സുഹൃത്തുക്കളുമായി ഏറെനേരം ചിലവിട്ടു. അപ്പോഴേക്കും കുർബാനയ്ക്ക് സമയമായി വരുന്നുണ്ടായിരുന്നു.

പെട്ടന്നാണ് ഉടന്‍ തന്നെ വീട്ടില്‍ പോകണമെന്ന് സഹോദരി പറഞ്ഞത്. കുര്‍ബാനയുടെ കാര്യം ഞാന്‍ പറഞ്ഞു. എങ്കിലും അവൾക്ക് ഉടനെ തന്നെ വീട്ടിൽ പോകണം. ഒരുപാട് സംസാരിച്ചു നോക്കി പറ്റുന്നില്ല. ഒടുവിൽ ബസ് കയറ്റി അവളെ വീട്ടിലേക്ക് വിടാന്‍ തീരുമാനിച്ചു. ബസ്റ്റോപ്പിൽ പോയി ബസിനായി കാത്തു നിന്നു. കാത്തു നിന്ന് കാല്‍ കഴച്ചിട്ടും ബസ് വരുന്നില്ല. അവൾക്കാണെങ്കിൽ ഞാനും കൂടെ ചെല്ലണമെന്ന് ഒറ്റ വാശി. സമയം കഴിയുന്തോറും നെഞ്ചിടിപ്പ് കൂടി കൂടി വന്നു. കുർബാന നഷ്ടപ്പെടുമോ എന്ന് പോലും ഭയന്നു. എങ്കിലും പ്രതീക്ഷ കൈ വിടാതെ മനസ്സ് പ്രാർത്ഥിച്ചുകൊണ്ടെയിരുന്നു. സമയം ഒരുപാട് കഴിഞ്ഞു ഇനി എന്ത് ചെയ്യും എന്ന് വിഷമിച്ചിരിക്കുമ്പോഴാണ് പെട്ടെന്ന് മുന്നിൽ ഒരു ബൈക്ക് വന്നു നിന്നത്. നോക്കിയപ്പോൾ ഒരു സുഹൃത്ത് നാട്ടിലേക്ക് പോകുന്ന വഴിയാണ്. ഞാൻ അദ്ദേഹത്തോട് കാര്യം പറഞ്ഞു. കാര്യങ്ങൾ മനസ്സിലാക്കിയ അദ്ദേഹം വണ്ടിയിൽ കയറാൻ പറഞ്ഞു. ഞങ്ങൾ കയറുകയും ചെയ്തു. ആ യാത്രയിലും എന്റെ മനസ്സ് കുർബാനക്ക്‌വേണ്ടി തുടിച്ചുകൊണ്ടിരുന്നു.

അപ്പോള്‍ സമയം വൈകുന്നേരം ആറുമണി കഴിഞ്ഞു. അപ്പോഴാണ് വണ്ടി പള്ളം ഫ്രാൻസിസ് സേവ്യറിന്റെ കുരിശടി ഭാഗത്തെത്തിയത്. നോക്കിയപ്പോള്‍ വൈദികൻ കുർബാനയ്ക്ക് വേണ്ടി തിരുവസ്ത്രങ്ങളണിഞ്ഞു കൊണ്ട് നിൽക്കുന്നു! ഉടനെ ഞാൻ അവിടെ ഇറങ്ങി. അനുജത്തിയെ സുഹൃത്തു വീട്ടിൽ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു. അവിടെ അഞ്ചരയ്ക്ക് തുടങ്ങേണ്ട വിശുദ്ധ ബലി തുടങ്ങിയത് ആറുമണി കഴിഞ്ഞപ്പോൾ. നന്ദി നിറഞ്ഞ ഹൃദയത്തോടെ ബലിയർപ്പിച്ചു ദിവ്യകാരുണ്യ നാഥനെ സ്വീകരിച്ചു. ദൈവത്തിന്റെ വലിയ കരുതൽ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. നേരത്തെ തുടങ്ങേണ്ടിയിരുന്ന വിശുദ്ധ ബലി എനിക്കായി ദൈവം വൈകിപ്പിച്ചു എന്നതാണ് എന്റെ വിശ്വാസം. ആ വലിയ പരിഗണനയെ എത്ര വർണ്ണിച്ചാലും നന്ദി പറഞ്ഞാലും മതിയാകില്ല.

നമ്മോട് എപ്പോഴും ചേർന്നിരിക്കാൻ നമ്മിൽ അലിയാൻ കാത്തിരിക്കുന്നവനാണ് കാരുണ്യ നാഥൻ. യുഗാന്ത്യത്തോളം നിങ്ങളോടുകൂടെ ഞാനുണ്ടായിരിക്കും എന്ന വാഗ്ദാനത്തിന്റെ പൂർത്തീകരണമാണ് ദിവ്യകാരുണ്യം. സ്വയം ശൂന്യനായി നമ്മുടെ ഭക്ഷണമായി നമ്മിൽ വന്നലിയുന്ന പരിശുദ്ധ സ്നേഹത്തിന്റെ ആഴമാണ് ദിവ്യകാരുണ്യം. ഈ ദിവ്യകാരുണ്യത്തിന് മരണമില്ല ഇത് മരണത്തിനപ്പുറമുള്ള ജീവിതം ആണ്. അത് അനുഭവിച്ചറിയുന്നവൻ രുചിച്ചറിയുന്നവൻ പിന്നീടൊരിക്കലും ആ ദിവ്യകാരുണ്യത്തെ വിട്ട് അകന്നു പോവുകയില്ല.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

ആന്റണി വര്‍ഗീസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.