ഈ പാതകള്‍ ഇനി സുന്ദരം; കൗമാരക്കാരിയുടെ കരങ്ങളിലൂടെ വിരിഞ്ഞത് പുഞ്ചിരിതൂകി നില്‍ക്കുന്ന ലൂര്‍ദിലെ മാതാവ്   

ഫാർഗോ രൂപതയില്‍പ്പെട്ട പതിനേഴു വയസുകാരി മരിയ ലോ വരച്ച ചിത്രമാണ് ലൂര്‍ദ്ദിലെ മാതാവിന്റേത്. അവള്‍ ആ ചിത്രം വരച്ചിരിക്കുന്നത് ധാരാളം ആളുകള്‍ നടക്കുന്ന ഒരു നടപ്പാതയില്‍ തന്നെയാണ്. ചിത്രങ്ങള്‍ക്ക് വേഗം ആളുകളുമായി സംവദിക്കുവാന്‍ കഴിയുമെന്ന് മരിയ പറയുന്നു. മരിയയെ സംബന്ധിച്ചിടത്തോളം ഈ ക്വാറന്‍ന്റിന്‍ ദിനങ്ങള്‍ അവള്‍ ശരിക്കും പ്രയോജനപ്പെടുത്തുക തന്നെയാണ്.

ലോക്ക് ഡൌണ്‍ കാരണം ഫ്രാൻസിലെ പ്രശസ്തമായ ലൂർദ്സ് ദേവാലയം താൽക്കാലികമായി അടച്ചതിനുശേഷമാണ് ഈ ചിത്രം വരയ്ക്കുവാന്‍ മരിയ തീരുമാനിച്ചത്. “ആളുകള്‍ക്ക് ശാരീരികമായും മാനസികമായും ആത്മീയമായും ദൈവത്തോട് അടുത്തിരിക്കാന്‍ ആവശ്യമായ ദിവസങ്ങള്‍ ആണിത്. ഈ സമയം ദേവാലയത്തില്‍പോലും പോകാതിരിക്കുമ്പോള്‍ ഇത്തരമൊരു ചിത്രം നമ്മോട് അടുത്തിരിക്കുന്ന പരിശുദ്ധ അമ്മയെ ഓർമപ്പെടുത്തും” – മരിയ പറയുന്നു.

വീട്ടിലെ അഞ്ചു മക്കളില്‍ മൂത്തയാളാണ് മരിയ. ചെറുപ്പത്തില്‍ തന്നെ അവള്‍ക്ക് കലയോട് താത്പര്യമായിരുന്നു. ഇടവക ദേവാലയത്തില്‍ നിന്നുള്ള പ്രോത്സാഹനം അതില്‍ വളരുവാന്‍ അവളെ സഹായിച്ചു. ഒപ്പം പരിശുദ്ധ അമ്മയെക്കുറിച്ച് അറിയില്ലാത്ത അനേകര്‍ ഉണ്ട്. ഈ ചിത്രം അമ്മ അറിയപ്പെടുവാന്‍ ഉള്ള ഒരു അവസരമാകും എന്നും മരിയ പ്രതീക്ഷിക്കുന്നു.

ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ആര്‍ട്ടില്‍ ബിരുദം സമ്പാദിക്കണമെന്നാണ് മരിയയുടെ സ്വപ്നം. അത് സാധ്യമല്ലെങ്കിലും എനിക്ക് ദൈവം തന്ന കഴിവിനെ ഉപേക്ഷിച്ചുകളയുകയില്ലെന്ന ദൃഡനിശ്ചയത്തിലുമാണ് മരിയ ഇപ്പോള്‍.

വിവര്‍ത്തനം: സി. സൗമ്യ DSHJ  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.