സഹോദര സ്നേഹം മക്കളിൽ വളരാൻ സഹായിക്കുന്ന അഞ്ചു കാര്യങ്ങൾ

സഹോദരങ്ങൾ തമ്മിൽ സ്നേഹമുള്ളത് ജീവിതത്തിലെ വലിയ ഭാഗ്യവും നിധിപോലെ വിലയേറിയതുമാണ്. അവരായിരിക്കണം ഏറ്റവും ആദ്യത്തെയും എന്നും നിലനിൽക്കുന്നതുമായ ഒരുവന്റെ സുഹൃത്ത്. പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ചെറുപ്പം മുതൽ വളരുന്ന സഹോദരങ്ങളുടെ ജീവിതത്തിൽ എന്നും ആ ഒരു സൗഹൃദം നിലനിൽക്കും. ഇതിലൂടെ പരസ്‌പരം ബഹുമാനിക്കാനും സഹായിക്കുവാനും കരുതുവാനും അവർ പതിയെ പഠിച്ച് തുടങ്ങും. ഒരു രക്ഷാകർത്താവെന്ന നിലയിൽ മാതാപിതാക്കൾ വിജയിക്കുന്ന നിമിഷങ്ങളാണ് ഇത്.

സഹോദരങ്ങൾ തമ്മിൽ ആഴമുള്ള നല്ല ബന്ധം വളരുവാൻ ആവശ്യമായ ചില കാര്യങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.

1. പരസ്പരമുള്ള ബഹുമാനം

കുട്ടികളുടെ ഇടയിലുള്ള ദേഷ്യവും വിഷമവും ഒക്കെ ഉണ്ടാകാം. എന്നാൽ അത്  എങ്ങനെ പ്രകടിപ്പിക്കണമെന്ന് അവർക്കറിയില്ല. സ്വന്തം സഹോദരങ്ങൾ തമ്മിലായിരിക്കും ഇത്തരം വിഷയങ്ങൾ പരസ്പരം പ്രകടിപ്പിക്കുന്നത്. എന്നാൽ അവ എങ്ങനെ ആകണം, എങ്ങനെ ആകരുത് എന്നൊക്കെ പറഞ്ഞു കൊടുക്കാൻ മാതാപിതാക്കൾക്ക് ഒരു പ്രധാന പങ്കുണ്ട്. ചെറുപ്പത്തിൽ നാം കൊടുക്കുന്ന ശീലങ്ങൾ വലുതാകുമ്പോഴും അവരെ നല്ല സ്വഭാവത്തിലേക്ക് നയിക്കും. പരസ്പരം ബഹുമാനിക്കാൻ ചെറുപ്പത്തിലേ ശീലിപ്പിക്കൂ.

2. കരുണയുള്ള ശീലം വളർത്താം

ചെറിയ കാര്യങ്ങളിൽ പോലും കുട്ടികൾ ദയ കാണിക്കുമ്പോൾ മാതാപിതാക്കൾ അതിന് പ്രോത്സാഹനവും സപ്പോർട്ടും കൊടുക്കുക. മറ്റുള്ളവർക്ക് പങ്കുവെച്ചുകൊടുക്കാനുള്ള ശീലങ്ങൾ കളിയുടെ രൂപത്തിലോ തമാശാ രൂപത്തിലോ കുട്ടികളിൽ പരിശീലിപ്പിക്കാം. മറ്റുള്ളവരെ സ്നേഹിക്കുന്നതിന്റെയും സഹായിക്കുന്നതിന്റെയും പ്രാധാന്യം സംഭവങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും പറഞ്ഞു കൊടുക്കുന്നത് ചെറുപ്പത്തിൽ കൊടുക്കുന്ന നല്ല മാതൃകയാണ്.

3. ടീം വർക്ക്

വ്യക്തിഗതമായി നേടുന്ന നേട്ടങ്ങളെക്കാൾ ടീം ആയി നേടിയെടുക്കുന്ന കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുക. അതിനുള്ള പ്രോത്സാഹനം കുട്ടികളിൽ ആ ശീലം വളർത്തുവാൻ കാരണമായി മാറും. ജീവിതത്തിൽ ഓരോ വ്യക്തികളും ആവശ്യമാണെന്നുള്ള ഒരു മനോഭാവത്തിലേക്ക് ഇത് മക്കളെ വളർത്തും. പരസ്പരം സഹായിക്കേണ്ടതിന്റെ  ആവശ്യകത അവർ പഠിക്കും.

4. സൗഹൃദത്തിന്റെ നട്ടെല്ലാവുക

ജീവിതത്തിൽ അനേകം സുഹൃത്തുക്കൾ കടന്ന് വന്നാലും ഏറ്റവും അടുത്ത സുഹൃത്ത് സ്വന്തം സഹോദരങ്ങൾ ആകട്ടെ. അത് ജീവിതത്തിന്റെ പ്രതിസന്ധികളിൽ വലിയ ബലം നൽകും. എന്നും നമ്മുടെ കൂടെ നിൽക്കുന്ന സഹോദരൻ വലിയ ആശ്വാസമാണ്.

5. പരസ്‌പരമുള്ള ശ്രദ്ധ

വൈകാരികമായും നമ്മെ വളരെയേറെ ശ്രദ്ധിക്കുന്ന ആളാകും സഹോദരങ്ങൾ. നമ്മിലെ ചെറിയ മാറ്റം പോലും അവർക്ക് പെട്ടെന്ന് മനസിലാക്കുവാനും നമ്മെ സഹായിക്കുവാനും സാധിക്കും. പരസ്പരം ശ്രദ്ധിക്കാനും പരിഗണിക്കാനും നാം പരിശീലിച്ചു തുടങ്ങുന്നത് വീട്ടിൽ നിന്നും തന്നെ.